ജോബി ബേബി,നഴ്സ്,കുവൈറ്റ്
ജനങ്ങളിൽനിന്നു സംമ്പാദിച്ചതിൽനിന്ന് നല്ലൊരു വിഹിതം അവർക്കു ദാനം ചെയ്യാൻ ആരെങ്കിലും ഇക്കാലത്ത് തയാറാകുമോ?അതിനുള്ള മറുപടിയാണ് തനിക്കുള്ളതെല്ലാം ദാനം ചെയ്യുമെന്ന ലോക സമ്പന്നൻ ബിൽ ഗേറ്റ്സിന്റെ പ്രഖ്യാപനം. ഉള്ളതെല്ലാം കൊടുക്കേണ്ട,ജനങ്ങളിൽ നിന്നു സംമ്പാദിച്ചതിൽനിന്നു കാര്യമായി എന്തെങ്കിലും. സംമ്പന്നരോടു മാത്രമല്ല,എല്ലാവരോടുമുള്ള ആഹ്വാനമായി ബിൽ ഗേറ്റ്സിന്റെ ഈ പ്രഖ്യാപനത്തെ കണക്കാക്കാവുന്നതാണ്. നിരവധിപ്പേർ തങ്ങളുടെ ഇല്ലായ്മയിൽനിന്നുപോലും ദാനം ചെയ്യുന്നതുകൊണ്ടാണ് ഈ ലോകം ഈ വിധമെങ്കിലും നിലനിൽക്കുന്നത്. പക്ഷേ, ലോകസമ്പത്തിന്റെ സിംഹഭാഗവും കൈവശപ്പെടുത്തിയിരിക്കുന്ന അതിസമ്പന്നർ ഈ മാതൃക പിൻതുടർന്നാൽ ഇരുട്ടിവെളുക്കും മുൻപ് ലോകം മാറിമറിയും. ബിൽ ഗേറ്റ്സ് അതിന് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും ലോകസമ്പന്നരുടെ രമ്യഹർമ്യങ്ങളിൽ അമ്പരപ്പിക്കുന്ന നിശബ്ദത തുടരുകയാണ്.
സന്നദ്ധപ്രവർത്തനങ്ങൾക്കുവേണ്ടി മുൻ ഭാര്യ മെലിൻഡ ഫ്രെഞ്ചുമായി ചേർന്ന് 2000ത്തിൽ ആരംഭിച്ച ഗേറ്റ്സ് ഫൗണ്ടേഷനിലേക്ക് തന്റെ സമ്പത് മുഴുവൻ നൽകുമെന്നാണ് ബിൽ ഗേറ്റ്സ് ബ്ലോഗിലൂടെ അറിയിച്ചിരിക്കുന്നത്. ലോകത്തെ അതിസന്പന്നരുടെ പട്ടികയിൽനിന്നു പിന്നോട്ടു പോയി ഒടുവിൽ അതിൽനിന്നു പുറത്തുകടക്കുമെന്നും അദ്ദേഹം പറഞ്ഞു. 2010ലും ബിൽ ഗേറ്റ്സ് തന്റെ സമ്പത് മുഴുവൻ സന്നദ്ധ പ്രവർത്തനങ്ങൾക്കായി നൽകുമെന്നു പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ഇത്തവണത്തെ പ്രഖ്യാപനത്തിൽ അദ്ദേഹം വലിയൊരു കൂട്ടിച്ചേർക്കൽ നടത്തി. ലോകത്തിലെ മറ്റു സമ്പന്നരും ഇതേ പാത പിന്തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ കഷ്ടതകൾ കുറയ്ക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി സ്വത്തെല്ലാം നൽകുകയെന്നത് തന്റെ ബാധ്യതയാണെന്ന ബിൽ ഗേറ്റ്സിന്റെ വാക്കുകൾ അടിവരയിട്ടു കേൾക്കണം. ഇതൊന്നും ഔദാര്യമല്ലെന്നും ബാധ്യതയാണെന്നും പറഞ്ഞതിലൂടെ സമ്പന്നതയുടെ കൊട്ടാരത്തിൽനിന്നു മാത്രമല്ല ഔദാര്യത്തിന്റെ സിംഹാസനത്തിൽനിന്നും പോലും അദ്ദേഹം പടിയിറങ്ങുകയാണ്. ലോകസമ്പന്നരിൽ നാലാമനാണ് ബിൽ ഗേറ്റ്സ്. ഇലോൺ മസ്കാണ് ഒന്നാമൻ. ജെഫ് ബസോസ് രണ്ടാമൻ. ഇന്ത്യയിലെ അതിസമ്പന്നരാണ് മുകേഷ് അംബാനി, ഗൗതം അദാനി, ശിവ് നാടർ, സൈറസ് പൂനാവല തുടങ്ങിയവർ.
കോവിഡ് കാലത്തു ജനങ്ങൾ അനുഭവിച്ച ദുരിതങ്ങളാണ് ബിൽ ഗേറ്റ്സിനെ വേദനിപ്പിച്ചത്. കോവിഡെന്നല്ല, ഏതൊരു ദുരിതകാലവും സാധാരണക്കാരും പാവങ്ങളുമായ മഹാഭൂരിപക്ഷത്തെ മാത്രമാണു ബാധിക്കുന്നത്. അതേ ദുരിതകാലത്ത്, ന്യൂനപക്ഷമായ സമ്പന്നരുടെ വളർച്ച അതിവേഗമാകുകയും ചെയ്യും. അതിനിടെയാണ് ബിൽ ഗേറ്റ്സിന്റെ പ്രഖ്യാപനം ഇന്ത്യയിലും ചോദ്യചിഹ്നമാകുന്നത്. ജനങ്ങളിൽനിന്നു സമ്പാദിച്ചതിൽനിന്ന് നല്ലൊരു വിഹിതം അവർക്കു ദാനം ചെയ്യാൻ ആരെങ്കിലും തയാറാകുമോ?
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ