January 17, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ക്രിസ്തുമസ്: പ്രവൃത്തിയിലൂടെ സ്നേഹം

ജോബി ബേബി

“സ്നേഹം പ്രവൃത്തിയിലൂടെ” സ്നേഹത്തിലൂടെ പ്രവർത്തനനിരതമായ വിശ്വാസമാണ് സുപ്രധാനം. (ഗലാ. 5:6). ദരിദ്രർക്കുവേണ്ടി ഒരു ലോകദിനം 2017 നവംബർ മാസത്തിൽ പ്രഖ്യാപിച്ചപ്പോൾ, അതിന്‍റെ പ്രമേയമായി സ്വീകരിച്ചത് ‘നമുക്ക് വാക്കുകളിലൂടെയല്ല, പ്രവൃത്തികളിലൂടെ സ്നേഹിക്കാം’ എന്നതാണ്. പ്രവൃത്തികളിലൂടെ ദൈവം സ്നേഹം നൽകിയതാണു ക്രിസ്മസ്.സഭാചരിത്രത്തിന്റെ ആദ്യ അധ്യായമെന്നു വിശേഷിപ്പിക്കപ്പെടുന്ന പുസ്തകത്തിന്റെ പേര് അപ്പസ്തോല പ്രവൃത്തികൾ എന്നാണ്. ഈ ഗ്രന്ഥത്തിന്റെ ആദ്യ വാചകം ശ്രദ്ധിക്കുക:“പ്രവർത്തിക്കുകയും പഠിപ്പിക്കുകയും ചെയ്ത എല്ലാ കാര്യങ്ങളും” (നടപടി 1:2). ഇവിടെ പ്രവർത്തനങ്ങൾക്കാണു പ്രഥമ സ്ഥാനം.

എന്നാൽ നാം ഒന്നാം സ്ഥാനം പലപ്പോഴും നൽകുക പ്രസംഗങ്ങൾക്കാണ്. ഒരു തുള്ളി തേനാണ്, ഒരു ബാരൽ വിനാഗിരിയെക്കാൾ കൂടുതലായി ശലഭങ്ങളെ ആകർഷിക്കുന്നതെന്ന് വിശുദ്ധ ഫ്രാൻസിസ് സാലസ് എഴുതിയത് എത്ര ശരിയാണ്.വാക്കുകളിലൂടെയുള്ള സാക്ഷ്യങ്ങൾ ഇന്ന് നമുക്കു സുലഭമാണ്. ജീവിത സാക്ഷ്യമാണു പ്രധാനം, അതു വളരെ വിരളവും.നാം നടത്തുന്ന പണ്ഡിത പ്രസംഗങ്ങളോ, വിലപിടിപ്പുള്ള ചർച്ചകളോ അല്ല, നാം നിർവഹിക്കുന്ന സ്നേഹ കർമങ്ങളാണു നമ്മെ ദൈവ മിത്രങ്ങളാക്കുന്നത്, മനുഷ്യ സ്നേഹികളാക്കുന്നത്. ദാരിദ്ര്യത്തെപ്പറ്റിയുള്ള പ്രഭാഷണമല്ല, ദരിദ്രനുമായി എല്ലാം പങ്കുവയ്ക്കുന്നതാണു പ്രധാനം.

രോഗികളെ ശുശ്രൂഷിക്കുന്നതാണ്, രോഗീശുശ്രൂഷയുടെ മഹത്വത്തെപ്പറ്റിയുള്ള പ്രഭാഷണങ്ങളെക്കാൾ മഹനീയം. ഒരു സന്ദേശവും പൊള്ളവാക്കുകളായി അവശേഷിപ്പിക്കരുത്, സൽക്കർമങ്ങളായി സഹോദരങ്ങൾക്കു ലഭ്യമാക്കണം.ഒരു ക്രിസ്ത‍്യാനിയാവുക എന്നാൽ ദൈവത്തിന്‍റെ കരങ്ങളായി പ്രവർത്തിക്കുക എന്നാണ് അർഥമെന്ന് വിശുദ്ധ അഗസ്റ്റിൻ എഴുതുന്നുണ്ട്.നാം ഹോട്ടലിൽ എത്തുമ്പോൾ മെനു കാർഡ് വായിക്കുന്നു.അതു വീണ്ടും വീണ്ടും വായിച്ചാൽ വിശപ്പു മാറുമോ? പലരും ദിവസം മുഴുവനും മെനു കാർഡ് വായിച്ചു കേൾപ്പിക്കുന്നു.അതു ഭക്ഷണമല്ല; ഭക്ഷണത്തിലേക്കുള്ള അടുത്ത വഴി മാത്രം.പുണ്യമുള്ള വാക്കുകൾ ഉരുവിടുന്നതിനു പകരം അവ നമ്മൾ പ്രവർത്തിക്കണം.മധുര വാക്കുകളുടെ സുഖം ആസ്വദിച്ചു നാം മയങ്ങിപ്പോകരുത്.വാക്കുകളിലൂടെയല്ലാതെ നമ്മോടു സംസാരിക്കുന്ന ഒരു സ്വരം നമ്മുടെ ഹൃദയത്തിലുണ്ട്, അത് ശ്രവിക്കുക.

സ്വന്തം ഹൃദയത്തിന്റെ ഉള്ളിൽ നിന്നുള്ള സ്വരം ശ്രവിക്കുന്നവരാണ് യഥാർഥ പ്രസംഗം കേൾക്കുന്നവർ.നാം വലിയ ജനക്കൂട്ടത്തിലായിരിക്കുമ്പോൾ മഹാ സമുദ്രത്തിലെ ഒരു തുള്ളിമാത്രം. എന്നാൽ ഹൃദയത്തെ ഏകാഗ്രമാക്കുമ്പോൾ നാമാകുന്ന ആ ഒരു തുള്ളി ജലത്തിൽ മുഴുവൻ മഹാസമുദ്രങ്ങളെയും ദൈവം നിക്ഷേപിച്ചിട്ടുണ്ടെന്നു നാം കണ്ടെത്തും.പതിനെട്ടാം നൂറ്റാണ്ടിൽ ഗ്രീസിലെ താപസനായിരുന്ന കോസ്മാസ് അയിതോലോസിന്റെ ഉപദേശം സ്വീകാര്യമാണ്.“നാം ഒരായിരം നല്ല പ്രവൃത്തികൾ ചെയ്താലും ഉപവാസം,ദാനധർമം, പ്രാർഥനകൾ എല്ലാം ഉണ്ടായിരുന്നാലും സഹോദരദ്വേഷം നമ്മിൽ ഉണ്ടെങ്കിൽ നാം ചെയ്യുന്നവ എല്ലാം പൈശാചിക കർമങ്ങളാണ്. കാരണം വിദ്വേഷം പിശാചിന്റെ വിഷമാണ്”.

നല്ലവരും കൃപയള്ളവരും എന്നു സ്വയം അവകാശപ്പെടുന്ന പലരുടെയും ജീവിതത്തിൽ വിദ്വേഷം എന്ന വിഷമുണ്ടെന്നു കാണാം. വിദ്വേഷം സൂക്ഷിച്ചുകൊണ്ട് സ്നേഹ കർമങ്ങൾ നിർവഹിക്കുവാനാവില്ല.ജലാലുദീൻ റൂമി പറഞ്ഞതു സത്യമാണ്. “നാം എന്ത് അന്വേഷിക്കുന്നുവോ, അതു നമ്മെ അന്വേഷിച്ചെത്തും”. സ്നേഹം അന്വേഷിക്കുന്നവരെ തേടി സ്നേഹവും വെറുപ്പ് അന്വേഷിക്കുന്നവരെ തേടി വെറുപ്പും എത്തും. ക്രിസ്മസ്, ദൈവത്തെ അന്വേഷിക്കാനുള്ള സമയമാണ്, അപ്പോൾ ദൈവം നമ്മെ തേടിയെത്തും.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!