റീന സാറാ വർഗീസ്
ഓർമയുടെ സാഗരത്തിൽ മുങ്ങിത്താഴുമ്പോൾ ഗതകാല അനുഭവങ്ങളുടെ മുത്തുച്ചിപ്പികൾ മനംനിറയെ വാരി എടുത്താണ് പൊങ്ങി വരാറ്. ചിപ്പികൾ തുറക്കുമ്പോൾ ഉള്ളിൽ ഓർമ മുത്തുകൾ വല്ലാതങ്ങ് തിളങ്ങും. ഒപ്പം ബാല്യത്തിലെ ക്രിസ്മസ് രാവുകളും.
ധനുമാസത്തിലെ നനുത്ത രാവുകളെ സാന്ദ്രമാക്കുന്ന കരോൾ സംഘങ്ങളുടെ ഗാനാലാപനങ്ങളുടെ ഈരടികൾ താളലയഭാവങ്ങളോടെ മനസ്സിൽ നിറഞ്ഞു നിൽപ്പുണ്ട്. നഷ്ടങ്ങളുടെ നിശ്വാസങ്ങളുതിരുമ്പോഴും മാഞ്ഞുപോയ കാലങ്ങൾ എവിടെയോ മഴവില്ലു തീർക്കുന്നു.
“രാരീരം പാടി ഉറക്കാം താലോലം ആട്ടി ഉറക്കാം…” വർഷങ്ങൾക്കു മുൻപ് ഹോസ്റ്റൽ മുറിയിലെ ജാലക പഴുതിലൂടെ ഒഴുകിവന്ന ഈ ഗാനം ഹൃദയസ്പന്ദത്തിനൊപ്പം ഉണ്ട്. ശൂരനാട്ടുകാരി പെൺകുട്ടി വാരാന്ത്യങ്ങളിൽ വീട്ടിൽ പോയിട്ട് വരാൻ കാത്തിരിക്കുന്നത് പുഴുങ്ങിയ കപ്പയുടെയും ചമ്മന്തിയുടെയും രുചി നുണയാൻ. അതിരാവിലെ എഴുന്നേറ്റ് വരുമ്പോൾ ഫ്ലാസ്കിൽ അവൾ തയ്യാറാക്കിയ വച്ചിരിക്കുന്ന കട്ടൻകാപ്പി
ഞങ്ങൾക്കും ഉണ്ടാകും.
നിദ്രാ ദേവിക്ക് കൂടുതലിഷ്ടം ആയിരുന്നുതുകൊണ്ടാവാം കടാക്ഷം മുഴുവൻ എന്നിലേക്കു ചൊരിഞ്ഞത്. നിദ്രാഭംഗം മോഹഭംഗങ്ങൾക്കും അപ്പുറം ആണെന്ന് നിനച്ചിരുന്ന നാളുകളിൽ അതിരാവിലെ എഴുന്നേറ്റ് പാഠ്യവിഷയങ്ങൾ പ്രജ്ഞയിലേറ്റിയിരുന്ന അവൾ അക്കാലങ്ങളിലെ ഞങ്ങളുടെ അദ്ഭുതം! അവൾ ഉണ്ടാക്കിയിരുന്ന കട്ടൻകാപ്പി ആയിരുന്നു അക്കാലങ്ങളിലെ പ്രഭാത ഇന്ധനം. ഒരു നേരം മാത്രം കിട്ടിയിരുന്ന ചൂടുവെള്ളം പലപ്പോഴും അവൾക്ക് കിട്ടിയിരുന്നോ എന്ന സംശയം ഉണ്ട്. കാരണം കാപ്പി മുഴുവൻ കുടിച്ചിരുന്നത് മറ്റുള്ളവർ. അവളുടേത് സദാ പ്രസാദാത്മകമായ മുഖഭാവമായിരുന്നു.
കലാലയ ജീവിതത്തിന് വിരാമമിട്ട് ഓരോരുത്തരായി പലവഴിക്ക് പിരിഞ്ഞു. എവിടെയോ അവളും. കാണണമെന്ന് ആഗ്രഹമുള്ളവരിൽ പലരും ഇന്നും എവിടെയൊക്കെയോ മറഞ്ഞിരിപ്പുണ്ട്. ക്ലാസ് മുറികളിൽ നിന്നിറങ്ങി രണ്ടുപതിറ്റാണ്ട് പിന്നിട്ട ഒരു ദിനം. അമ്മ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ സ്നേഹപൂർവ്വം ഓടിവന്ന് ആലിംഗനം ചെയ്തു ഒരുവൾ. ബാല്യകൗമാരയൗവ്വന യാത്രയ്ക്കിടെ കാലമാകുന്ന ശില്പി വരുത്തിയ തട്ടലും മുട്ടലും ഏൽപ്പിച്ച വ്യതിയാനങ്ങൾ ഏറെയുണ്ടായിരുന്നു. അതൊന്നും തിരിച്ചറിയലിന് തടയിട്ടില്ല എന്നതാണ് യാഥാർഥ്യം. അനുഗൃഹീത സ്നേഹസൗഹൃദ വലയങ്ങളാൽ അതിസമ്പന്നയാണ് എന്നത് അതീവചാരിതാർഥ്യം നൽകുന്നുണ്ട്.
നിറഞ്ഞ സ്നേഹത്തോടെ
റീന സാറാ.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ