ജോബി ബേബി
മാതൃഭാഷാ സ്നേഹം അമ്മയുടെ നേർക്കുള്ള സ്നേഹം പോലെയാണ്.അത് എന്തെന്ന് നിർവചിക്കുവാൻ ആവുകയില്ല.മനുഷ്യബന്ധങ്ങളിലെ വിശിഷ്ടമായ ഭാവങ്ങളൊക്കെയും ആ സ്നേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു.എല്ലാറ്റിനും ഉപരിയായി മാതൃഭാഷാസ്നേഹം സ്വാതന്ത്ര്യത്തിന്റെ പ്രാണവായുവാണ്.മാതൃഭാഷ നഷ്ടപ്പെട്ട് കഴിഞ്ഞാൽ ജനങ്ങൾ അടിമകളായി മരുന്നുവെന്നാണ് ചരിത്രത്തിൽ നാം കണ്ടിരിക്കുന്നത്.തലമുറകൾക്ക്ശേഷം മാത്രമേ അവർ സ്വാതന്ത്യം വീണ്ടെടുക്കുന്നുള്ളൂ. സംസ്കാരത്തിന്റെ ആദിമമായ ഉറവകളിൽ നിന്ന് ഉരുവംകൊണ്ട്,മനുഷ്യ വിനിമയത്തിന്റെ ചൂടും ചൂരും ഉൾച്ചേർത്ത് ഒഴുകിയെത്തിയ പ്രവാഹം പോലെയാണ് നമ്മുടെ മലയാളം.അതിന്റെ തെളിനീർതുള്ളികൾ മാതൃമധുരത്തിനൊപ്പം നമ്മുടെ നാവിലേക്കിറ്റിച്ചെത്തുന്നതാണ് അമ്മമൊഴി.
മലയാളത്തിന്റെ മഹാകവി വള്ളത്തോൾ എഴുതിയതോർമ്മിക്കാം:
“മിണ്ടിത്തുടങ്ങാൻ ശ്രമിക്കുന്ന പിഞ്ചിളം
ചുണ്ടിൻമേലമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചിടുന്നതൊന്നാമതായി”
ഇങ്ങനെ പിറവിയിലെ നമ്മുക്കൊപ്പം അലിഞ്ഞുചേരുന്ന മൊഴിയായതിനാൽത്തന്നെ ആ ഭാഷയിൽ കുഞ്ഞുങ്ങൾക്ക് കാര്യങ്ങൾ വേഗം ഗ്രഹിക്കാനാകുമെന്നതിൽ തർക്കമില്ല.അതിനുമപ്പുറം മാതൃഭാഷ ഒരു സമൂഹത്തിന്റേയും സംസ്കാരത്തിന്റെയും സ്വാതന്ത്യബോധത്തിന്റേയും ജീവവായുവാണ്.അതിനാലാണ് മാതൃഭാഷയുടെ മരണം ആ സമൂഹത്തിന്റെ കൂട്ടായ്മയുടെ മരണവും സ്വാതന്ത്യനാശവുമാണെന്ന് ഭാഷാ സ്നേഹികൾ കരുതുന്നത്.
മലയാളികൾ മാതൃഭാഷ പരിപോഷിപ്പിക്കന്നതിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ല.പലപ്പോഴും അധിനിവേശത്തിന്റെ ഭാഷാ സ്വീകരിക്കുന്നതിനുള്ള ഭ്രമമാണ് അവരെ ബാധിച്ചിട്ടുള്ളത്.പണ്ട് അത് സംസ്‍കൃത ഭാഷാ ഭ്രമമായിരുന്നു.ബ്രിട്ടീഷ് ഭരണം വന്നതിനു ശേഷം അത് ഇംഗ്ലീഷ് ഭാഷാ ഭ്രമമായിമാറി.അന്ന് ഭാഷാ അധ്യാപകർ തങ്ങളുടെ ഹൃദയത്തിൽ കത്തിച്ചുവെച്ച തിരിപോലെ മലയാളത്തെ സംരക്ഷിക്കുന്നതിൽ വ്യഗ്രത കാണിച്ചതിനെക്കുറിച്ചു മഹാകവി ഉള്ളൂർ പ്രസ്താവിക്കുന്നുണ്ട്.പിൽക്കാലത്തു മാതൃഭാഷാ സംരക്ഷണത്തിന് വേണ്ടി അനേകം സംഘങ്ങളും വ്യക്തികളും നിരന്തരം വാദിക്കുവാൻ തുടങ്ങി.രാഷ്ട്രീയരംഗത്ത് ഇ എം എസ് ആ വാദം സ്ഥിരമായി ഉയർത്തിക്കൊണ്ടിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ് വി ടി ഭട്ടതിരിപ്പാട് സമൂഹത്തിൽ മാറ്റം ഉണ്ടാകുന്ന സാഹിത്യ കൃതികൾ സൃഷ്ടിച്ചത്.ശ്രീനാരായണഗുരുവും അയ്യൻകാളിയും സഹോദരൻ അയ്യപ്പനും മലയാളത്തിലൂടെയാണ് മൗലികമായ ആശയങ്ങളുടെ ശക്തി എന്തെന്ന് ബോധ്യപ്പെടുത്തിയത്.വിദ്യാഭ്യാസത്തിൽ മലയാളഭാഷയ്ക്ക് ഗണ്യമായ സ്ഥാനം തന്നെയുണ്ട്.ആ സ്ഥാനം സ്ഥിരമാക്കുന്നതിനു വേണ്ടി ഭാഷാസ്നേഹത്തിനു വേണ്ടി യുവാക്കളിൽ നിന്ന് ശബ്ദം ഉയരേണ്ടതാണ്.
ഭാഷയെപ്പോലെ നിത്യനൂതനമായ മഹാപുരാവസ്തു,മഹാപുരാണജന്മം മറ്റൊന്നുണ്ടാവില്ല.പോയ യുഗങ്ങളുടെയെല്ലാം ഹൃദയസ്പന്ദനതരംഗങ്ങൾ സദാ ഊഷ്മളമായി നിലനിൽക്കുന്ന നിത്യജീവിതസംഗീതധാരയാണിത്.ധ്വനികളൊരുപാട് ഉള്ളിൽപ്പേറുന്ന ചരിത്രകാവ്യമാണിത്.എന്നും അത് ജീവിക്കുന്നു,ജീവിപ്പിക്കുന്നു,ഓർമ്മിക്കുന്നു,ഓർമ്മിപ്പിക്കുന്നു,ഉണർത്തുന്നു,ഉത്തേജിപ്പിക്കുന്നു.ഭാഷയിലൂടെത്തന്നെയാണ് ഒരു സമൂഹം സമൂഹമായി നിലനിൽക്കുന്നത്.ഭാഷയിലൂടെ മാത്രമാണ് ഒരു സമൂഹം ഒരുമിച്ചിരിക്കുന്നത്.ഭാഷയിലൂടെ മാത്രം തന്നെയാണ് സമൂഹത്തിനും വ്യക്തിക്കും ആത്മവിശ്വാസവും ആത്മബോധവും അതിലൂടെ ആത്മബലവും കൈവരുന്നത്.അതുകൊണ്ട് അതറിയിക്കാൻ കൂടെയാണ് മലയാളനാടിന്റെ ഒരു ഔദ്യോഗിക ഭാഷാപ്രതിജ്ഞഇങ്ങനെയായത്.
മലയാളമാണ് എന്റെ ഭാഷ
എന്റെ ഭാഷ എന്റെ വീടാണ്
എന്റെ ആകാശമാണ്
ഞാൻ കാണുന്ന നക്ഷത്രമാണ്
എന്നെ തഴുകുന്ന കാറ്റാണ്
എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർവെള്ളമാണ്
എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്
ഏതു നാട്ടിലെത്തിയാലും ഞാൻ സ്വപ്‍നം- കാണുന്നത്
എന്റെ ഭാഷയിലാണ്
എന്റെ ഭാഷ ഞാൻ തന്നെയാണ്.
പ്രതിജ്ഞാബദ്ധരായി മലയാളഭാഷാ പരിപോഷണശ്രമം തുടർന്നുകൊണ്ടിരുന്നാൽ കേരളം തമിഴ്നാടുപോലെ ഭാഷാസ്നേഹത്തിന്റെ കാര്യത്തിൽ അഭിനന്ദ നീയമായ സ്ഥാനം നേടിയെടുക്കുമെന്ന കാര്യത്തിൽ തർക്കമില്ല.മുന്നോട്ടുള്ള നീക്കത്തിൽ പ്രവാസികളായ നാമോരുരുത്തർക്കും മാതൃഭാഷാ സ്നേഹവും മാർഗദീപങ്ങളിൽ ഒന്നായിരിക്കട്ടെ എന്ന് ആശംസിക്കുന്നു.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ