റീന സാറ വർഗീസ്
ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഉത്തരേന്ത്യ കാണുന്നത്. ലക്നൗവിൽ സൈനികസേവനമനുഷ്ഠിച്ചിരുന്ന ഭർത്താവിനൊപ്പം അവധിയാഘോഷിക്കാനായി
കുഞ്ഞമ്മ മക്കളുമൊത്ത് വീട്ടിലെത്തിയപ്പോൾ തീവണ്ടിയിൽ കയറണമെന്ന ആഗ്രഹം തീവ്രമായി.
അവർ പോകുന്നതിനൊപ്പം പോകാൻ തയ്യാറായി. രണ്ടാഴ്ച കഴിഞ്ഞുള്ള “കൊച്ചിൻ ഗോരഖ്പൂർ” എന്ന ട്രെയിനിലാണ് ഉത്തർപ്രദേശിൻ്റെ തലസ്ഥാനമായ ലക്നൗവിലേക്ക് യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്തത്. എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്നാണ് യാത്രയുടെ തുടക്കം.
ഏകദേശം രണ്ടര ദിവസത്തെ സുദീർഘമായ യാത്രയാണ്. ആദ്യ തീവണ്ടി യാത്ര ആയതിനാലും സംസ്ഥാനങ്ങൾ കടന്നു പോകുമ്പോൾ സാമൂഹ്യ പാഠത്തിൽ മാത്രം കണ്ടു പരിചയിച്ച സ്ഥലങ്ങൾ നേരിൽ കാണുന്നതിൻ്റെയും ആവേശത്തിലായിരുന്നു. ഓരോ സ്ഥലവും അത്തരം ചില ഓർമ്മകളിൽ കൂടിയാണ് കൊണ്ടുപോയത്.
ഝാൻസിയിലെത്തിയപ്പോൾ റാണി ലക്ഷ്മീബായിയെ കുറിച്ച് പഠിച്ചതോർത്തു. 1857-ലെ ശിപായി ലഹളയിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ചവരിൽ പ്രധാനിയായ, ഭാരതത്തിന്റെ ജോൻ ഓഫ് ആർക്ക് എന്ന പേരിൽ അറിയപ്പെടുന്ന ധീരവനിത. സാമൂഹ്യപാഠപുസ്തകത്തിൽ കുതിരപ്പുറത്തിരിക്കുന്ന ആ മുഖമായിരുന്നു അപ്പോൾ മനസ്സു നിറയെ.
കുറേയേറെ ദൂരം തീവണ്ടി കുറ്റിക്കാടുകൾക്ക് മുകളിൽ ഉയർത്തിക്കെട്ടിയിരിക്കുന്ന പാലത്തിലൂടെ കടന്നുപോയപ്പോൾ ചാമ്പൽക്കാടുകളാണ് അതെന്ന് പലരും പറയുന്നുണ്ടായിരുന്നു. ഭയം സൃഷ്ടിച്ചതിനു കാരണം മറ്റൊന്നല്ല. അന്നു് കിടിലം കൊള്ളിച്ച കൗമാരക്കാരിയായ കൊള്ളക്കാരി ചമ്പൽകാടുകളിൽ ഉണ്ടായിരുന്നു. മാധ്യമ വാർത്തകളിൽ വന്നിരുന്ന അവരുടെ അന്നത്തെ മുഖം തെല്ലൊരു പേടിയോടെ ഇപ്പോഴും മനസ്സിലുണ്ട്. കാലങ്ങൾക്കു ശേഷം ഇന്ത്യൻ പാർമെന്റ് അംഗമായി പ്രവർത്തിച്ച വ്യക്തിയാണ് ഫൂലൻ ദേവി.
ലക്നൗവിലെത്തിയ ആദ്യദിവസം മുഴുവൻ നടക്കുമ്പോഴും ഇരിക്കുമ്പോഴുമെല്ലാം കുലുക്കം പോലെ അനുഭവപ്പെട്ടിരുന്നു. ഒരുപക്ഷേ അൻപതു മണിക്കൂറോളം തുടർച്ചയായി തീവണ്ടിയിൽ യാത്ര ചെയ്തതിനാലാവാം അതു്.
ഹിന്ദി ഒട്ടും വശമില്ലായിരുന്നു. താമസിച്ചിരുന്ന വീടിൻ്റെ തൊട്ടടുത്ത് ആദ്യമായി പാലു വാങ്ങിക്കാൻ പോയപ്പോൾ പാത്രം നീട്ടി “ദൂത്ത്” എന്നു് നീട്ടിവിളിക്കും ബാക്കി പറയാൻ അറിയില്ലാത്തതുകൊണ്ട് ആംഗ്യഭാഷയിലാണ് കാര്യങ്ങൾ അവതരിപ്പിച്ചിരുന്നത്. ലിച്ചിപ്പഴം എന്ന റമ്പൂട്ടാൻ അവിടെ നിന്നാണ് ആദ്യമായി കഴിക്കുന്നത്. കരിമ്പുല്പാദനത്തിൽ ഏറെ മുൻപന്തിയിൽ നിന്നിരുന്ന ഒരു സ്ഥലം കൂടിയാണ് അവിടം. രണ്ടു മാസത്തോളം അവിടെ ചെലവഴിച്ചതിനുശേഷമാണ് മടങ്ങിയെത്തിയത്.
കഴിഞ്ഞവാരം അവിസ്മരണീയമായാണ് കടന്നു പോയത്. ഓർമ്മത്താളുകൾക്ക് ലഭിച്ച അംഗീകാരം രാജമാന്യരാജശ്രീ ഭാരത സ്ഥാനപതി സിബി ജോർജ് സാറിൽ നിന്നു് ഏറ്റുവാങ്ങാനായത് വാക്കുകൾക്കതീതമായ സന്തോഷം നൽകുന്നു.
ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ഈ ദിനം, വിദൂര സമീപ സ്വപ്നങ്ങളിൽ പോലുമില്ലായിരുന്നു എന്നതാണ് യാഥാർത്ഥ്യം. എന്നിലെ ഓരോ ഹൃദയമിടിപ്പിനൊപ്പം അമൂല്യനിധിയായി ചേർത്തു വയ്ക്കുന്നു.
എഴുത്തുകളെ ഏറെ പ്രോത്സാഹിപ്പിക്കുകയും മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്ത പ്രമുഖ മാധ്യമ പ്രവർത്തകനും, ഏഷ്യാനെറ്റ് ന്യൂസ് കുവൈറ്റ് കോ ഓർഡിനേറ്ററുമായ ആദരണീയനായ നിക്സൺ ജോർജ് സാറിനോടുള്ള അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.
ഇത്തരുണത്തിൽ നിങ്ങളോരുത്തരും തരുന്ന പിന്തുണയും പ്രോത്സാഹനവും പറയാതെയും എഴുതാതെയും വയ്യ.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ