January 17, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ക്രിസ്തുമസ് നൽകുന്ന യഥാർത്ഥ സന്തോഷം

ജോബി ബേബി

സകല ജനത്തിനും മഹാസന്തോഷം നൽകേണ്ട സദ്വാർത്തയാണ് ക്രിസ്തുവിന്റേത്.പക്ഷേ ഈ സദ്വാർത്തയിൽ സന്തോഷിക്കുന്നവർ എത്രപേരുണ്ട്?വ്യാപാര നേട്ടങ്ങളുടെ സന്തോഷമൊഴിച്ചു,നൈമിഷിക ആഘോഷത്തിമിർപ്പിന്റെ ആമോദമൊഴിച്ചു യഥാർത്ഥ സന്തോഷമെവിടെ?ഇവിടെയാണ് യഥാർത്ഥ സന്തോഷത്തിന്റെ അളവുകോൽ എന്ത് എന്ന ചോദ്യത്തിന്റെ പ്രസക്തി.യഥാർത്ഥ സന്തോഷത്തിന്റെ അളവുകോൽ തന്നെയാണ് യഥാർത്ഥ സമാധാനത്തിന്റേയും അളവുകോൽ.ബേത്ലഹേമിൽ മാലാഖമാർ പാടിയ പാട്ടിൽ ഈ അളവുകോൽ എന്തെന്ന് പറഞ്ഞിട്ടുണ്ട്.ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം.ദൈവപ്രസാദമുള്ള മനുഷ്യർ ആരാണ്?അവരുടെ രണ്ട് ഗണം പ്രതിനിധികളെ ആദ്യക്രിസ്തു മനസ്സിൽ കാണാം.ഒന്ന് ഇടയന്മാർ,രണ്ട് വിഞ്ജാനികളായ സന്ദർശകർ.ഇടയന്മാരുടെ ദാരിദ്ര്യവും പരുപരുത്ത ജീവിത സാഹചര്യവും അവരെ ദൈവപ്രസാദത്തിനു അർഹരാക്കി.രണ്ട് കൂട്ടരിലും ദിവ്യശിശുവിനെ ദർശിക്കുവാനുള്ള ദാഹം വളരെ വ്യകതമാണ്.ചുരുക്കത്തിൽ ദൈവപ്രസാദത്തിന്റെ താക്കോൽ ദൈവത്തിനായുള്ള ദാഹമാണ്.കാര്യം കാണുവാനോ പേരെടുക്കുവാനോ ഉള്ള ദാഹത്തിനു പകരം ജീവനുള്ള ദൈവത്തിനായി കാംക്ഷിക്കുന്ന ദാഹം എവിടെയുണ്ടോ അവിടെ ദൈവം സ്വയം സന്നിഹിതനായിരിക്കുന്നു വെന്ന സത്യമാണ് “ഇമ്മാനുവേൽ”(ദൈവം നമ്മോടുകൂടെ)വെളിപ്പെടുത്തുന്നത്.

അപ്പത്തിനും,വെള്ളത്തിനും,വസ്ത്രത്തിനും,പാർപ്പിടത്തിനും,തൊഴിലിനും വേണ്ടിയുള്ള ദാഹത്തെക്കാളുപരിയായി ഒരു ദാഹം ദൈവത്തിനായി തോന്നുന്ന അവസ്ഥയിലെ യഥാർത്ഥ സന്തോഷവും സമാധാനവും അനുഭവിക്കുവാൻ തുടങ്ങൂ.യുദ്ധവും,ക്ഷാമവും,പ്രകൃതിദുരന്തങ്ങളും നിരപരാധികളും നിഷ്‍കളങ്കരുമായവരുടെ മേൽ ഏൽപ്പിക്കുന്ന ദുരന്തങ്ങൾക്കിടയിലും ക്രിസ്തുമസിന്റെ പ്രസക്തി മേൽപ്പറഞ്ഞ സമാധാന ദാഹത്തിന്റെ പാശ്ചാത്തലത്തിലാണ്.ജീവിതത്തിന്റെ ഇഴകൾ അകന്നും മുറിഞ്ഞുമിരിക്കുന്ന സാഹചര്യങ്ങളുടെ പ്രതീകമായ കീറ്റുശീലയിൽ കിടക്കുന്ന ദൈവപുത്രൻ നമുക്ക്‌ പുതിയ പ്രതീക്ഷ നൽകുന്നു.ആ ദൈവപുത്രനെ കണ്ട് കഴിഞ്ഞപ്പോൾ വഴിമാറി മടങ്ങിപ്പോയ വിജ്ഞാനികളുടെ വിവേകം നമ്മുടെ ലോക നേതാക്കൾക്കുമുണ്ടാകട്ടെ.അനുഗ്രഹത്തിന്റെ ദൈവദർശനവും നിത്യമായ സമാധാനവും ക്രിസ്തുമസ് നമുക്ക്‌ നൽകട്ടെ.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!