ജോബി ബേബി
ദൈവാന്വേഷണം ഈശോയുടെ ശൈശവ വിവരണങ്ങൾ, മറിയത്തിന്റെ മഹിമയുടെ വർണനകൾകൂടിയാണ്. ശിശുവിനെ അമ്മയോടുകൂടി കണ്ടാണത്രേ ജ്ഞാനികൾ ആരാധിക്കുന്നത്. റഷ്യൻ എഴുത്തുകാരനായ പാസ്റ്റർ നാക്കിന്റെ വാക്കുകൾ ശ്രദ്ധിക്കുക:“സുപ്രധാനമായ ഒരു നിമിഷം നിങ്ങളുടെ ജീവിതകവാടത്തിൽ വന്ന് മുട്ടുന്നത്, നിങ്ങളുടെ ഹൃദയമിടിപ്പിന്റെ അത്രയും മൃദുലശബ്ദത്തിലായിരിക്കും ആ സ്വരം ശ്രദ്ധിക്കാതിരിക്കാനുള്ള സാധ്യതയും കൂടുതലാണ്’’. ഹൃദയംകൊണ്ടു ദൈവത്തെ ശ്രവിക്കേണ്ട സമയമാണ് ക്രിസ്മസ്. മറിയം ആ വിധം ഹൃദയംകൊണ്ടു ശ്രവിക്കുകയും ചിത്തത്തിൽ ആനന്ദിക്കുകയും എല്ലാം ഹൃദയത്തിൽ സൂക്ഷിച്ചു ധ്യാനിക്കുകയും ചെയ്തു.ജീവിതത്തിലെ സുപ്രധാന കാര്യങ്ങൾക്ക് ഹൃദയമിടിപ്പിന്റെ സ്വരമേയുള്ളൂ.ശ്രദ്ധിച്ചില്ലങ്കിൽ അതു നാം കേൾക്കാതെ പോകും. നമ്മുടെ ജീവിതം ഒരു എകാന്തപഥനമല്ല, ഒരുമിച്ചുള്ള തീർഥാടനമാണ്. യേശുവിന്റെ ജീവിതം സ്നേഹബന്ധങ്ങളുടെ അകൃത്രിമമായ ഊഷ്മളതകൊണ്ട് നിറഞ്ഞതായിരുന്നു.അമ്മയോടും സഹാദരന്മാരോടും സഹോദരിമാരോടും അപ്പസ്തോലന്മാരോടും ഒരുമിച്ചാണ് യേശു ജീവിച്ചത്. ഒരുമിച്ചു നീങ്ങണമെങ്കിൽ കൂടെയുള്ളവരുടെ മൃദുല ഹൃദയശബ്ദങ്ങൾ പോലും കേൾക്കുന്നതിനും വായിച്ചെടുക്കുന്നതിനുമുള്ള താത്പര്യം ഉണ്ടായിരിക്കണം.
മറിയം ഈ ലോകജീവിതത്തിൽ ചെയ്ത മുഖ്യജോലി എന്തായിരുന്നു? മറിയം തന്നെ പറയുന്നതു കേൾക്കൂ: “ഇതാ ഞാനും… ഉൽക്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു” (ലൂക്കാ 2:48). അമ്മയുടെ ജീവിതം ഈശോയെ അന്വേഷിച്ചു കണ്ടെത്തലിന്റേതായിരുന്നു. നമ്മുടെ ജീവിതത്തിന്റെ മുഖ്യനിയോഗം ദൈവാന്വേഷണമാവട്ടെ. ദൈവത്തെ കണ്ടെത്തുന്നതോടെ നാം നമ്മെയും സഹോദരങ്ങളെയും കണ്ടെത്തും.ദൈവാന്വേഷികൾക്ക് ഉണ്ടായിരിക്കേണ്ട സുകൃതം വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ ദർശനത്തിൽ, സൃഷ്ടവസ്തുകളാടുളള നിസംഗതയാണ്. എന്തിനൊടെങ്കിലും നാം ആകൃഷ്ടരായി അതിന്റെ അടിമത്വത്തിലാണെങ്കിൽ ദൈവന്വേഷണം സാധ്യമല്ല.ഒരു യഹൂദ റബ്ബിയുടെ പക്കലെത്തി ശിഷ്യൻ ആവശ്യപ്പെട്ടു: “ഗുരോ എന്നെ തോറ, മോശയുടെ നിയമം മുഴുവനും പഠിപ്പിക്കണം, പഠനം തീരുന്നതു വരെ ഞാൻ ഒറ്റക്കാലിൽ നിൽക്കും”. റബ്ബി അയാളെ വടിയെടുത്ത് ഓടിച്ചു. നിരാശനാകാതെ അവൻ, അടുത്ത റബ്ബിയുടെ അടുത്തു ചെന്ന് ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് ഒറ്റക്കാലിൽ കൈ കൂപ്പി നിന്നു. റബ്ബി പറഞ്ഞു: “നിന്നോടു മറ്റുള്ളവർ ചെയ്യരുത് എന്നു നീ ആഗ്രഹിക്കുന്നവ ഒന്നും നിന്റെ അയൽക്കാരനോടും നീ ചെയ്യരുത്.ഇതാണ് തോറാ; ബാക്കി മുഴുവനും വ്യാഖ്യാനങ്ങൾ മാത്രമാണ്”. യേശുവിന്റെ അമ്മ മറിയം ആരായിരുന്നു എന്നതിന്റെ ഉത്തരം വളരെ ലളിതമാണ്: “ഞാൻ കർത്താവിന്റെ ദാസി’’ (ലൂക്കാ 1:38) ബാക്കി എല്ലാം വ്യാഖ്യാനങ്ങൾ മാത്രം.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ