മോഹൻ ജോളി വർഗീസ്
വിസ്മയ കേസിന്റെ വിധി എന്തുമാകട്ടെ, ചിലർക്ക് അത് ശരിയാക്കാം മറ്റുചിലർക്ക് അത് തെറ്റും. പെൺകുട്ടികളെ കെട്ടിച്ചു വിടുന്നതിനൊപ്പം അവർക്ക് സ്വന്തമായി ഒരു ജോലി ചെയ്യാൻ ഉള്ള സാഹചര്യം വീട്ടിൽ ഉള്ളവർ ഒരുക്കി കൊടുക്കണം. അവർക്ക് പഠിക്കാൻ താല്പര്യം ഉള്ളവർ ആണ് എങ്കിൽ പഠിപ്പിക്കണം, അവർ സ്വന്തം കാലിൽ നിൽക്കാൻ പറ്റും എങ്കിൽ നിൽക്കട്ടെ. പലപ്പോഴും പെൺകുട്ടികളെ ഒരു ബാധ്യത പോലെ കെട്ടിച്ചു വിടുന്ന ഒരു സമൂഹം നമുക്ക് ചുറ്റും ഉണ്ട്. ചെന്ന് കയറുന്ന വീട്ടിൽ പരമാവധി അഡ്ജസ്റ്റ് ചെയ്യാൻ പറയുന്ന മാതാപിതാക്കൾ ആണ് കുടുതലും. പക്ഷെ തക്ക കാരണം ഉണ്ടെങ്കിൽ ഉറപ്പായും അവരുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണം ഉണ്ടായേ തീരു.
എനിക്കറിയുന്ന ഒരു പെൺകുട്ടി കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ വളരെ ബുദ്ധിമുട്ടായിരുന്നു. ഒരു മാസം തികയും മുന്നേ ശാരീരിക ഉപദ്രവം ഭർത്താവിന്റെ ഭാഗത്തുനിന്നും തുടങ്ങി. സ്വന്തം വീട്ടിൽ ഇതേ പറ്റി പറഞ്ഞു എങ്കിലും അവരുടെ ഭാഗത്തു നിന്ന് മൗനം മാത്രം. അവളുടെ സഹോദരൻ, ഒരു കാരണവശാലും തിരികെ വീട്ടിൽ വരാൻ അനുവദിക്കില്ല എന്ന് തീർത്തു പറഞ്ഞു. ഒടുക്കം കൂടെ പഠിച്ച ഒരു സുഹൃത്തിന്റെ സഹായത്തോടെ അവൾക്ക് ഭർത്താവിന്റെ വീട്ടിൽ നിന്ന് പുറത്തു ചാടേണ്ടി വന്നു. പക്ഷെ ഫലത്തിൽ വിവാഹം കഴിഞ്ഞ് ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനോപ്പം പോയ പെൺകുട്ടി എന്ന ലേബൽ മിച്ചം.ആരും അവൾ അനുഭവിച്ച ശാരീരികവും മാനസികവുമായ ബുദ്ധിമുട്ട് പറയുന്നില്ല.സ്വന്തം വീട്ടുകാരുടെ സഹായം ഇല്ലാത്തതും സാമ്പത്തിക ബുദ്ധിമുട്ടും കാരണം എത്ര എത്ര സ്ത്രീകൾ പല ഇടതും ഭർത്താവിന്റെ പീഡനം സഹിച്ചു ഇപ്പോഴും കഴിയുന്നു.
യാതൊരു സാമ്പത്തിക ലാഭവും ഇല്ലാതെ തന്റെ ഭാര്യയെ വളരെ കാര്യമായി കരുതുന്ന ഭർത്താക്കന്മാരും ധാരാളം ഉണ്ട് എന്ന് നമ്മൾ ഈ അവസരത്തിൽ ഓർക്കണം.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ