January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സംഗീതം നൽകുന്ന ഊർജ്ജം

റീന സാറാ വർഗീസ്


ഒരു മൂളിപ്പാട്ട് പാടാത്തവരായി ആരുമുണ്ടാകില്ല. ദേശഭാഷയുടെ അതിർവരമ്പുകൾ കടന്ന്, സംഗീതം നൽകുന്ന ഊർജ്ജം അത്ര വലുതാണ്.

ചെറിയ കുട്ടികൾ, നേഴ്സറി വിദ്യാലയത്തിൽ പ്രാഥമികവിദ്യാഭ്യാസം ആരംഭിക്കുന്നത്, ലഘു കവിതകളിൽ കൂടിയാണ്. വലുപ്പചെറുപ്പ ഭേദമെന്യേ ഏവരുടെയും ഹൃദയത്തിൽ അത്രമേൽ ആഴ്ന്നിറങ്ങുന്നു സംഗീതം.

ഏകാന്ത ഇടങ്ങളിൽ, ഡ്രൈവ് ചെയ്യുമ്പോൾ, അടുക്കളയിൽ പാചകം ചെയ്യുമ്പോൾ, ഉറങ്ങുന്നതിനു മുൻപ്, പൊതുസ്ഥലത്ത് ആയാൽ പോലും ഈണങ്ങളുടെ മാസ്മരികത നമ്മെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകും!!

അതു് ചിലപ്പോൾ ഓർമകൾ, ഗന്ധങ്ങൾ, രുചികൾ മാത്രമല്ല ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന മറ്റെന്തെങ്കിലും ആകാം.

സംഗീതം ഓർമകളുടെ വർണ്ണ വസന്തമാണ്!! എത്രയോ മനോഹര ഗാനങ്ങൾ കഴിഞ്ഞ കാലങ്ങളിലേക്ക് ഇന്നും കൈപിടിച്ചു കൂട്ടിക്കൊണ്ടു പോകുന്നുണ്ട്.

രാഗതാള സമന്വയങ്ങളോടെ കാതോരത്തു നിന്നു്, മനസ്സിൻ്റെ ഉള്ളറകളിലേക്ക് ഇറങ്ങിവന്ന്, വേദനയുടെ തീജ്വാല അണയ്ക്കാൻ എത്ര നിസാരമായി സംഗീതത്തിന് കഴിയുന്നു!!!

പാട്ടുപാടുന്നവരോട് ഇഷ്ടം കലർന്ന ഒരു അസൂയ ഉണ്ട് എന്നുള്ളത് മറച്ചുവയ്ക്കുന്നില്ല. കാരണം അങ്ങനെ ഒരു കഴിവ് ഇല്ലാത്തതുകൊണ്ടു് തന്നെ.

ഗായകനോ, ഗായികയോ ആകാൻ എല്ലാവർക്കും സാധിക്കില്ല. ജന്മസിദ്ധമായി ഈശ്വരൻ നൽകുന്ന അനുഗ്രഹമാണ് സ്വരമാധുര്യം. അതുകൊണ്ടുതന്നെയാണ് സംഗീതം ദൈവികമാണെന്ന് പറയുന്നതും.

അടുക്കും ചിട്ടയുമാർന്ന ഈണത്തിൽ നമ്മെ തേടിയെത്തുന്ന ഗാനങ്ങൾക്കു പുറകിൽ, അതിനു പിന്നിൽ പ്രവർത്തിക്കുന്ന എത്രയോ പേരുടെ, നാളുകളായുള്ള കഠിനാധ്വാനം ഉണ്ട്. അത്രയും കൃത്യതയോടെ ഹൃദയഹാരിയായി, ചിന്തകളെ ആനന്ദത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്നു സംഗീതം.

സ്വരമാധുര്യം മറ്റുള്ളവർക്കായി പകർന്നുകൊടുക്കുന്ന ഗായകരേ, നിങ്ങൾക്ക് ഹൃദയത്തിൽ നിന്നു് സ്നേഹവന്ദനം.

സ്നേഹത്തോടെ
റീന സാറാ.

.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!