ജോബി ബേബി
സ്വർഗം തുറക്കപ്പെട്ടു സ്വർഗം തുറക്കപ്പെടുകയും ദൈവം ഭൂമിയിലേക്ക് ഇറങ്ങി വരുകയും ചെയ്തതിന്റെ പുണ്യമാണ് ക്രിസ്മസ്. ഒരു അനുഗ്രഹവും ആകസ്മികമായി ആർക്കും ലഭിക്കില്ല. ഭൂമിയിൽ എത്തിയ ക്രിസ്തുവിന്റെ ധർമം നമുക്കുവേണ്ടി സ്വർഗം തുറക്കുകയായിരുന്നു.പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ ഈശോയ്ക്കു മുകളിൽ സ്വർഗം തുറക്കപ്പെട്ട് പരിശുദ്ധാത്മാവ് ഇറങ്ങി.നമ്മുടെ വിശുദ്ധമായ പ്രാർഥന വഴി ആത്മജ്ഞാനത്തിന്റെ ആത്മാവ് നമ്മിലേക്ക് എത്തും.ക്രിസ്മസ് പ്രാർഥനയുടെ ഉത്സവമാണ്.സക്കറിയാസ്, എലിസബത്ത്, മറിയം, ശിമയോൻ, അന്ന ഇവർ എല്ലാം മനോഹര ഗീതങ്ങൾ പാടി പ്രാർഥിക്കുന്നു.വിശുദ്ധ അപ്രേം സഭാ പിതാവാണ്. അദ്ദേഹം പഠിപ്പിക്കുന്നു:“പ്രാർത്ഥനയിലൂടെയേ സുക്യതം ഉണ്ടാകൂ. പ്രാർഥന മനസിന്റെ ശാന്തത കാത്തുസൂക്ഷിക്കാൻ സഹായിക്കും.അഹങ്കാരത്തിന്റെയും അസുയയുടെയും വികാരങ്ങളെ അതു തടയും.നമ്മുടെ ആത്മാവിലേക്ക് പരിശുദ്ധാത്മാവിനെ പ്രവേശിപ്പിച്ച് നമ്മെ സ്വർഗത്തിലേക്ക് ഉയർത്തുന്നതും പ്രാർഥനയാണ്.”കേരളത്തിന്റെ ഭാവശുദ്ധിയും നന്മകളും ആവിഷ്കരിക്കുന്ന നിരവധി കഥകൾ ഉണ്ട്. പെരുന്തച്ചൻ എന്ന ഐതിഹ്യ പുരുഷനോട് ഒരു കിണർ കുഴിച്ചു തരുവാൻ ഒരു ദേശത്തെ ആളുകൾ ആവശ്യപ്പെടുന്നു.ഓരോരുത്തർക്കും കിണർ ഓരോ വിധത്തിലായിരിക്കണം എന്നു നിർബന്ധം. തർക്കം മൂത്തപ്പോൾ ഉളിയന്നൂർ പെരുന്തച്ചൻ പറഞ്ഞു:” നിങ്ങളാരും വഴക്കു പിടിക്കണ്ട. എല്ലാവരുടെയും ഇഷ്ടപ്രകാരം കുളം വട്ടത്തിൽ നീളത്തിൽ സമചതുരമായി ത്രികോണമായിട്ട് കോഴിമുട്ട ഭാഷയിൽ ഉണ്ടാക്കിയേക്കാം”.
കെട്ടിത്തീർന്ന കുളത്തിന്റെ ഓരോരോ ഭാഗത്തുനിന്നു നോക്കിയാൽ കുളത്തിന്റെ രൂപം ജനങ്ങൾ ആവശ്യപ്പെട്ടതുപോലെ ഒക്കെത്തന്നെ. എന്നാൽ, കുളത്തിലിറങ്ങിയാൽ ആർക്കും ദിക്കുകൾ പിടികിട്ടില്ല. അതിനാൽ ബ്രാഹ്മണർ ആ കുളം നിത്യകർമങ്ങൾക്കോ പ്രർഥനയ്ക്കോ ഉപയോഗിക്കുന്നില്ല എന്നാണ് ഐതിഹ്യം. അന്തസാര ശൂന്യരായ ആളുകൾ കിണറിന്റെ രൂപത്തിന്റെ പേരിൽ വഴക്കിട്ടു.ശുദ്ധജലം ലഭ്യമാക്കുകയാണ് കിണറിന്റെ ലക്ഷ്യം. ദാഹാർത്തരായ ജനം കിണറിന്റെ രൂപത്തെച്ചൊല്ലി കലഹിച്ചു.കലഹം അജ്ഞാന ലക്ഷണമാണ്; ഭോഷത്തവും മൂല്യബോധം ഇല്ലായ്മയുമാണ്; അടിമത്തവും ഭ്രാന്തുമാണത്.ദസ്തയേവ്സ്കി പറയുന്നുണ്ട്, ഒരു തടവുകാരൻ രക്ഷപ്പെട്ടു പോകാതിരിക്കുന്നതിനുള്ള ഏറ്റവും നല്ല വഴി അവൻ തടവിലാണെന്ന വിവരം അവൻ അറിയാതെ സൂക്ഷിക്കുന്നതാണ്. ക്രിസ്തു സ്വർഗം തുറന്നുതന്നത് നാം സ്വതന്ത്രരാവുന്നതിനാണ്. സ്വർഗം നമുക്കുനേരേ അടഞ്ഞുപോകുന്ന കർമങ്ങളിൽനിന്നു നാം മാറി നിൽക്കണം.
ഈശോ ചോദിക്കുന്നു, ഏതാണ് വലുത്, സ്വർണമോ സ്വർണത്തെ പവിത്രമാക്കുന്ന ദേവാലയമോ? കാഴ്ചവസ്തുവോ അതിനെ പവിത്രമാക്കുന്ന ബലിപീഠമോ? ക്രിസ്തു നമ്മിൽ വിജയിക്കണം; നാം തോൽപ്പിക്കേണ്ടത് നമ്മുടെ സഹോദരങ്ങളെയല്ല, നമ്മിലെ ക്രിസ്തുവിരുദ്ധമായ അജ്ഞാന ദുർഗന്ധമാകുന്ന അധികാരമോഹത്തെയും സ്വാർഥതയെയും പരദൂഷണ വ്യാപാരത്തെയുമാണ്. വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളിൽ, നമുക്ക് ക്രിസ്തു ചിന്തിക്കുന്ന മനസും ക്രിസ്തുവിന്റെ സ്നേഹം പ്രവഹിക്കുന്ന ഹൃദയവും ക്രിസ്തുവിന്റെ സ്വരവും ക്രിസ്തുവിന്റെ കരങ്ങളും ഉണ്ടാകട്ടെ.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ