January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഭാഷ മാറുമ്പോൾ


റീന സാറാ വർഗ്ഗീസ്

ദീർഘദൂര യാത്ര തീവണ്ടികൾ ഇടയ്ക്ക് ചില സ്റ്റേഷനുകളിൽ നിർത്തിയിടാറു പതിവുണ്ട്. എൻജിനും മറ്റുള്ള കാര്യങ്ങളും പരിശോധിച്ച് അറ്റകുറ്റപണികൾ തീർത്തു പോകാനാണ് നിർത്തിയിടുന്നത് എന്നാണ് കേട്ടിട്ടുള്ളത്. അങ്ങനെ ഒരു തീവണ്ടി യാത്രയിലെ വെളുപ്പാൻ കാലത്താണ് രണ്ടു കൽത്തൂണുകളിൽ ഉറപ്പിച്ചിരിക്കുന്ന മഞ്ഞ ബോർഡിലെ സ്ഥലപ്പേര് വായിച്ചെടുത്തത് “റെനിഗുണ്ട”.

ഹൈദരാബാദിൽ ജോലി ചെയ്യുന്ന സന്ദർഭം. പേരിനോട് ചേർത്ത് അന്നാട്ടിൽ ബഹുമാനപുരസ്സരം വിളിക്കുന്ന ചില വാക്കുകളുണ്ട്. ഉദാഹരണത്തിന് ‘ശശി’ എന്ന പേര് നമ്മൾ അങ്ങനെ തന്നെയാണ് വിളിക്കുക. പക്ഷേ അവിടേക്ക് എത്തുമ്പോൾ സ്ഥിതി മാറി “ശശി ഗാരുഅണ്ടി” എന്നത് ചുരുക്കി “ശശിഗാരണ്ടി” എന്നാകും. ചിലപ്പോൾ “ശശിഗാരു” എന്നതുമാറ്റി അവസാന പദത്തിലേക്ക് മാത്രമായി വീണ്ടും ചിലർ ചുരുക്കാറുണ്ട്. ചിലയിടത്ത്
ജുഗുപ്സമെന്നു തോന്നുന്ന പദങ്ങൾ ഭാഷ മാറുമ്പോൾ വ്യത്യസ്തമാകുന്നു. സമ്പുഷ്ടദ്രാവിഡഭാഷയുടെ അർത്ഥവ്യത്യാസങ്ങൾ.

നാട്ടിലെ ഒരു പ്രമുഖ ആശുപത്രിയിൽ ജോലി ചെയ്യുന്ന കാലം. ഒരിക്കൽ രോഗിയായ സ്ത്രീയുടെ കൂടെ കൂട്ടിരിപ്പുകാരിയായി വന്നതാണ് അവരുടെ അമ്മയായ കുറച്ച് പ്രായമേറിയ സ്ത്രീ. നന്നായി സംസാരിക്കുന്ന അവർ മകളെ പറ്റിയും അവളുടെ രോഗത്തെപ്പറ്റിയും ഇടയ്ക്കിടെ ചോദിച്ച് കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പുവരുത്തുന്നുണ്ട്. ഇടയ്ക്ക് ദീർഘനിശ്വാസം എടുത്ത് പതംപറയുന്നുണ്ട്. അങ്ങനെ വടക്കൻ നാട്ടുകാരിയായ വൃദ്ധ, തെക്കൻ നാട്ടുകാരിയായ മരുന്നു കൊടുക്കാൻ ചെന്ന് സഹപ്രവർത്തകയോട് തനിനാടൻ ഭാഷയിൽ “ഒന്നു തുള്ളിക്കേ.”

വൃദ്ധയെ അവൾ സൂക്ഷിച്ചുനോക്കി. മകൾക്ക് മരുന്നു കൊടുക്കാൻ ചെന്ന തന്നോട് തുള്ളാൻ പറയുന്ന ഇവരുടെ മനോനില ശരിയല്ലേ എന്ന് ചിന്തിച്ചു നില്ക്കവേ അവരുട മുഖത്ത് യാതൊരു ഭാവ വ്യത്യാസവുമില്ല.
“എന്താ നോക്കി നിൽക്കുന്നത്? ഒന്നു തുള്ളിക്കേ”
അവർ പിന്നെയും അതുതന്നെ ആവർത്തിച്ചു. ഇവർക്ക് എന്തോ കുഴപ്പമുണ്ടെന്ന് ഉറപ്പിച്ച്, പുറത്തേക്ക് വന്ന വാക്കുകൾ തൊണ്ടയിൽ തന്നെ അടച്ചുവെച്ച് ഒന്നും പറയാതെ അവൾ തിരിഞ്ഞു നടന്നു. പെട്ടെന്നാണ് മകൾക്ക് ബോധോദയം ഉണ്ടായത്. അമ്മ ഇരിക്കുന്നിടത്ത് നിന്നു മാറി കൊടുത്താലേ അവർക്ക് പുറത്തേക്ക് ഇറങ്ങാൻ പറ്റൂ എന്നതാ ഉദ്ദേശിച്ചതെന്ന് മകൾ പറഞ്ഞു. ആ വാക്കിന് അങ്ങനെ ഒരു അർത്ഥം കൂടിയുണ്ടെന്ന് അപ്പോഴാണ് അവൾക്ക് മനസ്സിലായത്.

അവരോട് മറുത്തൊന്നും പറയാതിരുന്നത് ആരുടെയോ ഭാഗ്യമെന്ന് പറഞ്ഞ് ചിരിച്ചത് ഇന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്നു.

നിറഞ്ഞ സ്നേഹത്തോടെ,
റീന സാറാ വർഗീസ്.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!