January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പരിഭ്രാന്തിയുടെ നാളുകൾ

റീന സാറാ വർഗീസ്

പിന്നീടു് എല്ലാ ദിവസവും പത്രം വരുന്നത് നോക്കിയിരിപ്പായി. ചില വാക്കുകളുടെ അർത്ഥങ്ങൾ പൂർണമായി ഗ്രഹിക്കാൻ പറ്റിയിരുന്നില്ല. ചിത്രങ്ങൾ കണ്ട് മനസ്സിലാക്കിയത് കൂടാതെ മറ്റു ചില മാർഗ്ഗങ്ങൾ കൂടി ഉണ്ടായിരുന്നു.

അച്ചടിശാലയിലെ സ്ത്രീ ജീവനക്കാർ ഉച്ചയൂണിനു ശേഷം പത്രം ഉറക്കെ വായിക്കുക പതിവായിരുന്നു. അവർക്കു നടുവിലിരുന്ന് സാകൂതം ശ്രദ്ധിക്കും. അവരിൽ ഒരാളുടെ പേരു് സരള എന്നായിരുന്നു. അവർ എല്ലാവരും തന്നെ കൈത്തണ്ടകളിൽ പല നിറങ്ങളിലുള്ള സ്വർണ്ണം അല്ലാത്ത വളകളാണ് അണിഞ്ഞിരുന്നത്. വാച്ചുകൾ അങ്ങനെ കണ്ടിട്ടില്ല.

“സ്രളേ വലിയ സൂചി പന്ത്രണ്ടിലും ചെറിയ സൂചി രണ്ടിലും ആയിട്ടൊണ്ടേ..”

പുരയ്ക്ക് അകത്തു നിന്ന് ഉച്ചത്തിൽ വിളിച്ചു പറയുന്നതിൻ്റെ പ്രതിധ്വനി പോലെ അവിടെമാകെ ചിരികൾ കൊണ്ട് മുഖരിതമാകും. ചെറുതും വലുതുമായ ഘടികാരസൂചികൾ ഏതൊക്കെ അക്കങ്ങളിൽ തൊട്ടിരിക്കുന്നുവെന്ന പതിവു ചോദ്യം വരും മുൻപേയുള്ള ഉത്തരം. അതു് എന്നിൽ വല്ലാത്തൊരു സന്തോഷം നിറച്ചിരുന്നു. സമയം നോക്കാൻ അറിയാതിരുന്നതിനാൽ അങ്ങനെയായിരുന്നു അവർ സമയം നോക്കിച്ചിരുന്നത്.ഒരുപക്ഷേ അങ്ങനെയാവാം സമയം നോക്കാൻ പഠിച്ചതും. ഉച്ചവിശ്രമത്തിനുശേഷം എല്ലാവരും കൃത്യം രണ്ടു് മണിക്ക് വീണ്ടും ജോലിയിൽ പ്രവേശിക്കും.

കുറ്റാന്വേഷണ നോവലുകളെ വെല്ലുന്ന മാധ്യമവാർത്തകൾ ദിനേന വന്നുകൊണ്ടിരുന്നു. ഉള്ളിൽ ഭയം നിറഞ്ഞിരുന്നുവെങ്കിലും മുതിർന്നവരെപോലെ പ്രതികൾ പിടിയിലായോ എന്നറിയാൻ എന്നിലും ജിജ്ഞാസ ഉണർന്നു.

നാട്ടിൽ പരന്ന അടിസ്ഥാനമില്ലാത്ത വ്യാജവാർത്തകൾ ആളുകളുടെ ഉള്ളിൽ പരിഭ്രാന്തി നിറച്ചു. പലരും ഇരുട്ടു വീണു തുടങ്ങുമ്പോഴേക്കും വാതിലുകൾ ഭദ്രമായി സാക്ഷയിട്ടു. കൃത്യമായി പൂട്ടു വീണോ എന്നു് പലയാവർത്തി പരിശോധിക്കുക പതിവായി. കാരണം അന്നേവരെ അങ്ങനെയൊരു കൊലപാതകം അന്നാട്ടിൽ നടന്നിട്ടില്ലെന്നു മാത്രമല്ല കേരളം കണ്ടതിൽ വെച്ച് രക്തപങ്കിലമായ പുറത്തറിഞ്ഞ ആദ്യത്തതും ആയിരുന്നുവെന്നാണ് പറഞ്ഞു കേട്ടുള്ള അറിവു്.

കുറ്റവാളികളിൽ പലരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുവാക്കൾ ആയിരുന്നുവെന്ന് പൊലീസിന് കൃത്യമായ തെളിവു ലഭിച്ചിരുന്നു. പ്രതികളെ പിടികൂടാൻ സഹായകമായത് കൃത്യം നടന്നിടത്തു നിന്ന് ലഭിച്ച മുന്തിയ ഇനം വിദേശ നിർമ്മിത പാദുകമായിരുന്നു.അതിനാൽ പ്രതികൾക്കു വേണ്ടി രാജ്യവ്യാപകമായി അന്വേഷണം ഊർജിതമാക്കി.

അങ്ങനെയിരിക്കെ അയൽസംസ്ഥാനത്തു നിന്നു് പ്രതികളെ പിടികൂടിയെന്ന ആശ്വാസസൂചകമായ വാർത്തയെത്തി. അടുത്തദിവസം തന്നെ കേരളത്തിൽ എത്തിക്കുമെന്ന് വാർത്ത കാട്ടുതീ പോലെ അവിടമാകെ പരന്നു. അടുത്ത ജില്ലകളിൽ നിന്നു് പോലും നഗരത്തിലേക്ക് ആളുകൾ പ്രവഹിച്ചു.

ഉപരിപഠനത്തിനായി വന്ന യുവാക്കൾ പിന്നീടു് മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെടുകയായിരുന്നു. കൈയിലെപണം തികയാതെ വന്നപ്പോൾ ക്രൂരമാർഗത്തിൻ്റെ തിരക്കഥ ആസൂത്രണം ചെയ്തത് കൊല്ലപ്പെട്ട മക്കളില്ലാത്ത ദമ്പതികളുടെ ബന്ധുവായ യുവാവും.

അച്ചടിയന്ത്രം പ്രവർത്തിപ്പിക്കുന്ന തോമസ്സു ചേട്ടനും അങ്ങനെ തന്നെയാണ് പറഞ്ഞത്. കാലത്ത് എട്ടു മണിക്കുള്ള ബസ്സിൽ പോയാൽ മാത്രമേ കൃത്യസമയത്ത് അവിടെ എത്താൻ സാധിക്കുകയുള്ളൂവെന്ന് അമ്മച്ചിയോട് അപ്പച്ചൻ പറയുന്നുണ്ടായിരുന്നു. പോകണമെന്ന ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും കുട്ടികൾ തിരക്കിനിടയിൽ വരണ്ട എന്ന് അപ്പച്ചൻ കർശനമായി വിലക്കി.പ്രതികളെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചതറിഞ്ഞ് വൻജനാവലി നഗരത്തിൽ തിങ്ങിനിറഞ്ഞിരുന്നു. സുഹൃദ് വലയത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ പ്രതികളെ അടുത്തുകാണാൻ സഹായിച്ചുവെന്ന് അപ്പച്ചൻ പറഞ്ഞതായി ഓർക്കുന്നു.

പ്രമാദമായ പല കേസുകളും കൈകാര്യം ചെയ്ത ഒരു പ്രമുഖ പൊലീസ് ഉദ്യോഗസ്ഥൻ്റെ ആദ്യത്തെ കേസന്വേഷണം ആയിരുന്നു ഇതെന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞു കേട്ടിട്ടുണ്ട്.ട്രങ്ക് കോളുകൾ മാത്രം ബുക്ക് ചെയ്തു വിളിച്ചിരുന്ന കാലം. എസ്. റ്റി ഡി ഫോൺ വിളികൾ അന്നുണ്ടായിരുന്നില്ല എന്നതാണ് ഓർമ. ഒരു നൂതന വിദ്യയുടെയും സഹായമില്ലാതെ കേരളത്തെ ഇളക്കിമറിച്ച കൊലപാതകം
തികച്ചും ബുദ്ധികൂർമതയോടെ തെളിയിച്ച കേസ് ചരിത്രത്തിലിടം നേടി. വർഷങ്ങൾക്കു ശേഷം പ്രതികൾ പലരും ജയിൽമോചിതരായി അവരവരുടെ രാജ്യത്തേക്ക് തിരിച്ചുപോയി. ബന്ധുവായ യുവാവ് മാനസാന്തരപ്പെട്ട് സുവിശേഷവൃത്തിയിൽ ഏർപ്പെട്ടു.

പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അന്നത്തെ കുഞ്ഞുമനസ്സിൻ്റെ അതേ വേവലാതിയോടെ വൃദ്ധദമ്പതികളെ ഓർക്കാറുണ്ട്. എന്താണെന്നറിയില്ല ആരും അല്ലാതിരുന്നിട്ടും അശ്രുബിന്ദുക്കൾ അറിയാതെ അടർന്നു വീഴുന്നുണ്ട്. ഒരുവേള ഹൃദയത്തെ അത്രമേൽ പൊള്ളിച്ച കനൽ വിതറുന്ന ഓർമ ആയതുകൊണ്ടാവാം.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!