January 17, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ജീവിക്കാൻ അനുവദിക്കുമോ?

ജോബി ബേബി

2022 സെപ്റ്റംബർ 29ന് സുപ്രീംകോടതി നടത്തിയ വിധി പരാമർശങ്ങളിൽ ഭാരതത്തിലെ പുരോഗമനവാദികൾ എന്ന് അവകാശപ്പെടുന്ന സ്ത്രീകൾ ഹർഷാരവും മുഴക്കിയെങ്കിലും മനുഷ്യനന്മ കാംക്ഷിക്കുന്ന ജനവിഭാഗത്തിന് ഈ വിധിപ്രസ്താവനയിൽ ദുഃഖം രേഖപ്പെടുത്തേണ്ടി വരുന്നുണ്ട്.അവിവാഹിതരായ യുവതികൾക്കും MTP ACT ന്റെ 2021ലെ ഭേദഗതി പ്രകാരം 24ആഴ്ചവരെ ഉദരത്തിലെ കുഞ്ഞിനെ ഗർഭഛിദ്രം വഴി നശിപ്പിച്ചു കളയുവാൻ അവകാശമുണ്ട് എന്ന് സുപ്രീംകോടതി വിധിയായിട്ടുള്ളത്.ഭരണഘടനയുടെ 14ആം വകുപ്പ് പ്രകാരമുള്ള തുല്യതയ്ക്കുള്ള അവകാശത്തേയും ആർട്ടിക്കിൾ 21ലെ വ്യക്തിസ്വാതന്ത്ര്യത്തേയും കൂട്ട്പിടിച്ചുകൊണ്ടാണ് ഈ വിധി പ്രസ്താവിച്ചിട്ടുള്ളത്.ഗർഭസ്ഥ ശിശുവിനെ ആർക്കും കൊല്ലാം.നാളിതുവരെ അമ്മമാർക്ക് മാത്രമുണ്ടായിരുന്ന അധികാരം അമ്മമാരല്ലാത്തവർക്കും നൽകി.വളരെ വിചിത്രമായ ഒരു വിധി!ആർക്കുവേണമെങ്കിലും ഗർഭസ്ഥ ശിശുവിനെ കൊല്ലാം.അമ്മയുടെ ഉദരം ഒരു കുഞ്ഞിനെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായ ഇടമാണ്.അതു ജനിച്ചുകഴിഞ്ഞാൽ മറ്റൊരിടവും അതുപോലെ സുരക്ഷിതമല്ല.പക്ഷേ ആ സുരക്ഷിത സങ്കേതത്തിലേക്ക് അതിക്രമിച്ചു ശത്രുവിന് കയറാം.അവിടെ വളരുന്ന കുഞ്ഞിനെ നിഷ്ടൂരമായി കൊലപ്പെടുത്തി പുറത്തേക്ക് വലിച്ചെറിയാം.അത്യന്തം വിചിത്രമെന്ന തോന്നാവുന്ന ഈ വിധി നമ്മുടെ സംസ്‌കാരത്തിന്റെയും നാടുപുലർത്തിയിരുന്ന സമീപനങ്ങളുടേയും വലിയ വ്യതിയാനമാണ് കാണിക്കുന്നത്.നമ്മുടെ രാജ്യം ഇത്തരം കഠിനമായ നിയമങ്ങളൊന്നും ഇല്ലാതിരുന്ന സങ്കേതമായിരുന്നു.കിരാതമായ നിയമങ്ങളും അന്ധവിശ്വാസങ്ങളുമൊക്കെ നിലനിന്നിരുന്ന ഒരു രാജ്യം ക്രമേണ സ്വാതന്ത്യത്തിലേക്കും മികച്ച നിയമനിർമ്മാണത്തിലേക്കും അഭംഗുരമായി അതുനടപ്പിലാക്കുന്ന നീതി നിർമ്മാണ വ്യവസ്ഥകളിലേക്കും ഒക്കെ വളർന്നുകൊണ്ടിരിക്കുമ്പോൾ അതിനെയൊക്കെ പിന്നോട്ടടിപ്പിക്കുന്ന ഒരു തീരുമാനമാണ് ഈ വിധിയിലൂടെ വന്നുഭവിക്കുന്നത്.

ആരാണ് ഗർഭസ്ഥശിശു?അത്‌ ഒരു മനുഷ്യവ്യക്തി തന്നെയാണ്.പിറക്കാനിരിക്കുന്ന,ഈ ലോകത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കാൻ പോകുന്ന ഒരു മനുഷ്യ വ്യക്തി.ആ ജീവൻ അവിടെ അങ്കുരിപ്പിച്ചത് എല്ലാ ജീവന്റേയും സൃഷ്ടാവായ ദൈവമാണ്.ദൈവത്തിന്റെ മഹത്തായ ഈ ജീവദാന പ്രക്രിയയിലാണ് മനുഷ്യൻ കത്തിവയ്ക്കാൻ പോകുന്നത്.ഗർഭസ്ഥ ശിശുക്കളെ കൊല്ലുന്നത് കൊലപാതകമല്ലാതെ മറ്റൊന്നുമല്ല.ഏറ്റവും നിഷ്ടൂരമായ കൊലപാതകം ഒരു പക്ഷേ അതു തന്നെയാണ്.കാരണം,ജനിച്ചുകഴിഞ്ഞ,വളർന്നുവരുന്ന ഒരു മനുഷ്യവ്യക്തിക്ക് ഉറക്കെനിലവിളിക്കാനോ പ്രതിരോധിക്കാനോ ഒക്കെ കഴിയും.അപ്പോൾ നിലവിളി പുറത്തുവരാത്ത അതിനെ പ്രതിരോധിക്കാൻ കഴിയാത്ത ഒരു സാഹചര്യത്തിൽ ഒരു വ്യക്തി കൊല്ലപ്പെടുമ്പോൾ മനസ്സാക്ഷി മരവിച്ചു പോകുന്ന ഒരു പ്രവൃത്തിയായി അതു മാറുന്നു.ഇതിനെതിരെ ഉണരേണ്ടത് നമ്മുടെ മനസ്സാക്ഷി തന്നെയാണ്.ഈ കൊടുംക്രൂരതയ്‍ക്ക് ഉത്തരമായി നമുക്ക്‌ വേണ്ടത് ഈ ലോകത്ത്‌ മനുഷ്യജീവന്റെ സംരക്ഷകരാകാനുള്ള നമ്മുടെ പുനഃസമർപ്പണമാണ്.ജീവനെ ഏതറ്റംവരേയും സംരക്ഷിക്കാൻ കടപ്പെട്ടവരാണ് നമ്മൾ.അതിനാവശ്യമായ പരിചരണവും സംരക്ഷണവും നൽകി അതിനെ ഈ ലോകത്ത്‌ പരിചരിക്കുവാൻ നമുക്കേവർക്കും കടമയുണ്ട്.നമ്മുടെ ജീവൻപോലെ തന്നെ വിലപ്പെട്ടതാണ് മറ്റൊരാളുടേയും ജീവൻ.ആ ജീവനെ ആദരിക്കുന്നവൻ ദൈവത്തെത്തന്നെയാണ് ആദരിക്കുന്നത്.

“നമസ്തേ”എന്ന് പറഞ്ഞ് അഭിവാദ്യം ചെയ്യുന്ന ഒരു സംസ്‌കാരം നമ്മുക്കുണ്ട്.ഞാനല്ല ,നീയാണ് എന്നാണ് എന്നാണതിനർത്ഥം.എനിക്കല്ല,നിനക്കാണ്‌ പ്രാധാന്യം.മറ്റ് ഭാഷകളിലൊന്നും അങ്ങനെയൊരു മനോഹരമായ സംബോധന അധികം കേട്ടിട്ടില്ല.പല ഭാഷകളിലും അതിന് ചില സ്വരങ്ങൾ മാത്രമേയുള്ളൂ.എന്നാലിവിടെ”ഞാനല്ല,നിന്റെ ജീവനാണ് ഇവിടെ പുലരേണ്ടത്,നിനക്കാണ് സ്ഥാനം,നിനക്കാണ് മഹത്വം,നിനക്കാണ് പ്രാധാന്യം”എന്നാണ് അഭിവാദനത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.അതുകൊണ്ട് ഈ ലോകത്ത്‌ ജീവന്റെ നീർച്ചാലുകൾ ഒഴുകട്ടെ,ജീവൻ സംരക്ഷിക്കപ്പെടട്ടെ.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!