ജോബി ബേബി(നഴ്സ്,കുവൈറ്റ്)
കുവൈറ്റിൽ ഒരാൾക്ക് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കോളറ ബാധിത അയൽരാജ്യത്തുനിന്ന് അടുത്തിടെ മടങ്ങിയെത്തിയയാൾക്കാണ് കോളറ അണുബാധ ലക്ഷണങ്ങൾ പ്രകടമായതെന്നും മന്ത്രാലയം വ്യക്തമാക്കി.മറ്റുള്ളവർക്ക് രോഗം പടരാതിരിക്കാൻ ജാഗ്രത പുലർത്തുകയും രോഗബാധിതന് മന്ത്രാലയ ആശുപത്രിയിൽ പ്രത്യേക ചികിത്സ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
എന്താണ് കോളറ?
വിബ്രിയോ കോളറ എന്നൊരു ബാക്ടീരിയ ഉണ്ടാക്കുന്ന ജലജന്യ രോഗമാണ് ഇത്. ഈ രോഗാണു പല തരത്തിലുണ്ടെങ്കിലും O1, O139 എന്നീ ഇനങ്ങളാണ് അണുബാധയുണ്ടാക്കുന്നത്. ഒഗാവ, ഇനാവ, ഹികോജിമാ എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.
എങ്ങനെയാണ് രോഗം പകരുന്നത്?
മലിനമായ ജലസ്രോതസ്സുകളിൽ നിന്നും ഭക്ഷണത്തിൽ നിന്നുമാണ് പ്രാധാനമായും കോളറ രോഗാണു മനുഷ്യനിലേക്ക് എത്തുന്നത്. കോളറ രോഗിയെ പരിചരിക്കുന്ന വ്യക്തി മലമൂത്ര മാലിന്യങ്ങൾ കൈകാര്യം ചെയ്തതിനു ശേഷം സോപ്പിട്ട് കൈ കഴുകിയില്ലെങ്കിലും രോഗപകർച്ചയുണ്ടാകും. രോഗാണു ശരീരത്തിൽ പ്രവേശിച്ചു മിക്കവാറും 1-2 ദിവസത്തിനകം അസുഖമുണ്ടാകുന്നു.
എന്തൊക്കെയാണ് രോഗലക്ഷണങ്ങൾ?
രോഗാണുബാധയുണ്ടായാലും 75 ശതമാനം ആൾക്കാരും യാതൊരു ലക്ഷണങ്ങളും പ്രകടമാക്കാതെ രോഗവാഹകരായി രക്ഷപ്പെടുന്നു. ഇവർ മറ്റുള്ളവരിലേക്ക് രോഗം പകരാൻ കാരണമാകും.ബാക്കി വരുന്ന 25-30 ശതമാനം ആളുകളിൽ കടുത്ത ഛർദി, വയറിളക്കം എന്നിവ പ്രത്യക്ഷപ്പെടുന്നു.കഞ്ഞിവെള്ളം പോലെയുള്ള മലമാണ് (rice water stool) കോളറയുടെ പ്രത്യേകത. ലക്ഷണങ്ങൾ കാണിക്കുന്നവരിൽ നിർജലീകരണം കാരണമുള്ള സങ്കീർണതകൾ നേരിടുന്നതും മരണങ്ങൾ സംഭവിക്കുന്നതുമാണ് ഈ രോഗത്തെ ഇത്രയും പ്രശ്നക്കാരനാക്കുന്നത്. ശരീരത്തിൽ ഗ്ലൂക്കോസിന്റെയും മറ്റു ലവണങ്ങളുടെയും കുറവുമൂലം അപസ്മാരവും ഉണ്ടായേക്കാം.
നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ
കുഴിഞ്ഞ് വരണ്ട കണ്ണുകൾ.ഒരു വയസ്സിനു താഴെയുള്ള കുട്ടികളിൽ താഴ്ന്ന ഉച്ചി /പതപ്പ്
ഉണങ്ങി വരണ്ട ചുണ്ടും നാവും
തൊലി വലിച്ചു വിട്ടാൽ സാവധാനം പൂർവസ്ഥിതിയിലാവൽ
അധിക ദാഹം
അളവിൽ കുറഞ്ഞു കടുത്ത നിറത്തോട് കൂടിയ മൂത്രം
ക്ഷീണം, അസ്വസ്ഥത, മയക്കം
ഈ ലക്ഷണങ്ങൾ ഏതെങ്കിലും ഉണ്ടെങ്കിൽ ഉടനെത്തന്നെ വൈദ്യ സഹായം തേടേണ്ടതാണ്.
എന്തൊക്കെയാണ് ചികിത്സാ മാർഗങ്ങൾ?
നിർജലീകരണം തടയുകയാണ് പ്രധാനം. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ഏതാശുപത്രിയിലും ലഭ്യമായ ഒ.ആർ.എസ്. (Oral Rehydration Solution) ലായനിയാണ് എറ്റവും ഉത്തമം. കൂടാതെ ഗൃഹപാനീയങ്ങളും ഉപയോഗിക്കാം.
ഒ. ആർ. എസ്. ലായനി തയാറാക്കുന്ന വിധം
രണ്ടു കൈകളും സോപ്പിട്ട് വൃത്തിയായി കഴുകുക.വൃത്തിയുള്ള ഒരു പാത്രത്തിൽ ഒരു ലിറ്റർ തിളപ്പിച്ചാറിയ വെള്ളം എടുക്കുക (200 മില്ലിയുടെ ഗ്ലാസിൽ 5 തവണ നിറയെ എടുക്കാം ).ഒ.ആർ.എസ്. പാക്കറ്റിന്റെ അറ്റം പതുക്കെ വെട്ടി അകത്തുള്ള പൊടി മുഴുവനായും വെള്ളത്തിലേക്ക് ഇടുക.പൊടി മുഴുവൻ ലയിച്ചു ചേരുന്നത് വരെ വൃത്തിയുള്ള സ്പൂൺ കൊണ്ട് ഇളക്കി പാത്രം അടച്ചു വെക്കുക.ഒരിക്കൽ തയാറാക്കിയ ലായനി 24 മണിക്കൂറിനു കൂടുതൽ ഉപയോഗിക്കരുത്.ഓരോ തവണ വയറിളകി പോയി കഴിഞ്ഞാൽ ഒ.ആർ.എസ്. നൽകുക.
കുടിക്കേണ്ട അളവ്
2 വയസ്സിനു താഴെയുള്ള കുട്ടികൾ:കാൽ ഗ്ലാസ് – അര ഗ്ലാസ് വരെ.2 മുതൽ 10 വയസ്സ് വരെയുള്ള കുട്ടികൾ:അര ഗ്ലാസ് മുതൽ 1 ഗ്ലാസ് വരെ.പത്തുവയസ്സിനു മേലെയുള്ള കുട്ടികളും മുതിർന്നവരും:വേണ്ടുവോളം
ഗൃഹപാനീയങ്ങൾ എന്തൊക്കെ?
ഉപ്പിട്ട കഞ്ഞി വെള്ളം,കരിക്കിൻ വെള്ളം,ഉപ്പിട്ട മോരിൻ വെള്ളം,സിങ്ക് (Zinc) ഗുളിക.ഛർദി മാറി കഴിഞ്ഞാൽ ഡോക്ടറുടെ നിർദേശ പ്രകാരം സിങ്ക് ഗുളിക കഴിച്ചു തുടങ്ങാം.
ഗുണങ്ങൾ
ആമാശയത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു
അസുഖം വേഗം മാറുന്നു
തീക്ഷ്ണത കുറക്കുന്നു
ആന്റിബയോട്ടികുകൾ ഡോക്ടറുടെ നിർദേശ പ്രകാരം കഴിക്കണം. കൂടാതെ ദഹിക്കാനെളുപ്പമുള്ള ഭക്ഷണം 5-7 തവണയായി കഴിക്കുന്നതാണ് നല്ലത്.
രോഗം തടയുന്നതെങ്ങനെ?
കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ശുദ്ധമായ/തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക.ഇടയ്ക്കിടെ വെള്ളം ക്ളോറിനേറ്റ് ചെയ്യുക.മലമൂത്ര വിസർജനം ശൗചാലയത്തിൽ മാത്രം നടത്തുക.ശേഷം കൈകൾ സോപ്പിട്ട് നന്നായി കഴുകുകയും ചെയ്യുക.വ്യക്തി ശുചിത്വം പാലിക്കുക.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ