January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പിന്നിലേക്ക് നോക്കുമ്പോൾ

റീനാ സാറാ വർഗീസ്


വീടിനോടു ചേർന്നുള്ള അച്ചടിശാലയിലെ, അച്ചടി യന്ത്രത്തിന്റെ മുഴക്കം കേട്ടായിരുന്നു ബാല്യത്തിലെ ഓരോ ദിനരാത്രവും കൊഴിഞ്ഞു വീണിരുന്നതു് .

ഒരിക്കൽ പോലും അരോചകമായി തോന്നിയിട്ടില്ല. മറിച്ചു് യന്ത്രശബ്ദം കേട്ടില്ലെങ്കിൽ ഉണ്ടാകുന്ന വിഷമം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.

പകലന്തിയോളം അടുക്കളയിലെ വിറകടുപ്പിൽ യാതൊരു പരാതിയുമില്ലാതെ, രുചികരമായ വിഭവങ്ങൾ തയ്യാറാക്കി തന്നിരുന്നു വല്യമ്മച്ചി. ശുഭ്രവസ്ത്രമായ ചട്ടയിലും, പ്രത്യേക തരത്തിൽ ഞൊറിഞ്ഞ് ഉടുത്തിരുന്ന മുണ്ടിലും അഴുക്കു പുരളാത്തതു് എന്നും അദ്ഭുതമായിരുന്നു.

യോനാൻ ചേട്ടൻ എന്നു് ഞങ്ങൾ വിളിച്ചിരുന്ന, യോഹന്നാൻ ചേട്ടൻ അച്ചടിശാലയിലെ നിത്യസന്ദർശകനായിരുന്നു.
അദ്ദേഹത്തിന്റെ പുസ്തകശാലയിലേക്കു്, ആവശ്യമായ പുസ്തകങ്ങൾ മിക്കവയും അച്ചടിച്ചിരുന്നത്
അവിടെ ആയിരുന്നു.

അച്ചടിക്കു ശേഷം കൈയിൽ ഒതുങ്ങാത്ത പുസ്തകക്കെട്ടുകൾ തിരക്കുള്ള ബസിൽ എങ്ങിനെ കൊണ്ടുപോയിരുന്നു എന്നുള്ളത് ജിജ്ഞാസ ഉണർത്തിയിരുന്നു. എങ്കിലും തുറന്നു ചോദിച്ചിട്ടില്ല.

പുസ്തകങ്ങൾ മോടി പിടിപ്പിച്ചു പുറംചട്ടയിട്ടിരുന്ന ജോലി
അതിവേഗത്തിലും,
തന്മയത്വത്തോടെയുമായിരുന്നു
അദ്ദേഹം ചെയ്തിരുന്നത്.

അച്ചടിശാലയുടെ പ്രവേശനകവാടത്തിൽ “No admission”
എന്നെഴുതി വെച്ചിട്ടുണ്ടായിരുന്നു. അവിടേക്ക് മറ്റാരോടും ചോദിക്കാതെ പ്രവേശിക്കാൻ അനുവാദമുള്ള ഒരേയൊരാൾ അച്ചടിയന്ത്രം പ്രവർത്തിപ്പിക്കാൻ ആഗ്രഗണ്യനായിരുന്ന തോമസ്സു ചേട്ടൻ മാത്രമായിരുന്നു.

അച്ചടിയെ സംബന്ധിച്ച എന്റെ് പലതരത്തിലുള്ള ചെറുചോദ്യങ്ങൾക്കെല്ലാം തന്റെ സ്വതസിദ്ധമായ ഹാസ്യശൈലിയിൽ, ജോലിക്കിടയിലും ക്ഷമയോടെ
ഉത്തരം തന്നിരുന്നു. തോമസ്സു ചേട്ടന്റെ ക്ഷമയെ പലപ്പോഴും നന്നായി പരീക്ഷിച്ചിരുന്നു. ഒരിക്കൽ പോലും അദ്ദേഹം തോറ്റു തന്നിരുന്നില്ല.

മുതിർന്നപ്പോൾ ആലോചിക്കാറുണ്ട് അദ്ദേഹത്തിൻറെ സ്ഥാനത്ത് ഞാൻ ആയിരുന്നുവെങ്കിൽ ഒരുപക്ഷേ ക്ഷുഭിതയായേനെ.

ഇന്നത്തെപോലെ സാങ്കേതികവിദ്യ ഒട്ടും പുരോഗതി പ്രാപിച്ചിട്ടില്ലാത്ത കാലം. ഓരോ ചെറിയ അക്ഷരകട്ടയും അച്ചിലേയ്ക്കു
കൃത്യമായി വയ്ക്കുക എന്നതു് അച്ചടിപ്രക്രിയയെ ശ്രമകരമായ ജോലിയാക്കി മാറ്റി.
ആയതിനാൽ വളരെ കൃത്യതയോടെയും, സുസൂക്ഷ്മവുമായിരുന്നു ചെയ്തുവന്നിരുന്നത്.

ജോലികൾക്കും ശേഷം ക്ഷീണമകറ്റാൻ കുഞ്ഞാപ്പിച്ചായന്റെ ചായക്കടയിലെ പരിപ്പുവടയും, ചായയും എല്ലാ വൈകുന്നേരങ്ങളിലും ഉണ്ടാകും. അതിനിടയിലെ സൊറ പറച്ചിലും, പുസ്തകനിരൂപണവും കേൾക്കാൻ താല്പര്യത്തോടെ കാതുകൂർപ്പിച്ച് ഇരിക്കും.

പിന്നീടു് ഓരോരുത്തരും അവരവരുടെ ടെ വീടുകളിലേക്കു് മടങ്ങും. അത്തരമൊരു സ്നേഹവും സഹവർത്തിത്വവും കാലം കടന്നപ്പോൾ എവിടെയും കാണാൻ സാധിച്ചിട്ടില്ല.

കുഞ്ഞാപ്പിച്ചായൻ പരിപ്പുവടയുടെ മറ്റൊരു പൊതി പ്രത്യേകം മാറ്റി വയ്ച്ചിരിക്കും. പടികടന്നു വരുമ്പോൾ കൈവെള്ളയിൽ വെച്ചുതന്ന്, നിഷ്കളങ്കമായ നാടൻ ചിരിയുണ്ട്. ആർക്കും കൊടുക്കാതെ കഴിച്ചോളൂവെന്ന സ്വകാര്യത്തിനൊപ്പം മുഴങ്ങുന്ന ചിരി!!!!

അച്ചടിക്കാൻ കൊണ്ടു് വന്നിരുന്ന പല “മാറ്ററുകളും” എത്രയോ ആവൃത്തി വായിച്ച് തെറ്റുകൾ ഒന്നുമില്ല എന്ന് ഉറപ്പുവരുത്തും. അതിനുശേഷം മാത്രമേ അച്ചടിക്കാനായി കൊണ്ടുപോയിരുന്നുള്ളു.

പുസ്തകനിർമ്മാണത്തിനു പുറകിലെ കഷ്ടപ്പാടുകൾ അക്കാലങ്ങളാണു മനസ്സിലാക്കി തന്നതും.

കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും അതിനൂതന സാങ്കേതികവിദ്യകളും ഇല്ലാതിരുന്ന കാലം. പുതുതലമുറയ്ക്ക് ജ്ഞാനത്തിന്റെ് വിത്തുപാകി, പുസ്തകമെന്ന വലിയ വടവൃക്ഷമാക്കി മാറ്റിയവർ.

വായനയുടെ ലോകത്തേക്ക് പുതുതലമുറയെ കൈപിടിച്ചു കൊണ്ടു പോയവർ. വരും തലമുറയ്ക്കായി ക്രാന്തദർശികളായ
അവർ കരുതി വെച്ച നിധികൾ.
കാലയവനികക്ക് ഉള്ളിൽ മറഞ്ഞെങ്കിലും ഓർമകളിൽ ജീവിച്ചിരിക്കുന്നു.

ഇന്നു് കാണുന്ന പഴയകാല പുസ്തകങ്ങൾ നിരവധി സാർവകാലിക മാർഗദർശികളുടെ അനേകനാളത്തെ പ്രയത്നഫലം ആണ്. പിന്നിലേക്ക് നോക്കുമ്പോൾ കഠിനാധ്വാനം എത്ര വലുതായിരുന്നുവെന്ന് തിരിച്ചറിയുന്നു. അവരുടെ ശുദ്ധസ്മരണകൾക്കു മുൻപിൽ വിനയപൂർവ്വം
ശിരസ്സും മനസ്സും നമിക്കുന്നു.

സ്നേഹത്തോടെ
റീനാ സാറാ.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!