റീന സാറ വർഗീസ്
കൂട്ടുകാരിയുടെ കല്യാണത്തിൻ്റെ ക്ഷണക്കത്ത് ലഭിച്ചപ്പോൾ മുതൽ പോകാനുള്ള ദിവസം മനസ്സിൽ കുറിച്ചിട്ടു,മാത്രമല്ല അതിനു മുൻപ് വീട്ടിലെത്തി ക്ഷണിക്കുകയും ചെയ്തു. വർഷങ്ങൾക്കു മുൻപുള്ള അവധിക്കാലങ്ങൾ മുതിർന്ന പെൺകുട്ടികളെ തയ്യലും ടൈപ്പ് റൈറ്റിംഗും പഠിപ്പിക്കാൻ വിടുന്ന പതിവുണ്ട്. കാലക്രമേണ ഹോം സയൻസായും ബ്യൂട്ടീഷൻ കോഴ്സായും ഒക്കെയായി അത്തരം പഠനങ്ങൾ പുരോഗമിച്ചു. അങ്ങനെയാണ് തൊട്ടടുത്തുള്ള സ്വകാര്യസ്ഥാപനത്തിൽ ഹോം സയൻസ് പഠിക്കാൻ പോയി തുടങ്ങിയത്. അവിടെ വെച്ചാണ് മുകളിൽ എഴുതിയിട്ടുള്ള കല്യാണ പെണ്ണുമായുള്ള സുഹൃദ്ബന്ധം ആരംഭിക്കുന്നത്.
അടുത്ത പ്രദേശമായതിനാൽ വരാൻ എളുപ്പമുണ്ടെന്ന് പറയുക കൂടി ചെയ്തു. അടുത്ത സ്ഥലമാണെങ്കിലും ആദ്യമായിയാണ് അവിടേക്ക് പോകുന്നത്. കല്യാണം നടക്കുന്ന സ്ഥലവും ദയറാപള്ളിയും അറിയാത്തതുകൊണ്ട് കൃത്യമായി അവളോട് ചോദിച്ചു മനസ്സിലാക്കി. ഇനി അഥവാ അറിയില്ലെങ്കിൽ ക്ഷണക്കത്തിൽ കൃത്യമായ മേൽവിലാസം ഉണ്ടെന്ന് പറയുക കൂടി ചെയ്തു. സമയക്രമം അനുസരിച്ച് ചുരുക്കം ചില ബസ്സുകളേ ആ പ്രദേശത്തുകൂടി ഓടിയിരുന്നുള്ളൂ. ഇപ്പോൾ അതിനൊക്കെ വലിയ മാറ്റം വന്നിട്ടുണ്ട് എന്നു വേണം കരുതാൻ.
കല്യാണ ദിവസം രാവിലെ ബസ് കാത്ത് സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയാണ്. നിർഭാഗ്യകരം എന്നേ പറയേണ്ടു അന്നു് സമയം കഴിഞ്ഞിട്ടും ബസ് എത്തിയില്ല. അപ്പോൾ യാത്ര തിരിച്ചാൽ മാത്രമേ സമയത്തിന് എത്തിച്ചേരാൻ സാധിക്കൂ. ബ്രേക്ക് ഡൌൺ ആകുകയോ മറ്റോ ചെയ്താൽ അക്കാലങ്ങളിൽ അതൊരു പുതുമ അല്ലായിരുന്നു.
എന്തുചെയ്യണമെന്നറിയാതെ ഞങ്ങൾ നിൽക്കുമ്പോഴാണ് ഹോം സയൻസ് പഠിപ്പിച്ചു കൊണ്ടിരുന്ന ടീച്ചറും കുടുംബവും സഞ്ചരിച്ചിരുന്ന വണ്ടി ആ വഴി വന്നത്. അവരെയും കല്യാണത്തിന് ക്ഷണിച്ചിരുന്നു. അങ്ങനെ മാരുതി കാറിൽ ഞെങ്ങി ഞെരുങ്ങി അവിടെയെത്തി കല്ല്യാണത്തിൽ സംബന്ധിച്ചു. ആ ഗ്രാമപ്രദേശമാണ് ഹൃദയം പൊള്ളിച്ച് കണ്ണുകൾ നനയിച്ച് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന മുളന്തുരുത്തിക്ക് അടുത്തുള വെട്ടിക്കൽ.
പൊന്നുപോലെ പോറ്റി വളർത്തിയ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെയും, അപകടത്തിൽ ജീവൻ പൊലിഞ്ഞ അദ്ധ്യാപകൻ അടക്കമുള്ള ഉറ്റവരെ നഷ്ടപ്പെട്ട ബന്ധുക്കളുടെയും തീരാ ദുഃഖത്തിൽ പങ്കുചേരുന്നു. ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നൂ.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ