January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ശുഭപ്രതീക്ഷയോടെ കാത്തിരിക്കുക


റീന സാറാ വർഗീസ്

കഴിഞ്ഞദിവസം സാമൂഹിക മാധ്യമത്തിൽ വളരെ സന്തോഷകരമാണെന്ന രീതിയിൽ ജീവിതം നയിച്ചിരുന്ന ദമ്പതികൾ, സ്വന്തം കുഞ്ഞിനെ കൂടി മരണത്തിലേക്ക് തള്ളി വിട്ട് സ്വയം മരണം വരിച്ചത് എന്തിനെന്ന് ആർക്കുമറിയില്ല.

ഇത്തരം വാർത്തകൾ നൊമ്പരപ്പെടുത്തുന്നുണ്ട്. പലപ്രാവശ്യം എഴുതിയിട്ടുള്ളതാണ്. പ്രവാസി ആയിരുന്ന ആ വ്യക്തി ജോലി നഷ്ടപ്പെട്ടതു കൊണ്ടാവാം അങ്ങനെ ചെയ്തതെന്ന് ചിലർ പറയുന്നു.

ഓരോരുത്തർക്കും അവരവരുടെ വീടിനെപ്പറ്റി സ്വപ്നങ്ങൾ ഉണ്ടാകും. ഒരു വീട് പണിത് ഉയർത്തുക എന്നുവച്ചാൽ അത് വെറുമൊരു കോൺക്രീറ്റ് കെട്ടിടം മാത്രമല്ല. വിയർപ്പിന്റെയും അധ്വാനത്തിൻ്റെയും ബാക്കിപത്രം കൂടിയാണ്.

മുന്തിയ ഇനം കാറും, അകത്തളങ്ങളെ അലങ്കരിക്കുന്ന ഫർണിച്ചറുകളും മാത്രമല്ല അവിടെ ഉണ്ടാകേണ്ടത്. പരസ്പരബഹുമാനം കൂടിയാണ്. അങ്ങനെ വരുമ്പോൾ വാക്കു തർക്കങ്ങൾ തീർച്ചയായും ഒഴിവാകും. വീടിൻ്റെ തറക്കല്ല് ഒരിക്കലും സ്നേഹരാഹിത്യം ആകരുത്. സ്നേഹമായിരിക്കണം വീടിൻ്റെ അടിത്തറ. ഒരോ വീടും എല്ലാം തുറന്നു പറയാൻ പറ്റുന്ന കുമ്പസാര കൂടുകളാകണം.

ആത്മാഹുതികളുടെ ഭയാനകമായ അവസ്ഥയിലൂടെയാണ് ഇന്ന് ദൈവത്തിൻ്റെ സ്വന്തം നാട് കടന്നു പോകുന്നത്.

ഒത്തുപിടിച്ചാൽ മലയും പോരും എന്ന പഴമൊഴി നമ്മോട് പറഞ്ഞുവയ്ക്കുന്നത് പ്രശ്നങ്ങളെന്തും അടുപ്പമുള്ളവരോട് തുറന്നു പറയുക. തളർത്താൻ ആളുണ്ടാവും താങ്ങാൻ ആളുകൾ വളരെ കുറവാണ് എന്നുള്ളത് മനസ്സിലാക്കുക.

താങ്ങാനുള്ള ആ ചുരുക്കം ചിലരോട് ധൈര്യമായി പ്രശ്നങ്ങൾ തുറന്നു പറയാനുള്ള വൈമുഖ്യം കാട്ടുന്നത് എന്തിനാണ്.

ജോലിയിടങ്ങളിൽ, സമൂഹത്തിൽ പലപ്പോഴും തലതാഴ്ത്തി നിൽക്കേണ്ടതായി വരാം. അവിടെ തളരാതിരിക്കുക. സ്വയം സ്നേഹിക്കുക.

എപ്പോഴാണ് ഒരാൾക്ക് മറ്റൊരാൾ അനഭിമതനാകുന്നത്. അയാളുടെ ആജ്ഞാനുവർത്തിയായി പ്രവർത്തിക്കാതിരിക്കുന്നിടത്താണ്. സത്യം മാത്രമേ വിജയിച്ച ചരിത്രം ഉള്ളൂ. ശരിയായ നിലപാടുകളിൽ ആർജ്ജവമുള്ളവരായിരിക്കുമ്പോൾ ഒരു ഞൊടി നേരം തലതാഴ്ത്തി നിൽക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ അതു് ഗൗനിക്കേണ്ടതില്ല.

ആത്മാഭിമാനം പണയം വയ്ക്കാത്തിടത്തോളം നാളെ എന്നൊന്നുണ്ടെങ്കിൽ തലയുയർത്തി നിൽക്കുക തന്നെ ചെയ്യാം. തത്വചിന്തകൾ പറയാൻ എളുപ്പമാണ്. പക്ഷേ അത് പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടാണ് എന്നുള്ളത് വാസ്തവം.

സ്വാസ്ഥ്യം നശിപ്പിക്കുന്നതിനെ ശ്രദ്ധിക്കാതിരിക്കുക. മറികടക്കണം. ഒരു ദിവസം കൊണ്ട് ലോകം അവസാനിക്കുന്നില്ല. ഇരുണ്ടും വെളുത്തുമാണ് ദിനങ്ങൾ കടന്നുപോകുന്നത്. അധീശത്വ മനോഭാവത്തോടെ പ്രവർത്തിക്കുന്നവർക്ക് ഒരിക്കൽ വിധേയത്വം പുലർത്തേണ്ടി വരും. മനുഷ്യ ജീവിതം അങ്ങനെയാണ്.

അജയ്യരാണെന്നു കരുതി ജീവിതം നയിച്ച പല ചരിത്ര പുരുഷന്മാരും അതു് നമ്മോട് പറയുന്നുണ്ട്. ലോകം മുഴുവൻ തൻ്റെ കാൽച്ചുവട്ടിലാക്കാമെന്ന് വ്യാമോഹിച്ച മഹാനായ അലക്സാണ്ടർ ചക്രവർത്തി
കേവലമൊരു കൊതുകിന്റെ കടിയേറ്റാണ് മരണാസന്നനായത്.

ഈ ലോകം വിട്ടു പോകുമ്പോൾ യാതൊന്നും കൊണ്ടുപോകുന്നില്ലയെന്നു കാണിച്ചുകൊടുത്ത് ഇരുകൈകളും ശവപ്പെട്ടിയുടെ പുറത്തേക്കിട്ടാണ് വിടപറഞ്ഞത്. ക്ഷണഭംഗുര ജീവിതത്തിൽ അഹങ്കരിക്കാൻ ഒന്നുമില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ്.

പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട് അഹങ്കരിച്ചാൽ മുഖം കരിയുമെന്ന്.

പ്രതിസന്ധികളിൽ തളരാതെ, പ്രശ്നങ്ങളെ ധീരതയോടെ തരണം ചെയ്ത്, നേരിന്റെ കൂടെ നിൽക്കുമ്പോൾ ജീവിതം ധന്യമായി. കാരണം നാളെ എന്നുള്ളത് ശുഭപ്രതീക്ഷയാണ്. അതു നമ്മെ കാത്തിരിക്കുന്നുണ്ട് എന്ന വിശ്വാസം അരക്കിട്ടുറപ്പിക്കുക.

നിറഞ്ഞ സ്നേഹത്തോടെ
റീന സാറാ.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!