January 17, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ജീവിത ലഹരിയിൽ ചിറകടിച്ചുയരണം

ജോബി ബേബി

“When you can stop
You don’t want to
And when you want to stop
You can’t
That’s ADDICTION”

ലഹരിയ്ക്ക് മനുഷ്യന്റെ പിറവിയോളം പഴക്കമുണ്ട്.ഉത്തേജനത്തിനും ഊർജത്തിനും ഉന്മാദത്തിനും എന്നു വേണ്ട സർഗക്രിയകൾക്ക് പോലും ലഹരിയിൽ അഭയം തേടുന്ന വാസന മനുഷ്യന് ജന്മസിദ്ധമാണ്.ഓരോ കാലഘട്ടത്തിലേയും ആഘോഷത്തിലും ജീനിയസ്സുകളുടെ സർഗ്ഗസിദ്ധികളിൽ കലാകാരന്മാരുടെ വിസ്മയ പ്രകടനകളിലുമൊക്കെ അറിഞ്ഞോ അറിയാതെയോ ലഹരിയുടെ മാസ്മരികത വലയം ചെയ്യപ്പെട്ടിരിക്കുന്നു.പുകവലിയും മദ്യപാനവും ചരസ്സുമൊക്കെ ഫാഷനായും പാഷനായും സമൂഹത്തിലും സാഹിത്യകൃതികളിലും സിനിമകളിലും ആഘോഷിക്കപ്പെട്ടു.അസംബന്ധതയുടെ യാഥാർഥ്യത്യത്തിൽ നിന്ന് മറ്റൊരു ആശയലോകത്തേക്കുള്ള പാലായനപാതയായിരുന്നു അസ്ഥിത്വവാദകാലത്തെ ലഹരി പ്രയോഗം.സമൂഹം അതിന്റെ നല്ലനടപ്പ് ശീലങ്ങളിൽ എണ്ണിചേർത്തിരുന്നില്ലെങ്കിൽ കൂടി ഏതു വിധേയനെയും എതിർക്കപ്പെടേണ്ടുന്ന മഹാവിപത്തായി ലഹരി കരുതപ്പെട്ടിരുന്നില്ല.ഇപ്പറഞ്ഞതൊക്കെ ലഹരി ഉപഭോഗ സംസ്‌കാരത്തിന്റെയും കച്ചവടമാഫിയയുടേയും ഇന്നത്തെ സാഹചര്യത്തിനുള്ള ഒരാമുഖമാണ്.

സമൂഹത്തിന്റെ ആരോഗ്യകരമായ ജീവിതത്തിന് ഭീഷണി ഉയർത്തി ലഹരി എന്നമഹാവിപത്ത്‌ ലോകത്തും രാജ്യത്തുമെന്നപോലെ കേരളത്തിലും വലിയ രീതിയിൽ പ്രചരിക്കുന്നുവെന്നത് ആശങ്കയുണർത്തുന്നു.കേരളം ആർജ്ജിച്ച ഉയർന്ന ജീവിത ഗുണനിലവാരത്തിനും സാമൂഹിക പ്രബുദ്ധതയ്ക്കും ഭീഷണിയാണ് ഈ വെല്ലുവിളി.ലഹരി ഉയർത്തുന്ന ആരോഗ്യവും മാനുഷീകവുമായ പ്രതിസന്ധികളെ അഭിസംബോധന ചെയ്‌യേണ്ടത് ഈ കാലത്തിന്റെ സുപ്രധാന കർത്തവ്യമാണ്.കൂടുതൽ അപകടം സൃഷ്ടിക്കുന്ന സിന്തറ്റിക് ഡ്രഗുകൾ പുതുതലമുറ ഉപയോഗിക്കുന്നതായാണ് അടുത്തകാലത്തു പിടിയിലായ കേസുകൾ വ്യക്തമാക്കുന്നത്.വിലകൂടിയതും ഒളിപ്പിച്ചുകടത്തുവാൻ എളുപ്പമുള്ളതും ദൂഷ്യവശങ്ങൾ അതിതീവ്രവുമായ സിന്തറ്റിക് ഡ്രഗുകൾ ഉപയോഗിക്കുന്നതിലൂടെ വരും തലമുറയുടെ ഭാവി തന്നെ ഇരുളടയുന്നു.മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരിൽ പൊതുവെ വിഭ്രാന്തി,അകാരണഭീതി,ആകുലത,മിഥ്യാബോധം,എന്നിങ്ങനെയുള്ള അവസ്ഥകളാണ് ഉണ്ടാവുക.പക്വതയോടുകൂടിയ പെരുമാറ്റമോ ബോധപൂർവമുള്ള പ്രതികരണങ്ങളോ മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ നിന്നും നമുക്ക്‌ പ്രതീക്ഷിക്കാനാവില്ല.

വിദ്യാർത്ഥികളേയും യുവജനങ്ങളെയുമാണ് ലഹരി മാഫിയ പ്രധാനമായും ലക്ഷ്യമിടുന്നത്.കേരളത്തിൽ 12 നും 40നും ഇടയിൽ പ്രായം ഉള്ളവരാണ് ലഹരിക്ക്‌ അടിമപ്പെടുന്നത്.ജീവിതം വഴിമുട്ടി ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നവർ ഈ പ്രായക്കാർ തന്നെയാണെന്ന് സർവേകൾ ചൂണ്ടികാണിക്കുന്നു.മസ്തിഷ്കത്തെയും നാഡീപ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കുന്ന ലഹരിപദാർത്ഥങ്ങൾ തലമുറയെത്തന്നെ ഇല്ലായ്മ ചെയ്യുകയാണ്.ദുഃഖങ്ങൾ മറക്കാനും സന്തോഷത്തിനും മയക്കുമരുന്ന് ഉപയോഗിക്കുന്നവർ ക്രമേണ അതിന്റെ അടിമകളായി മാറുകയാണ് പതിവ്.ഇത് ഉപയോഗിക്കുന്നവരെ മാത്രമല്ല ആ കുടുംബത്തെത്തന്നെ തകർക്കുന്നതിന് കാരണമായി തീരുന്നു എന്നതാണ് യാഥാർഥ്യം.അതുകൊണ്ട് തന്നെ ലഹരി മാഫിയയുടെ വേരറുക്കുന്നതിനു അവരിലേക്കെത്താൻ ഏറെ സാധ്യതയുള്ള യുവാക്കളേയും കുട്ടികളേയും കേന്ദ്രീകരിച്ചു പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്.

ലഹരിയ്‌ക്കെതിരെയുള്ള ബോധവത്കരണം ശക്തമാക്കിയും ലഹരിക്കടത്തിനു തടയിട്ടും ലഹരിക്ക്‌ അടിമകളായവർക്ക് ചികിത്സയിലൂടെ മോചനം ഉറപ്പാക്കിയുമേ ഈ പോരാട്ടം നമ്മുക്ക് വിജയിപ്പിക്കാനാവൂ.വിദ്യാർത്ഥികളിലും യുവജനങ്ങളിലും അവബോധം സൃഷ്ടിക്കലാണ് ലഹരി തടയാനുള്ള ഒന്നാമത്തെ മാർഗം.മഹാഭൂരിപക്ഷവും കൗതുകം കാരണമാണ് ആദ്യമായി ലഹരി ഉപയോഗിക്കുന്നതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നത്.അതുകൊണ്ട് തന്നെ ലഹരിക്കെതിരെയുള്ള സാമൂഹിക പ്രതിരോധമാണ് അനിവാര്യമായ മാർഗം.”ചൊട്ടയിലേ ശീലം ചുടലവരെ”എന്നാണല്ലോ പഴൊഞ്ചൊല്ല്.നല്ലശീലം കുട്ടികാലത്തു തന്നെ പഠിപ്പിക്കണം.ഒരു പ്രായം കഴിഞ്ഞാൽ കുട്ടികളോട് “അത്‌ ചെയ്യരുത്,ഇതു ചെയ്യരുത്”എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.അപ്പോഴേയ്‌ക്കും അവർ ശീലങ്ങൾ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ടാകും.അതിൽ നിന്നും പിന്മാറാൻ അവർക്ക് പ്രയാസമുണ്ടായിരിക്കും.അതു കൊണ്ട് നല്ല ശീലങ്ങൾ ബാല്യത്തിൽത്തന്നെ മനസ്സിലുറപ്പിക്കാൻ രക്ഷകർത്താക്കൾ ശ്രദ്ധിക്കണം.ശീലങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കുന്ന മുതിർന്നവർ ലഹരിയിൽനിന്നൊക്കെ മുക്തരാണെങ്കിലേ നിങ്ങളുടെ ഉപദേശം സ്വീകരിക്കാൻ കുട്ടികളും തയ്യാറാകൂ.സ്വന്തം ശീലങ്ങൾ മാറ്റുന്നതിനൊപ്പം മറ്റുള്ളവരെയും മാറ്റാനും അതുവഴി ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനുമുള്ള പ്രവർത്തനത്തിൽ പങ്കാളികളാകുവാനും നമുക്ക്‌ സാധിക്കണം.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!