January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

‘റോമൻ കൂരിയ’

ജോബി ബേബി

മാർപാപ്പ തന്റെ പരമോന്നത അജപാലന ദൗത്യവും ലോകം മുഴുവനിലുമുള്ള തന്റെ പ്രവർത്തനവും നിർവഹിക്കുന്നതിൽ പ്രയോജനപ്പെടുത്തുന്ന സ്ഥാപനമാണ് റോമൻ കൂരിയ. മാർപാപ്പയ്ക്ക് തന്റെ സാർവത്രിക ദൗത്യം ഫലപ്രദമായി നിർവഹിക്കാൻ നിരവധിയാളുകളുടെയും സ്ഥാപനങ്ങളുടെയും സഹായം ആവശ്യമാണ്.മാർപാപ്പ പരമാധികാരിയാണെങ്കിലും അദ്ദേഹത്തിന് ഒറ്റയ്ക്ക് ലോകം മുഴുവൻ പ്രവർത്തിക്കാനാകില്ല.ആദ്യ നൂറ്റാണ്ടു മുതൽ മാർപാപ്പമാർ തങ്ങളുടെ സാർവത്രിക ദൗത്യനിർവഹണത്തിൽ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായം പ്രയോജനപ്പെടുത്തിയിരുന്നു.സിക്സ്റ്റസ് അഞ്ചാമൻ മാർപാപ്പയാണ് (1585-1590) റോമൻ കൂരിയ ആദ്യമായി വ്യവസ്ഥാപിതമായി പരിഷ്കരിക്കുന്നത്.അദ്ദേഹം പതിനഞ്ച് കോണ്‍ഗ്രിഗേഷനുകൾ (ഭരണവകുപ്പുകൾ) സ്ഥാപിച്ചു.നൂറ്റാണ്ടുകൾക്കു ശേഷം 1908ൽ വിശുദ്ധ പത്താം പീയൂസ് മാർപാപ്പയും 1967ൽ പോൾ ആറാമൻ മാർപാപ്പയും 1988ൽ വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയും റോമൻ കൂരിയ തങ്ങളുടെ അപ്പസ്തോലിക് കോണ്‍സ്റ്റിറ്റ്യൂഷൻ വഴി നവീകരിച്ചു.റോമൻ കൂരിയയെ സംബന്ധിച്ച് ഇപ്പോൾ നിലവിലുള്ള നിയമങ്ങൾ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ 1988 ജൂണ്‍ 28നു വിളംബരം ചെയ്ത ‘പാസ്റ്റർ ബോനുസ്’ എന്ന അപ്പസ്തോലിക് കോണ്‍സ്റ്റിറ്റ്യൂഷൻ നൽകുന്നവയാണ്.

മൂന്നു സെക്‌ഷനുകളോടു കൂടിയ സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റ് ആണ് റോമൻ കൂരിയയുടെ ഘടനയിൽ പ്രഥമസ്ഥാനത്ത് വരുന്നത്. മാർപാപ്പയുടെ അനുദിന ഭരണത്തിൽ ഏറ്റവും അടുത്തുനിന്നു സഹായിക്കുക എന്നതാണ് ആദ്യസെക്‌ഷന്റെ കർത്തവ്യം.രാഷ്‌ട്രങ്ങളും അന്താരാഷ്‌ട്ര സംഘടനകളുമായി ബന്ധം പുലർത്താനാണ് രണ്ടാമത്തെ സെക്‌ഷൻ.വത്തിക്കാൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ കാര്യങ്ങൾ ശ്രദ്ധിക്കുകയാണ് മൂന്നാമത്തെ സെക്‌ഷന്റെ ഉദ്ദേശ്യം.പിന്നീടുവരുന്നത് 16ഡിക്കാസ്റ്ററികളാണ്.നിലവിലുണ്ടായിരുന്ന ഒമ്പത് കോണ്‍ഗ്രിഗേഷനുകളും പൊന്തിഫിക്കൽ കൗണ്‍സിലുകളും പുതിയവയും ചേർത്താണ് ഡിക്കാസ്റ്ററികൾക്ക് രൂപം നൽകിയിരിക്കുന്നത്.താഴെപ്പറയുന്ന വകുപ്പുകൾക്കു വേണ്ടിയാണ് ഡിക്കാസ്റ്ററികൾ: 1. സുവിശേഷവത്കരണം 2.വിശ്വാസപ്രബോധനം 3.ജീവകാരുണ്യപ്രവർത്തനം 4.പൗരസ്ത്യസഭകൾ 5. ദൈവാരാധനയും കുദാശകളുടെ അച്ചടക്കവും 6. വിശുദ്ധരുടെ നാമകരണം 7. മെത്രാന്മാർ 8.വൈദികശുശ്രൂഷികൾ 9. സമർപ്പിത ജീവിതം 10. അല്മായർ, കുടുംബം, ജീവൻ 11.എക്യുമെനിസം 12. ഇതരമതസംവാദം 13.സാംസ്കാരികം-വിദ്യാഭ്യാസം 14.മനുഷ്യൻന്റെ സമഗ്രവികസനം 15.നിയമവ്യാഖ്യാനം 16.സമ്പർക്കമാധ്യമങ്ങൾ.

മൂന്ന് അപ്പസ്തോലിക കോടതികൾ മാറ്റമില്ലാതെ നിലനിർത്തിയിരിക്കുന്നു: 1.അപ്പസ്തോലിക് പെനിറ്റൻഷറി 2. സുപ്രീം ട്രൈബ്യൂണൽ ഓഫ് ദ അപ്പസ്തോലിക് സിഗ്നത്തൂര 3. റോമൻ റോട്ട.
സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കാൻ പ്രത്യേകസംഘം രൂപീകരിച്ചു.സാമ്പത്തിക കാര്യകൗണ്‍സിൽ, സാമ്പത്തിക ഭരണ സെക്രട്ടേറിയറ്റ്, ശ്ലൈഹിക സിംഹാസനത്തിന്‍റെ പൈതൃക സാമ്പത്തികഭരണം, ജനറൽ ഓഡിറ്ററു‌ടെ ഓഫീസ്, സംവരണകാര്യങ്ങൾക്കു വേണ്ടിയുള്ള കമ്മീഷൻ, നിക്ഷേപക്കമ്മിറ്റി എന്നിവ ഉൾപ്പെടുന്നവയാണ് സാമ്പത്തികഭരണസംഘം.

പേപ്പൽ ഭവനത്തിന്റെ ചുമതലയുള്ള ഓഫീസ്, മാർപാപ്പയുടെ ലിറ്റർജിക്കൽ ആഘോഷങ്ങൾക്കുവേണ്ടിയുള്ള ഓഫീസ്, ശ്ലൈഹികസിംഹാസനം ഒഴിവുവരുമ്പോൾ കാര്യങ്ങൾ ശ്രദ്ധിക്കുന്ന ഓഫീസ് എന്നിങ്ങനെ മൂന്ന് ഓഫീസുകൾ റോമൻ കൂരിയയിൽ പ്രവർത്തിക്കുന്നു.അപ്പസ്തോലിക് സിഗ്നത്തൂരയിൽ കേസുകൾ നടക്കുമ്പോൾ ആവശ്യക്കാരെ സഹായിക്കാനായി അഭിഭാഷകരുടെ ഒരു സംഘവും റോമൻ കൂരിയയിലുണ്ട്. പരിശുദ്ധസിംഹാസനത്തോടു ബന്ധപ്പെട്ട പുരാതനവും നവീനവുമായ കുറേയേറെ സ്ഥാപനങ്ങളെപ്പറ്റി പ്രതിപാദിച്ചുകൊണ്ടാണ് പുതിയ അപ്പസ്തോലിക് കോണ്‍സ്റ്റിറ്റ്യൂഷൻ അവസാനിക്കുന്നത്. വത്തിക്കാനിലെ അപ്പസ്തോലിക് ആർക്കൈവ്സ്, വത്തിക്കാൻ അപ്പസ്തോലിക് ലൈബ്രറി, സേക്രഡ് ആർക്കിയോളജി, പൊന്തിഫിക്കൽ അക്കാഡമികൾ,സഭാസർവകലാശാലകളുടെയും ഫാക്കൽറ്റികളുടെയും നിലവാരം വിലയിരുത്താനുള്ള വത്തിക്കാൻ ഏജൻസി തുടങ്ങിയവ അവയിൽ ചിലതാണ്.

ഓരോ ഡിക്കാസ്റ്ററിക്കും ഫ്രീഫെക്ട്, നിശ്ചിത എണ്ണം അംഗങ്ങൾ, സെക്രട്ടറിമാർ, അണ്ടർ സെക്രട്ടറിമാർ, ഓഫിഷ്യൽസ്, കണ്‍സൾട്ടേഴ്സ് എന്നിവർ ഉണ്ടായിരിക്കും. ഇവരെയെല്ലാം അഞ്ചു വർഷത്തേക്ക് മാർപാപ്പ തന്നെയാണ് നിയമിക്കുന്നത്. അംഗങ്ങൾ റോമിന് അകത്തും പുറത്തുംനിന്നുള്ള കർദിനാൾമാരാണ്.പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററിയിൽ എല്ലാ പാത്രിയാർക്കീസുമാരും മേജർ ആർച്ച്ബിഷപ്പുമാരും അംഗങ്ങളാണ്.കത്തോലിക്കാ സഭയിൽ നാലു മേജർ ആർച്ച്ബിഷപ്പുമാരാണുള്ളത്.അവരിൽ രണ്ടു പേർ കേരളത്തിൽ നിന്നുള്ള കർദിനാൾമാരാണ്.റോമൻ കൂരിയയുടെ അധികാരം മാർപാപ്പയിൽനിന്നുള്ള അധികാരമാണ്.കൂരിയ പ്രവർത്തിക്കുന്നത് മാർപാപ്പയുടെ പേരിലാണ്. അതുകൊണ്ട്, റോമൻ കൂരിയയുടെ അധികാരത്തിന് “പകരക്കാരന്റെ”സ്വഭാവമാണ് (vicarious character). പാപ്പായുടെ ആസ്ഥാനം ഒഴിവാകുന്പോൾ ഫ്രീഫെക്ടിന്റെ അധികാരം അവസാനിക്കുന്നു. പുതിയ മാർപാപ്പ ഫ്രീഫെക്ടിന്റെ സ്ഥാനം സ്ഥിരീകരിച്ചാൽ അദ്ദേഹത്തിന് ഓഫീസിൽ തുടരാം.അതുകൊണ്ട്, റോമൻ കൂരിയയുടെ ഏതു വകുപ്പാണെങ്കിലും പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ മാർപാപ്പയുടെ അംഗീകാരം ഉണ്ടായിരിക്കണം.

(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ)

https://chat.whatsapp.com/EM3JJuHtBEh1sm3y2mMBgn
Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!