January 17, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കോവിഡ് അനന്തര ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധിക്കണം.

ജോബി ബേബി

കോവിഡ് അനന്തര പ്രശ്നങ്ങൾ അഥവാ പോസ്റ്റ് കോവിഡ് സിൻഡ്രോം ആണ് കോവിഡ് ഉയർത്തുന്ന പുതിയ ഭീഷണികളിലൊന്ന്.നീണ്ടുനിൽക്കുന്ന കോവിഡ് എന്ന അർഥത്തിൽ ‘ലോങ് കോവിഡ്’ എന്നും ഈ അവസ്ഥയെ വിളിക്കുന്നു.കോവിഡിനെ നേരിടുന്ന അതേ പ്രാധാന്യത്തോടെയും ഗൗരവത്തോടെയും പോസ്റ്റ് കോവിഡ് പ്രശ്നങ്ങളെയും നാം സമീപിക്കേണ്ടത്.വൈറസ് ബാധയുള്ള സമയത്തും അതിനു ശേഷവും ചില ആളുകളിൽ കോവിഡ് പ്രത്യക്ഷമായോ പരോക്ഷമായോ അവശതയൊന്നും സൃഷ്ടിക്കുന്നില്ല. എന്നാൽ, മറ്റു ചിലരിൽ അതു മാസങ്ങളോളം (വർഷങ്ങളോളം ഉണ്ടോയെന്ന് കണ്ടറിയണം) ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.വൈറസ് ബാധ അപ്രത്യക്ഷമായി 3 ആഴ്ചയ്ക്കു ശേഷവും ശാരീരിക, മാനസികപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ കരുതിയിരിക്കണം. ദ്രുത കോവിഡ് അനന്തര രോഗം (പോസ്റ്റ്- അക്യൂട്ട് കോവിഡ് സിൻഡ്രോം) എന്ന അവസ്ഥയാണിത്.എന്നാൽ,3 മാസത്തിനു ശേഷവും പ്രശ്നങ്ങൾ അവശേഷിക്കുകയാണെങ്കിൽ അതു ദീർഘകാല കോവിഡ് അല്ലെങ്കിൽ പോസ്റ്റ് കോവിഡ് സിൻഡ്രോം ആണെന്നു പറയാം.കൊവിഡ് സമയത്ത് അനുഭവിച്ചതിലേറെ പ്രയാസങ്ങളാണ് അസുഖം ഭേദമായശേഷം അനുഭവപ്പെടുന്നതെന്നാണ് കൊവിഡ് വന്ന് പോയ നിരവധി പേര്‍ അഭിപ്രായപ്പെട്ടത്.

നീണ്ടു നിൽക്കുന്ന ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ചിലത് ഇവയാണ്:വിട്ടുമാറാത്ത ക്ഷീണം,ശ്വസിക്കുന്നതിൽ ബുദ്ധിമുട്ട്,സന്ധി വേദന,നെഞ്ച് വേദന,മസ്തിഷ്‌കനീർക്കെട്ട്,ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക,ഓർമ്മക്കുറവ്,രുചി,മണം എന്നിവ നഷ്ടപ്പെടുന്നു,ഉറക്കപ്രശ്നങ്ങൾ,ഉയർന്ന രക്തസമ്മർദ്ദം,അമിതവണ്ണം,മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവ.കോവിഡ് 19 കാലക്രമേണ ആളുകളെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചു ഇപ്പോഴും നമ്മൾ അജ്ഞരാണ്.കോവിഡ് 19ന്റെ ദീർഘകാല അവസ്ഥകൾ മനസ്സിലാക്കാൻ കൂടുതൽ സമയവും ഗവേഷണവും ആവശ്യമാണ്.

പരിഹരിക്കാൻ ചില മാർഗ്ഗനിർദ്ദേശങ്ങൾ

(1)വ്യക്തിഗത തലത്തിൽ:

കോവിഡ് ഉചിതമായ പെരുമാറ്റ രീതികൾ തുടരുക(മാസ്ക്,കൈകഴുകൽ,ശ്വാസനശുചിത്വം,ശാരീരിക അകലം പാലിക്കുക എന്നിവ).ആവശ്യത്തിന് ചൂടുവെള്ളം കുടിയ്ക്കുക.ആരോഗ്യം അനുവദിക്കുവാണെങ്കിൽ,പതിവായി വീട്ടുജോലികൾ ചെയ്യണം.തൊഴിൽപരമായ ജോലികൾ സാവധാനം പടിപടിയായി പുനരാരംഭിക്കാം.മിതമായ വ്യായാമം.ഡോക്ടർ നിർദ്ദേശിക്കുന്ന ശ്വസനവ്യായാമങ്ങൾ.ദിവസേന രാവിലെയോ വൈകുന്നേരമോ സുഖപ്രദമായ വേഗതയിൽ നടക്കുക.സമീകൃത പോഷകാഹാരം,പെട്ടന്ന് ദഹിക്കുന്ന,ഉടനെ വേവിച്ചെടുത്ത ഭക്ഷണങ്ങൾ.മതിയായ ഉറക്കവും വിശ്രമവും.പുകവലിയും മദ്യപാനവും ഒഴിവാക്കുക.കോവിഡിനും അനുബന്ധ പ്രശ്നങ്ങൾക്കും ഡോക്ടർമാർ നിർദേശിച്ചതുപോലെ മരുന്നുകൾ കഴിക്കുക.രോഗി എടുക്കുന്ന എല്ലാ മരുന്നുകളെക്കുറിച്ചും എല്ലായിപ്പോഴും ഡോക്ടറെ അറിയിക്കേണ്ടതാണ്.വീട്ടിൽ സ്വയം ആരോഗ്യനിരീക്ഷണം താപനില,രക്തസമ്മർദ്ദം,രക്തത്തിലെ പഞ്ചസാരയുടെ അളവ്(പ്രത്യേകിച്ച് പ്രമേഹമുണ്ടെങ്കിൽ),പൾസ്‌ ഓക്‌സിമെട്രി മുതലായവ ക്രിത്യമായി രേഖപ്പെടുത്തുക.തുടർച്ചയായി വരണ്ട ചുമ/തൊണ്ടവേദന ഉണ്ടെങ്കിൽ ഉപ്പ് വെള്ളം തൊണ്ടയ്ക്ക് കൊള്ളുകയും ആവി പിടിയ്ക്കുകയും ചെയ്യാo.പെട്ടന്ന് എന്തെങ്കിലും പ്രശ്നമുണ്ടായാൽ വൈദ്യസഹായം തേടേണ്ടതാണ്.

(2)സാമൂഹിക തലത്തിൽ:

സുഖം പ്രാപിച്ച രോഗികൾ അവരുടെ അനുഭവങ്ങൾ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സാമൂഹിക പ്രവർത്തകരുമായും പങ്കുവയ്ക്കുന്നതിലൂടെ രോഗത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും പല മിഥ്യാധാരണകളും ദൂരീകരിക്കുന്നതിനും സഹായിക്കും.പൂർണ്ണാരോഗ്യം വീണ്ടെടുക്കുന്നതിനായി പുനരധിവാസ പ്രക്രിയകളുമായി സാമൂഹിക അടിസ്ഥാനത്തിലുള്ള സംഘങ്ങളുടെ സഹായം തേടാവുന്നതാണ്.ആവശ്യമാണെങ്കിൽ മാനസികാരോഗ്യ വിദഗ്തന്റെ സഹായം തേടാവുന്നതാണ്.

(3)രോഗം ഭേദമായ രോഗികളുടെ തുടർ പരിശോധന:

രോഗം ഭേദമായതിനുശേഷമുള്ള ആദ്യ തുടർ സന്ദർശനം 7 ദിവസത്തിനുള്ളിൽ ആയിരിക്കണം.ചികിത്സ തേടിയ ആശുപത്രി സംവിധാനത്തിൽ തന്നെ വേണം ആദ്യ സന്ദർശനം,നേരിട്ടെത്തുന്നതാണ് ഉചിതം.ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത മരുന്നുകൾ അല്ലെങ്കിൽ സ്വയം ചികിത്സ ഒഴിവാക്കണം.ഇത് ഗുരുതരമായ പ്രതികൂല സാഹചര്യങ്ങളിലേക്ക് നയിച്ചേക്കാം.ഗുരുതരമായ രോഗം വന്ന് ഭേദമായവർക്ക് കൂടുതൽ കർശനമായ തുടർ നിരീക്ഷണങ്ങളും ചികിത്സയും ആവശ്യമാണ്.പോസ്റ്റ് കോവിഡ് രോഗാവസ്ഥകളില്‍ മഹാഭൂരിപക്ഷവും അതീവ ഗൗരവതരമായവയല്ല. എന്നിരുന്നാലും ചില സന്ദര്‍ഭങ്ങളില്‍ അതിനെ ഗൗരവമായി തന്നെ സമീപിക്കേണ്ടി വരികയും മികച്ച ചികിത്സ തേടുകയും വേണം.കോവിഡ് ചികിത്സ കഴിഞ്ഞ നിങ്ങൾ ഉടൻ തന്നെ നിങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെന്ന് പ്രതീക്ഷിക്കരുത്.നിങ്ങളുടെ പഴയ ശീലത്തിലേക്ക് ക്രമേണ മാറുന്നതിന് മതിയായ സമയം നൽകുക.നമ്മുടെ രോഗപ്രതിരോധവ്യവസ്ഥയെ സാരമായി ആക്രമിച്ച ഒരു രോഗത്തെയാണ് നിങ്ങൾ നേരിട്ടതെന്ന് മനസ്സിലാക്കി ജീവിതത്തിലേക്ക് പതിയെ തിരിച്ചെത്തുക.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!