ജോബി ബേബി
ആരാധനയ്ക്കുശേഷം ഊമനായി ഭനത്തിലേക്ക് മടങ്ങിയെത്തിയ സഖറിയായെ എലിസബത്ത് എങ്ങനെയാകും സ്വീകരിച്ചിട്ടുണ്ടാകുക?ഭയവും ആശങ്കയും അത്ഭുതവും നിറഞ്ഞ മനസോടെ വീടിന്റെ പടിയണഞ്ഞ തന്റെ ഭർത്താവിനു സംസാരിക്കാനാകുന്നില്ല എന്നത് എലിസബത്തിനെയും തളർത്തിയിട്ടുണ്ടാകും.മൂകമായ സായന്തനങ്ങളിൽ യഹോവയ്‌ക്കു കീർത്തനം പാടുവാൻപോലും സാധിക്കാതെ വിതുമ്പിനിൽക്കുന്ന സഖറിയായെ ഗർഭിണിയായ എലിസബത്ത് എങ്ങനെയാണു ചേർത്തുപിടിച്ചിട്ടുണ്ടാകുക?ഉത്തരം തിരുവചനത്തിൽ തന്നെ മറഞ്ഞിരിക്കുന്നുണ്ട്.ശിശുവിന് സഖറിയാ എന്ന പേരു നല്കാനാഞ്ഞ ബന്ധുക്കളോട് സഖറിയാ എന്നല്ല യോഹന്നാൻ എന്നാണു പേരു നൽകേണ്ടതെന്ന് എലിസബത്തുതന്നെയാണ് ആദ്യം പറയുന്നത്.മാലാഖ പറഞ്ഞ ഈ ദൂത് ഊമനായിരുന്നിട്ടുകൂടി അതിന്റെ ഗൗരവത്തിൽ എലിസബത്തിനു മനസിലായത് അവരുടെ ഹൃദയങ്ങൾ തമ്മിലുള്ള സംസാരത്തിനു യാതൊരു കുറവും സംഭവിച്ചിരുന്നില്ല എന്നുള്ളതുകൊണ്ടാണ്.
ശബ്ദമില്ലാതെ ഹൃദയം കൊണ്ടു സംസാരിക്കാൻ സഖറിയായും എലിസബത്തും അറിഞ്ഞിരുന്നു എന്നുവേണം മനസിലാക്കാൻ.ഒരു നോട്ടം കൊണ്ടുപോലും ഹൃദയവികാരങ്ങളെ കൈമാറ്റം ചെയ്യാൻ ഉതകുമാറ് അവരുടെ ദാമ്പത്യം വളർന്നിരുന്നു.ഹൃദയം വാതോരാതെ സംസാരിക്കുമ്പോൾ ശബ്ദം അധികപ്പറ്റാണ്.സഖറിയായുടെ മൗനം അവരുടെ സ്നേഹത്തെ പിന്നെയും ആർദ്രമാക്കി.കടന്നുവന്ന കനൽവഴികൾ അവരെ അതിനു പ്രാപ്തമാക്കി എന്നുവേണം പറയാൻ. കുഞ്ഞില്ലാതിരുന്ന ദുഃഖം അവർ പരസ്പരം പഴിചാരിയും കുത്തിനോവിച്ചുമല്ല സ്വീകരിച്ചത്. പരസ്പരം മനസിലാക്കിയും സ്നേഹിച്ചുമാണ്. അതവരുടെ കൂട്ടായ ഒരു കുറവായി അവർ തിരിച്ചറിഞ്ഞു.അല്ലെങ്കിലും ഏതു കുറവുകളാണ് ഒരാൾക്കു സ്വന്തമായിട്ടുള്ളത്? ഒരാളുടെ കുറവുകളൊന്നും അയാളുടെ സ്വന്തമല്ല.കുറവുകൾ നൽകപ്പെടുന്നത് ഒരു വ്യക്തിക്കാണെങ്കിലും അയാൾ ഒരു കുടുംബത്തിന്റേയോ സമൂഹത്തിന്റേയോ ഭാഗമാണ്.അതുകൊണ്ടുതന്നെ ഒരാളുടെ കുറവുകൾ എല്ലാവരുടേതുമാണ്. അതു പരിഹരിക്കപ്പെടേണ്ടതും കൂട്ടായ്മയിലാണ്.അതുകൊണ്ടാണല്ലോ ക്രിസ്തു തന്റെ പരസ്യജീവിതത്തിന്റെ മൂന്നുവർഷക്കാലം ചുറ്റുമുള്ളവരുടെ കുറവുകൾ പരിഹരിക്കാനായി ഓടിനടന്നത്.ചുറ്റുമുള്ളവരുടെ കുറവുകളോട്, ബലഹീനതകളോട്, പോരായ്മകളോട് ഞാൻ പുലർത്തുന്ന മനോഭാവമെന്താണ്? അതവരുടെ മാത്രം പരിമിതിയായാണ് ഞാൻ കാണുന്നതെങ്കിൽ എന്‍റെ മനസിൽ ഇനിയും ക്രിസ്മസ് വെളിച്ചമെത്തിയിട്ടില്ല.പണ്ടു നീ ഇങ്ങനെയായിരുന്നില്ല. ബാല്യത്തിൽ മറ്റുള്ളവരുടെ മുറിവുകളിൽ ഊതിക്കൊടുത്തുകൊണ്ടു നീ അവരെ ആശ്വസിപ്പിച്ചിരുന്നില്ലേ? ആ ബാല്യത്തിലേക്കു തിരികെ പോകാനാണ് ക്രിസ്തു ആവശ്യപ്പെടുന്നത്. ക്രിസ്തു വരുന്നത് എല്ലാവരുടെയും കുറവുകൾക്കു മരുന്നുമായാണ്.എനിക്കും സാധിക്കട്ടെ,ചുറ്റിലുമുള്ളവരുടെ നീറ്റലുകളിൽ കരുണയുടെ ലേപനം പുരട്ടുവാൻ….
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ