റീന സാറാ വർഗീസ്
മറവിയുടെ ഇരുട്ടിൽ നിന്ന് ഓർമ്മകൾ പ്രിയമുള്ള അതിഥികളായി ഇടയ്ക്ക് കാണാൻ വരും. ആതിഥേയ മര്യാദയോടെ വലിയ സൽക്കാരം ഒരുക്കി അവയെ സ്വീകരിക്കുന്നത് താളുകളിലേക്ക് പകർത്താനാണെന്ന് അറിയുന്നുണ്ടാവണം. അതാവും ചിലപ്പോൾ മാറി നിൽക്കുന്നതും മറ്റു ചിലപ്പോൾ അരികിലേക്ക് നിർലോഭമായി ഒഴുകി വരുന്നതും.
ഹൈദരാബാദിലെ പ്രമുഖ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന കാലം. തവണ വ്യവസ്ഥയിൽ സാരി വിറ്റിരുന്ന പെൺകുട്ടി എല്ലാ വാരാന്ത്യങ്ങളിലും ഹോസ്റ്റലിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു. മിതമായ നിരക്കിൽ ഇളവുകളോടെ അവൾ വിറ്റിരുന്ന സാരികൾക്ക് ആവശ്യക്കാർ ഏറെയും. പത്രത്താളുകളിൽ പൊതിഞ്ഞ്, തുണിസഞ്ചിയിലാക്കി തിളക്കമുള്ള പട്ടുസാരികൾ വിറ്റിരുന്ന അവളുടെ ജീവിതം തിളക്കമറ്റതായിരുന്നു.
ഒരുനേരം വയറുനിറച്ച് ഭക്ഷണം കഴിക്കാൻ പകലന്തിയോളം അവൾ നടത്തുന്ന ഓട്ടപ്രദക്ഷിണം കരളലിയിച്ചു. പിന്നീടൊരിക്കൽ ഞങ്ങൾ സംസാരിച്ചു. പുഞ്ചിരിമാഞ്ഞ കൗമാരക്കാരി പ്രാരാബ്ധങ്ങളുടെ ഭാണ്ഡക്കെട്ടുകൾ എനിക്കു മുന്നിൽ നിരത്തി വച്ചു.
സൈക്കിൾ റിക്ഷ വലിച്ച് ഉപജീവനമാർഗം തേടിയിരുന്ന അച്ഛനും രോഗങ്ങളുടെ പിടിയിലമർന്ന അമ്മയും ചെറിയ രണ്ട് സഹോദരൻമാരുമാണ് ആകെയുള്ള ബന്ധുക്കൾ. ഒറ്റമുറി വീട്ടിൽ അന്തിയുറങ്ങാൻ വിധിക്കപ്പെട്ടവരുടെ നിറംമങ്ങിയ സ്വപ്നങ്ങളിലൂടെ ഒരു പെൺകുട്ടി വഴുവഴുപ്പുള്ള ജീവിത പ്രതലത്തിലൂടെ വീഴാതെ തെന്നിനീങ്ങാൻ നന്നേ പ്രയാസപ്പെടുന്ന നൊമ്പരപ്പെടുത്തുന്ന നേർക്കാഴ്ച. ദൈന്യമാർന്ന നോട്ടവും മെല്ലിച്ചശരീരവും അഗാധഗർത്തങ്ങളിലാണ്ട കണ്ണുകളും അവളുടെ കഷ്ടങ്ങളുടെ സ്ഥായിഭാവങ്ങളായിരുന്നു.
എപ്പോൾ വന്നാലും
അക്കാ എന്ന് സ്നേഹം ചാലിച്ചുള്ള വിളി. സഹോദരീനിർവ്വിശേഷമായ ഹൃദയംഗമമായ കരുതൽ എന്നും അവളോട് ഉണ്ടായിരുന്നു.
കുറച്ചു നാളുകൾ അവളെ കണ്ടില്ല. മാസങ്ങൾ കഴിഞ്ഞ് വീണ്ടും കാണുമ്പോൾ അവളുടെ കയ്യിൽ സാരികളും തുണി സഞ്ചിയും ഉണ്ടായിരുന്നില്ല. ഹോസ്റ്റലിൽ കാണാനെത്തിയതാണ്. കഴുത്തിൽ ഒരു മഞ്ഞച്ചരട്. എന്താണ് അതൊന്നു ചോദിച്ചപ്പോൾ മംഗല്യസൂത്രമാണെന്ന് പറഞ്ഞു. അവളുടെ അച്ഛൻ്റെ പ്രായമുള്ള
തികഞ്ഞ മദ്യപനെ കൊണ്ട് മകളെ വിവാഹം കഴിപ്പിച്ചത് ധനം മോഹിച്ചായിരുന്നുവത്രേ. അവളുടെ ഉദരത്തിൽ മറ്റൊരു ജീവൻ തുടിക്കുന്നുണ്ട് എന്നു കൂടി അവൾ കൂട്ടിച്ചേർത്തു.
എന്തിനാണ് ഇപ്പോൾ വിവാഹത്തിന് സമ്മതിച്ചത് എന്ന ചോദ്യത്തിന്റെ ഉത്തരം, നിസംഗത കലർന്ന ഊറിച്ചിരിയായിരുന്നു. സ്വപ്നങ്ങൾക്കു അപഭ്രംശം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഉൽക്കടമായ വേദനയുടെ കാഠിന്യത്താൽ പുറംതള്ളിയ ചിരിയായിരുന്നു അതെന്ന് മനസ്സിലാക്കാൻ വലിയ പ്രയാസമില്ലായിരുന്നു. മുഴുപട്ടിണിയിൽ നിന്ന് കരകയറാൻ അവളുടെ അച്ഛൻ കണ്ടുപിടിച്ച മാർഗ്ഗം.
അതിനുശേഷം ഹോസ്റ്റലിൽ അവൾ വന്നിട്ടേയില്ല. അത്യാഹിത വിഭാഗത്തിൽ അല്ലായിരുന്നു ജോലി പക്ഷേ അത്യാവശ്യമായി അവിടേക്ക് പോകേണ്ട ആവശ്യം വന്നു. അവിടെ എത്തുമ്പോൾ, തിരക്കിട്ട് ഡോക്ടർമാരും സഹപ്രവർത്തകരും ഓടുന്നു. അവിടെയുണ്ടായിരുന്ന മറ്റ് ആശുപത്രി ജീവനക്കാരോട് വിവരം തിരക്കിയപ്പോൾ ഏതോ ഒരു സ്ത്രീയെ അമിതരക്തസ്രാവമായി എത്തിച്ചിട്ടുണ്ട് എന്ന് അറിയാൻ സാധിച്ചു. പിന്നീട് വരാം എന്നോർത്ത് തിരിഞ്ഞു നടന്നു.
ഒരടി നടന്നതേ ഉണ്ടായിരുന്നുള്ളൂ. ഒരാർത്തനാദം കേട്ടാണ് വീണ്ടും ഉള്ളിലേക്ക് കയറിച്ചെന്നത്. മരണപ്പെട്ടവരുടെ ബന്ധുക്കളുടെ നിലവിളികൾ അവിടെമാകെ മുഴങ്ങി. ഗർഭിണിയായ സ്ത്രീയുടെ വയറ്റിലേറ്റ ആഘാതം മൂലമുണ്ടായ അമിതരക്തസ്രാവമാണ് മരണകാരണമെന്ന് അവിടെയുണ്ടായിരുന്നു സഹപ്രവർത്തകർ പറഞ്ഞു. മദ്യപിച്ച് ലക്കുകെട്ട ഒരുവൻ്റെ ഹീനകൃത്യത്തിന് ഇരയായവൾ. തൊഴിച്ചു കൊന്നതാണെന്ന് സംശയരോഗിയായ അയാൾ പോലീസിനോട് സമ്മതിച്ചു.
ട്രോളിയിൽ കയറ്റി പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകുന്ന വെള്ളപുതച്ച മുഖത്തേയ്ക്ക് പോട്ടർമാരിൽ ഒരാൾ തുണി വലിച്ചിട്ടു. അതിനിടയിൽ ഒന്നു നോക്കി. സപ്തനാഡികളും തകർന്നു.
പ്രാരാബ്ധങ്ങളിൽ നിന്ന് കര കയറാമെന്ന് വൃഥാ മോഹിച്ച്, ശിരോലിഖിതമെന്ന മേൽവിലാസം നൽകി മരണക്കയത്തിലേക്ക് തള്ളിവിട്ടവരെ ഹൃദയത്തിൽ പലവട്ടം ദഹിപ്പിച്ചു. നിറവയറുമായി അചേതനമായ കൃശഗാത്രം കാരണങ്ങളുടെ കീറിമുറിക്കലിനായി മേശപ്പുറത്ത് അപ്പോഴേക്കും എത്തിച്ചിരുന്നു. കോരിച്ചൊരിയുന്ന മഴയുടെ അകമ്പടിയോടെ, കനത്തനോവാൽ നീരുവന്ന ഹൃദയവുമായി ഹോസ്റ്റലിലേക്ക് നടന്നു.
മരണമില്ലാത്ത ലോകത്തേക്ക് യാത്രയായി എന്നറിഞ്ഞിട്ടും
തിളക്കമുള്ള പട്ടുസാരികളുമായി ഒരിക്കലും വരില്ല എന്നറിഞ്ഞിട്ടും അപ്പോൾ അക്കാ എന്നൊരു പിൻവിളി കേട്ടത് തോന്നലായിരുന്നോ?
സ്നേഹത്തോടെ
റീന സാറാ.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ