ജോബിബേബി,നഴ്സ്,കുവൈറ്റ്
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചു വര്‍ഷങ്ങൾ പിന്നിടുമ്പോഴും കർഷകനെ കാല്ക്കീഴിലൊതുക്കി വിഡ്ഢിവേഷം കെട്ടിച്ച് വിലപറഞ്ഞു വില്‍ക്കുന്ന രാഷ്ട്രീയ ഭരണനേതൃത്വങ്ങളുടെ ചെയ്തികള്‍ ഇന്ത്യയിലെ കര്‍ഷകനെ നെടുവീര്പ്പെടുത്തുന്ന കാഴ്ചയാണ് നാം ഇന്ന് കാണുന്നത്.ഇന്ത്യയുടെ കാര്‍ഷികസംസ്കാരത്തിന് ഊടും പാവും നേടാനായത് 1940കളിലാണ്. 1940കളിലെ ഗ്രോ മോര് ഫുഡ് പദ്ധതിയും 1950 കളിലെ ഭക്ഷ്യനാണ്യവിളകളുടെ സമഗ്ര ഉല്പാദന പദ്ധതിയുമാണ് ഇന്ത്യയുടെ കാര്‍ഷിക മുന്നേറ്റത്തിന്റെ നാഴികക്കല്ലുകള്‍. 1968ല്‍ തുടക്കംകുറിച്ച ഹരിതവിപ്ലവം കാര്‍ഷിക രംഗത്തു പുത്തന്‍ ഉണര്‍വേകി.തുടര്‍ന്നിങ്ങോട്ട് 1996ലെ എവര്‍ഗ്രീന്‍ വിപ്ലവം, മത്സ്യവും വെള്ളവും ലക്ഷ്യംവച്ച നീലവിപ്ലവം.വര്‍ധിച്ച ക്ഷീര ഉത്പാദനം വിളിച്ചറിയിച്ച വെള്ളവിപ്ലവം, ധാന്യങ്ങളുടെ വിളവ് വര്‍ധനയ്ക്കായി മഞ്ഞ വിപ്ലവം, ബയോ ടെക്നോളജി റെവല്യൂഷന്, എന്നിങ്ങനെ ഭാരത കാര്‍ഷിക മേഖലയിന്ന് ഐ.സി.ടി. വിപ്ലവത്തിലൂടെ സഞ്ചരിക്കുന്നു.
നേട്ടങ്ങള്‍ ഒട്ടേറെ അവകാശപ്പെടുന്നുണ്ടെങ്കിലും കാര്‍ഷികമേഖലയുടെ സമഗ്രവളര്‍ച്ചയ്ക്കും കര്‍ഷകരുടെ നിലനില്‍പ്പിനും പുരോഗതിക്കും ഈ വിപ്ലവങ്ങള്ക്കായോ എന്നു വിലയിരുത്താന്‍ ആരും തയാറാകുന്നില്ല. ആഗോളകാര്‍ഷിക മേഖലയിലെ വളര്‍ച്ചയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യ വളരെ പിന്നിലാണെന്നുള്ളതാണ് വാസ്തവം.കര്‍ഷക ആത്മഹത്യയുടെ കണക്കുകള്‍ വാക്കുകളിലും വരയിലും ഒതുങ്ങുന്നതല്ല.”ജയ് ജവാന് ജയ് കിസാന്‍” എന്നു വിളിച്ചുപറഞ്ഞ് ഗ്രാമീണ കര്ഷകജനതയിലൂടെ മാത്രം ഇന്ത്യയുടെ രക്ഷയെന്നു കൊട്ടിഘോഷിച്ചവര്‍ കിസാനെ മറന്നു.രാജ്യത്തെ സംരക്ഷിക്കുന്ന ജവാനും അന്നം നല്കി തീറ്റിപ്പോറ്റുന്ന കിസാനും തുല്യത നല്കിയ നാളുകള്‍ ചരിത്രമായിരിക്കുന്നു.
ഭക്ഷ്യധാന്യങ്ങളുടെ പൊതുസംഭരണവും വിതരണവും,കര്‍ഷകര്‍ക്ക് ന്യായവിലയ്ക്കുള്ള ഒരു നിശ്ചിത കമ്പോളം ഉറപ്പുവരുത്തിക്കൊണ്ടുള്ള ഉത്പാദന വര്‍ധനയ്ക്കുള്ള സാഹചര്യവും ഇന്ന് ഇല്ലാതായിരിക്കുന്നു.കര്‍ഷകര്‍ക്കുള്ള വിത്തും വളവും വന്‍തോതില്‍ വെട്ടിക്കുറച്ചതും വളം, വൈദ്യുതി തുടങ്ങിയവയ്ക്ക് ഉണ്ടായിരുന്ന സബ്സിഡികള്‍ പിന്‍വലിച്ചതും കാര്‍ഷികരംഗത്ത് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.സ്ഥിരതയുള്ള ഉല്പന്നകമ്പോളം നഷ്ടപ്പെടുക മാത്രമല്ല കാര്‍ഷികോത്പന്ന വ്യാപാരത്തിലെ അന്തര്‍ദേശീയ കരാറുകളും കൈകടത്തലുകളും ഉദാരവല്ക്കരണവും കൂടി നമ്മെ ചതിക്കുഴിയിലുമാക്കിയിരിക്കുന്നു.കഷ്ടപ്പാടിന്റെയും നഷ്ടപ്പെടലിന്റെയും ദുഃഖദുരിതങ്ങളുമായി ഗ്രാമങ്ങളില്‍നിന്ന് എല്ലാം വിട്ടെറിഞ്ഞ് നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും തൊഴില്‍തേടി പാലായനം ചെയ്യുന്ന ഗ്രാമീണ കര്‍ഷകരുടെ എണ്ണം ദിവസേന കൂടുന്നത് ഇന്ത്യയുടെ വന്‍ കാര്‍ഷികത്തകര്‍ച്ചയാണ് വിളിച്ചറിയിക്കുന്നത്.
കര്‍ഷകനെ മറന്ന ഭരണം
ആഗോളമത്സരത്തിനായി ഇന്ത്യയിലെ കര്‍ഷകനെ ശക്തിപ്പെടുത്തുവാനുള്ള ദീര്‍ഘവീക്ഷണ കാര്ഷികവികസനമാണു നമുക്കുവേണ്ടത്. ഉത്പാദന െചലവിനു നിയന്ത്രണമുണ്ടാക്കി ഉത്പാദനവര്ധനവിനുള്ള ക്രിയാത്മക ഇടപെടലുകള്‍, സംഭരണങ്ങള്‍, സംരംഭങ്ങള്‍, വിലസ്ഥിരത, ഗുണമേന്മ, വിപണനശൃംഖല എന്നിവയില്‍ വ്യക്തമായ പദ്ധതികളുണ്ടാകണം.ആരോഗ്യപൂര്‍ണമായ ഒരു കാര്‍ഷിക സംസ്കാരത്തിനുമാത്രമേ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് ശക്തിപകരുന്ന ആഭ്യന്തര കമ്പോളം സൃഷ്ടിക്കുവാന്‍ സാധിക്കുകയുള്ളൂ.കര്‍ഷകരെ മറന്നുള്ള ഉദ്യോഗസ്ഥ ഭരണ രാഷ്ട്രീയ നേതൃത്വങ്ങളുടെ വികലമായ വികസന അജന്‍ഡകള്‍ ഭാരതത്തിന്റെ ഭക്ഷ്യഉല്പാദനത്തിലും ധാന്യഉപഭോഗത്തിലും ഇന്ന് പ്രതിഫലിച്ചിരിക്കുന്നു. ഭക്ഷ്യസുരക്ഷയെക്കുറിച്ച് കൊട്ടിഘോഷിക്കുമ്പോഴും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം സ്വപ്നം മാത്രമായി നിലനില്ക്കുന്നു.ഗ്രാമീണ കാര്‍ഷിക മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ വികസന പദ്ധതികള്‍ ഗണ്യമായി വെട്ടിച്ചുരുക്കിയത് വളരെ ഗൗരവതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു.
എന്താണ് കേരളത്തിലെ കർഷകരുടെ അവസ്ഥ?കേരംതിങ്ങും കേരളനാട്ടിൽ നാളികേര കർഷകർ തകർന്നടിഞ്ഞിരിക്കുന്നു.ഉത്പാദനച്ചെലവും പണിക്കൂലിയും റോക്കറ്റ് പോലെ കുതിക്കുമ്പോൾ വില ഉൽക്കപോലെ വീണു തകരുകയാണ്. സംസ്ഥാനത്തിന്റെ പ്രതീകമായിരുന്ന വയലേലകൾ അതിവേഗം ഇല്ലാതാവുന്നു.നെൽകർഷകരും ഹൃദയം നുറുങ്ങുന്ന ഗതികേടിലാണ്. വളം,കീടനാശിനികൾ, കൂലി എല്ലാം ചേർന്ന് അവരെ ഞെരുക്കുന്നു. ഒരുകാലത്ത് സമ്പൽസമൃദ്ധിയിലേക്കു നയിച്ച റബർ കൃഷിയിൽ നഷ്ടങ്ങളുടെ കണക്കു മാത്രമേ ഇന്നു കേൾക്കാനുള്ളൂ.ആഗോളക്കരാറുകളും സാമ്പത്തിക പരിഷ്കരണങ്ങളുമെല്ലാം കർഷകരെ തകർത്തെറിയുകയാണ്. ഡോ.സ്വാമിനാഥൻ കമ്മീഷൻ ചൂണ്ടിക്കാണിച്ചത് ഉത്പാദനച്ചെലവിനേക്കാൾ ഒന്നര ഇരട്ടിയെങ്കിലും കർഷകന് വിലയായി ലഭിക്കണമെന്നാണ്.എന്നാൽ പരിതാപകരമാം വിധം കുറഞ്ഞ വിലയാണ് കിട്ടുന്നത്.ഇന്ത്യൻ ജനതയുടെ 65 ശതമാനം പേരും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണെന്നിരിക്കെ അവരുടെ ജീവിതാവസ്ഥ എത്ര ഭയാനകമാണെന്നു കാണാം.നവ ഉദാരവത്കരണം പിടിമുറുക്കിയതോടെ സബ്സിഡികളും താങ്ങുവിലകളും ഇല്ലാതാവുകയാണ്. ഇത്തരം കാര്യങ്ങൾ സർക്കാരിന്റെ പ്രഥമപരിഗണനയിൽനിന്ന് അപ്രത്യക്ഷമാകുന്നു.
കുരുമുളക്, ഏലം, കാപ്പി തുടങ്ങിയ നാണ്യവിളകളുടെ സ്ഥിതിയും മറിച്ചല്ല.മുറതെറ്റാതെ വരുന്ന പ്രകൃതിദുരന്തങ്ങളും കോവിഡ് മഹാമാരിയും ഉത്പാദനത്തിൽ വൻ ഇടിവുണ്ടാക്കി.ഉത്പാദനം കുറയുമ്പോൾ വില കൂടുകയാണു വേണ്ടത്. എന്നാൽ സർക്കാരിന്റെ ഇറക്കുമതിനയവും രാജ്യാന്തര കരാറുകളും കാരണം അങ്ങനെയല്ല സംഭവിക്കുന്നത്.മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കി കയറ്റുമതി ചെയ്യുന്നവർ ലാഭം വാരിക്കൂട്ടുകയാണ്. എന്നാൽ കർഷകരെ അതിനു പര്യാപ്തരാക്കാൻ നമ്മുടെ സംവിധാനങ്ങൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
ആഭ്യന്തരവിപണിയിൽ വിലക്കുറവുണ്ടാക്കുകയാണു കുത്തകക്കാരുടെ തന്ത്രം.ഇതിനു പുറമെയാണ് വന്യമൃഗശല്യം.കാട്ടുപന്നികൾ കുത്തിമറിച്ച കൃഷിയിടങ്ങൾ.ആനക്കൂട്ടം ചവിട്ടിമെതിച്ച വിളകൾ. മാനും കുരങ്ങും വിളവെടുക്കാനെത്തുമ്പോൾ കൃഷി ചെയ്യുന്നവർ നിസഹായരാകുന്നു.മലയോരത്തോ വനമേഖലയിലോ മാത്രമല്ല ഇപ്പോൾ വന്യമൃഗശല്യം.എല്ലായിടത്തും അവയെത്തുന്നു.കാടുകൾക്ക് ഉൾക്കൊള്ളാനാകാത്ത വിധം മൃഗങ്ങൾ പെരുകിയ അവസ്ഥ.അശാസ്ത്രീയമായ വനനിർവഹണമാണ് അതിനു കാരണം.കാലാവസ്ഥാ വ്യതിയാനമടക്കമുള്ള കാര്യങ്ങളിലെ തിരിച്ചടികൾ പരിഹരിക്കാനുള്ള ശാസ്ത്രീയമാർഗങ്ങൾ കർഷകരെ പരിശീലിപ്പിക്കേണ്ടതുണ്ട്.
കാര്‍ഷികരംഗത്ത് ഇടനിലക്കാരുടെ കര്‍ഷക ചൂഷണം അതിഭീകരമാണ്.സ്വന്തം ഉത്പന്നത്തിനു വിലനിശ്ചയിക്കാന്‍ സാധിക്കാത്ത അവസ്ഥ കര്‍ഷകനു മാത്രമേയുള്ളൂ.വന്‍വ്യവസായികളും വ്യാപാരികളുമടങ്ങുന്ന രാജ്യത്തെ ഉത്പാദക കൂട്ടായ്മയുടെ സംഘടിതശക്തിക്കുമുന്നില്‍ ഭരണസംവിധാനങ്ങള്‍ മുട്ടുമടക്കിയിരിക്കുമ്പോള്‍ കര്‍ഷകനെങ്ങനെ രക്ഷപെടും? വിലപേശി സംസാരിക്കുവാന്‍ കര്‍ഷകനാകുമ്പോഴേ അവരുടെ വിയര്‍പ്പിനു വിലകിട്ടുകയുള്ളൂ. വിത്തുകളുടെ നിയന്ത്രണം പൂര്‍ണമായും കര്‍ഷകനു വേണം. കാര്‍ഷിക പുരോഗതി കര്‍ഷകന്റെ കണ്ടുപിടുത്തങ്ങളില്‍ നിന്നാണുണ്ടാകേണ്ടത്. കര്‍ഷകന്റെ പ്രായോഗിക അറിവും ബുദ്ധിയും കഴിവും ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ കര്മ്മനിരതമാക്കാനുള്ള പദ്ധതികളാണ് ദീര്‍ഘവീക്ഷണത്തോടെ സര്‍ക്കാരുകള്‍ നടപ്പാക്കേണ്ടത്.കാർഷികകേരളത്തെക്കുറിച്ചുള്ള കാല്പനികമായ പ്രകീർത്തനങ്ങളല്ല വേണ്ടത്.അവരുടെ യാഥാർഥ്യം തിരിച്ചറിയുന്ന പൊതുബോധമാണ്.
നമ്മുടെ കുഞ്ഞുങ്ങൾ കൃഷിയെക്കുറിച്ചും കർഷകരെക്കുറിച്ചും അറിയണം.പാഠ്യപദ്ധതികളിൽ കൃഷിക്കാരെ രാജ്യത്തിന്റെ അന്നദാതാക്കളായി അവതരിപ്പിക്കണം.ഈ തൊഴിലിന്റെ മഹത്വം തിരിച്ചറിഞ്ഞാലേ പുതിയ തലമുറ കൃഷിയിലേക്കു വരൂ.പുതുതലമുറ വന്നാലേ കൃഷി രക്ഷപ്പെടൂ.സർക്കാരുകളുടെ ആത്മാർഥമായ പിന്തുണയുമുണ്ടാകണം.അതിജീവനത്തിനായി കര്‍ഷകര്‍ സംഘടിച്ച് പുത്തന്‍ സംരംഭങ്ങള്‍ ആരംഭിച്ചാല്‍ മാത്രമേ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പിന്നിടുന്ന ഇനിയുള്ള നാളുകളില്‍ കാര്‍ഷികമേഖലയ്ക്ക് പിടിച്ചുനില്‍ക്കാനാകൂ.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ