റീന സാറാ വർഗീസ്
മിഥുനമഴ കർക്കടകത്തെ തോല്പ്പിക്കുംവിധം തോരാതെ പെയ്തിറങ്ങിയ ദിനങ്ങൾ. വേനലവധി കഴിഞ്ഞിരുന്നതിൻ്റെ ആലസ്യം വിട്ടൊഴിയാതെ കുട്ടികൾ കാറ്റിന്റെ ആരവത്തിനും ഇടമുറിയാതെ പെയ്യുന്ന തുള്ളികൾക്കുമൊപ്പം നടക്കുമ്പോൾ ഇടവഴിയിലെ നേര്‍ത്തമണ്ണും വെള്ളവും കൂടിക്കുഴഞ്ഞ് പാദരക്ഷയിൽ പതിഞ്ഞിരിക്കും. അവയുടെ പൊട്ടും പൊടിയും ശിരസ്സിനെ സ്പർശിക്കുന്നത് അറിയാറില്ല.
ഗതകാല സ്മരണകൾ ശാഖോപശാഖകളായി പടുത്തുയർത്തിയത്, ഇടയ്ക്കെപ്പോഴോ മനം പോലും അറിയാതെ കാലം ഉടമസ്ഥാവകാശം ഏറ്റെടുത്ത് മറവിക്ക് കൈമാറ്റം ചെയ്തത് എന്തിനായിരുന്നു? ഇന്നും ഉത്തരം കിട്ടാത്ത പ്രഹേളിക. സമ്മർദ്ദങ്ങളുടെ ലോകത്ത് അവയെ നോക്കി നെടുവീർപ്പിടുന്നതു കണ്ടെങ്കിലും കാലത്തിന് മനസ്താപം തോന്നിയിരുന്നെങ്കിലെന്ന് വെറുതെ നിനച്ചു പോകുന്നു.
മഴ യാത്രകളുടെ ഇടവേളകളിൽ മാനത്ത് എവിടെയോ നിന്ന് മണ്ണിന്റെ മനം നിറച്ച് ചെറുപൊൻവെയിൽ പറന്നെത്തും. എതോ സ്വകാര്യം പറയാനെന്ന പോലെ വെയിലിന്റെ പൊൻനാളം നിലത്ത് മെല്ലെ തൊടും. കരിമ്പിൻ പൂവുകൾ കഥപറയുന്ന ഗ്രാമവീഥികളിൽ ഒരു ബാല്യം മയങ്ങുന്നുണ്ട്. പമ്പയാറ് തഴുകിയ തീരത്ത് കുഞ്ഞു കാൽപ്പാദങ്ങളാൽ കോറിയിട്ട മനോഹരമായ ഓർമ്മച്ചിത്രങ്ങൾ സമ്മർദ്ദങ്ങളുടെ ലോകത്ത് ഒട്ടൊന്നുമല്ല ആശ്വാസമേകുന്നത്.
ബസ്സ്കാത്തു നിൽപ്പു കേന്ദ്രത്തിന്റെ മൂന്നു വശങ്ങളിലായി കെട്ടിയിരുന്ന സിമന്റ് ഇരിപ്പിടങ്ങളിൽ പലപ്പോഴും
നിറയെ ആളുകൾ ഉണ്ടാവും. തൊട്ടടുത്തുള്ള ശങ്കരപ്പിള്ളയുടെ മുറുക്കാൻ കടയിലെ മിഠായി ഭരണികളിലൂടെയും തൂങ്ങിക്കിടക്കുന്ന വാരികകളിലൂടെയും കണ്ണുകൾ ഓട്ടപ്രദക്ഷിണം നടത്തി, മഞ്ഞയും പച്ചയും വർണ്ണങ്ങളാൽ ചകരിക്കയറിൽ തൂക്കിയിട്ടിരിക്കുന്ന നേന്ത്രക്കായകൾ പതിവുകാർക്ക് നിത്യം സ്വാഗതമോതുന്നതിൽ ചെന്നു നിൽക്കും.
പിറന്നുവീണ ഇടവും വീടിനകത്തെ അച്ചടിശാലയും ഉൾത്തളങ്ങളെ മുഖരിതമാക്കിയിരുന്ന ധൈഷണിക ചർച്ചകളും ഉറങ്ങിഉണരുന്ന ചിന്തകളിൽ മായാതെ നിൽക്കുന്നു. അച്ചടിക്കാൻ കൊണ്ടുവന്നിരുന്ന മാറ്ററുകൾ എത്രയോ ആവൃത്തി വായിച്ചാണ് യഥാർത്ഥ പുസ്തകങ്ങളായി മാറിയിരുന്നത്. അതിനൂതന സാങ്കേതികവിദ്യകളുടെ സഹായമില്ലാതെ പുസ്തകങ്ങളുടെ കട്ടിങ്ങും ബൈൻഡിങും.
“ഞങ്ങളു വന്നല്ലോ നിങ്ങടെ മുറ്റത്ത്”
എന്നു പാടി, മൺമറഞ്ഞുപോയ പ്രശസ്തരായ സാഹിത്യകാരന്മാരിൽ ചിലർ തങ്ങളുടെ വരവ് അറിയിച്ചിരുന്നുവെന്ന് വല്യപ്പച്ചനും വല്യമ്മച്ചിയും പറഞ്ഞുള്ള അറിവ്. നഷ്ടസ്വർഗ്ഗങ്ങളുടെ വാതായനങ്ങൾ തുറന്ന് കരിമ്പിൻ പാടങ്ങൾക്ക് അക്കരെയുള്ള ഇഷ്ടിയിടത്തിലേക്ക്,
പഴയ കുറുമ്പിപെൺകുട്ടി പരകായപ്രവേശം നടത്തുമ്പോൾ ആത്മാവ് ഓർമ്മകളിൽ ആരോരുമറിയാതെ പിന്നെയും പിന്നെയും അലിഞ്ഞു ചേരുന്നൂ.
സ്നേഹത്തോടെ,
റീന സാറ
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ