January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഓർമയിലെ ഓണം.

റീന സാറാ വർഗീസ്


ജാതിമതഭേദമെന്യേ എല്ലാവരും ഒരു മനസ്സോടെ ആഘോഷിക്കുന്ന ദേശീയോത്സവം. ഓർമകളിലെ നാട്ടിടവഴികളിൽ പെൺകൂട്ടങ്ങളുടെ തുമ്പിതുള്ളലിൻ്റെയും തിരുവാതിരകളിയുടെയും ഈരടികൾ ഇപ്പോഴും മുഴങ്ങുന്നുണ്ട്.

കർക്കടകത്തിലെ തിരുവോണനാളിൽ പിള്ളേരോണം ആഘോഷിച്ചിരുന്നു. അന്നേദിവസം വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. പഞ്ഞക്കർക്കടകത്തിലെ കുട്ടികളുടെ ഓണം പഴമക്കാർക്ക് ചിങ്ങം എന്ന പ്രതീക്ഷയും കൂടിയായിരുന്നു.
കർക്കടകം തീർന്നാൽ ദുർഘടം തീർന്നു എന്നു് പറഞ്ഞു കേട്ടിട്ടുണ്ട്.

നാടൻ പൂവുകളുടെ നിറപ്പകിട്ടുള്ള പൂവിളിയോർമകളിൽ തെച്ചിപ്പൂവ്, മുക്കുറ്റി, തുമ്പപ്പൂവ് അങ്ങനെ നാടൻ പൂക്കളുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു.

മാവിൻ്റെ കൊമ്പിൽ ബലമുള്ള ചകിരിക്കയർ ഊഞ്ഞാൽ കെട്ടി, തെങ്ങോലയുടെ കട്ടിയുള്ള തണ്ടിന്റെ അഗ്രങ്ങളിൽ, ചെറിയ വിടവുണ്ടാക്കി ഇരിപ്പിടമായി ഉറപ്പിക്കും. എത്രയും ആയത്തിൽ ഉയർത്തി വിടാമോ അത്രയും മുകളിലേക്ക് ഊഞ്ഞാൽ ഉയരും. അതു് പൊങ്ങിത്താഴുന്നത് കുട്ടികൾക്കെല്ലാം ഹരമായിരുന്നു. ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കി, അയൽപക്കങ്ങളിലെ കുട്ടിക്കൂട്ടങ്ങൾക്കൊപ്പം ഈ ഊഞ്ഞാലാട്ടം നന്നായി ആസ്വദിച്ചിരുന്നു!!

അന്നു് മിക്ക വീടുകളിലും പത്തായപ്പുരകൾ ഉണ്ടായിരുന്നു. പാടത്തുനിന്ന് നെല്ലു കൊയ്തു കൊണ്ടു വന്നു് , പത്തായത്തിൽ നിറയ്ക്കും. സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും പൊന്നിൻ തിരുവോണത്തെ വരവേൽക്കാൻ.

കടുകടയ്ക്ക എന്ന എണ്ണയിൽ വറുത്തെടുക്കുന്ന പലഹാരം കുഞ്ഞുടുപ്പിനുള്ളിൽ നിറച്ച് കൂട്ടുകാർക്കൊപ്പം കൊറിച്ചുക്കൊണ്ടിരിക്കും. കാക്കമുട്ട എന്ന മറ്റൊരു പേരും അതിന് ഉണ്ടായിരുന്നു. നേന്ത്രക്കായ ഉപ്പേരിയും, ശർക്കര വരട്ടിയും എല്ലാം ഓണക്കാലത്ത് വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങൾ.

“ഓണപ്പൂവേ പൂവേ പൂവേ
ഓമല്‍ പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം ദൂരെ
മാടി വിളിപ്പൂ ഇതാ ഇതാ ഇതാ .”

മലയാളത്തിന്റെ കാവ്യസൂര്യൻ ശ്രീ ഒഎൻവി കുറുപ്പിന്റെ വരികൾ, ഗാനഗന്ധർവ്വൻ്റെ സ്വരമാധുരിയിലൂടെ കാതോരം ഒഴുകിയെത്തുമ്പോൾ, തഴുകിയെത്തുന്ന ഗൃഹാതുരത്വമുണർത്തുന്ന ഓർമകൾ ചിങ്ങമാസത്തിലെ ഓണനിലാവായി തഴുകുന്നുണ്ട്.

കൊറോണ, ഓണത്തിൻ്റെ കൂടിച്ചേരലുകൾക്കു തടയിട്ടുവെങ്കിലും ഇനിവരും ഓണക്കാലങ്ങൾ അകലങ്ങൾ ഇല്ലാതെ കൊണ്ടാടാം എന്ന ശുഭാപ്തി വിശ്വാസത്തോടെ, പ്രതീക്ഷയോടെ കാത്തിരിക്കാം.

ടൈംസ് ഓഫ് കുവൈറ്റ്, cnxntv യുടെ എല്ലാ മാന്യവായനക്കാർക്കും നിറഞ്ഞ ഹൃദയത്തോടെ ഓണാശംസകൾ നേരുന്നൂ.

സ്നേഹത്തോടെ
റീനാ സാറാ.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!