മോഹൻ ജോളി വർഗീസ്
ഒരാൾക്ക് ജീവിക്കാൻ മാസം എത്ര രൂപ വേണം ? എൻ്റെ ഒരു കണക്കുകൂട്ടലിൽ ഒരു 30 മുതൽ 50 നായിരം രൂപ ഉണ്ടേൽ സുഖമായി ജീവിക്കാം.പക്ഷെ ഒരിക്കൽ ഞാൻ പരിചയപെട്ട രണ്ടു വ്യക്തികൾ എൻ്റെ ആ ചിന്ത മാറ്റിക്കളഞ്ഞു.അവരുമായുള്ള എൻ്റെ അനുഭവം ആണ് ഈ ലേഖനത്തിൽ .
ആദ്യത്തെ കുടുംബം – എനിക്ക് അറിയുന്ന ഭാര്യയും ഭർത്താവും ,രണ്ടുപേരും കോളേജിലെ പ്രൊഫെസർമാർ ആണ്.പഠിപ്പിച്ചിരുന്ന സമയത് നല്ല ശമ്പളം.സമൂഹത്തിൽ നല്ല ഒരു വില.നല്ല ജീവിതം.മക്കളെ നല്ലപോലെ വളർത്തി.മക്കൾ എല്ലാരും വിദേശത്താണ്,അവരും നല്ല ജോലിയിൽ ആണ്.ഇവർ കോളേജിലെ ജോലിയിൽ നിന്ന് വിരമിച്ചു.രണ്ടുപേർക്കും കൂടെ നല്ല ഒരു തുക പെൻഷൻ കിട്ടുന്നുണ്ട്.മക്കൾ ഒന്നും രണ്ടും വർഷം കൂടുമ്പോൾ മാത്രമേ നാട്ടിൽ വരാറുള്ളൂ (സത്യത്തിൽ അപ്പനും അമ്മയുമായി നല്ല സുഖത്തിൽ അല്ല മക്കൾ ).ഇവർക്ക് ഒന്നു പുറത്തു പോകണം എങ്കിൽ ഡ്രൈവർ വരണം.ഇവരെ നോക്കാൻ മക്കൾക്കും താല്പര്യം ഇല്ല ബന്ധുക്കൾക്കും താല്പര്യം ഇല്ല.എന്തിന് ഇടക്ക് ഒന്ന് വെറുതെ ഇരുന്നു സംസാരിക്കാൻ പോലും ആരും ഇല്ല.ഒടുക്കം അവർ ഒരു തീരുമാനം എടുത്തു ,ഒരു വ്യദ്ധസദനത്തിൽ അങ്ങോട്ട് പണം കൊടുത്ത് താമസിക്കാം എന്ന് .അവരുടെ ജീവിതം സുഖകരം ആണോ എന്ന് ചോദിച്ചാൽ അറിയില്ല.നമ്മൾ അവരെ കാണാൻ ചെന്നാൽ തിരികെ പോകാൻ സമ്മതിക്കാത്ത വിധം നമ്മളോട് ഓരോന്ന് പറഞ്ഞു ഇരിക്കും,കഴിക്കാൻ അതും ഇതും എല്ലാം എടുത്തു തരും .ഇവരുടെ ഒരു ബന്ധുവിനെ എനിക്ക് അറിയാം .ഞാൻ അവനോട് ഒരു പ്രാവശ്യം ചോദിച്ചു നിനക്ക് ഇടക്കൊക്കെ അവരുടെ അടുത്ത് ഒന്ന് പോയി ഇരിക്കലോ ,അല്ലേൽ ഇടക്ക് ഒന്ന് പുറത്തോട്ട് കൊണ്ട് പോകരുതോ എന്ന് .അവൻ്റെ മറുപടി “ഒടുക്കത്തെ ജാഡയാടാ അവർക്ക് ,അവര് ഏതോ വല്യ പ്രൊഫെസർ ആണ് എന്ന മട്ടാണ് ,നമ്മളെ ഒന്നും കണ്ടാൽ മിണ്ടാറേ ഇല്ലായിരുന്നു .വീട്ടിലെ ഒരു പരിപാടിക്ക് വിളിച്ചാൽപോലും വരില്ല ,എന്തേലും കാരണം പറഞ്ഞു ഒഴിയും .നമ്മൾ അവരെ കാണാൻ ചെന്നാൽ ഒരു ഗ്ലാസ് ചായ വേണോ എന്ന് പോലും പണ്ട് ചോദിക്കാറില്ലായിരുന്നു .ഇപ്പോൾ പിള്ളേരുടെ വല്യ കൊളൊന്നും ഇല്ലാത്തോണ്ട് നമ്മളോട് വല്യ കാര്യം ആണ് .അല്ലാതെ ഒന്നും അല്ല “. ഒരർഥത്തിൽ അവനെയും കുറ്റം പറയാൻ പറ്റില്ല .നല്ല സമയത് അവർ ആരേം കരുതിയതും ഇല്ല ആരോടും അടുപ്പവും കാണിച്ചില്ല.ഇപ്പോൾ ആരും അവരേം നോക്കുന്നില്ല .
രണ്ടാമത്തെ കുടുംബം – ഈ വ്യക്തി നാട്ടിൽ കൂലിപ്പണി എടുത്ത് ജീവിക്കുന്ന ആളാണ്.അയാളുടെ വരുമാനത്തിൽ നിന്നും ഒരു മകളെ കല്യാണം കഴിച്ചു വിട്ടു ഒരു മകൻ എന്തോ പോളിടെക്‌നിക്ക് പഠനം കഴിഞ്ഞു, ഇപ്പോൾ ഗൾഫിൽ ജോലി ആണ് .ഇപ്പോൾ മകൻറെ കുഞ്ഞുങ്ങളെ സ്കൂളിൽ കൊണ്ടുപോയി കൊണ്ടുവരുന്നു .മകൻ മാസത്തിൽ 6000 രൂപ അയച്ചു കൊടുക്കും ,വീട്ടു ചിലവിന്.ഞാൻ അവരെ കാണുമ്പോൾ ആ വീട്ടിൽ നിറയെ ആളുകൾ ആണ് ബന്ധുക്കൾ, സുഹൃത്തുക്കൾ അങ്ങനെ കുറെ ആളുകൾ ,മകൻറെ കുഞ്ഞിന്റെ ബിർത്തഡേ ആണ് ,അതിൻറെ ആഘോഷം ആണ് .പിന്നീട് ഒരിക്കൽ ഞാൻ ചോദിച്ചു 6000 രൂപ കൊണ്ട് കുടുംബം കഴിയാൻ പറ്റുമോ എന്ന് ?”എന്താ സംശയം ” പുള്ളിയുടെ മറുപടി ആണ്.എന്നോട് പറഞ്ഞു മോനെ രാവിലെ ഞാൻ 5 മണിക്ക് എണിക്കും മുന്ന് പശു ഉണ്ട് അതിനെ കറക്കും നമുക്കുള്ള പാൽ എടുത്തതിനു ശേഷം ഒന്ന് രണ്ടു വീട്ടിൽ ബാക്കി പാൽ കൊടുക്കും.കുഞ്ഞുങ്ങളെ സ്കൂളിൽ സൈക്കിളിൽ കൊണ്ട് പോയി വിടും .ഇവിടെ നിന്ന് വീട്ടിൽ വന്നാൽ കുറച്ചു വസ്തു ഉണ്ട് (കുറച്ച് എന്ന് വെച്ചാൽ 2 സെന്റ് )
അതിൽ അല്പം കൃഷി ചെയ്യും.ഗവണ്മെന്റ് റേഷൻ സാധങ്ങൾ തരും ,ഉച്ചയാകുമ്പോൾ, ഭക്ഷണം റെഡി ആകുമ്പോൾ സ്കൂളിൽ കൊണ്ട് കുട്ടികൾക്ക് കൊടുക്കും.വീട്ടിൽ വന്നു ഭക്ഷണം കഴിക്കും .അല്പം ഒന്ന് മയങ്ങും ,വീണ്ടും സ്കൂളിൽ പോയി കുട്ടികളെ വിളിച്ചോണ്ട് വരും .പിന്നെ വൈകിട്ടത്തെ ഭക്ഷണം കഴിഞ്ഞു കുടുംബ പ്രാർഥനയും കഴിഞ്ഞു ഉറങ്ങാൻ കിടക്കും .സത്യത്തിൽ എന്ത് നല്ല ജീവിതം ,അല്ലെ .എന്നെ വളരെ അധികം ചിന്തിപ്പിച്ചു ഈ വെക്തി പറഞ്ഞ കാര്യങ്ങൾ .
മുകളിൽ പറഞ്ഞ രണ്ടു വ്യക്തികളിൽ ആരായിരിക്കും സന്തോഷത്തോടെ കഴിയുന്നത് .പണം ആണ് എല്ലാം ,അല്ലേൽ പണം ഉണ്ടേൽ എല്ലാം മേടിക്കാം എന്ന എൻ്റെ ചിന്ത മാറ്റിയ രണ്ടു കാര്യം ആണ് ഈ സംഭവങ്ങൾ.പണം ഉറപ്പായും നമ്മൾ ഉണ്ടാക്കണം ,കുട്ടത്തിൽ ബന്ധുക്കൾ ,സുഹൃത്തുക്കൾ ,കുടുംബം ഇതുകുടെ നമ്മൾ പരിപാലിക്കണം .ചിലപ്പോൾ പഠിപ്പുകൊണ്ടോ അല്ലേൽ സാമ്പത്തികമായോ മറ്റുള്ളവർ നമ്മെളെക്കാൾ വളരെ താണതായിരിക്കും .അവരെ പറ്റുന്ന രീതിയിൽ കൂടെ നിർത്തുക.ആഴ്ചയിൽ ഒരു ദിവസം ,അതിൽ ഒരു മണിക്കൂർ നമ്മുടെ ബന്ധുക്കളെ വിളിക്കാൻ ശ്രമിക്കുക ,കൂട്ടുകാരുമായി ഇടക്ക് ഒന്ന് ഒത്തുകൂടുക.കുടുംബത്തിൽ ഉള്ളവരുമായി നല്ല ബന്ധം പുലർത്തുക .ജീവിതം സുന്ദരം ആകും .അയ്യോ അവരോട് ആരോടും ഞാൻ വേണ്ട വിധം സഹകരിച്ചില്ലലോ എന്ന് നമ്മൾ മനസ്സിലാക്കുമ്പോഴേക്കും വളരെ വൈകിപ്പോകും ചിലപ്പോൾ.നമ്മുടെ സ്വത്ത് എന്ന് പറയുന്നത് സത്യത്തിൽ നമ്മുടെ സന്തോഷം തന്നെ ആണ് .ഇതു വായിക്കുന്ന നിങ്ങൾ സന്തോഷം ഉള്ളവർ ആണോ ?നിങ്ങളോട് തന്നെ ചോദിക്കു.
ഞാൻ ജീവിതത്തിൽ മനസ്സിലാക്കിയ ഒരു കാര്യം നിങ്ങളുമായി ഒന്നു ഷെയർ ചെയ്തു എന്നെ ഉള്ളു.
നന്ദി ,
സ്നേഹത്തോടെ
മോഹൻ ജോളി വർഗ്ഗിസ് .
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ