January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

നിഷ്കളങ്കതയുടെ പര്യായം

റീന സാറാ വർഗീസ്


വർഷങ്ങൾക്കു മുൻപുള്ള അവധി യാത്രകളിൽ ഒന്നിൽ ഓർമ ഫലകത്തിൽ കൊത്തിവെച്ച ഒരു കുഞ്ഞു മുഖം. വിരുന്നിനെത്തിയ പ്രവാസി അതിഥികളെ വീട്ടുകാർ യഥാതഥം സ്വീകരിച്ചു. മനോഹരമായ വീടിന്റെ ഉൾത്തളങ്ങളിലെ പഴമയും പുതുമയും നിറഞ്ഞ അലങ്കാരങ്ങളിലൂടെ മിഴികളും മനവും ഓടിനടന്നു. ദമ്പതികളുടെ അഞ്ചു വയസ്സുകാരൻ മകൻ, മടിയിൽ സ്ഥാനം പിടിച്ചു. കുതുകത്തോടെ മനുഷ്യനിർമ്മിത വാസനതൈലത്തിൻ്റെ മണം ഉള്ളിലേയ്ക്കാവാഹിച്ചു അവൻ
പറഞ്ഞു.

“എന്തൊരു മണാ പേർഷ്യാക്കാർക്ക്. ഇന്നാള് പള്ളീൽ വന്നപ്പോഴും ഇതേ മണം തന്നെ.”

കുരുന്നു മുഖത്ത് മെല്ലെ തലോടി പുഞ്ചിരിച്ചു. ഗൗരവത്തോടെ അവൻ്റെ അടുത്ത ചോദ്യം;

“ചോക്ലേറ്റ് കൊണ്ടുവന്നിട്ടുണ്ടോ?”

അവൻ്റെ അമ്മ അടുക്കളയിൽ നിന്ന് അവനു നേർക്കെറിഞ്ഞ നേത്രഗോളങ്ങളുടെ വികസനം കണ്ടില്ലെന്ന് നടിച്ചു. കുട്ടി വീണ്ടും അതേ ചോദ്യം ആവർത്തിച്ചു. വീടുകളിൽ സന്ദർശനം നടത്തുമ്പോൾ പ്രത്യേകിച്ച് ചെറിയ കുട്ടികളുള്ള വീടുകളിൽ ദൈവത്തിൻ്റെ സ്വന്തം നാട്ടുകാർ മറക്കാത്ത മര്യാദ, കുഞ്ഞ് ആതിഥേയനോട് ഞാനും പാലിച്ചു. അമ്മയെ ഏൽപ്പിച്ചിട്ടുണ്ടെന്ന് ചെവിയിൽ പതിയെ മന്ത്രിച്ചു.

കുഞ്ഞരിപ്പല്ലുകൾ തുറന്നുകാട്ടി അതിഥി സൽക്കാരം ഒരുക്കുന്നിടത്തേക്ക് അവൻ പാഞ്ഞു. അവിടെനിന്ന് ഉയർന്ന നിലവിളിയുടെ കാരണം മനസ്സിലാക്കാൻ വലിയ പ്രയാസം ഉണ്ടായിരുന്നില്ല. മൗനം അവലംബിച്ച്, വലിയ പാതകം ചെയ്തതു പോലെ പോയതിലും വേഗം തിരിച്ചെത്തി, എനിക്കു സമീപം ഇരുന്നു.

വീട്ടിൽ വരുന്നവരോട് ഒന്നും മിണ്ടാൻ പാടില്ല അല്ലേ എന്ന് അവൻ ചോദിച്ചപ്പോൾ എവിടെയാണ് നമുക്ക് മൂല്യ ഭ്രംശം സംഭവിച്ചതെന്നോർത്ത് ഉള്ള് വല്ലാതെ നൊന്തു കനംവച്ചു. കുട്ടികളുടെ സംസാരം വീട്ടുകാർക്ക് മാനഹാനിയും അതിഥികളായി എത്തുന്നവർക്ക് നേരെയുള്ള അനാദരവ് ആണെന്ന മിഥ്യാധാരണയും സൃഷ്ടിക്കുന്ന മുള്ളുവേലികൾക്കിടയിൽ പെട്ടുപോകുന്നു ചില ബാല്യങ്ങളെങ്കിലും.

കുട്ടികൾ നിഷ്കളങ്കതയുടെ പര്യായമാണ്, പിള്ള മനസ്സിൽ കള്ളമില്ല എന്ന് പറയുമ്പോഴും അവരിൽ ഏൽക്കുന്ന ഇത്തരം ചില മുറിവുകളുടെ ആഴം ഭാവിയിൽ വരുത്തുന്ന ഭവിഷ്യത്തുകൾ ചിലപ്പോൾ ഊഹിക്കുന്നതിനും അപ്പുറമായിരിക്കും. അന്തർമുഖരായി സാമൂഹിക പ്രതിബദ്ധയില്ലാത്ത ഒരു തലമുറയെ അറിവില്ലായ്മയുടെ ആലയിൽ അറിയാതെ വാർത്തെടുക്കുന്നു. ആവശ്യമുള്ളതെല്ലാം ചെയ്തു കൊടുത്തിട്ടും എന്തേ ഇങ്ങനെയായി എന്ന് കാലങ്ങൾ കഴിയുമ്പോൾ അർത്ഥശൂന്യമായി പതം പറഞ്ഞിട്ട് എന്ത് പ്രയോജനം?

മുതിർന്നവരുടെ അനാവശ്യ അരുതുകൾ അവരുടെ ചിന്താശേഷിയെ ബാധിച്ച് പെരുമാറ്റ വ്യക്തിത്വ വൈകല്യത്തിന് ഇടയാക്കിയേക്കാം. കുഞ്ഞുങ്ങൾ കുഞ്ഞുങ്ങളായി വളരട്ടെ. പുനരുണർവ് ഉണ്ടാകേണ്ടിയിരിക്കുന്നു.

സങ്കീർണതകൾ നിറഞ്ഞ മനുഷ്യജീവിതം തൂലികത്തുമ്പിൽ ആവാഹിച്ച്, പ്രജ്ഞയിൽ പ്രതിഷ്ഠിച്ച മലയാളത്തിൻ്റെ പ്രിയ കവി വൈലോപ്പിള്ളി ശ്രീധരമേനോൻ്റെ വാഗ് വൈഭവത്തിൻ്റെ ഈരടികൾ താളപ്പെരുക്കത്തോടെ മനസ്സിൻ്റെ കോണിൽ നിറയുന്നുണ്ട്.

“വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ.'”

സ്നേഹത്തോടെ
റീന സാറാ.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!