റീന സാറാ വർഗീസ്
മീനവെയിൽ ആളിക്കത്തി ചുട്ടുപൊള്ളിച്ചിരിക്കുന്ന നിരത്തുകളിലൂടെ വാഹനങ്ങൾ പരക്കം പാഞ്ഞു. പള്ളിയുടെ മുറ്റത്തേക്ക് പ്രവേശിക്കുന്നതിനു തൊട്ടുമുൻപുള്ള വഴിയരികിൽ അവിടവിടെയായി പായകൾ വിരിച്ചും തുണികൾ വിരിച്ചും ഭിക്ഷാംദേഹികളുടെ നീണ്ടനിര ഇരിപ്പുണ്ട്. ആരുടെയൊക്കെയോ ദയാദാക്ഷിണ്യത്തിനായി നിവൃത്തികേടുകൊണ്ട് ഇരക്കേണ്ടി വന്ന മനുഷ്യജന്മങ്ങൾ. കണ്ണുകൾ പല മുഖങ്ങളിൽ ഉടക്കി, ഉൾകോണുകളിൽ നെരിപ്പോട് തീർത്തു.
“മോളെ” എന്ന വിളി കാലുകളുടെ നടത്തം നിർത്തി. അപ്പോൾ
പള്ളിമണികളുടെ നാദം അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു. ഓരം ചേർന്നു നിന്ന വൃക്ഷങ്ങളുടെ ഇലകൾ വഴിതെറ്റിവന്ന കാറ്റിലുലഞ്ഞു. ശബ്ദത്തിൻ്റെ ഉടമയായ ശുഭ്രവസ്ത്രധാരിയായ വയോധിക രണ്ടു കൈകളും എനിക്കുനേരെ നീട്ടി. അവരുടെ രണ്ടു കാലുകളിലും കഠിനവ്രണങ്ങൾ. അത് അവരെ നോവിച്ചു കൊണ്ടിരിക്കുന്നത് അംഗവിക്ഷേപങ്ങളിലൂടെ തിരിച്ചറിഞ്ഞു. പിഞ്ചിയ തുണികൾ ചില ഭാഗങ്ങളിൽ അഴിഞ്ഞു പോകാതെ കെട്ടിവെച്ചിട്ടുണ്ട്. മറ്റു ചിലയിടങ്ങളിലൂടെ ഈച്ചകൾ പാറി നടക്കുന്നു.
“വിശക്കുന്നൂ”… മറ്റെന്തോ കൂടി പറയാൻ അവർ വെമ്പി. ശേഷം വയോധിക ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു. എവിടേയ്ക്കോ പോകാനുള്ള തയ്യാറെടുപ്പിൽ.
തൻ്റെ ഭാണ്ഡകെട്ടുകളുമായി പതിയെ മുൻപോട്ടു നടന്നു.
വീട് എവിടെയാണെന്ന ചോദ്യത്തിന് നിസ്സംഗത കലർന്ന ചെറുചിരിയുടെ അലകൾ കണ്ണുകളിൽ പതിഞ്ഞു. കൊടുത്ത വലിയ കുപ്പിയെ വെള്ളം ആർത്തിയോടെ കുടിച്ചു. ഭക്ഷണം വയറുനിറച്ച് കഴിക്കുന്നത് കണ്ടപ്പോൾ അപ്രതിഹതമായ സന്തോഷം ഉള്ളിൽ ഇരച്ചുകയറി. അപ്പനെയും അമ്മയെയും നോക്കണം എന്ന് പറഞ്ഞവർ നടന്നു നീങ്ങി. അരച്ചാൺ വയറിനു വേണ്ടി മാത്രം ജീവിക്കുന്ന തെരുവിന്റെ മക്കൾ. ഏതൊക്കെയോ കടത്തിണ്ണകളിൽ അന്തിയുറങ്ങാൻ വിധിക്കപ്പെട്ടവർ. പലയിടത്തും പരിഹാസ്യരായി നിൽക്കേണ്ടി വരുന്നവർ.
മാർച്ച് ഇരുപത് അന്താരാഷ്ട്ര സന്തോഷദിനം. ആഹാരം പാഴാക്കുമ്പോൾ, സ്വത്തിനു വേണ്ടി സഹോദരങ്ങളെയോ, മക്കളെയോ, മാതാപിതാക്കളെയോ നിഷ്ഠൂരമായി, കണ്ണില്ലാത്ത ക്രൂരതയോടെ ഒരു നിമിഷത്തെ തോന്നലിൽ നാമാവശേഷരാക്കുമ്പോൾ, ഇങ്ങനെയും ചിലർ നമുക്കുചുറ്റും ജീവിച്ചിരിപ്പുണ്ടെന്ന് വിസ്മരിച്ചുകൂടാ. പരിതസ്ഥിതികളും പരിസ്ഥിതികളും മാറി മറിഞ്ഞു വരുമ്പോഴും ഇവർ അലഞ്ഞു കൊണ്ടേയിരിക്കുന്നു. പരാതിയോ പരിഭവമോ ഇല്ലാതെ.
ടൈംസ് ഓഫ് കുവൈറ്റ് സിഎൻഎക്സെൻ ടിവിയുടെ എല്ലാ മാന്യവായനക്കാർക്കും ഹൃദയം നിറഞ്ഞ സന്തോഷദിനം നേരുന്നൂ.
സ്നേഹത്തോടെ
റീന സാറാ വർഗീസ്
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ