റീന സാറാ വർഗീസ്
കടുംകാപ്പിയുടെ നിറത്തിലുള്ള കട്ടിയുള്ള ഉണങ്ങിയ ഈന്തപ്പഴമായിരുന്നു പള്ളിപ്പെരുന്നാളുകൾക്കും ഉത്സവങ്ങൾക്കും കിട്ടിയിരുന്നത്. യഥാർത്ഥത്തിലുള്ളത് അതായിരുന്നുവെന്നാണ് വിശ്വസിച്ചിരുന്നതും.
പള്ളിക്കൂടയാത്രക്കിടെ, ഇടവഴിയിൽ ധാരാളം പശുക്കളെ വളർത്തുന്ന ഒരു വീട് ഉണ്ടായിരുന്നു. തൊഴുത്തിനു പുറകിൽ ഈന്തപ്പനയോടു സാദൃശ്യമുള്ള ഒരു മരം ഉണ്ടായിരുന്നു. പടങ്ങളിൽ മാത്രം കണ്ടിട്ടുള്ളതിനാൽ ഈന്തപ്പന അതാണെന്ന് ഉറപ്പിച്ച് കായ്കൾ ഉണ്ടാകാൻ കാത്തിരുന്നിട്ടുണ്ട്.
കൊഴിഞ്ഞുവീഴുന്ന വാളൻപുളികൾ പുസ്തകസഞ്ചിയിലാക്കി പള്ളിക്കൂടത്തിൽ കൊണ്ടുപോകുന്നതു പോലെ അവയും പെറുക്കിയെടുത്ത്,
ക്ലാസ്സുകൾ നടക്കുമ്പോഴും അല്ലാതെയും വായിലിട്ടു നുണയാമെന്ന് വ്യാമോഹിച്ചിരുന്നു.
ഭക്ഷ്യയോഗ്യമായ കായ്കൾ ഉണ്ടാകുന്ന ഒറ്റത്തടി വൃക്ഷമായ ഈന്ത് ആയിരുന്നു അതെന്ന് മനസ്സിലാക്കാൻ പിന്നെയും നാളുകൾ എടുത്തു.
ഇങ്ങു ദൂരെ കാതങ്ങൾക്കും സാഗരങ്ങൾക്കും ഇപ്പുറം ഈന്തപ്പനകൾ പൂത്ത് കായ്ച്ചിരിക്കുന്നു. കടുംപച്ചഗോലികൾ. ആദ്യകാഴ്ചയിൽ അങ്ങനെയെ തോന്നൂ!!
മുകളിലുള്ള തണ്ടുകളിൽ നിന്നു് ഇരുവശങ്ങളിലേക്കും നീണ്ടുനിൽക്കുന്ന കൂർത്ത ഓലകൾക്കിടയിൽ, കവുങ്ങിലെ മൂപ്പെത്താത്ത അടക്കകൾ പോലെ കുലച്ചു നിൽക്കുന്നു. പാതയോരങ്ങളിലും തോട്ടങ്ങളിലും കെട്ടിടങ്ങൾക്കു മുന്നിലും തലയെടുപ്പോടെ നിൽക്കുന്ന നയനാനന്ദകരമായ കാഴ്ച!!
വരും ദിനങ്ങളിലെ സൂര്യസ്പർശത്താൽ പീതകായ്കളായി പ്രശോഭിച്ച്, വായിലിട്ടാൽ അലിഞ്ഞ് തേനൂറുന്ന കറുത്തഈന്തപ്പഴമായി മാറുന്നു.
ഇന്നുവരെ ലോകത്ത് ഒരു വൃക്ഷവും കൊടിയ വേനലിൽ പൂവിട്ട് മധുരമുള്ള ഫലം പുറപ്പെടുവിക്കുന്നത് കണ്ടിട്ടില്ല.
പൊള്ളുന്ന വെയിലിൽ, മഴയുടെ നനുത്ത തലോടൽ ഇല്ലാതെ മധുരം സമ്മാനിക്കുന്ന ഈന്തപ്പന ലോകത്തു മുന്നിലെ വിസ്മയം എന്നു് പറയുന്നതിൽ തെല്ലും അതിശയോക്തിയില്ല.
വീഴ്ചകൾ, ആത്മസംഘർഷങ്ങൾ, പരാജയങ്ങൾ, ഒക്കെയും കൊടുംവേനലായി തളർത്തിയേക്കാം. അനുഭവങ്ങളുടെ തീച്ചൂളകളിൽ ഉരുകുമ്പോൾ നാളെ മധുരിക്കും എന്ന ദാർശനിക അവബോധത്തിന്റെയും, ഉൾക്കാഴ്ചയുടെയും അദൃശ്യമായ
വാങ്മയ ചിത്രം ഈ ചെറുവൃക്ഷം നമുക്കു മുന്നിൽ കോറിയിടുന്നുണ്ട്.
എല്ലാ പ്രിയപ്പെട്ടവരും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുക. പ്രതിരോധകുത്തിവെപ്പ് യഥാസമയം സ്വീകരിക്കുക. മനോബലം കൈവിടാതെ സുരക്ഷിതരായിരിക്കുക. മഹാമാരിയെ നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.
നിറഞ്ഞ സ്നേഹത്തോടെ
റീന സാറ.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ