ജോബി ബേബി
ശിശുക്കളെപ്പോലെ സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആരാണെന്ന് യേശു ചോദിക്കുന്നുണ്ട്. ഈ ശിശുവിനെ പോലെ ചെറുതാകുന്നവൻ എന്ന് യേശുതന്നെ മറുപടിയും നൽകുന്നുണ്ട്. ഏറ്റവും വലിയവൻ ആരാണ്? ഒരു ഉത്തരമേയുള്ളു പ്രപഞ്ച സൃഷ്ടാവായ ദൈവം.സർവശക്തൻ ഒരു ശിശുവായി പിറന്നു; വളർന്നു; ഒന്നും അറിയില്ലാത്തവനായി തീർന്ന അവിടുന്നു പഠിച്ചു, അറിവുകൾ നേടി. ദൈവത്തോടു ചേർന്നു നിൽക്കുന്ന ഒരു വ്യക്തിക്ക് ശിശുക്കളിൽനിന്നു മൂന്നു കാര്യങ്ങൾ പഠിക്കുവാനുണ്ടെന്ന് യഹൂദ ഗുരുക്കന്മാർ പഠിപ്പിച്ചിരുന്നു. എങ്ങനെ പുഞ്ചിരിക്കണം, എങ്ങനെ കരയണം, എങ്ങനെ സദാ കർമനിരതനായിരിക്കണം.ക്രിസ്മസ് നിഷ്കളങ്കതയുടെ,നിർമല ബാല്യത്തിന്റെ പുണ്യാഘോഷമാണ്.ശിശുക്കളെ പോലെ ആവുക എന്നാൽ, എന്നും അത്ഭുതത്തോടെ ലോകത്തെ നോക്കിക്കാണുകയും പുതിയകാര്യങ്ങൾ പഠിക്കുകയും ചെയ്യുക എന്നാണ് ഒരു അർഥം. നമ്മിൽനിന്ന് ആശ്ചര്യഭാവം നഷ്ടമാകുന്നതോടെ ശിശുസഹജ നിഷ്കളങ്കത മാത്രമല്ല, മതാത്മകതകൂടി കൈമോശം വരും.
ദൈവം ഇഷ്ടപ്പെടുന്നത് ശിശുക്കളെയാണ്. അമേരിക്കക്കാരിയായ വിശുദ്ധ കാതറീൻ ഡ്രക്സൽ പറയുന്നതു കേൾക്കു: “നാമെല്ലാം പഠിക്കേണ്ട ഒരു പാഠം ഇതാണ്: നമ്മെ ബാധിക്കാത്ത കാര്യങ്ങളിൽ ഇടപെടാതിരിക്കുക.ഓരോരുത്തർക്കും ദൈവം നിശ്ചയിച്ചിരിക്കുന്ന സഞ്ചാരപഥമുണ്ട്.സർവരും ഒരേ വഴിയിലൂടെയല്ല നീങ്ങുന്നത്. ഓരോരുത്തർക്കും ദൈവം നിശ്ചയിച്ചിരിക്കുന്ന വഴി കണ്ടുപിടിച്ച് ആ വഴിയിലൂടെ നീങ്ങുന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.”നാം കുഞ്ഞുങ്ങൾക്കു വഴി പറഞ്ഞുകൊടുക്കുന്നു; നമ്മൾ വഴി തെറ്റി നടക്കുകയും ചെയ്യുന്നു!പുഴയ്ക്ക് ആഴമുണ്ട് സൂക്ഷിക്കണം എന്നു കുട്ടികൾകളോടു പറഞ്ഞു കൊടുക്കും;എന്നിട്ട് നാം രണ്ടുകാലും ഒരുപോലെ പുഴയിലേക്കു വച്ച് ആഴം നോക്കും. ഗബ്രിയേല ബോസിനോട് യേശു വെളിപ്പെടുത്തിയതായി അവനും ഞാനും (He and I) എന്ന ഗ്രന്ഥത്തിൽ അവൾ പറയുന്നു: “നീ എത്ര ചെറിയ കുട്ടിയാകുന്നുവോ അത്രയധികം ദൈവം നിന്നെ തോളിലേറ്റും”. കുട്ടികളെ മാത്രമേ ദൈവം തോളിലേറ്റൂ.കുഞ്ഞുങ്ങൾ വളരെ വലിയവരാണ്. അയ്യായിരം പുരുഷന്മാരുണ്ടായിരുന്ന ഒരു ജനാവലിക്ക് ഭക്ഷിച്ച് മിച്ചം കരുതുവാൻമാത്രം വളർന്ന അഞ്ചപ്പവും രണ്ടു മത്സ്യവും നൽകിയത് ഒരു ബാലനാണ്. കുട്ടികളുടെ സാന്നിധ്യം നമ്മിലെ ഏറ്റവും നിഷ്കളങ്ക ഭാവങ്ങളെ വളർത്തും.ജർമൻ ദൈവശാസ്ത്രജ്ഞനായിരുന്ന കാൾറാനറുടെ ക്ലാസിൽ വിദ്യാർഥികൾ എന്നും സന്നിഹിതരായത്, അവർക്ക് എല്ലാം മനസിലായതു കൊണ്ടല്ല; പ്രത്യുത, അദ്ദേഹത്തിന്റെ സാന്നിധ്യം അവരെ മെച്ചപ്പെട്ട വ്യക്തികളാക്കുന്നതായി അനുഭവപ്പെട്ടതുകൊണ്ടാണ്.
ശിശുവായ യേശുവിന്റെ സാന്നിധ്യം നമ്മെ മെച്ചപ്പെട്ട വ്യക്തികളാക്കട്ടെ.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ