January 17, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഓർമ്മകൾ ബാക്കിയാക്കി ഓണം കടന്ന് പോകുമ്പോൾ

ജോബി ബേബി, നഴ്‌സ്‌, കുവൈറ്റ്

വറുതിയുടെയും ആധിവ്യാധികളുടെയും കറുത്ത നാളുകൾക്ക് ശേഷം സമൃദ്ധിയുടെയും സന്തോഷത്തിന്റേയും വെയിൽ തെളിയുന്നൊരോണക്കാലം വീണ്ടും സമാഗതമായിരിക്കുന്നു. മണ്ണും വിണ്ണും പ്രകൃതിയും മനുഷ്യനും ആഘോഷത്തിമിർപ്പിൽ ആറാടുന്ന പൊന്നോണക്കാലം!പ്രവാസ ലോകത്തിരുന്ന് ഓണത്തെപ്പറ്റി ചിന്തിക്കുമ്പോൾ എന്റെ മനസ്സിലേക്ക് കുട്ടിക്കാലത്തെ ഗൃഹാതുരമുണർത്തുന്ന ഒരു പാട് ഗതകാലസ്മരണകൾ കടന്ന് വരാറുണ്ട്.അവയിൽ പലതും ഇന്നും ഓർമ്മയിൽ മായാതെ നിലനിൽക്കുന്നു.തിരുമുറിയാതെ പെയ്തൊഴിഞ്ഞ തിരുവാതിരയും കണ്ണുമിഴിക്കാത്ത കർക്കിടവും കഴിഞ്ഞു നിറകതിരുകളാൽ സമൃദ്ധിയുടെ തിരിനാളങ്ങൾ തെളിയിക്കുന്ന നെൽപ്പാടങ്ങൾ,മഴത്തുള്ളികളിൽ വെയിൽ ചാലിച്ച് മഴവില്ലിൽ വർണ്ണ വിസ്മയം തീർക്കുന്ന ചിങ്ങമാസ സൂര്യൻ,കുങ്കുമം പൂശിയ ആകാശച്ചെരുവിൽ ആനയുടെയും സിംഹത്തിന്റേയും മാനിന്റെയും മുയലിന്റേയുമൊക്കെ രൂപങ്ങൾ മെനഞ്ഞും കേളികളാടുന്ന അന്തിമേഘങ്ങൾ,വെൺമേഘങ്ങളെ വകഞ്ഞുമാറ്റി,മാനത്തെ പൂപൊയ്കയിൽ ഓണത്തോണി തുഴയുന്ന അമ്പിളിക്കല,പൂത്ത്‌ തളിർത്ത്‌ ത്രസിക്കുന്ന പ്രകൃതി,മഞ്ഞക്കോളാമ്പിയും തെച്ചിയും പൂത്തുലയുന്ന കയ്യാലകൾ,അതിരാണിയും കട്ടെള്ളും പൂക്കണിയൊരുക്കിയ തോട്ടിറമ്പ്‌,കാക്കപ്പൂവും കൃഷ്‌ണപൂവും ചെറുകോളാമ്പിയും കണ്ണാന്തളിയും നിറന്നുപൂത്ത്‌ മനം കവരുന്ന കുന്നിൻപുറം,മുക്കുറ്റിയും പൂവാംകുറുന്നിലയും,മുയൽചെവിയനും,മടുക്കയും പൂത്തുല്ലസിക്കുന്ന വെളിംപറമ്പുകൾ,കൃഷ്ണകിരീടം ചൂടിയ പാതയോരങ്ങൾ,പൂക്കണ്ടലും ചുള്ളിയും പുഴമുല്ലയും പൂത്തുലയുന്ന കണ്ടൽക്കാടുകൾ,ആമ്പലും താമരയും കൃഷ്ണകേസരവും പൂത്ത്‌ സുഗന്ധം പൊഴിക്കുന്ന നീർത്തടങ്ങൾ,നെല്ലിപ്പൂവും പുല്ലരിപ്പൂവും കരിംകൂവളവും പൂക്കുന്ന വയൽപ്പരപ്പുകൾ.

പുലർവെയിലിൽ രക്തനകിരീടങ്ങൾ അണിയുന്ന പുൽപ്പരപ്പുകൾ,മാനം കണ്ണാടിനോക്കുന്ന പാറക്കുളങ്ങൾ,പരൽ മീനുകൾ നീന്തിത്തുടിക്കുന്ന തെളിനീർത്തോടുകൾ.മത്തനും,കുമ്പളവും,പാവലും പടവലവും നരമ്പനും പടർന്ന് നന്മകൾ വിളയിക്കുന്ന നാട്ടുവേലികൾ.ചേനയും ചേമ്പും മഞ്ഞളും പലതരം പച്ചക്കറികളും വളർന്ന് മുറ്റിയ പറമ്പുകൾ,അമൃത കലശങ്ങൾ പേറിനിൽക്കുന്ന കേരനിരകൾ,ഓണക്കുലകൾ കാഴ്ചവെച്ചു വിനീതനായി നിൽക്കുന്ന വാഴകൾ,നന്ത്യാർവട്ടവും ശംഖുപുഷ്പവും ചെമ്പരത്തിയും നിത്യകല്യാണിയും പൂന്തലമേന്തുന്ന വീട്ടുമുറ്റങ്ങൾ.റെയിൽപാളത്തിന്റെ സമാന്തരങ്ങൾ രണ്ടായി പകുത്ത നെൽവയലിന്റെ കനകകാന്തി.വിണ്ണിൽ വിചിത്രരൂപങ്ങൾ തീർത്ത്‌ പൂന്നെല്ലിൽ മധുരം നുകരനായി കൂട്ടത്തോടെ പറന്നെത്തുന്ന കുരുവികൾ.കാറ്റടിക്കുമ്പോൾ “ഹൂം”കാരമുയരുന്ന ടെലിഫോൺ കമ്പികളിൽ നിരയായിരുന്ന് പയ്യാരം പറയുന്ന പറവകൾ.ചന്നംപിന്നം പെയ്യുന്ന ചിങ്ങമഴ,അത്തംതൊട്ട് പത്ത്‌ ദിനം ബഹുവർണ്ണപൂക്കളങ്ങളാൽ അലംകൃതമാകുന്ന വീട്ടുമുറ്റങ്ങൾ.ഒളിമങ്ങാതെ നിൽക്കുന്ന ഓണച്ചിത്രങ്ങൾ പലതുണ്ട്.ഗൃഹാതുരതയോടെ ഓർത്തെടുക്കാനും ഓമനിക്കാനും.

ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ മനുഷ്യനെന്നോ മൃഗമെന്നോ തൃണമെന്നോ വൻശാഖിയെന്നോ വ്യത്യാസമില്ലാതെ സകലജീവജാലങ്ങളുടേതുമായിരുന്നു എന്റെ ബാല്യ കാല ഓണം. നൂറ്മേനി വിളഞ്ഞുനിൽക്കുന്ന നെൽപ്പാടം കണ്ട് മനം നിറഞ്ഞ കർഷകന്റെ ഓണം.അകം നിറഞ്ഞു അകിട് ചുരക്കുന്ന പശുക്കളുടെ ഓണം.അത്യധ്വാനം കഴിഞ്ഞു സുഖചികിത്സയുടെ ആലസ്യം നുണയുന്ന കാളകളുടെ ഓണം.വർണ്ണ ചിറകടിച്ചു പൂക്കളിൽനിന്നു പൂന്തേൻ നുകരനായി പറന്നെത്തുന്ന പൂമ്പാറ്റകളുടെ ഓണം.മൂളിപ്പാട്ടുപാടി പറന്നുനടക്കുന്ന കരിവണ്ടുകളുടെയും തേനീച്ചകളുടെയും ഓണം.ഓണത്തുമ്പികളുടെ ഓണം.പള്ളനിറച്ചു പാട്ടുപാടുന്ന പറവകളുടെ ഓണം.കാണംവിറ്റും ഊണൊരുക്കുന്ന കോരന്റെ ഓണം.അലയടങ്ങിയ കടലിൽ ചാകര കോരിയെടുക്കാൻ വഞ്ചി തുഴയുന്ന കടലിന്റെ മക്കളുടെ ഓണം. 

കൂടാതെ എന്റെ കുട്ടിക്കാലത്തു ഓണം എന്നത്‌ സ്വാതന്ത്ര്യത്തിന്റെ കാലം കൂടിയായിരുന്നു.പരീക്ഷാ ചൂടിൽനിന്നും മാറി ചിങ്ങവെയിലിൽ കൂട്ടുകാരുമൊത്തു കളിച്ചു തിമർക്കാം,വീട്ടിൽ നിന്നും പത്തു ദിവസം പൂർണ്ണ സ്വാതന്ത്ര്യമാണ് .ഒരു വലിയ യുദ്ധം ജയിച്ച സംതൃപ്തി.നീർചാലുകളിൽ തോർത്തു മുണ്ട് കൊണ്ട് പരൽ മീനുകളെപിടിക്കാം,അമ്പലക്കുളത്തിൽ ദിവസേന രണ്ടും മൂന്നൂം തവണ നീന്തിത്തുടിക്കാം,കുന്നിൻ പുറത്തും പാടവരമ്പുകളിലും ആറ്റിൻകരയിലും വെളിമ്പറമ്പുകളിലും പൂക്കൾ തേടിയലയാം,തെച്ചിപ്പഴവും മുള്ളിൻപഴവും ആകാശമുട്ടയും കറുകച്ചക്കയും കുറുക്കൻവെള്ളരിയും പറിച്ചുതിന്നു കൊതിയൂറും മധുരവും പുളിയും ചവർപ്പും നുകരാം,ചന്നം പിന്നം മഴ നനയാം,ആർത്തലച്ച് ആരവമുയർത്തിവരുന്ന ചിങ്ങമഴയുമായി ഓട്ടമത്സരം നടത്താം.താളിലയിൽ തെളിനീർത്തുള്ളികളുടെ വെള്ളിഗോളങ്ങൾ നിറച്ച് നീർച്ചാലിൽ  ഒഴുക്കി വിടാം,തൊട്ടാവാടിച്ചെടികളെ ഇടയ്ക്കിടെ തൊട്ട് പിണക്കാം,വാഴത്തടങ്ങൾ കൊണ്ട് ചങ്ങാടമുണ്ടാക്കി തോട്ടിലൂടെ തുഴഞ്ഞു പോകാം.ചൂണ്ടലിട്ട് മീൻപിടിക്കാം,തലപ്പന്തും ഗോലിയും ചിക്കിണിയും കൊത്തം കല്ലും നക്കിവാരിയും കള്ളനും പോലീസും കളിക്കാം.ചേച്ചിമാരുടെ കൂടെ പൂക്കൾ ശേഖരിച്ചു കൊണ്ട് വന്നു മുറ്റത്തു വലിയ വലിയ പൂക്കളമിട്ട് കൂട്ടുകാരുമായി മത്സരിക്കാം,ഓണത്തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാം.ആസനം കീറിയ വള്ളിട്രൗസറും ചുമൽപിന്നിയ കുപ്പായവും മാറ്റി ഓണക്കോടിയുടെ പുതുമണം പരത്തി പത്രാസുകാണിക്കാം,വെറും വയറിനോടും അരവയറിനോടും വിടചൊല്ലി വയർനിറച്ചുണ്ണാo,ഓണമിങ്ങെത്താനായി ദിനങ്ങളെണെണ്ണിക്കാത്തിരുന്ന കുട്ടിക്കാലം:അല്ലലറിയാത്ത കാലം;ജീവിതത്തിന്റെ വസന്തകാലം!

അടുത്തതായി ഇന്നും എന്റെ നാവിൻതുമ്പിൽ മധുരിക്കുന്ന ഓർമ്മയായി നിൽക്കുന്നത് അമ്മവച്ച ഓണസദ്യയാണ്.അതിരാവിലെതന്നെ അമ്മ പൂമുഖത്ത് കളം വരച്ച് തൂശനിലയിട്ട് പലകവച്ച് ഓണത്തപ്പനെ വയ്ക്കും.അതില്‍ നിറയെ ചെത്തി പൂക്കുലകുത്തി വയ്ക്കും,നാളികേരമുടച്ച് നീരുകൊടുക്കും,വിളക്കുവച്ച് തിരി കത്തിക്കും.ഉപ്പുചേര്‍ക്കാത്ത പൂവടയും തുമ്പക്കുടവും തുളസിക്കതിരും അടിയില്‍ ഇട്ടു കുരവയിട്ട് ഓണത്തപ്പനെ വിളിയായി.അങ്ങനെ തിരുവോണമായി.അന്നേക്ക് രാവിലെതന്നെ കുളികഴിഞ്ഞു അമ്പലത്തിൽ പോയിവന്നാൽ കൂട്ടുകാരുമായുള്ള കളികൾക്ക് ശേഷം സദ്യക്കിരിക്കാം.അന്ന് പതിവിൽ നിന്നും വിഭന്നമായി അമ്മയ്ക്കുപകരം അച്ഛനാണ് സദ്യ വിളമ്പുന്നത്.പുളിഞ്ചി, കാളന്‍, ഓലന്‍, കറിനാരകത്തിന്റെ അച്ചാര്‍, തോരന്‍, അവിയല്‍, സാമ്പാര്‍, പപ്പടം, രണ്ടുതരം ഉപ്പേരി, ഗോതമ്പ് നുറുക്കിന്റെ പായസം. ഇതാണ് സദ്യ.സദ്യയ്ക്ക് ശേഷം ബന്ധുക്കളുടെ വീട്ടിൽ പോകുന്നതും പതിവായിരുന്നു.

മണ്ണിൽ നിന്നും ചന്തയിലേക്ക് ചേക്കേറിയ ഒരു കാൽപ്പനിക ഉത്സവമാണ് മലയാളിക്കിന്നു ഓണമെന്ന് പറയാതെ വയ്യ.മണ്ണിന്റെ മണത്തിനേക്കാൾ പണത്തിന്റെ തൂക്കമാണ് ഇന്ന് മലയാളികളുടെ ഓണാക്കാഴ്ചകളുടെ മാറ്റ് നിർണ്ണയിക്കുന്നത്.ഉപഭോഗ സംസ്കാരത്തെ ഇത്രയധികം നെഞ്ചിലേറ്റിയിട്ടുള്ള മലയാളിയിൽനിന്നു മറിച്ചൊന്ന് പ്രതീക്ഷിക്കാനും വയ്യ.എങ്കിലും പ്രതീക്ഷയുടെ കതിരുകൾ വിളയുന്ന,ഓണം മണ്ണിലേക്ക് തിരിച്ചെത്തുന്ന കാലത്തിനായി നമുക്ക്‌ കാത്തിരിക്കാം.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!