ജോബി ബേബി
“കാട് കാടായി നിന്നാലേ നാട് നാടായി നിന്നീടൂ”എന്നാണ് കുഞ്ഞുണ്ണിമാഷ് പറഞ്ഞിരിക്കുന്നത്.കാടും നാടും തമ്മിലുള്ള അഭേദ്യമായ അതിശക്തമായ ബന്ധം ഈ വരികളിൽ നിന്നും വായിച്ചെടുക്കാം.കാട് നാടായതാണ് അഥവാ മനുഷ്യൻ അങ്ങനെ ആക്കിയതാണ് ഏറ്റവും വലിയ വർത്തമാന കാല ദുരന്തം.കാടുകൾ ഒരു സുപ്രഭാതത്തിൽ ഉണ്ടായി വരുന്നതല്ല.ലക്ഷക്കണക്കിന് വർഷങ്ങളാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള നിബിഡവനങ്ങളുടെ ആവിർഭാവത്തിനായി ഭൂമി ചിലവൊഴിച്ചിരിക്കുന്നത്.വനങ്ങളുടെ ജൈവവൈവിധ്യം വാക്കുകളാൽ വിവരിക്കാവുന്നതല്ല.കാട് എന്ന ആവാസവ്യവസ്ഥ എത്രമാത്രം ഭൂമിയുടെ നിലനിൽപ്പിനെ ബാധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയിട്ടാണ് ശാസ്ത്രവും ആധുനിക മനുഷ്യനും അതിന്റെ സംരക്ഷണത്തിനായി ഇത്രയധികം പ്രാധാന്യം നൽകുന്നത്.എങ്കിലും വികസനം എന്ന ലോകത്താകമാനമുള്ളവർ തെറ്റിദ്ധരിച്ചിട്ടുള്ള വാക്കിനു വേണ്ടി കാടുള്ളയിടത്തൊക്കെ അതിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.പുരോഗതിയാണെന്നു തെറ്റിദ്ധരിച്ചു സ്വന്തം ജീവന്റെ ആധാരം മനുഷ്യൻ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.ഇനി ഒരു തരിമ്പ് കാടുപോലും നമുക്ക് നശിപ്പിക്കാനില്ല.സൈലന്റ് വാലിയും ആതിരപ്പള്ളിയുമൊക്കെ പരിസ്ഥിതി കേരളം ഉച്ചത്തിൽ വിളിച്ചുപറഞ്ഞത് അതു തന്നെയായിരുന്നു.
കാലാവസ്ഥയെയാണ് കാടുകൾ ഏറ്റവുമധികം സ്വാധീനിക്കുന്നത്.കാലാവസ്ഥാവ്യതിയാനം എന്നത് വെറും ഭാവനയല്ല ഏറ്റവും ദുരന്തപൂർണ്ണമായ വർത്തമാനകാല യാഥാർഥ്യമാണെന്ന് ഇന്ന് എല്ലാവരും ഒരുവിധം തിരിച്ചറിഞ്ഞുകഴിഞ്ഞു.അതിവർഷവും അകാലവർഷവും കൊടുംവേനലും മനുഷ്യജീവനെയും അവന്റെ കൃഷിയെയും നേരിട്ട് തന്നെ ബാധിക്കാൻ തുടങ്ങി.പ്രകൃതിയെ ഏതെല്ലാം വിധത്തിൽ കീഴടക്കാം എന്നുള്ളതായിരുന്നു എക്കാലവും മനുഷ്യന്റെ ചിന്ത.കാട് എന്നത് ഒരുപകാരവുമില്ലാതെ കിടക്കുന്ന കുറേ സസ്യങ്ങളും മരങ്ങളും മാത്രമുള്ള പാഴ്ഭൂമിയാണ് എന്ന ചിന്തയാണ് ഭരണകർത്താക്കൾക്ക് പോലും കാട് എന്ന ആവാസവ്യവസ്ഥയിലും അതിലെ ജീവജാലങ്ങളും എത്രമാത്രം മനുഷ്യന്റേയും ഭൂമിയുടേയും നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്നത് പലപ്പോഴും മനഃപൂർവം വിസ്മരിക്കുന്നു.മണ്ണ്,ജലം,ജൈവവൈവിധ്യം എന്നിവയുടെ സംരക്ഷണത്തിൽ വനകൾക്കുള്ള പങ്ക് വളരെ വലുതാണ്.പ്രത്യേകിച്ചും നമ്മുടെ നദികളെല്ലാം ഇതുപോലെ ജലസമ്പന്നമാകുന്നതിന്റെ കാരണം ഈ വനങ്ങളാണ്.പല നദികളും രൂക്ഷമായ ജലക്ഷാമം നേരിടുന്നതിന്റെ പ്രധാന കാരണം അതിന്റെ വൃഷ്ഠിപ്രദേശങ്ങളിലെ വനനശീകരണം തന്നെയാണ്.കാട്ടുതീയാണ് ഏറ്റവും വലിയ ദുരന്തം.ലോകത്താകമാനം ആയിരക്കണക്കിന് ഹെക്ടർ കാടുകളാണ് വർഷംതോറും കത്തിച്ചാമ്പലാകുന്നത്.കേരളത്തിലെ വനങ്ങളെ സംബന്ധിച്ചടുത്തോളം കത്തുക മാത്രമല്ല കത്തിക്കുക എന്ന ദുരവസ്ഥയും നേരിടേണ്ടതുണ്ട്.
ലക്ഷക്കണക്കിന് വർഷങ്ങൾക്കൊണ്ട് ഉരുത്തിരിഞ്ഞ സർവജീവജാലങ്ങളും നിറഞ്ഞ ഒരു ആവാസവ്യവസ്ഥയെ നിഷ്കരുണം ഒരു തീപ്പൊരിയിൽ നശിപ്പിക്കാനുള്ള മനുഷ്യന്റെ മനോഭാവത്തെ എങ്ങനെയാണ് വിവരിക്കുക എന്നറിയില്ല.വനാതിർത്തിയിൽ ജീവിക്കുന്ന മനുഷ്യർക്ക് വന്യജീവികളുമായി സംഘർഷം നേരിടേണ്ടി വന്നിട്ടുണ്ട്.അതിനു പ്രധാന കാരണം വന്യജീവികളുടെ ആവാസവ്യവസ്ഥയിലേക്ക് മനുഷ്യൻ കടന്ന് ചെന്നുവെന്നതാണ്(അതിനു വിവിധ ന്യായീകരണങ്ങൾ നിരത്താനുണ്ടെങ്കിലും).വന്യ ജീവികൾ നിലനില്പിനായാണ് കാടിറങ്ങുന്നത്.നമ്മൾ കാടുകയറുന്നത് ആർത്തി മൂലവും.ആഗോള വനവിസ്‌തൃതിയിൽ കാൽനൂറ്റാണ്ടിനു മുൻപത്തെ അവസ്ഥയേക്കാൾ മൂന്ന് ശതമാനം കുറവാണ് ഇപ്പോൾ കാണിക്കുന്നത്.എങ്കിലും ഏറ്റവും പുതിയ കണക്കനുസരിച്ചു ഇന്നത്തെ വനനശീകരണത്തിന്റെ തോത് അന്നുണ്ടായിരുന്നതിനേക്കാൾ പകുതിയായി കുറഞ്ഞിട്ടുണ്ട് എന്ന കണ്ടെത്തൽ ആശാവഹമാണ്.നമുക്ക് കാട് കാക്കാം,കാട് നമ്മെ കാക്കും.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ