ജോബി ബേബി,(നഴ്സ്,കുവൈറ്റ്)
എന്തു സംഭവിച്ചാലും ‘എല്ലാം നന്മയ്ക്ക്’എന്നു പറയുന്നതായിരുന്നു മന്ത്രിയുടെ സ്വഭാവം.ഒരിക്കൽ ഒരു ചെറിയ അപകടത്തിൽ രാജാവിന് ഇടതു കൈയിലെ കുഞ്ഞുവിരൽ നഷ്ടമായി.മന്ത്രി പതിവുപോലെ ഇതു സംബന്ധിച്ചും തന്റെ അഭിപ്രായം പറഞ്ഞു:”രാജാവിന് വിരലു നഷ്ടപ്പെട്ടതും നന്മയ്ക്ക്”.
വിവരം രാജാവറിഞ്ഞു.രാജാവിനു ദേഷ്യമായി-തന്റെ വിരലുമുറിഞ്ഞുപോയതിനാൽ എന്താണ് നന്മ?മന്ത്രിയെ തുറങ്കലിലടയ്ക്കാൻ കല്പന കൊടുത്തിട്ട് രാജാവു നേരത്തെ നിശ്ചയിച്ച നായാട്ടിനു പോയി.മന്ത്രിക്കുള്ള ശിക്ഷ തിരിച്ചു വന്നിട്ട്.പക്ഷേ നായാട്ടിനു പോയ രാജാവ് കാട്ടു ജാതിക്കാരായ കിരാതന്മാരുടെ കൈയിലകപ്പെട്ടു.മലദൈവത്തിനു നരബലി അർപ്പിക്കാൻ വേണ്ടി അവർ ഒരാളെ തിരയുമ്പോഴാണു രാജാവ് അവരുടെ കൈയിൽ പെട്ടത്.ഒത്ത നീളവും വണ്ണവുമുള്ള ഇയാളെ തന്നെ ബലിയർപ്പിക്കാം എന്നവർ തീരുമാനിച്ചു.അവർ രാജാവിനെ ബലമായി പിടിച്ചുകെട്ടി നരബലി നടത്തുന്ന സ്ഥലത്തെത്തിച്ചു.അവർ നരബലിക്കുള്ള വട്ടം കൂട്ടുന്നതിനിടയിൽ ‘ബലിമൃഗത്തെ’പൂജാരി വിശദമായി പരിശോധിച്ചപ്പോഴാണതു കണ്ടെത്തിയത്.ഇയാൾക്ക് ഒരു വിരലില്ല.വികലാoഗനെ ദൈവത്തിനു ബലി കഴിക്കുകയോ?പാടില്ല.ശാരീരികവുമായി ഒരു ഊനവും ഇല്ലാത്ത ആളിനെ വേണം ബലിയർപ്പിക്കാൻ.ചുരുക്കത്തിൽ അവർ രാജാവിനെ മോചിപ്പിച്ചു.
തന്റെ കുഞ്ഞുവിരൽ നഷ്ടപ്പെട്ടത് കൊണ്ട് മാത്രമാണ് ജീവൻ തിരിച്ചു കിട്ടിയതു എന്ന് രാജാവിന് മനസ്സിലായി.വിരൽ നഷ്ടപ്പെട്ടത് നന്മയ്ക്കായിട്ടെന്ന് ഇപ്പോൾ മാത്രമാണ് തനിക്ക് മനസ്സിലായത്.പക്ഷേ തന്റെ മന്ത്രിക്ക് ഇക്കാര്യം നേരത്തെ തന്നെ മനസ്സിലായിരുന്നു എന്ന് രാജാവ് ചിന്തിച്ചു.രാജധാനിയിൽ മടങ്ങിയെത്തിയ രാജാവ് മന്ത്രിയെ കൈയ്യോടെ മോചിപ്പിച്ചു.മാത്രമല്ല ധാരാളം സമ്മാനങ്ങളും നൽകി ആദരിച്ചു.അപ്പോഴും മന്ത്രി പറഞ്ഞു:”രാജാവിന് വിരലുപോയത് മാത്രമല്ല,എന്നെ തടവിലാക്കിയിട്ടതും നന്മയ്ക്ക്.അതുകൊണ്ടാണല്ലോ പ്രായശ്ചിത്തമെന്ന നിലയിൽ ഇത്രേയും വിലപിടിച്ച സമ്മാനങ്ങൾ എനിക്ക് നൽകാൻ രാജാവിന് തോന്നിയത്”.
(കുവൈറ്റിൽ നഴ്സായി ജോലി നോക്കുന്നു ലേഖകൻ).
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ