റീന സാറാ വർഗീസ്
മധ്യതിരുവിതാംകൂറിലെ പല വീടുകളും പ്രവാസലോകം ദത്തെടുത്താണോ എന്നു തോന്നുമാറ് ‘പേർഷ്യക്കാർ’ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന പലരുടേയും നാട്ടിലേക്കുള്ള വരവ് ആഘോഷപൂർവമായിരുന്നു. അതിൽ ഏറ്റവും ആകർഷിച്ചത് മനുഷ്യനിർമ്മിത സുഗന്ധതൈലങ്ങളുടെ വിവിധതരത്തിലുള്ള വാസനകളാണ്. ഇത്തരം സുഗന്ധ തൈലങ്ങളിലാണ് അവർ കുളിക്കുന്നതെന്നു പോലും കരുതിയിട്ടുണ്ട്. സ്പ്രേ,അത്തർ എന്ന പല പേരുകളിൽ അറിയപ്പെടുന്ന ഇത്തരം തൈലങ്ങളോട് അന്നേ വല്ലാത്ത ഇഷ്ടമുണ്ട്.
അങ്ങനെയിരിക്കെ ഒരിക്കൽ തടിയലമാരയ്ക്ക് അകത്തിരുന്ന സ്പ്രേ കുപ്പി ആരുമറിയാതെ കൈക്കലാക്കി. സ്കൂളിൽ കൊണ്ടുപോയി കൂട്ടുകാരെ കാണിക്കാമെന്ന അതിമോഹമായിരുന്നു അതിനു് പിന്നിൽ.തലേന്നു തന്നെ ബാഗിനുള്ളിലടച്ച് ഭദ്രമായി സൂക്ഷിച്ച്, കസാര വലിച്ചിട്ട് അലമാരയ്ക്ക് മുകളിൽ വെച്ചു. ഇങ്ങനെ ഭദ്രമായി സൂക്ഷിച്ചുവെച്ച സാധനം ആരെങ്കിലും എടുത്തു മാറ്റിയോയെന്ന് രണ്ടുമൂന്നു തവണ ബാഗ് തുറന്നു നോക്കി പരിശോധിക്കും.അങ്ങനെ അവസാനവട്ട സൂക്ഷ്മനിരീക്ഷണം നടത്തുന്നതിനിടയിലാണ് കൈയിൽ നിന്ന് തെന്നി കുപ്പി താഴേക്ക് പതിച്ചത്. ശബ്ദം കേട്ട് അപ്പച്ചൻ ആദ്യം ഓടിയെത്തി. പുറകെ മറ്റെല്ലാവരും. സ്പ്രേയുടെ മണം അവിടെമാകെ പരന്നു. കുപ്പിച്ചില്ലുകൾ പരവതാനി വിരിച്ചതിന് ഒത്ത നടുക്ക് ചകിതയായി നില്ക്കുകയാണ്.
എന്തായാലും അടി കിട്ടുമെന്ന് ഉറപ്പായി. അതിനു മുന്നോടിയായി അവിടെ നിന്നുകൊണ്ടുതന്നെ ഉറക്കെ കരയാൻ തുടങ്ങി. അവരിൽ ആരെങ്കിലും എന്തെങ്കിലും പറയാൻ തുടങ്ങുമ്പോൾ നിലവിളി നിർത്താതെ വീണ്ടും ഉച്ചസ്ഥായിയിലാക്കി.എന്നാൽ ഭയം അസ്ഥാനത്താക്കി കാലിൽ കുപ്പിച്ചിലു കൊണ്ടാൽ മുറിഞ്ഞു വ്രണമായി പഴുത്താൽ കാലില്ലാതാകുമെന്നും പിന്നെ എങ്ങനെയാണ് നടക്കുകയെന്നും അപ്പച്ചൻ പറഞ്ഞു തുടങ്ങി. കരച്ചിൽ ഏങ്ങലടിയായി പതിയെ നിന്നു. ഭയം പമ്പ കടന്നു. പാദങ്ങളിൽ കുപ്പിച്ചില്ലുകൾ കൊണ്ട് പരിക്കുകൾ ഉണ്ടാകാതെ പുറത്തുകൊണ്ടുവന്നു.
“കുസൃതികൾ കാണിച്ചാൽ ദൈവം അടിക്കും”.
അപ്പച്ചൻ പറഞ്ഞതിന് ദൈവത്തെ കാണാൻ കഴിയില്ലല്ലോ പിന്നെ എങ്ങനെയാണ് ദൈവം അടിക്കുക എന്ന് മറുചോദ്യത്തിന് അദ്ദേഹം ചെറുകെ പുഞ്ചിരിച്ചു.
അച്ചടിശാലയുടെ ഓഫീസിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ആളുകളുടെ തിരക്കുണ്ടായിരുന്നു. ചിലർ വന്നുപോയുമിരിക്കുന്നു. ചിലർ അച്ചടിച്ച പുസ്തകങ്ങൾ തലച്ചുമടായി കൊണ്ടുപോകുന്നുണ്ട്. തിരക്കൊന്നു ഒതുങ്ങിയപ്പോൾ സംശയം വീണ്ടും പൊന്തി വന്നു.
“എങ്ങനെയാ ദൈവം അടിക്കുക?”
“അസുഖങ്ങളുടെ രൂപത്തിൽ.”
ഒരിക്കൽ പനി വന്ന് ആശുപത്രിയിൽ കിടന്നത് അതുകൊണ്ടാണോ എന്ന സംശയത്തിന് ചിരിയായിരുന്നു തിരികെ തന്നത്. അന്നെടുത്ത കുത്തിവെപ്പിൻ്റെ വേദന മറക്കാൻ സാധിക്കാത്തതായിരുന്നു.
സന്ദർഭവശാൽ പിറ്റേദിവസം സ്കൂളിൽ ടീച്ചറും പഠിപ്പിക്കുന്നതിനിടയിൽ ആവർത്തിച്ചു.
“കള്ളത്തരങ്ങൾ കാണിച്ചാൽ ദൈവം കൈയോടെ പിടി കൂടി തക്ക ശിക്ഷ തരുന്നത് എങ്ങനെയാണെന്ന് അറിയുമോ?”
രണ്ടാം ക്ലാസിലെ കുട്ടികൾ ഒരാൾ പോലും മിണ്ടിയില്ല.
“എന്തെങ്കിലും അസുഖം വരും. അങ്ങനെയാണ് ദൈവം അടിക്കുന്നത്.”
ചാടി എഴുന്നേറ്റ് ഉത്തരം പറഞ്ഞ കുട്ടിയുടെ സമീപത്തെത്തി അദ്ധ്യാപിക ചോദിച്ചു.
“കുട്ടിക്ക് എങ്ങനെ അറിയാം”?
“എന്റെ അപ്പച്ചൻ പറഞ്ഞു തന്നതാ.”
തലേദിവസം സ്പ്രേ കുപ്പി പൊട്ടിച്ചതും പിന്നീടുണ്ടായ സംഭവങ്ങളും മാത്രം പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.
അന്നത്തെ പൊട്ടിയ സ്പ്രേയുടെ അതേ മണം വീണ്ടും നാസികാദ്വാരങ്ങളിലേക്ക് തുളച്ചുകയറും പോലെ. ആണ്ടുകൾ എത്ര പിന്നിട്ടിരിക്കുന്നു!
ജീവിതത്തിലെ ഉയർച്ച താഴ്ചകളിൽ മുന്നോട്ടു നയിച്ചതും മറ്റൊന്നല്ല ഇതുപോലെ വടിയിൽ തളർത്താത്ത, ഭയപ്പെടുത്താത്ത സദുപദേശങ്ങളാണ്. സ്നേഹവായ്പ്പുകളുടെ നനുത്ത ഓർമ്മകൾ പൂശുന്നത് ഒരിക്കലും വാസന വറ്റാത്ത സുഗന്ധമാണ്.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ