ജോബി ബേബി
തിരക്കുകളുടെയും യാത്രികതയുടെയും സ്വതന്ത്രവിഹാരത്തിന്റെ ലോകത്തു നിന്നും കുത്തനെ ഏകാന്തതയുടെയും മുഷിച്ചിലിന്റെയും വേദനയുടെയും കീഴേപ്പടിയിലേക്കാണ് കൊറോണ നമ്മെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്.ഒരു വൈറസിലൂടെ നമ്മുടെ ജീവിതരീതിയുടെ ഗതിവിഗതികൾ തീരുമാനിക്കപ്പെടുന്ന വ്യത്യസ്തതയാർന്ന ദിനങ്ങൾ കടന്ന് പോയിക്കൊണ്ടിരിക്കുന്നു.ഈ സാഹചര്യത്തിൽ പ്രധാനമായും കൊറോണ അഥവാ കോവിഡ്-19രോഗികളുടെ മാനസികാരോഗ്യം ശക്തമായി നിലനിർത്തുന്നതിന് വേണ്ടുന്ന ചില കാര്യങ്ങൾ നമ്മുക്ക് ചിന്തിക്കാം.ഒപ്പം ചുരുക്കമായി ഈ മഹാമാരിയുടെ കാലത്ത് എല്ലാവർക്കും മാനസികാരോഗ്യം നന്നായി നിലനിർത്തുന്നതിന് വേണ്ടുന്ന ചില പാഠങ്ങളും നമ്മുക്ക് പഠിക്കാം.
ഒരു രോഗി ഏതു രോഗാവസ്ഥയിൽ ആണെങ്കിലും മാനസികാരോഗ്യം നിലനിർത്തേണ്ടത് രോഗത്തിന്റെ കൃത്യമായതും വേഗത്തിലുള്ളതുമായ ശമനത്തിന് അത്യാവശ്യമാണ്.അത് കോവിഡ് -19നെ സംബന്ധിച്ചടുത്തോളം പലമടങ്ങ് പ്രാധാന്യം വർധിപ്പിക്കുന്നു.ഈ രോഗത്തെക്കുറിച്ചും രോഗാവസ്ഥയെക്കുറിച്ചും കേട്ടിരിക്കുന്ന ശരിയായതും തെറ്റായതുമായ അറിവുകളും വാർത്തകളും രോഗിയുടെ മാനസികാവസ്ഥയെ താറുമാറാക്കുന്നു.കൂടാതെ ഉറ്റവരിൽ നിന്നും ഉടയവരിൽ നിന്നും അകന്ന് കഴിയേണ്ടി വരുമ്പോൾ ഈ പ്രതിസന്ധി പലമടങ്ങ് വർധിക്കുന്നു.ഈ സാഹചര്യത്തിലാണ് മാനസികാരോഗ്യം നിലനിർത്തേണ്ടതിന്റെ പ്രസക്തി.
സർക്കാരിന്റെ ബോധവത്‌കരണ പരിപാടികൾ ശ്രദ്ധിച്ചാൽ നിരന്തരം കേൾക്കുന്ന വാചകമാണ് “ആശങ്ക വേണ്ട,ജാഗ്രത മതി”എന്നുള്ളത്.ഇത് തീർത്തും സത്യമാണ്.ഒരിക്കലും ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല.എന്നാൽ നമ്മൾ പുറമേ കേട്ടിരിക്കുന്നത് കോവിഡ്-19ഒരു മാരക ഗുരുതര രോഗമാണ്.കൊറോണ പിടിച്ചാൽ മരിച്ചുപോകും.കൊറോണ വന്നുകഴിഞ്ഞാൽ രക്ഷയില്ല എന്നൊക്കെയാണ്.എന്നാൽ തീർത്തും വാസ്തവ വിരുദ്ധമാണ്.കാരണം,കേരളത്തിലെ മരണനിരക്ക് നിലവിൽ ഏകദേശം 0.4ശതമാനമാണ്.99.6ശതമാനം പേർക്കും ഭേതമാകുന്ന അസുഖമാണ് കോവിഡ്-19.ഏകദേശം 80%രോഗികളിലും കാര്യമായ പ്രശ്നങ്ങൾ കോവിഡ്-19ഉണ്ടാക്കുന്നില്ല എന്നത് ഒരു വസ്തുതയാണ്.ലക്ഷകണക്കിന് കോവിഡ് രോഗികൾ ആരോഗ്യ പ്രവർത്തകരുടെ നിർദേശം അനുസരിച്ചു വീട്ടിൽ തന്നെ ചികിത്സയെടുത്തു മാറ്റുന്ന ഒരസുഖമാണ് കൊറോണ.അപൂർവ്വത്തിൽ അപൂർവം ചില ആൾക്കാരാണ് മരണത്തിന് കീഴ്പ്പെടുന്നത്.
അറിയേണ്ട ശാസ്ത്രീയ വസ്തുതകൾ :-
നമ്മുടെ മനസും ശരീരവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.നമ്മുടെ മനസ്സ് എത്രത്തോളം സന്തോഷത്തോടെ ഇരിക്കുന്നുവോ അത്രത്തോളം ശരീരം വളരെ ആക്ടീവ് ആയി ഇരിക്കുകയും ഈ വൈറസിനെ നശിപ്പിക്കുകയും വൈറസ് നമ്മുടെ ശരീരത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.ആയതിനാൽ മാനസികാരോഗ്യം വളരെയേറെ പ്രാധാന്യം അർഹിക്കുന്നു.കോവിഡ് രോഗികളുടെ മാനസികാരോഗ്യം വർധിപ്പിക്കാൻ ഒന്നാമതായി ശ്രദ്ധിക്കേണ്ടത് ഞാൻ ആദ്യം സൂചിപ്പിച്ച കാര്യം ഉൾക്കൊള്ളുക എന്നതാണ്.അതായത് കോവിഡ്-19ബഹുപൂരിപക്ഷം പേരിലും ഒരു ഗുരുതര മാരക രോഗം അല്ല എന്നത് ഒരു ശാസ്ത്രീയ വസ്തുതയാണ്.അതു പോലെ തന്നെ പോസിറ്റീവ് ആയിരിക്കുമ്പോൾ ഞാൻ കോവിഡ് പോസിറ്റീവ് ആണ്,മാരക ഗുരുതര രോഗമാണ് എന്നുള്ള ചിന്തകൾ പൂർണ്ണമായും മാറ്റുക.എന്നിട്ട് ഈ പതിനേഴു ദിവസം കഴിയുമ്പോൾ തുടർന്ന് ചെയ്‌യേണ്ട കാര്യങ്ങളെക്കുറിച്ചു ഒരു പ്ലാനും പദ്ധതിയുമൊക്കെ ഉണ്ടാക്കി കൊണ്ട് കിടക്കുക.
രണ്ടാമതായി ഒരാൾ കോവിഡ് പോസിറ്റീവായി കഴിയുമ്പോൾ പിന്നെ കാണുന്നതും കേൾക്കുന്നതും വിളിക്കുന്നതും തിരയുന്നതും സംസാരിക്കുന്നതുമെല്ലാം തന്നെ കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.കോറോണയുമായി ബന്ധപ്പെട്ട ചിന്തകൾ തന്നെ മാറ്റുക.മനപൂർവമായി കൊറോണയുമായി ബന്ധപ്പെട്ട ചിന്തകളിൽ നിന്നും ശ്രദ്ധ മനസിന് സന്തോഷം കിട്ടുന്ന മറ്റ് മേഖലകളിലേക്ക് മാറ്റുക.വ്യക്തിപരമായ കാര്യങ്ങൾ,കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങൾ,ദൈവീകമയ കാര്യങ്ങൾ,മതപരമായ കാര്യങ്ങൾ,തുടങ്ങി നമ്മുടെ മനസിന് സന്തോഷവും സമാധാനവും കിട്ടുന്ന മേഖലയിലേക്ക് നമ്മുടെ മനസ്സിന്റെ ചിന്തകളെ മാറ്റുക.കൂടാതെ വാട്സ്അപ്പ് ഗ്രൂപ്പുകളിലേക്കും,ഫേസ്‌ബുക്കിലേക്കും പോകുന്നത് ഒഴിവാക്കുക.അതുപോലെ യുട്യൂബിൽ കോവിഡുമായി ബന്ധപ്പെട്ട വീഡിയോ കാണാതിരിക്കുക.കാരണം ഇവയെല്ലാം തന്നെ കോവിഡ് രോഗികളിൽ മാനസികാരോഗ്യം വർധിപ്പിക്കുന്നതിന് പകരം തകർക്കുന്നതായി ആണ് കരുതുന്നത്.
മൂന്നാമതായി കോവിഡ് പോസിറ്റീവ് ആയിരിക്കുമ്പോൾ വളരെ വേണ്ടപ്പെട്ട അടുത്ത കുടുംബാംഗങ്ങളുടേതോ ഏറ്റവും വേണ്ടപ്പെട്ട ഒന്നോ രണ്ടോ സുഹൃത്തുക്കളുടെയോ ഫോൺ കോളുകൾ മാത്രം എടുക്കുക.കാരണം പല ആൾക്കാരും ഫോൺ വിളിച്ചു കഴിയുമ്പോൾ രോഗികളുടെ ആത്മവിശ്വാസം കുറയുകയും ആശങ്ക വർദ്ധിക്കുകയും ചെയ്യുന്നതായി ശ്രദ്ധയിൽ പെടാറുണ്ട്.നാലാമതായി എവിടെയാണോ അയിരിക്കുന്നത് അവിടെത്തന്നെ ചെറിയ വ്യായാമങ്ങളോ,റിലാക്സേഷൻ ടെക്‌നിക്കുകളോ ഒക്കെ ചെയ്‌യുന്നത് മാനസികാരോഗ്യം വർധിപ്പിക്കുന്നതിന് സഹായിക്കും.
ലോകത്തിൽ നമ്മൾ ജീവിക്കുമ്പോൾ സാധാരണവും അസാധാരണവുമായ കാര്യങ്ങൾ സംഭവിക്കാം.അസാധാരണമായ കാര്യങ്ങൾ നോക്കി നമ്മുടെ ജീവിതം ക്രമീകരിച്ചാൽ ആശങ്കയോടും പേടിയോടും കൂടാതെ ഒരു നിമിഷം പോലും ജീവിക്കാൻ സാധ്യമല്ല.ആയതിനാൽ ജാഗ്രത ഒട്ടും കുറയ്ക്കാതെ ആശങ്ക പൂർണ്ണമായും വെടിയുക.സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കുക.അങ്ങനെ കോവിഡ് രോഗികളിൽ മാനസികാരോഗ്യം വീണ്ടെടുക്കുവാൻ സാധിക്കും.അതു വഴി അവരുടെ ഉറക്കക്കുറവ്,വിശപ്പില്ലായ്മ ഒക്കെ പരിഹരിക്കുവാൻ സാധിക്കും.അങ്ങനെ നമ്മുടെ ഈ ലോകത്തിലെ ജീവിതത്തിൽ സന്തോഷത്തോടെയും സമാധാനത്തോടെയും അർത്ഥവത്തായും ലക്ഷ്യബോധത്തോടും കൂടിയും കോവിഡ് കാലഘട്ടത്തിലും ജീവിക്കുവാൻ സാധിക്കും.
(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ