റീന സാറാ വർഗ്ഗീസ്
ചുമയോ പനിയോ ജലദോഷമോ വന്നാൽ നിസ്സാരവൽക്കരിക്കുന്നവരാണ് ഒട്ടു പേരും. അതിനുള്ള ഗുളികകൾ കഴിച്ച് സ്വയം ചികിത്സ നടത്തി ഗുരുതരമാകുമ്പോൾ മാത്രമാണ് പലരും അതിനു പിന്നിലുള്ള അപകടത്തിന്റെ തീവ്രത എത്രമാത്രം ഉണ്ട് എന്നത് തിരിച്ചറിയുന്നത്. വർഷങ്ങൾക്കു മുൻപ് കഠിനമായ ചുമയും പനിയുമായി ഒരു വ്യക്തി ആശുപത്രിയിൽ വന്നത് തീർത്തും അവശനിലയിൽ ആയിരുന്നു.. രോഗം തുടങ്ങിയിട്ട് എത്ര കാലമായി എന്ന ചോദ്യത്തിന് അയാൾ തന്ന മറുപടി അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു! വിട്ടുമാറാത്ത ചുമ പിടികൂടിയിട്ട് ഏകദേശം ഒരുമാസം കഴിഞ്ഞിട്ടും ആശുപത്രിയിൽ വന്നതിനെക്കുറിച്ച് വേവലാതിപ്പെട്ടു. പിന്നീട് രോഗനിർണയത്തിനായി പലവിധ പരീക്ഷണങ്ങളിലൂടെ കടന്നു പോകേണ്ടി വന്നു. കടുത്ത ന്യൂമോണിയ ആണെന്ന് കണ്ടുപിടിച്ച തൊട്ടടുത്ത ദിവസം രോഗം മൂർച്ഛിച്ച് വെൻറിലേറ്ററിലായി. ജീവൻ തിരികെ കൊടുക്കാൻ ആരോഗ്യപ്രവർത്തകർ തീവ്രയത്നം നടത്തി. ഒന്നും ഫലം കണ്ടില്ല.
തുടർച്ചയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന യന്ത്രത്തിന് കേടുവന്നാൽ എങ്ങനെയോ അങ്ങനെയാണ് ശാരീരികാസ്വാസ്ഥ്യങ്ങളും. അതിനുള്ള പ്രതിവിധി താമസംവിനാ തേടേണ്ടത് അനിവാര്യമാണ്. കാരണം വൈകുംതോറും ജീവനു തന്നെ ഭീഷണി ആയേക്കാം.
നിസ്സാരമെന്നു കരുതുന്നത്, ചില രോഗങ്ങളുടെ ലക്ഷണങ്ങൾ ആയിരിക്കാം. മിഠായികളോ മധുരപലഹാരങ്ങളോ വാങ്ങി കഴിക്കുന്നതുപോലെ മരുന്നുകൾ നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാക്കാതിരിക്കുക. വിദഗ്ധോപദേശത്തോടെ മാത്രം മരുന്നുകൾ കഴിക്കണമെന്ന് നിർദ്ദേശിക്കുന്നതിനു മറ്റൊരു കാരണം കൂടിയുണ്ട്. ഓരോ മരുന്നിനും അതിൻ്റേതായ പാർശ്വഫലങ്ങളുണ്ട്. അതു കണ്ടുപിടിച്ച് യഥാവിധി ചികിത്സ നൽകാൻ ഡോക്ടർക്ക് മാത്രമേ സാധിക്കുകയുള്ളൂ. ബുദ്ധിശൂന്യമായ പ്രവൃത്തികളുടെ പരിണിതഫലം തീർച്ചയായും അപകടമാണ്. അതുകൊണ്ട് പലവുരു ചിന്തിക്കുക. ശേഷം പ്രവർത്തിക്കുക.
സ്നേഹത്തോടെ
റീന സാറാ.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ