റീന സാറാ വർഗീസ്
“ചിത്രരഥന്റെ കൊട്ടാരത്തിലെ അറകളിലായിരുന്നു ശിക്ഷ. ഏഴുപകലുകളും ഏഴു രാത്രികളും നീണ്ടുനിന്ന കൊടുംപീഡനങ്ങൾക്കുശേഷം അവരെനിക്ക് ശബ്ദം തിരിച്ചുതന്നു. ഒരു വ്യവസ്ഥയിൽ എന്റെ ശബ്ദം നിന്നോട് സംസാരിക്കാൻ പാടില്ല. പക്ഷേ, നിന്നോട് സംസാരിച്ചില്ലെങ്കിൽ എനിക്ക് ശബ്ദമെന്തിന്?”
ഞാൻ ഗന്ധർവനിലൂടെ പ്രണയം എങ്ങനെയായിരിക്കണമെന്ന്
മലയാളിയുടെ മനസ്സിലും കാതിലും ഒരിക്കലും അറ്റുപോകാതെ കൊരുത്തു വെച്ചു അനശ്വരനായ അതുല്യപ്രതിഭ ശ്രീ പി. പത്മരാജൻ. അദ്ദേഹത്തിൻ്റെ ചലച്ചിത്രാവിഷ്കാരങ്ങൾ പ്രണയത്തിന് പുതിയ ഭാഷ്യവും മാനവും നൽകി.
പനിനീർ ദളങ്ങളിൽ നിന്നുതിരുന്ന പരിമളം പോലെ പല ഭാഷകളിൽ ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന മനോഹരമായ വാക്കും നിശ്ശബ്ദമായ അനുഭൂതിയുമാണ് പ്രണയം.
നിൻ്റെ ആനന്ദങ്ങളിലും കണ്ണുകൾ നിറഞ്ഞൊഴുകുമ്പോഴും അതെൻ്റെയും അല്ലെങ്കിൽ ഞാൻ തന്നെയാണു നീയെന്ന് നിർമമതയോടെ ഉള്ളം കൈയിൽ പൊതിഞ്ഞു പിടിച്ച്, ഹൃദയത്തിൽ മായാതെ പച്ചകുത്തുമ്പോൾ മാത്രമാണ് അസന്ദിഗ്ധമായി അക്ഷരങ്ങൾ തെറ്റാതെ പ്രണയത്തെ നിർവ്വചിക്കാനാകുന്നത്.
പുലരുന്ന രാവിലെ സൂര്യനായി, ഇരുളുന്ന പകലിലെ ചന്ദ്രനും നക്ഷത്രങ്ങളുമായി വർണ്ണങ്ങൾ കെട്ടുപോകാത്ത ഛന്ദോബദ്ധമായ ഗരിമയും കാതലുമാകണം പ്രണയം.
വിവാഹാനന്തരത്തിലും മനസ്സിൽനിന്നും മനസ്സിലേക്ക് ഇടതടവില്ലാതെ ഒഴുകുന്ന സ്ഫടിക നീരുറവപോലെ ആത്മനിഷ്ഠമായ കുമ്പസാരക്കൂടാകണം പ്രണയം. പരസ്പരം മനസ്സിലാക്കാതെ നാലുചുവരുകൾക്കുള്ളിൽ പുറംലോകമറിയാതെ ജീവിക്കുന്നവരും വിരളമല്ല. നമുക്കു ചുറ്റും ഉള്ളുലഞ്ഞ ചിരിതൂകി, കാണാപ്പുറങ്ങളിൽ അവർ മറഞ്ഞിരിക്കുന്നുവെന്നു മാത്രം.
വ്യക്തിത്വ ബഹുമാനവും അഭിപ്രായസ്വാതന്ത്ര്യവുമില്ലാതെ ഒരാൾ മറ്റൊരാളെ പാതാള കുഴിയിൽ എന്നപോലെ ചവിട്ടി താഴ്ത്തുകയും പരസ്പരം വാക്കുകളും പ്രവൃത്തികളും കൊണ്ട് ചെളിവാരിയെറിഞ്ഞ് അക്രമിക്കുമ്പോൾ പ്രണയമെന്നത് ഉണങ്ങിക്കരിഞ്ഞ വേരറ്റു പോകുന്ന ചെടി പോലെയാകുന്നു. എത്ര വെള്ളവും വളവും ഒഴിച്ചാലും വളരാത്ത ചെടി.
മുഖം കുനിച്ച്, കാൽനഖങ്ങൾ നിലത്തുരച്ച് കണ്ണുകളിൽ നിന്ന് കണ്ണുകളിലേക്ക് പടർന്നിരുന്ന കാല്പനിക സങ്കൽപ്പത്തെ തച്ചുടച്ച്, കാതങ്ങൾ അകന്ന്, തിലോദകം ചാർത്തുന്നു ഇന്നത്തെ അർഥശൂന്യമായചില പ്രണയങ്ങൾ.
ജീവിതത്തിൻ്റെ ദോളനാന്തോളനങ്ങളിൽ
പ്രണയത്തിന്റെ തീവ്രതപേറി വിരഹത്തിൽ ഉഴറി, ജനിമൃതികളിൽ അലിഞ്ഞ്, പറയാതെയും അറിയാതെയും സ്വാർത്ഥരഹിതരായി വഴി പിരിഞ്ഞവരുടെ നാട്ടിൽ നടമാടുന്ന നീചകൃത്യങ്ങളെ കുറിച്ച് എഴുതാതെ വയ്യ.
അവ്യമായ സ്വകീയ ചിന്തകളുടെ പരിണിതഫലമായി അമ്ളം, ഇന്ധനം, ഖഡ്ഗ തോക്കിൻ മുനകളാകുന്ന അഭിചാരക്രിയകളിൽ ദയാശൂന്യരായി അകപ്പെട്ടിരിക്കുന്ന യുവത.
അതിൻ്റെ നിർവചനം മറ്റേതോ തലങ്ങളിൽ വന്നെത്തി നിൽക്കുന്നു എന്നത് മനോവ്യഥ ഉളവാക്കുന്നുണ്ട്.
മലീമസമാകാത്ത മനസ്സും ഗാത്രമുക്തമായ ചിന്തയും കൊണ്ട് സർവാത്മനാ പ്രണയം പരിശുദ്ധമാകണം.
പ്രണയദിനാശംസകൾ.
സ്നേഹത്തോടെ,
റീന സാറ വർഗീസ്.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ