ജോബി ബേബി
ക്രിസ്മസിന്റെ അർഥപൂർണമായ ഒരു പ്രതീകമാണ് ട്രീ. നിത്യഹരിത പൈൻ മരങ്ങളാണ് പാശ്ചാത്യ നാടുകളിൽ ഇതിനായി ഉപയോഗിക്കുന്നത്.വിശുദ്ധ ബൈബിളിൽ,വൃക്ഷങ്ങൾ മുറിക്കരുത് എന്നു കൽപ്പിക്കുന്ന ഒരു വചനമുണ്ട്. “ഒരു നഗരത്തെ ഉപരോധിക്കേണ്ടി വരുമ്പോൾ…. അതിലെ വൃക്ഷങ്ങളിലൊന്നും കോടാലികൊണ്ടു വെട്ടിനശിപ്പിക്കരുത്” (നിയമാവർത്തനം 20:19). ദൈവത്തെ വൃക്ഷത്തോട് ഉപമിക്കുന്ന വചനഭാഗങ്ങളും കുറവല്ല. ഹോസിയ പ്രവാചകൻ പറയുന്നു യാഹാവേ “നിത്യഹരിതമായ സരളമരം പോലെയാണ്”.നീതിമാൻ ആറ്റുതീരത്തു നിൽക്കുന്ന വൃക്ഷം പോലെയാണ്.നീതിമാൻ ആറ്റു തീരത്തു നിൽക്കുന്ന വൃക്ഷം പോലെയാണെന്ന് സങ്കീർത്തകനും എഴുതുന്നു.നല്ല വൃക്ഷം നല്ലഫലം കായ്ക്കുന്നു എന്ന് ക്രിസ്തുവും പറഞ്ഞു. ഇല ചൂടി, ഫലം ചൂടി, തണൽ വിരിച്ചു നിൽക്കുന്ന നിത്യഹരിത വൃക്ഷമാവണം ഓരോ വ്യക്തിയും.ഇതാണ് ക്രിസ്മസ് ട്രീ നൽകുന്ന സന്ദേശം. സമീപിക്കുന്നവർക്കെല്ലാം നൽകുവാൻ നന്മയായ എന്തെങ്കിലും ഒന്ന് നമ്മിൽ ഉണ്ടായിരിക്കട്ടെ.രണ്ട് റബ്ബിമാർ വലിയ സ്നേഹിതരായി ദീർഘനാൾ ചെലവഴിച്ചു.ഒന്നാമത്തെയാൾ യാത്രപറഞ്ഞു ദൂരദേശത്തേക്കു സ്ഥിരമായി പോകണ്ട സാഹചര്യമുണ്ടായി.അപ്പോൾ രണ്ടാമനോട് അദ്ദേഹം അനുഗ്രഹം ചോദിച്ചു. ഒരു ഉപമ പറഞ്ഞു കൊണ്ടാണ് അദ്ദേഹം അനുഗ്രഹിച്ചത്.
ഒരിക്കൽ ഒരാൾ മരുഭൂമിയിലുടെ യാത്ര ചെയ്തു ക്ഷിണിച്ചു. അല്പം ജലം, തണൽ, ഭക്ഷണം ഇവയ്ക്കായി അദ്ദേഹം കൊതിച്ചു. അകലെ ഒരു വൃക്ഷം ദൃഷ്ടിയിൽപ്പെട്ടു. അതിൽ ധാരാളം ഫലങ്ങൾ; ഇല ചൂടി, തണൽ വിരിച്ച്, കാറ്റിലാടി അതു നിൽക്കുന്നു. തൊട്ടടുത്ത് ഒരു ഉറവയും. വഴിയാത്രക്കാരൻ ധാരാളം പഴങ്ങൾ തിന്നു; ജലവും കുടിച്ചു. തണലിൽ ദീർഘ സമയം സന്തോഷമായി വിശ്രമിച്ചു. ക്ഷീണം മാറി തുടർയാത്രയ്ക്ക് ഒരുങ്ങിയപ്പോൾ ഈ നല്ല വൃക്ഷത്തെ അനുഗ്രഹിക്കണമെന്ന് അദ്ദേഹത്തിനു തോന്നി.ഒന്നിനും കുറവില്ലാത്ത ഈ വൃക്ഷത്തിന് ഇനി എന്ത് അനുഗ്രഹമാണു നൽകുക: “നിന്നിൽ നിന്നു മുളപൊട്ടുന്ന എല്ലാ തൈകളും നിന്നെപ്പോലെതന്നെ മധുര ഫലങ്ങൾ ചൂടി അനഗ്രഹമുള്ളതാവാട്ടെ”. ഉപമ പറഞ്ഞ് അവസാനിപ്പിച്ചശേഷം റബ്ബി, ആദ്യ റബ്ബിയെ അനുഗ്രഹിച്ചു. “നിന്റെ മക്കൾ നിന്നെപ്പോലെതന്നെ നല്ലവരും അനുഗ്രഹിക്കപ്പെട്ടവരും ആയിരിക്കട്ടെ”.ഈ ക്രിസ്മസ്, നാമോരുത്തരും നല്ല വൃക്ഷങ്ങളായി തീരുന്നതിനും ആളുകൾ വിശ്രമിക്കുന്ന വൃക്ഷമായി മാറുന്നതിനും നമ്മുടെ സമീപത്തു വരുന്നവർക്ക് നാം ബോധിവൃക്ഷം ആകുന്നതിനും ഇടവരട്ടെ. നന്മവൃക്ഷങ്ങൾ നശിച്ചാൽ ഭൂമിയിൽ അനുഗ്രഹമഴയില്ലാതാകും.റെഡ് ഇന്ത്യൻ മുന്നറിയിപ്പ് നാം മറക്കണ്ട: “എല്ലാ മരവും വെട്ടിക്കഴിയുമ്പോൾ, എല്ലാ മൃഗങ്ങളെയും വേട്ടയാടിക്കഴിയുമ്പോൾ, അവസാനത്തെ മത്സ്യത്തെയും പിടിച്ചു കഴിയുമ്പോൾ, അവസാനത്തെ പുഴയിലും വിഷം കലർത്തി കഴിയുമ്പോൾ മാത്രം, നാം മനസിലാക്കും പണം ഭക്ഷിക്കുവാൻ കൊള്ളില്ലെന്ന്”.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ