റീന സാറ വർഗീസ്
അകന്ന ബന്ധത്തിലുള്ള നരകവർന്ന തലമുടിയും മീശയും വെളുവെളുത്ത കവിളുകളും വലിയ ചെവികളും വെറ്റില മുറുക്കി ചെമന്ന ചുണ്ടുകളും ഒരപ്പച്ചൻ ചെറുപ്പകാലത്ത് വീട്ടിൽ വാരാന്ത്യങ്ങളിലെ നിത്യസന്ദർശകനായിരുന്നു. സാന്താക്ലോസ്സ് അപ്പച്ചനെന്ന് ആരും അറിയാതെ ഒരു പേരും കൊടുത്തിരുന്നു അദ്ദേഹത്തിന്. കറുത്ത കാലൻകുട കുത്തിപ്പിടിച്ച് വന്നിരുന്ന അപ്പച്ചന്റെ മുഖം ഓർമ്മയിൽ വന്നപ്പോൾ അദ്ദേഹത്തെക്കുറിച്ച് എഴുതാമെന്ന തീരുമാനത്തിലെത്തി.
ഘനഗാഭീര്യമുള്ള സ്വരത്തിനുടമ. വന്നു കഴിഞ്ഞാൽ ആദ്യം തന്നെ ‘റ’ ആകൃതിയിലുള്ള കാലൻ കുടയുടെ പിടിയിൽ മുറുകെപ്പിടിച്ച് അടിഭാഗത്തെ നീളൻ കമ്പി തിണ്ണയിൽ ആഞ്ഞു കുത്തും. ശബ്ദം കേട്ട് അകത്തുള്ളവർ പുറത്തേക്കു വരുമ്പോൾ മാത്രമേ കുട ജനാലയുടെ പിടിയിൽ തൂക്കിയിടു. വെള്ള ജുബായും മുണ്ടും വേഷം. നീളൻ വരാന്തയിൽ ആസനസ്ഥനാകും. പിന്നീടു് പഴയ പത്രത്തിന്റെ താളിൽ സുരക്ഷിതമായി പൊതിഞ്ഞു വെച്ച വെറ്റിലയും നാടൻ അടയ്ക്കായും പുകയിലയും ചേർത്ത് മടക്കി വയ്ക്കുന്നതിനു മുൻപ് ചുണ്ണാമ്പുണ്ടോ എന്ന് അന്വേഷിക്കും. വീട്ടിൽ ആരും മുറുക്കാത്തത് കൊണ്ട് ഇല്ലെന്ന മറുപടി ലഭിച്ച ഉടനെ ഈ കൂട്ട് വായിക്കുള്ളിലാക്കും. വർത്തമാനത്തിന് തടയിട്ട് വായ്ക്കുള്ളിലെ വെറ്റില മിശ്രിതം ചവച്ചരക്കുന്നത് നോക്കി തിണ്ണയോട് ചേർന്ന് ഞങ്ങൾ കുട്ടികൾ ഇരിക്കും.
വായ നിറഞ്ഞത് മുറ്റത്തേക്ക് കാർക്കിച്ച് നീട്ടി പലതവണ തുപ്പിക്കൊണ്ടേയിരിക്കും. അരമുക്കാൽ മണിക്കൂറോളം മുറ്റത്തെ അത്രയും ഭാഗത്തെ മണൽത്തരികൾ ചെമപ്പു നിറമാകും. ഇതെല്ലാം കണ്ട് അറപ്പോടും വെറുപ്പോടും പിറുപിറുക്കുന്ന ഒരാൾ ഉണ്ട്. വീട്ടിലെ സഹായി അമ്മിണി. കാരണം പിറ്റേദിവസം മുറ്റം അടിക്കുമ്പോൾ പണി കിട്ടുന്നത് അമ്മിണിക്കാണല്ലോ. വൃത്തിയാക്കാനുള്ള പ്രയാസം ഓർത്ത് പരിഭവം നിറഞ്ഞ മുഖഭാവത്തോടെ ഇടയ്ക്ക് വാതിൽ പടിയിൽ വന്ന് എത്തിനോക്കി പിൻവാങ്ങും.
കാർന്നോർക്ക് കോളാമ്പിയിൽ തുപ്പിക്കൂടെയെന്ന് ഇടയ്ക്കിടെ ശബ്ദം താഴ്ത്തി പറയുന്നത് കേൾക്കാം. മുറുക്കെല്ലാം കഴിഞ്ഞ് പാലൊഴിച്ച ചൂടൻ നാടൻ കാപ്പി ഊതി ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കി കുടിക്കും. പിന്നെ തീൻമേശയിലെ വിഭവങ്ങൾ ഓരോന്നായി പാത്രത്തിലിട്ട് ആദ്യം നാക്കിൽ തൊടും. രുചി അറിഞ്ഞതിനുശേഷം മാത്രം പതിയെ സമയമെടുത്ത് കഴിക്കാൻ ആരംഭിക്കും. എല്ലാം കഴിച്ചതിനുശേഷം വയറു നിറഞ്ഞ എന്നറിയിക്കാനായി നീട്ടി ഒരു എമ്പക്കവും.
പിന്നീട് ബസ് കയറി വന്നതിന്റെയും അവരുടെ നാട്ടിലെ ഉത്സവങ്ങളുടെയും പള്ളിപ്പെരുന്നാളുകളുടെയും കഥകളുടെ കെട്ടഴിക്കൽ. സ്ഥിരം കേൾക്കുന്ന പ്രേതങ്ങളെ കണ്ട കഥ പകുതിയാകുമ്പോൾ വിറയൽ ഉണ്ടാകുമായിരുന്നു എന്നുള്ളത് വാസ്തവം. പൊതിഞ്ഞു കൊണ്ടുവരുന്ന കൽക്കണ്ടം ഞങ്ങൾ കുട്ടികൾക്ക് മുന്നിൽ നിരത്തിവയ്ക്കും. അതു് വായിൽ കിടന്ന് അലിഞ്ഞു തീരുമ്പോഴേക്കും അടുത്ത കഥ തുടങ്ങും. അങ്ങനെയങ്ങനെ തീരാകഥകളുമായി വന്നിരുന്ന ഒരാൾ ഒരിക്കൽ ഉണ്ടായിരുന്നുവെന്ന് സ്വപ്നം കണ്ടതുപോലെ പോലെ തോന്നുന്നു. പിന്നീടു് എപ്പോഴോ വരവ് നിന്നു. ഇപ്പോൾ മൺമറഞ്ഞു പോയിട്ടുണ്ടാവാം. മധ്യതിരുവിതാംകൂറിൽ നിന്ന് പോന്നതിനു ശേഷം പ്രായമായവർ ആരുടേയും വരവുണ്ടായിട്ടില്ല. വർഷങ്ങൾക്കു മുൻപ് സംസ്ഥാനം കടന്ന് വിവാഹിതരായ രണ്ടു പെൺമക്കളിൽ ഒരാളെ ഒരിക്കൽ കണ്ടിരുന്നു. ചേച്ചി മരിച്ചു പോയ കഥ അവരിൽ നിന്നാണ് അറിഞ്ഞത്. ഇപ്പോൾ നാട്ടിൽ ആരുമില്ലെന്നും പ്രായമായ അപ്പച്ചൻ അവരുടെ കൂടെ ഉണ്ടെന്നും അറിഞ്ഞത് അപ്പോഴാണ്.
ഇങ്ങനെ പല വീടുകളിലും നിത്യ സന്ദർശകരായി വന്നിരുന്ന വല്യച്ഛന്മാരും വല്യമ്മമാരും അപ്പച്ചന്മാരും അമ്മച്ചിമാരും അമ്മായിമാരും കൊച്ചപ്പന്മാരും ആയ ബന്ധം അറിയാത്ത ബന്ധുക്കൾ എത്രയോ പേരുണ്ടാവും ഓരോരുത്തരുടെയും ബോധാബോധസാകല്യത്തിൽ. ഓർമ്മകളിൽ പല കഥകൾ കോറിയിട്ട് ഇനിയൊരു മടങ്ങി വരവ് ഉണ്ടാകുമോ എന്നറിയാതെ പടിയിറങ്ങവർ. ചിലപ്പോൾ പൂർണ്ണമായും മറന്നു പോകുമെങ്കിലും ജീവിതത്തിൽ എപ്പോഴെങ്കിലും അവരെ ഓർക്കാൻ എന്തെങ്കിലുമൊക്കെ കാലം നമ്മളിലേക്ക് ഇട്ടുതരും.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ