ജോബിബേബി,നഴ്‌സ്,കുവൈറ്റ്
ഓണം എന്നും ഓര്‍മ്മകളുടെ പ്രളയം ആണ് ഓരോ പ്രവാസിക്കും.ഒരിക്കലും മറവിയിലേക്കുപോകാതെ തിരിച്ചെത്തുന്നുണ്ട് ഓര്‍മ്മകള്‍ ഓരോ ഓണക്കാലത്തും.ഈ മണലാരണ്യത്തിലെ ചുട്ടുപൊള്ളുന്ന വേനലിലും കുളിരുള്ള ഓർമ്മകൾ നിറയ്ക്കുന്ന അനുഭൂതിയാണ് അവയൊക്കെയും.മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഓണം നാട്ടിലുള്ളവരെക്കാളും ഗംഭീരമായി ആഘോഷിക്കുന്നവരാണ് പ്രവാസികൾ. ചിങ്ങമാസത്തിലെ അത്തം തൊട്ടു തിരുവോണം വരെ പൂക്കളം ഇട്ടും തിരുവോണനാളിൽ കുടുംബാംഗങ്ങൾ തറവാട്ടിൽ ഒത്തുചേർന്നും ഓണസദ്യ ഒരുക്കിയും കേരളക്കരയാകെ ഓണം കൊണ്ടാടുമ്പോൾ പ്രവാസികൾക്കു ഇത് നാല്അ ഞ്ചു മാസത്തോളം നീണ്ടു നിൽക്കുന്ന ആഘോഷമാണ്.വിവിധ മലയാളി സൗഹൃദ കൂട്ടായ്മകൾ പൊതു അവധി ദിവസങ്ങളിൽ മാത്രം നടത്തുന്ന ഒരു ആഘോഷം.നാട്ടിലെ ഓണത്തിന്റെ അതേ പ്രതീതി പരമാവധി പ്രവാസ ലോകത്തു കൊണ്ടുവരാൻ ശ്രമിക്കുന്ന ഒത്തുചേരലുകൾ ആണിവ.പുതിയ സൗഹൃദങ്ങൾ കണ്ടെത്താനും ഓരോ വ്യക്തികൾക്കും ഇതുവഴി സാധിക്കുന്നു.
‘കാണം വിറ്റും ഓണം ഉണ്ണണം’എന്ന പഴംചൊല്ല് അന്വർഥമാക്കുന്നതാണ് ഇവിടുത്തെ ഓണസദ്യകൾ. നാടൻ പച്ചക്കറികൾ സുലഭമായതിനാൽ അവിയൽ, സാമ്പാർ, കാളൻ, ഓലൻ, കൂട്ടുകറി, ഉപ്പേരി,പായസം തുടങ്ങിയ നൂറു കൂട്ടം വിഭവങ്ങൾ ഓണസദ്യകളിൽ സാധാരണമാണ്. വാഴയില കിട്ടാറുണ്ടെങ്കിലും ചില സമയങ്ങളിൽ പ്ലാസ്റ്റിക് വാഴയിലയിൽ സദ്യ വിളമ്പേണ്ടി വരാറുണ്ട്.ഓരോ സ്ത്രീകളും ഓരോ വിഭവങ്ങൾ ഉണ്ടാക്കി കൊണ്ടുവന്നു നടത്തുന്ന സദ്യകളും കുടുംബ സംഗമങ്ങളിൽ വിരളമല്ല.മറ്റു ദേശക്കാർക്ക് കേരളത്തിന്റെ തനത് രുചി അറിയാൻ തിരുവോണ നാളിൽ മലയാളി ഹോട്ടലുകളിൽ വരെ ഓണസദ്യ ലഭ്യമാണിവിടെ.
വിളവെടുപ്പിന്റെയും വ്യാപാരത്തിന്റെയും സമയം തന്നെയാണ് ഇങ്ങു അറബിനാട്ടിലും ഓണക്കാലം.പൂക്കളുടെയും പച്ചക്കറികളുടെയും വസ്ത്രങ്ങളുടേയും കച്ചവടം കേമമായി നടക്കുന്ന സമയം. പരമ്പരാഗത രീതിയിൽ അല്ലെങ്കിൽ പോലും ഇവിടുത്തെ മലയാളികളും ഓണക്കോടിയൊക്കെ ഉടുത്തു പൂക്കളം ഒരുക്കാറുണ്ട്. പൂക്കളുടെ ഉത്സവമായ ഓണത്തിന് പ്രവാസി കൂട്ടായ്മകൾ പൂക്കളമത്സരങ്ങൾ നടത്തുന്നതുകൊണ്ട് പ്രവാസികൾ ആവേശപൂർവ്വം മനോഹരമായ പൂക്കളങ്ങൾ ഒരുക്കുന്നു.നാട്ടിലെ പോലെത്തന്നെ പ്രവാസികൾക്കും ഓണാഘോഷ പരിപാടികൾ കേമം ആണ്.കുട്ടികൾക്കും മുതിർന്നവർക്കും അനവധി കലാപരിപാടികൾ ഇവിടെ സംഘടിപ്പിക്കാറുണ്ട്.പുലി വേഷം കെട്ടിയവരും ഓലക്കുട പിടിച്ച മഹാബലിയും ഇത്തരം ആഘോഷങ്ങളിലെ പതിവു കാഴ്ചയാണ്.ഈ മലയാളി കൂട്ടായ്മകൾക്ക് നാട്ടിൽ നടത്താറുള്ള എല്ലാ മത്സരങ്ങളും നടത്താൻ കഴിയാറില്ലെങ്കിലും തിരുവാതിരയും ഓണപ്പാട്ടുകളും വടം വലിയും തീർച്ചയായും ഉൾപ്പെടുത്താറുണ്ട്.
നന്മയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സമത്വത്തിന്റെയും അടിസ്ഥാന സന്ദേശമാണ് ഓണം. ഈ ആഘോഷങ്ങളിലൂടെ ഓരോ പ്രവാസി മലയാളിയ്ക്കും പല ദേശക്കാർക്കിടയിൽ ഈയൊരു സന്ദേശം പരത്താൻ സാധിക്കുന്നുണ്ട്. നാടിന്റെ പച്ചപ്പും കേരളത്തനിമയും ഇഷ്ടപ്പെടുന്ന എന്നെപ്പോലെയുള്ള ഓരോ പ്രവാസിയുടെ മക്കളോടും ‘നിങ്ങളുടെ പ്രിയപ്പെട്ട ആഘോഷ’ത്തെക്കുറിച്ചു പഠിച്ചു വന്നു പറയാൻ വിദ്യാലയങ്ങളിൽ നിന്ന് പറഞ്ഞു വിടുമ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ ആവേശപൂർവ്വം പഠിപ്പിച്ചു വിടാറുണ്ട് ‘ഓണ”ത്തെപ്പറ്റി.ഇവിടെ വളരുന്ന കുഞ്ഞുങ്ങൾക്ക് ബോധപൂർവ്വം നമ്മൾ സൃഷ്ടിക്കേണ്ട ഒരു അനുഭവമാണ് ‘ഓണം’.
ഇപ്പോള്‍ ഇതാ വീണ്ടും ഒരു ഓണം വന്നെത്തിയിരിക്കുന്നു.തിരിച്ചുകിട്ടാത്ത ഒത്തിരി നന്മകള്‍ ഉള്ള ആ കാലത്തേക്ക് ഓര്‍മ്മയില്‍കൂടി പോലും ഒരു തിരിച്ചുപോക്ക് ഒരു ഭാഗ്യമാണെന്റെ തലമുറയില്‍ ഉള്ളവര്‍ക്ക്.അങ്ങനെ ഒരു ബാല്യം ഇല്ലാത്തവര്‍ ആണ് പ്രവാസികള്‍ ആയ നമ്മുടെ മക്കള്‍.ജാതിയും മതവും ഞാനെന്ന ഭാവവും ഇല്ലാതെ മനസ് നിറയെ സ്‌നേഹം മാത്രമായി കൈകോര്‍ത്ത് നില്‍ക്കുന്ന ആ ബാല്യകാലം തുറന്ന മനസിന്റെ വാതിലുകളില്‍ പുഞ്ചിരിയുടെ മന്ത്രവുമായിച്ചേര്‍ന്നുണ്ണുന്ന ഒരു ഓണസദ്യ…എല്ലാ മനുഷ്യരും ഒന്നു പോലെ ആകുന്ന,കള്ളവും ചതിയും എള്ളോളമില്ലാത്ത ഒരു മാവേലി നാട് എന്നത് എന്നുമൊരു സങ്കല്‍പ്പം മാത്രം ആയിരിക്കുമെങ്കിലും ഓണക്കാലത്തിന്റെ മഹത്വവും നന്മയും വരും തലമുറകള്‍ക്കു കൂടി പകര്‍ന്നു കൊടുക്കാന്‍ നമുക്കു ശ്രമിയ്ക്കാം.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ