November 23, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അപരാജിത

റീന സാറ വർഗീസ്


ആദ്യമായി അവളെ കാണുമ്പോൾ മുഖം മ്ലാനമായിരുന്നു. പ്രതീക്ഷയറ്റ് അവഹേളിതയായി നിന്ന ഒരുവൾ. കൊല്ലപരീക്ഷകളിൽ പരാജിതയായ അവൾ സുഹൃത്തുക്കൾക്കൊപ്പം നമ്രശിരസ്കയായി നടന്നു നീങ്ങുന്ന കാഴ്ച ഓർമ്മയുടെ തീരത്ത് പതിഞ്ഞു കിടപ്പുണ്ട്. “മരമണ്ടീ, തോറ്റോടി” എന്ന വിളിപ്പേരിൽ മുറിവേറ്റവളോട് ഒരു പരീക്ഷയല്ല ജീവിതം നിർണയിക്കുന്നത് എന്നുപറഞ്ഞ് സമാശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴൊക്കെ ഏറ്റവും പുറകിലെ നീണ്ട തടി ബെഞ്ചിലിരുന്ന് ശോണിതം ഉരുകി ഉറഞ്ഞ് ദൈന്യമാർന്ന നോട്ടം കൊണ്ട് നൊമ്പരം പറയാതെ പറഞ്ഞവൾ. കൈയക്ഷരത്തിൻ്റെ മാറ്റു പോരെന്നു പറഞ്ഞു് നാലു വര ബുക്കിൻ്റെ ആദ്യതാൾ മുതൽ അവസാനം വരെ എഴുതിത്തീർത്തിട്ടും നെഞ്ചകം പൊള്ളി തിണിർത്ത അവഗണനയാകുന്ന തിക്താനുഭവത്തിലൂടെ കടന്നുപോയവളുടെ മൗനത്തിൻ്റെ തീക്ഷ്ണത വിവൃതമായത് കണ്ണുകളിൽ നിന്നടർന്നു വീണ തുള്ളികളുടെ പെരുക്കത്തിൽ. അദ്ധ്യയനദിനങ്ങളുടെ അവസാനം പല വഴിക്കായി പിരിയുന്നതിനു മുൻപ് അവസാനമായി പുസ്തകത്താളിൽ സ്വഹസ്‌തലിഖിതത്തിൽ അവൾക്കായി ചേർത്തു വച്ചതും മറ്റൊന്നല്ല “കാലം ഒരവസരം തരും. കാത്തിരിക്കുക”. അന്ന് പള്ളിക്കൂടത്തിൻ്റെ പടികൾ ഇറങ്ങി പരസ്പരം യാത്ര പറഞ്ഞവർ പിന്നീട് കണ്ടിട്ടില്ല.

രണ്ടര ദശകത്തിനിപ്പുറം ഒരവധിക്കാലത്ത് കേട്ടുമറന്ന വിളിയിൽ അങ്ങു ദൂരേക്ക് ഓർമ്മകൾ പാഞ്ഞു. വിളിയുടെ ഉടമയുടെ സ്മേരമുഖം ഒട്ടൊന്നുമല്ല അദ്ഭുതപരതന്ത്രയാക്കിയത്! പരാജയത്തിന്റെ ലാഞ്ചന തൊട്ടുതീണ്ടിയിട്ടില്ലാത്ത നിശ്ചയദാർഢ്യം സ്ഫുരിക്കുന്ന ഭാവം. വാണിജ്യമേഖലയിൽ കൈയ്യൊപ്പ് ചാർത്തി, സ്വയം പര്യാപ്തത നേടിയത് വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ. സ്വന്തം വീട്ടുകാർ മാത്രം പ്രോത്സാഹിപ്പിച്ചപ്പോൾ പൊതുസമൂഹത്തിൽ നേരിടേണ്ടിവന്നത് ‘തോറ്റോടി’ എന്ന പേർ. ചോദ്യ പരീക്ഷകളിലെ മാർക്ക് എന്ന അക്കങ്ങളുടെ ആരോഹണ അവരോഹണ ക്രമങ്ങൾ മാത്രമല്ല ജീവിതമെന്ന് അവൾക്ക് കാണിച്ചു കൊടുക്കേണ്ടതുണ്ടായിരുന്നു. വൈയക്തികമായ ജീവിത വീക്ഷണങ്ങൾ ലക്ഷ്യസ്ഥാനത്തെത്തിച്ചു. അവിടേയ്ക്കുള്ള യാത്ര ഒട്ടേറെ പ്രതിസന്ധികളുടെ നടുവിലൂടെ ആയിരുന്നു. അത് അത്ര സുഖകരമായിരുന്നില്ല. എന്നിട്ടും അടിപതറാതെ ആശിച്ചതെല്ലാം കരതലത്തിൽ ഒതുക്കി പരിഹസിച്ചവർക്കു മുൻപിൽ വിജയശ്രീലാളിതയായി തലയുയർത്തി നിന്നു. തോൽവിക്കു മുന്നിൽ തോൽക്കാതെ വിജയത്തിൻ്റെ ഹിമാലയം കീഴടക്കിയവൾ പറഞ്ഞത് ജീവിതം തോൽക്കാൻ ഉള്ളതല്ല എന്നും മറ്റൊരാൾ വിധിക്കുമ്പോൾ അങ്ങനെയല്ല എന്ന് തെളിയിച്ചു കൊടുക്കാനുള്ള ബാധ്യത അവനവനിൽ മാത്രം നിക്ഷിപ്തമാണ് അതിനാൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ ശ്രമം തുടർന്നു കൊണ്ടേയിരിക്കുക എന്നാണ്.

അന്ന് യാത്ര പറഞ്ഞു പിരിയുമ്പോൾ അപരാജിതയുടെ മന്ദസ്മിതത്തിനൊപ്പം മനസ്സിൽ പല വർണ്ണങ്ങൾ ചിറകു വിരിച്ചാടി ഒപ്പം കാലങ്ങൾക്കു മുൻപ് പകർത്തി വെച്ച വാക്കുകളും.

സ്നേഹത്തോടെ,
റീന സാറ വർഗീസ്.

error: Content is protected !!