റീന സാറാ വർഗീസ്
കേരളത്തിൻ്റെ തെക്കേയറ്റത്തു നിന്നു് വടക്കേയറ്റം വരെ ഒരോ പ്രദേശത്തെയും മലയാള മൊഴികൾ ഭിന്നമാണ്. ഒരാളുടെ സംസാരശൈലി കേൾക്കുമ്പോൾ തന്നെ മനസ്സിലാകും അയാൾ ഏതു നാട്ടുകാരനാണെന്ന്.
കേരളത്തിലെ തെക്കൻ ജില്ലയിലെ ഗ്രാമത്തിൽ നിന്ന്, വടക്കൻ ജില്ലയിലയിലേക്ക് താമസം മാറിയപ്പോൾ പ്രാദേശിക ഭാഷക്ക് ഏറെ വ്യത്യസമുണ്ടായിരുന്നു. അത്തരത്തിൽ അനുഭവവേദ്യമായ ചില പ്രാദേശിക ഭാഷാശൈലികൾ പങ്കുവയ്ക്കുന്നു.
“എന്തുവാ” അല്ലെങ്കിൽ “എന്തവാ” എന്നാണ് അവിടെ പറഞ്ഞിരുന്നത് എങ്കിൽ ഇവിടെ “എന്നതാ” എന്നാണ് പറയാറ്.
“അയ്യത്ത് പോച്ച പറിക്കുകയാണോ?” എന്ന് അവിടെ ചോദിച്ചാൽ ഇവിടെ “പറമ്പിൽ പുല്ലു പറിക്കുകയാണോ”? എന്നു മാറും”.
അവിടെ, “മോൾക്ക് ജോലിയായോ?”
“മോനു ജോലി കിട്ടിയോ”? എന്ന ചോദ്യം
ഇവിടെ “പെണ്ണിന് ജോലിയായോ”?
“ചെറുക്കന് ജോലി കിട്ടിയോ?”
കൊച്ചുകുട്ടികളെ ഇവിടെ സ്നേഹപൂർവ്വം “കൊച്ചിക്കാ, കൊച്ചേ” എന്നു വിളിക്കുന്നു.
അവിടെ “ആന്നോ” എന്നതിന് ഇവിടെ “ഉവ്വോ” എന്ന് മാറുന്നു.
“നീ ഇതുവരെ ഒരുങ്ങിയില്ലേ”?
എന്ന ചോദ്യം “നീ ഇതുവരെ യാത്രയായില്ലേ?” എന്നതായി മാറുന്നു.
“പെടുക്കാൻ പോവുക”എന്നാണ് അവിടെ പറഞ്ഞിരുന്നത് എങ്കിൽ ഇവിടെ മൂത്രമൊഴിക്കാൻ പോവുക എന്നു പറയുന്നു.
അവിടെ “അമ്മച്ചി,അപ്പച്ചൻ അമ്മൂമ്മ, അപ്പുപ്പൻ” എന്ന് വയോധികരെ വിളിക്കുമ്പോൾ ഇവിടെ, “വല്യപ്പൻ, വല്യമ്മ” എന്നു വിളിക്കുന്നു.
“ആറ്റിൽ കുളിക്കാൻ പോകാം” എന്നത് ഇവിടെ എത്തുമ്പോൾ, “പുഴയിൽ കുളിക്കാൻ പോകാം”
എന്നു മാറുന്നു.
“അച്ചാച്ചൻ, അമ്മാമ്മ,” എന്ന് മുതിർന്നവരെ ബഹുമാനപൂർവ്വം അവിടെ വിളിക്കുമ്പോൾ, ഇവിടെ “ചേട്ടായി, ചേട്ടൻ, ചേച്ചി” എന്നു വിളിക്കുന്നു.
“അങ്ങേറാത്ത്” എന്ന് അവിടെ പറയുമ്പോൾ ഇവിടെ അയലോക്കത്ത് എന്ന് പറയുന്നു.
“ഓ .. എനിക്ക് തീരെ വയ്യാ” “ഓ”.. എന്ന അവിടെയുള്ള സ്ഥിരം ശൈലി ഇവിടെയെത്തുമ്പോൾ അപ്രത്യക്ഷമായി “എനിക്ക് പാടില്ല” എന്നതായി മാറുന്നു.
പിതാവിൻ്റെ സഹോദരിയെ “മാവി”എന്ന് അവിടെ വിളിക്കുമ്പോൾ ഇവിടെ “അമ്മായി” എന്നു വിളിക്കും.
“അറിഞ്ഞില്ലിയോ”? എന്ന ചോദ്യം ഇവിടെ “അറിയില്ലേ?” എന്നു ചോദിക്കുന്നു. അവിടുത്തെ “ഇല്ലിയോ, അല്ലിയോ” ഇവിടെ “ഇല്ലേ? അല്ലേ?”.
“പൂച്ചയെ കണ്ടോ?” എന്ന് അവിടെ ചോദിച്ചാൽ ഇവിടെ “പൂച്ചേനെ കണ്ടോ?”എന്നു ചോദിക്കുന്നു.
“മാങ്ങാ താഴെ വീണു” എന്ന് അവിടെ പറയുമ്പോൾ ഇവിടെ “മാങ്ങ താഴെച്ചാടി” എന്ന് പറയുന്നു.
അവിടെ “അവൻ മാവേൽ കേറി” എന്നത് ഇവിടെ എത്തുമ്പോൾ “അവൻ മാത്തേൽ കയറി” എന്നു മാറുന്നു.
“മോൾക്ക്, മോന് സുഖമല്ലിയോ?” അവിടെനിന്ന് ഇവിടെയെത്തുമ്പോൾ “പുള്ളക്ക് സുഖമല്ലേ?” എന്നു് ചോദിക്കും.
“പോകുവാ, വരുവാ” എന്ന് അവിടെ പറയുമ്പോൾ ഇവിടെ “പോവാട്ടോ വരുവാട്ടോ” എന്നു മാറുന്നു.
ക്രിസ്ത്യൻ കുടുംബങ്ങളിൽ കല്യാണത്തിന് ശേഷം ഭർത്താക്കൻമാരെ ഭാര്യമാർ “അച്ചായൻ” എന്ന് വിളിക്കുമ്പോൾ ഇവിടെ “ചേട്ടൻ, ചേട്ടായി” എന്നു വിളിക്കുന്നു.
“തേങ്ങ തിരുമ്മുന്നു” എന്ന് അവിടെ പറയുമ്പോൾ ഇവിടെ “തേങ്ങ ചിരണ്ടുന്നു”എന്നു മാറും.
അടുപ്പിൻ തിണ്ണക്ക് അവിടെ “പാതകം” എന്ന് പറയുമ്പോൾ
ഇവിടെ “അടുപ്പും കര” എന്ന് പറയുന്നു.
അവിടുത്തെ “എരിത്തിൽ” ഇവിടെയെത്തുമ്പോൾ പശുത്തൊഴുത്തായി മാറുന്നു.
ഓർമയിൽ തെളിഞ്ഞത് ഇത്രമാത്രം. സ്വരോച്ചാരണത്തിൽ വ്യത്യാസം ഉണ്ട് എങ്കിലും, വരമൊഴിയിൽ മാതൃഭാഷ ഏകീഭവിക്കുന്നു .
സ്നേഹത്തോടെ
റീനാ സാറാ.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ