ജോബി ബേബി
സമ്മാനം അലമാരയ്ക്കുള്ളിലും സ്യൂട്കേസിലുമൊക്കെ സൂക്ഷിച്ചുവച്ചിരിക്കുന്ന ചില സമ്മാനങ്ങളില്ലേ?
ഒരു പേനയാകാം, ഒരു കൈലേസോ കൊന്തയോ ആകാം ഒരു കാശുരൂപമാകാം. ആരുടെയൊക്കെയോ മനസിൽ നീ ജീവിച്ചിരുന്നു എന്നതിനും ആർക്കൊക്കെയോ നീ ഹൃദയത്തിൽ ഇടം നല്കിയിരുന്നുവെന്നതിനും അതു തെളിവുനല്കുകയല്ലേ?
നീ ആരുടെയോ കരിന്തിരി കത്തിയ മൺചെരാതുകളിൽ സ്നേഹവെളിച്ചം നിറച്ചുവെന്നാണ് ആ സമ്മാനത്തിനർഥം.അതു കാണുമ്പോഴും കൈകളിൽ എടുക്കുമ്പോഴും നിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടരാറില്ലേ?
സമ്മാനം നൽകുന്നവൻ ഒരു വാഗ്ദാനം നൽകുകയാണ്,ഇനിയും നീയെന്റെ ചിന്തകളിലും പ്രാർഥനകളിലും ഉണ്ടായിരിക്കുമെന്ന്.കാലിത്തൊഴുത്തിൽ കൈകാലിട്ടടിച്ച് ചിരിക്കുന്ന കുഞ്ഞ് ഒരു സമ്മാനമാണ്. മനുഷ്യകുലത്തിനു ദൈവം നൽകിയ സമ്മാനം.നീണ്ട നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷം വാഗ്ദാനം ചെയ്യപ്പെട്ട ആ സമ്മാനം ഇസ്രായേലിനു നൽകപ്പെടുകയാണ്.ഇതുവരെയും ഇസ്രായേൽ ജനതയുടെ കണ്ണീരും വേദനയും ഞാൻ കണ്ടിരുന്നു എന്നതാണ് അതിനർഥം.
ഓരോ മനുഷ്യനും എന്റെ ചങ്കിലുണ്ടായിരുന്നു എന്നും അവന്റെ സമഗ്രമോചനമാണ് എന്റെ ആഗ്രഹമെന്നും ദൈവം ഈ സമ്മാനം വഴിയായി നമ്മോടു പറയുന്നുണ്ട്. വെറും മൂന്നു വർഷത്തെ പരസ്യജീവിതകാലത്ത് അവൻ ആർക്കാണ് സമ്മാനമായി മാറാതിരുന്നത്?കണ്ടുമുട്ടിയവരെല്ലാം സംതൃപ്തരായി മടങ്ങിയ മറ്റൊരു നേതാവുണ്ടോ? കണ്ണീരുപ്പുകലർന്ന ജീവിതങ്ങൾ ചിരിക്കാൻ തുടങ്ങിയത് ഈശോയെന്ന സമ്മാനം സ്വീകരിച്ചുകഴിഞ്ഞതിനു ശേഷമല്ലേ?തീവ്രാന്ധകാരത്തിന്റെ കുഴിയിൽ ആയിരുന്നവർ പ്രകാശം ദർശിച്ചതും മരണഭയത്തിൽ ജീവിച്ചവർക്കു സ്വാതന്ത്ര്യം സിദ്ധിച്ചതും അവനിലൂടെയല്ലേ? അവൻ അവർക്ക് സമ്മാനമാവുകയായിരുന്നു.എനിക്ക് എത്രപേരുടെ ജീവിതങ്ങളിൽ സമ്മാനമാകുവാനായി കഴിഞ്ഞു? ഞാൻ സമ്മാനമാകേണ്ടവർ എന്റെ ചുറ്റിലും തന്നെയുണ്ട്. അവരെയെല്ലാം എനിക്ക് ഭരമേല്പിച്ചത് ദൈവം തന്നെയാണ്.സമ്മാനങ്ങൾ എപ്പോഴും സ്നേഹത്തിന്റെ അടയാളങ്ങളാണ്.
ഞാൻ എത്രപേർക്ക് സ്നേഹത്തിന്റെ അടയാളമായി മാറിയിട്ടുണ്ട്?അർഹമായ സമയം, ഊർജ്ജം, സ്നേഹം, കരുതൽ ഇവയൊക്കെ നല്കാതിരിക്കുമ്പോൾ ഞാൻ സമ്മാനമായി തീരാനുള്ള അവസരങ്ങളെ നഷ്ടപ്പെടുത്തുകയാണ്.സമ്മാനം കൊടുക്കുന്നവനും വാങ്ങുന്നവനും ഒരുപോലെ സന്തോഷിക്കുന്നു. എന്റെ സ്നേഹം പങ്കുവയ്ക്കാനായി എന്ന് ഒരാളും, അവന്റെ സ്നേഹത്തിൽ ഭാഗഭാക്കാൻ സാധിച്ചു എന്ന് മറ്റൊരാളും അഭിമാനിക്കുകയാണ്. ഒരാൾക്ക് നൽകാൻ സാധിക്കുന്ന ഏറ്റവും വലിയ സമ്മാനം അവനവൻ തന്നെയാണ്.പൂർണമായും തന്നെത്തന്നെ നൽകിയ ഒരാൾ മാത്രമേ ഉള്ളൂ. അത് യേശുവാണ്. അവൻ പൂർണമായി സമ്മാനമായി നല്കിയതിന്റെ ഓർമ്മയാചരണമാണ് ഈ ക്രിസ്മസ്.ഇനിയും ആരെങ്കിലുമൊക്കെ എന്റെ ചുറ്റുവട്ടങ്ങളിൽ സ്നേഹത്തിനു ദാരിദ്ര്യം അനുഭവിക്കുന്നുണ്ടെങ്കിൽ അതിനർഥം ഞാനിനിയും അവർക്ക് സമ്മാനമായിട്ടില്ല എന്നുതന്നെയാണ്.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ