റീന സാറാ വർഗീസ്
അവധിക്കാലം ആഘോഷമാക്കിയിരുന്ന ഒരു കാലത്തു നിന്ന് തെന്നിത്തെറിച്ച് ഇന്ന് എത്തിനിൽക്കുന്നത് നിശ്ശബ്ദത ചേക്കേറിയ മൈക്രോ കുടുംബങ്ങളിലേക്കാണെന്ന് എഴുതാതെ വയ്യ.
ഭൂരിഭാഗം വീടകങ്ങളും മധ്യവയ്സകരും എഴുപതുകൾ പിന്നിട്ടവരും മാത്രമായി ഒതുങ്ങിയിരിക്കുന്നു. നാട്ടിടവഴികളെ മുഖരിതമാക്കിയിരുന്ന അക്കാലം എവിടേയ്ക്കാണ് മറഞ്ഞതെന്ന് സ്വയംചോദ്യത്തിന് ഉത്തരം മുട്ടിയിരുന്നപ്പോൾ ഒരു കൈയിൽ വടി ഊന്നി എല്ലാ മക്കളും വിദേശത്തായ ബന്ധുവായ അമ്മച്ചി ചായയും പലഹാരങ്ങളും തീൻമേശയിൽ സ്നേഹപൂർവം കഴിക്കാൻ നിർബന്ധിച്ചു കൊണ്ടിരുന്നു. ഒരോ സന്ദർശന വേളയിലും മൊട്ടിട്ടപുഞ്ചിരി ചിരി പൂക്കാതെ മുന്തിയ കോൺക്രീറ്റ് ചുവരുകൾക്കുള്ളിൽ തന്നെ പൊഴിഞ്ഞുവീണു. ഗേറ്റ് കടന്നു പുറത്തുവരുമ്പോൾ അടുത്ത ഇടത്തെങ്കിലും ബാല്യവും യൗവനവും കൗമാരവും കാണാമെന്ന പ്രതീക്ഷയോടെ.
പക്ഷേ നിരാശ തളംകെട്ടിയ നിശ്വാസങ്ങൾ ഗ്രാമങ്ങളെയും വിഴുങ്ങിയിരിക്കുന്നു എന്നത് മുറിവുകൾ സമ്മാനിച്ചു കൊണ്ടേയിരുന്നു. തീർത്തും അപരിചിതമായ ഒരിടത്തേക്ക് യാത്ര നടത്തിയതു പോലെ. വിജനവും അനാഥവുമായ മുന്തിയ കെട്ടിടങ്ങൾ എന്തോ പറയാൻ വെമ്പുന്നതുപോലെ.
ദൈവത്തിൻ്റെ സ്വന്തം നാട്ടിലെ പഴയതറവാടുകൾ പലതും വള്ളിച്ചെടികളും കുറ്റിക്കാടുകളും നിറഞ്ഞ് ഉരഗങ്ങൾ സ്വൈര്യവിഹാരം നടത്തുന്ന ഇടങ്ങളായി മാറിയിരിക്കുന്നു. തൊഴുത്തുകളിൽ നാൽക്കാലികൾ ഇല്ലാതായിരിക്കുന്നു. പൂത്തു നിന്നിരുന്ന പാടങ്ങൾ അന്യമായി കൊണ്ടിരിക്കുന്നു.
ഭയാശങ്ക നിറഞ്ഞ കനത്ത നിശ്ശബ്ദതയിൽ നാളെ ഞാനും അകപ്പെട്ടേക്കാം എന്ന ചിന്തയിൽ നടുങ്ങിയാണ് ഇത്തവണ വിമാനം കയറിയത്. അങ്ങനെ ആകാതിരിക്കട്ടെ എന്ന പ്രത്യാശയോടെ നാളെക്കായി കാത്തിരിക്കാം.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ