റീന സാറാ വർഗീസ്
മുപ്പത്തിയൊന്നാണ്ടുകൾ പിന്നിടുമ്പോൾ കറുത്ത വ്യാഴാഴ്ചയുടെ ഓർമ്മച്ചിത്രങ്ങൾ ഉള്ളിൽ തെളിഞ്ഞ്, കണ്ടു മറന്ന ദു:സ്വപ്നമായി ഓർമ്മയിൽ തീഗോളങ്ങളായി വന്നിറങ്ങി
വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടെന്ന് ഇടറിയ സ്വരത്തിൽ അങ്ങേത്തലയ്ക്കൽ നിന്ന് കേൾക്കാമായിരുന്നു. താമസസ്ഥലത്തെ തൊട്ടടുത്ത കെട്ടിടത്തിനടുത്തായി വന്നു പതിച്ച അതിഭയാനക ശബ്ദവും, പുകമറയും പിന്നീടുള്ള ദിനങ്ങളിലെ സ്വസ്ഥതയും ഉറക്കവും കെടുത്തിയെന്നു പറയുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം വരണ്ടു.
കുടുംബത്തോടൊപ്പം വാർഷികാവധി ആഘോഷിക്കാനായി പോകാനിരുന്ന മാസം തന്നെയാണ് അശനിപാതംപോലെ വന്നുഭവിച്ച ദുരന്തമുഖത്ത് കൂടി കടന്നുപോകേണ്ടി വന്നത്. ഉറുമ്പ് സ്വരുകൂട്ടുന്നത് പോലെ ശേഖരിച്ചതെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതായപ്പോഴും തളർന്നില്ല. താനില്ലാതായാൽ പറക്കമുറ്റാത്ത മൂന്നു പെൺകുഞ്ഞുങ്ങളുടെ ഭാവി എന്താകും എന്നതിനെ കുറിച്ചുള്ള ആശങ്കകൾ ഏറെ തളർത്തി.
എവിടേയ്ക്ക് പോകണമെന്നറിയാതെ നിസ്സഹായരും നിഷ്കളങ്കരുമായ ഒരു കൂട്ടം മനുഷ്യർ അസ്തപ്രജ്ഞരായി
ജീവൻ മാത്രം കൈയിലെടുത്ത് നെട്ടോട്ടമോടുന്ന ഹൃദയഭേദകമായ കാഴ്ചകൾ ഇന്നത്തെ പോലെ അന്ന് പുറംലോകം അറിഞ്ഞില്ല. ഗർഭിണികൾ, കൈകുഞ്ഞുങ്ങൾ, വയോധികർ, രോഗാതുരർ വരെ അതിലുണ്ടായിരുന്നു.
ശാന്തമായി ജീവിക്കുന്ന ജനതയ്ക്കുമേൽ യുദ്ധം എന്ന പേരിൽ സംഹാരതാണ്ഡവം നടത്തി സ്വൈര്യ ജീവിതം തകർത്തതിന്റെ അവസാനം ഒന്നും നേടിയില്ല എന്നുള്ളതാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള യുദ്ധങ്ങൾ ഓരോന്നും അക്കമിട്ട് നിരത്തുന്നത്.
ഒരു ഓഗസ്റ്റിൽ അണുബോംബാകുന്ന തീഗോളങ്ങൾ നിമിഷാർദ്ധംകൊണ്ട് വിഴുങ്ങിയതിൻ്റെ ഉദാഹരണങ്ങളും പാഠങ്ങളും കൂടിയാണ് ഇന്ന് ലോകത്തിൽ മുന്നിലെ തീരാവേദനയായി മാറിയ ഹിരോഷിമയും നാഗസാക്കിയും.
ഒരു തലമുറ മാത്രമല്ല അതിൻ്റെ പരിണിതഫലങ്ങൾ അനുഭവിക്കേണ്ടിവരുന്നത്. കാലാകാലങ്ങളോളം ഭീകരതാണ്ഡവത്തിൻ്റെ സമാനതകളില്ലാത്ത ക്രൂരത ഏറ്റുവാങ്ങാൻ വിധിക്കപ്പെടുന്നത് വരുംതലമുറകൾ കൂടിയാണ്.
തെളിനീരുമായി ഒഴുകുന്ന പുഴയിലേക്ക് ദിനംപ്രതി ദുർഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരങ്ങൾ തള്ളുമ്പോൾ അതിൽ സ്വച്ഛന്ദം വിഹരിക്കുന്ന ജീവജാലങ്ങൾക്ക് നിലനിൽപ്പില്ല. പതിയെ, നിശ്ശബ്ദ കൊലയാളികളായ ഇത്തരം മാരകവിഷങ്ങൾ അതിൽ അധിവസിക്കുന്ന സകലത്തെയും വകവരുത്തി ഉന്മൂലനം ചെയ്യുന്നു. പിന്നീട് അങ്ങനെയൊന്ന് ഭൂമുഖത്ത് ഉണ്ടായിരുന്നു എന്നതിന്റെ തെളിവ് പോലും അവശേഷിപ്പിക്കാതെ എന്നെന്നേക്കുമായി തുടച്ചു മാറ്റപ്പെടുകയാണ്.
വരാനിരിക്കുന്ന കൊടിയ വിപത്തിൻ്റെയും വേദനയുടെയും ഒടുങ്ങാത്ത കണ്ണീരിൻ്റെയും വിട്ടുപോകാത്ത വിനാശകാരിയായ വൈറസാണ് യുദ്ധമെന്നും അതിന്റെ തിക്തയാഥാർത്ഥ്യം ലോകം തിരിച്ചറിയപ്പെടേണ്ടതുണ്ടെന്നും അർത്ഥശങ്കയ്ക്കിടയില്ലാതെ അദ്ദേഹത്തിന്റെ മൂന്നു പെൺകുഞ്ഞുങ്ങളിൽ ഒരുവളോട് പറയുമ്പോൾ അനുഭവിച്ചതിൻ്റെ നൂറിലൊരംശം പോലും പകർത്താൻ സമയം അനുവദിച്ചില്ല എന്ന ഖേദം ബാക്കിയാവുന്നു.
പുരോഗതിയും അറിവും മേൽക്കുമേൽ വർദ്ധിച്ചിട്ടും ഭവിഷ്യത്തുകൾ തിരിച്ചറിഞ്ഞിട്ടും സുസൂക്ഷ്മം അവധാനതയോടെ ചിന്തിച്ച് പ്രവർത്തിക്കാത്തത് എന്താണെന്നതിന് ഉത്തരമായി ഈ പഴമൊഴി ചേർത്തുവയ്ക്കുന്നു.
“വിനാശകാലേ വിപരീത ബുദ്ധി”
നിറഞ്ഞ സ്നേഹത്തോടെ
റീന സാറാ വർഗീസ്
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ