January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ജനിതക മാറ്റം വരുന്ന പ്രണയം

ജോബി ബേബി

പ്രണയത്തിന്റെ പേരിൽ പരസ്പരം കടിച്ചുകീറാനും കൊല്ലാനും മടിയില്ലാത്തിടത്തോളം രോഗാതുരമായിട്ടുണ്ട് നമ്മുടെ നാട്. അഹന്തയാൽ രോഗബാധിതരായവരാണ് മനുഷ്യർ എന്ന് നിരീക്ഷിക്കുന്നുണ്ട് വിഖ്യാത ചലച്ചിത്രകാരനായ ആന്ദ്രേ തർക്കോവ്സ്കി.മറ്റുള്ളവരിൽനിന്ന് നേടിയെടുക്കാനുള്ള ആർത്തിയായി അത് മാറുന്നു.അത് സ്വാതന്ത്ര്യമല്ല. മറിച്ച്,നമുക്കുള്ളത് നൽകാൻ പഠിക്കലാണ് സ്വാതന്ത്ര്യം. സ്നേഹംകൊണ്ടുള്ള ഈ ആത്മബലിയെക്കാൾ വലിയ മറ്റൊരു മൂല്യവുമില്ലെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ വിശ്രുതസിനിമയായ ‘സാക്രിഫൈസ്’.അതെ,മഹത്തായ പ്രണയം പ്രതിഫലമിച്ഛിക്കാത്ത സ്വയംസമർപ്പണംതന്നെയാണ്.

പ്രണയത്തിന്റെ പേരിൽ അടുത്തിടെ ഒരു ചെറുപ്പക്കാരൻ സഹപാഠിയെ കഴുത്തറുത്തു കൊന്ന സംഭവം നമ്മുടെ മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്.സമാനമായ സംഭവങ്ങൾ നമ്മുടെ നാട്ടിൽ യുവാക്കൾക്കിടയിൽ ആവർത്തിക്കുന്നു.അഞ്ചു വർഷത്തിനിടെ പ്രണയവുമായി ബന്ധപ്പെട്ട് 350ഓളം ആത്മഹത്യകളോ കൊലപാതകങ്ങളോ കേരളത്തിൽ നടന്നിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യകതമാക്കുന്നത്.2019ൽ സമാന സ്വഭാവമുള്ള അഞ്ച്‌ കൊലപാതകങ്ങൾ നടന്നപ്പോൾ 2020ൽ കോവിഡ് മഹാമാരിക്കിടെ രണ്ട് സംഭവങ്ങൾ നടന്നു.ഈ വർഷം ജൂലൈയിലാണ് ഒരു പെൺകുട്ടിയുടെ പ്രണയം നിരസിച്ചതിന്റെ പേരിൽ കാമുകൻ വെടിവച്ചുകൊന്നത്.പ്രബുദ്ധ കേരളത്തിലെ യുവാക്കൾക്കിടയിൽ എന്തുകൊണ്ട് ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കുന്നു എന്ന അന്വേഷണം ഗൗരവമായി ചർച്ച ചെയ്യേണ്ട ചില വിഷയങ്ങളിലേക്കാണ് നമ്മെ നയിക്കുന്നത്.ആവര്‍ത്തിക്കുന്ന കൊലപാതക വാര്‍ത്തകളുടെ ഞെട്ടലിനൊപ്പം എന്തുപറ്റി നമ്മുടെ കൗമാരങ്ങള്‍ക്ക് എന്ന് ചിന്തിക്കാൻ നമ്മെ സഹായിക്കും.

യുവാക്കളുടെ മാനസികാരോഗ്യം ഒരവലോകനം

നാലു ഘടകങ്ങൾ ചേർന്ന മനോഹാരിതയാണ് പ്രണയം.ആദ്യത്തേത് ആത്മബന്ധം അഥവാ Intimacy.താൻ പ്രണയിച്ചു തുടങ്ങുന്ന വ്യക്തിയുടെ താത്പര്യങ്ങൾ കൂടി പരിഗണിച്ച് ഓരോ തീരുമാനവും എടുക്കുന്നു എന്ന അവസ്ഥയാണത്.രണ്ടാമത്തേത് ശാരീരിക ആകർഷണമാണ്.സൗന്ദര്യത്തോടുള്ള ആരാധന മുതൽ ലൈംഗീകാസക്തി വരെയുള്ള ഘടഗങ്ങൾ ഇതിൽ പെടുന്നുണ്ട്.പ്രണയത്തിന്റെ ആദ്യഘട്ടത്തിൽ ഇത് വളരെ ശക്തമാണെങ്കിലും കാലാന്തരത്തിൽ ഇതിന്റെ ശക്തി കുറയും.മൂന്നാമത്തെ ഘടകമാണ് പ്രതിബദ്ധത.പ്രണയത്തിലായിരിക്കുമ്പോൾ തന്നെ ഒരാൾക്ക് പലരുടേയും സൗന്ദര്യത്തിനു ആരാധനയും ബുദ്ധിപരമായ കഴിവുകളോട് ഭ്രമവും തോന്നിയേക്കാം.അത്തരം ബന്ധങ്ങളൊന്നും നമ്മുടെ പ്രണയത്തെ തകർക്കാത്ത രീതിയിൽ ആരോഗ്യപരമായ അതിർവരമ്പുകൾ നിശ്ചയിക്കാനുള്ള കഴിവാണ് പ്രതിബദ്ധത.നാലാമത്തെ ഘടകമാണ് ജനാധിപത്യം.
പ്രണേതാവിനോട് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അത്‌ പ്രകടിപ്പിക്കാനും അത്‌ കേൾക്കുന്നു എന്ന് ഉറപ്പ് വരുത്താനുമുള്ള അവകാശമാണിത്.എന്നാൽ പ്രണയ കൊലപാതകങ്ങൾ എന്ന പേരിൽ നമ്മുടെ നാട്ടിൽ നടക്കുന്ന പല സംഭവങ്ങളിലും ഈ നാലു അവസ്ഥകളും പരാജയപ്പെടുന്നു എന്നതാണ് വസ്തുത.കാരണം അവയിൽ മിക്കതും യഥാർത്ഥ പ്രണയമല്ല.മറിച്ചു വൈകാരികഅടിമത്വം എന്ന അവസ്ഥയാണ്.

വൈകാരിക അടിമത്വത്തിൽ നമ്മുടെ ലോകം ഒരു വ്യക്തിയിലേക്ക് ചുരുങ്ങിപ്പോകും.ആ വ്യക്തിയില്ലെതെ ഒരു തരത്തിലും ജീവിക്കാൻ കഴിയില്ലെന്ന ചിന്താഗതി ശക്തമാകുന്നതോടെ അയാളുടെ വൈകാരിക അവസ്ഥകളോ അവകാശങ്ങളോ മാനിക്കാത്ത മാനസീക നിലയിലേക്ക് നാം എത്തിച്ചേരുന്നു.നമ്മുടെ ആഗ്രഹങ്ങൾക്ക് ആ വ്യക്തി പൂർണമായി വിധേയപ്പെടണം എന്ന ശാഠ്യo ഈ ഘട്ടത്തിൽ പലരും പ്രകടിപ്പിച്ചു തുടങ്ങും.അങ്ങനെ ആ ബന്ധത്തിൽ ജനാധിപത്യ സ്വഭാവം ഇല്ലാതെയാകുന്നു.പരിണിതഫലമായി കൊലപാതകങ്ങളോ ആത്മഹത്യകളോ അല്ലെങ്കിൽ രണ്ടും ചേർന്ന സങ്കീർണ്ണമായ അവസ്ഥയോ സംഭവിക്കുന്നു.എന്നാൽ,യഥാർത്ഥ പ്രണയത്തിൽ ഏർപ്പെടുന്ന ഒരാൾക്ക് തന്റെ പ്രണയിനിയെ വേദനിപ്പിക്കാൻ കഴിയില്ല.അഭിപ്രായ ഭിന്നതകൾ മൂലംപിരിഞ്ഞു കഴിഞ്ഞാലും ആ വ്യക്തി സന്തോഷത്തോടെയിരിക്കണം എന്നാഗ്രഹിക്കാൻ മാത്രമേ സത്യസന്ധമായ പ്രണയത്തിനു കഴിയുകയുള്ളൂ.വ്യക്തിത്വ വൈകല്യം ഉള്ളവർ പ്രണയിക്കുമ്പോൾ മറുവശത്തുള്ളവരെ ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിക്കുകയും ആവർത്തിച്ച് ചൂഷണം ചെയ്യുകയും ഒട്ടും കുറ്റബോധമില്ലാതെ തെറ്റുകൾ ആവർത്തിക്കുകയും ചെയ്യുന്നു.അത്‌ കൊണ്ടെത്തിക്കുന്ന പ്രണയകൊലപാതകങ്ങൾ വൈകാരിക അടിമത്തം ലഭിക്കാത്തതിലെ നിരാശ മാത്രമാകാം.

കുടുംബത്തിലെ ജനാധിപത്യം

പുരുഷകേന്ദ്രീകൃതമായ നമ്മുടെ സമൂഹത്തിൽ കുട്ടികളെ വളർത്തുന്നതിനുള്ള പാകപ്പിഴകളും പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് വഴിതെളിക്കാറുണ്ട്.ആൺകുട്ടികൾക്ക് കൂടുതൽ അവകാശവും സ്വാതന്ത്ര്യവും കൊടുക്കുകയും പെൺ കുട്ടികൾ സംരക്ഷിക്കപ്പെടേണ്ടതാണെന്ന വ്യാജേന അവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നു.പുരുഷമേധവിത്വത്തിന്റെ സ്വാധീനം കലർന്ന രക്ഷാകർത്തൃമാതൃകകളാണ് ഈ രീതിയിൽ പ്രചരിപ്പിക്കപ്പെടുന്നത്.അതുകൊണ്ട് തന്നെ പെൺകുട്ടികൾ കൂടുതൽ ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുണ്ട്.എന്നാൽ സമീപകാലത്ത്‌ കുട്ടികൾക്ക് നേരെയുണ്ടാകുന്ന ചൂഷണങ്ങളെക്കുറിച്ചുള്ള ഭൂരിപക്ഷം പഠനങ്ങളും സൂചിപ്പിക്കുന്നത് ആൺകുട്ടികളിലും പെൺകുട്ടികളിലും ഒരു പോലെ ചൂഷണം സംഭവിക്കുന്നുവെന്നുള്ളതാണ്.

ലിംഗനീതി,ലിംഗസമത്വം തുല്യമായ ഉത്തരവാദിത്വങ്ങളും അവകാശങ്ങളും എന്നിവയൊക്കെ ചെറിയപ്രായത്തിൽ തന്നെ കുട്ടികളെ ബോധ്യപ്പെടുത്തി വളർത്തേണ്ടത് അനിവാര്യമാണ്.എങ്കിൽ മാത്രമേ മറ്റൊരു ലിംഗത്തിൽപ്പെട്ട വ്യക്തിയെ ബഹുമാനിക്കുവാനും ആ വ്യക്തിയുടെ അവകാശങ്ങളോട് ആദരവ് പ്രകടിപ്പിക്കുവാനും സാധിക്കുകയുള്ളൂ.നമ്മുടെ വീടുകളിൽ പലപ്പോഴും ഭാര്യയും ഭർത്താവും തമ്മിലുള്ള ഇടപെടലുകളിൽ ചില പോരായ്മകൾ ദൃശ്യമാണ്.അമ്മയെ നിരന്തരം ഹിംസിക്കുകയും മോശമായ വാക്കുകൾ കൊണ്ട് അഭിസംബോധന ചെയ്യുകയും അമ്മയുടെ ആഗ്രഹങ്ങളെയും അഭിപ്രായങ്ങളെയും അടിച്ചമർത്തുകയും ചെയ്യുന്ന അച്ഛനെ കണ്ടു വളരുന്ന ഒരു കുട്ടിയിൽ അറിയാതെ തന്നെ(അവന്റെ മനസിലേക്ക്)പുരുഷ മേധാവിത്വത്തിന്റെ സവിശേഷതകൾ കടന്ന് കയറുകയാണ്. ഭാവിയിൽ അവന്റെ പ്രണയത്തിലും കുടുംബജീവിതത്തിലുമൊക്കെ ഇതിന്റെ സ്വാധീനം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.എതിരഭിപ്രായങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത മനോനിലയിലേക്ക് അത്തരം ആളുകൾ എത്തിച്ചേരുന്നതും സ്വാഭാവികമാണ്.അതുകൊണ്ട് തന്നെ വീടുകളിൽ അച്ഛനും അമ്മയും തമ്മിലുള്ള ഇടപെടൽ ജനാധിപത്യ സ്വഭാവത്തിലാകുന്നതാണ് തീർച്ചയായും കുട്ടികൾക്ക് മാതൃകയാക്കാൻ നല്ലത്.

വിഷലിപ്ത ബന്ധങ്ങൾ

വിവരസാങ്കേതിക വിദ്യ സർവത്രികമായതോടെ മനുഷ്യസ്വഭാവത്തിൽ അക്ഷമ കടന്ന് വന്നിട്ടുണ്ട്.30വർഷത്തിന് മുൻപുള്ള ആളുകൾക്ക് ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കണമെങ്കിൽ അവിടെ പോയി ഭക്ഷണം ആവശ്യപ്പെട്ട് വാങ്ങേണ്ട സാഹചര്യം ഉണ്ടായിരുന്നു.സിനിമാ തീയറ്ററിൽ ടിക്കറ്റ് എടുക്കണമെങ്കിലും നേരിട്ട് പോകേണ്ട സാഹചര്യം ഉണ്ടായിരുന്നു.ഒരു പ്രണയ ലേഖനം കൊടുത്താൽ അതിന്റെ മറുപടി കിട്ടാൻ ദിവസങ്ങൾ കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു.ഇങ്ങനെ കാത്തിരിക്കുന്ന സമയത്തു രണ്ട് സാദ്ധ്യതകൾ മനസ്സിൽ തെളിയുകയും എന്ത് പരിണിത ഫലമാണ് ഉണ്ടാവുന്നതെങ്കിലും അതുമായി പൊരുത്തപ്പെടാൻ മനസ്സ്‌ പാകപ്പെടുകയും ചെയ്യ്തിരുന്നു.പ്രണയാഭ്യർത്ഥനയുടെ സ്വീകരണവും നിരാസവും സംബന്ധിച്ച് ചിന്തിച്ചു മനസ്സിനെ പാകപ്പെടുത്തിയെടുക്കാൻ ഈ ദൈർഘ്യo
സഹായിക്കും.ഇന്നിപ്പോൾ മേൽപ്പറഞ്ഞ കാര്യങ്ങൾ എല്ലാം ഏതാനും സെക്കൻഡുകൾ കൊണ്ട് നടപ്പിലാക്കാനുള്ള സാഹചര്യമുണ്ട്.സ്വാഭാവികമായും ഇത് മനുഷ്യമനസ്സിൽ അക്ഷമയും എടുത്തുചാട്ടവും വർദ്ധിപ്പിച്ചു.അഭിപ്രായ വ്യത്യാസം വരുന്ന സമയത്തു ഉടൻ തന്നെ പ്രകോപിതനാവുകയും നിമിഷാർത്ഥം കൊണ്ട് തന്നെ താൻ ഇത്രേയും നാളും പ്രണയിച്ച വ്യക്തിയെ ഇല്ലായ്‌മ ചെയ്യുന്നതിനുള്ള മനസികാവസ്ഥത്തയിലേക്ക് എത്തിച്ചേരാനും ഈ എടുത്തുചാട്ടവും അക്ഷമയും കാരണമാകുന്നു.

സാമൂഹികവിരുദ്ധതയെന്ന വ്യക്തിവൈകല്യം

വ്യക്തിത്വവൈകല്യമുള്ളവർക്ക് ഒരു വികാരവും നിയന്ത്രിക്കുവാൻ കഴിയില്ല.അമിതദേഷ്യവും അക്രമസ്വഭാവുമൊക്കെ അവരുടെ ബന്ധത്തെ കലുഷിതമാക്കാൻ സാധ്യതയുണ്ട്.സാമൂഹികവിരുദ്ധ വ്യക്തിത്വ വൈകല്യം ഉള്ള വ്യക്തികൾ പ്രണയിക്കുമ്പോൾ മറുവശത്തുള്ളവരെ ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിക്കുകയും ആവർത്തിച്ച് അവരെ ചൂഷണം ചെയ്യുകയും ഒട്ടും കുറ്റബോധമില്ലാതെ ഈ തെറ്റുകൾ ആവർത്തിക്കുന്ന സ്ഥിതി വരികയും ചെയ്യും.ആത്മാനുരാഗ വ്യക്തി വൈകല്യമുള്ള ആളുകൾ പലപ്പോഴും ജീവിതത്തിൽ പലനേട്ടങ്ങളും കൈവരിച്ചവരാകാൻ സാധ്യതയുണ്ട്.അത്തരക്കാർ അവരുടെ നേട്ടങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് പലരേയും ആകർഷിക്കും.പക്ഷേ പ്രണയത്തിൽ ആയി കഴിയുമ്പോഴാണ് പ്രണയിക്കുന്ന വ്യക്തി വേദനയോടെ മനസ്സിലാക്കുന്നത് ഇദ്ദേഹത്തിന് മറ്റൊരാളെ സ്നേഹിക്കുവാനുള്ള കഴിവില്ല.അദ്ദേഹത്തിന് വേണ്ടത് പ്രണയിനിയെ അല്ല.ഒരു ആരാധികയെ മാത്രമാണ്.

വിഷലിപ്തമായ ബന്ധത്തിൽ അകപ്പെട്ടുപോയി എന്ന് മനസ്സിലാക്കുന്ന പക്ഷം പങ്കാളിയോട് തന്റെ പ്രയാസങ്ങൾ തുറന്ന് പറയാൻ തയ്യാറാകണം.വ്യക്തിത്വ വൈകല്യങ്ങൾ നിങ്ങളുടെ ബന്ധത്തെ ദോഷകരമായി ബാധിക്കുന്നുവെങ്കിൽ ഒരു മനഃശാസ്ത്രഞ്ജന്റെ സഹായത്തോടെ ആ വ്യക്തി വൈകല്യങ്ങൾ ചികിത്സിക്കാൻ കഴിയണം.പലപ്പോഴും വ്യക്തിവൈകല്യങ്ങൾ ഉള്ളവർ ചികിത്സയോട് സഹകരിക്കാറില്ല.ഇത്തരം ഘട്ടങ്ങളിൽ സ്വന്തം ബന്ധുക്കളോടോ പങ്കാളിയുടെ ബന്ധുക്കളോടോ ഇത്തരം പ്രശ്നങ്ങൾ തുറന്ന് പറഞ്ഞു അവരുടെ സഹായത്തോടെ ചികിത്സയും കൗൺസിലിങ്ങും നടത്തുകയാണ് അഭികാമ്യം.ഒരു തരത്തിലും സഹകരിക്കുന്നില്ലെങ്കിൽ വഷളാകുന്നതിനു മുൻപ്‌ ആ ബന്ധത്തിൽ നിന്ന് രക്ഷപ്പെടുക എന്നതാണ് കരണീയ മാർഗം.

കൊലയ്ക്ക് പരിഹാരം നിപുണതാ വിദ്യാഭ്യാസം

പ്രണയ കൊലപാതകങ്ങൾ ആവർത്തിക്കുന്ന ഈ സാഹചര്യത്തിൽ പരിഹാര മാർഗങ്ങളെ കുറിച്ചു ചിന്തിച്ചു തുടങ്ങേണ്ടതുണ്ട്.വിദ്യാഭ്യാസ പദ്ധതിയിൽ ജീവിത നിപുണതാവിദ്യാഭ്യാസം നിർബന്ധമാക്കുക എന്നതാണ് പ്രധാനവഴി.ജീവിതത്തിലെ പുതുമയുള്ള സാഹചര്യങ്ങളും പ്രയാസഘട്ടങ്ങളും തരണം ചെയ്യാൻ വ്യക്തി ആർജ്ജിച്ചിരിക്കേണ്ട ഗുണവിശേഷമാണ് ജീവിതനിപുണത.ആരോഗ്യകരമമായ വ്യക്തിബന്ധങ്ങൾ,വികാരങ്ങളുമായി പൊരുത്തപ്പെടുക,സമ്മർദ്ധനിയന്ത്രണം തുടങ്ങിയവയൊക്കെ ഈ പരിശീലനത്തിന്റെ ഭാഗമായി വരും.പ്രതിവർഷം 20മണിക്കൂർ നേരമെങ്കിലും പങ്കാളിത്തസ്വഭാവമുള്ള,പ്രക്രിയാധിഷ്ഠിതമായ,അനുഭാവാത്മകമായ ജീവിതനിപുണതാവിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണെങ്കിൽ അടുത്തൊരു തലമുറയുടെ മനസ്സിലെങ്കിലും ഇത്തരം വികലചിന്തകൾ ഉടലെടുക്കാതിരിക്കാൻ സഹായിക്കും.സംസ്ഥാനത്തു സ്റ്റേറ്റ് കൗൺസിൽ ഫോർ എഡ്യൂക്കേഷൻ റിസേർച് ആൻഡ് ട്രെയിനിങ്(SCERT)സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ഉല്ലാസപ്പറവകൾ എന്ന പേരിൽ ജീവിതനിപുണതാവിദ്യാഭ്യാസ മൊഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്.വിദ്യാലയങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ അത്‌ നടപ്പിലാക്കിയപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്.എല്ലാ വിദ്യാലയങ്ങളിലും സിലബസുകൾക്ക്‌ അതീതമായി ഇത് നടപ്പിലാക്കാൻ കഴിഞ്ഞാൽ വരും തലമുറയുടെ മനോഭാവം നല്ല രീതിയിൽ മാറ്റിയെടുക്കാൻ സാധിക്കും.

പ്രണയവും ആകർഷണവും

കുട്ടികൾ പരസ്പരം സൗഹൃദം പുലർത്തുന്നത് സ്വാഭാവികമാണ്.കൗമാരത്തിന്റെ തുടക്കത്തിൽ എതിർലിംഗത്തിൽ പെടുന്നവരോട് തോന്നുന്ന ആകർഷണം ആരോഗ്യകരമായ തലങ്ങളിലേക്ക് വളരാതെ സൂക്ഷിക്കേണ്ടത് ആവശ്യമാണ്.കൗമാരത്തിൽ തോന്നുന്ന ഇത്തരം ആകർഷണങ്ങളെയാണ് പ്രണയമായി കുട്ടികൾ തെറ്റിദ്ധരിക്കുന്നത്.ഒരു വ്യക്തിയുടെ ബാഹ്യവും ഉപരിപ്ലവവുമയ സവിശേഷതകളോട് തോന്നുന്ന താത്കാലികമായ ഭ്രമത്തെയാണ് ആകർഷണം(crush)എന്ന് വിശേഷിപ്പിക്കുന്നത്.ഒരാളുടെ രൂപ സൗന്ദര്യം,നിറം,നടപ്പ്,സംസാര രീതി തുടങ്ങിയ ബാഹ്യമായ സംഗതികളോടുള്ള ആരാധനയാണിത്.പലപ്പോഴും മറ്റേ വ്യക്തിക്ക് സമാനമായ താത്‌പര്യം തിരിച്ചു ഉണ്ടാകണമെന്നില്ല.ചിലപ്പോഴെങ്കിലും ആ വ്യക്തി ഇതേക്കുറിച്ചു അറിഞ്ഞിട്ടുപോലുമുണ്ടാവില്ല.യുവാക്കൾ ഒരിക്കൽ പോലും നേരിട്ടു കണ്ടിട്ടില്ലാത്ത സിനിമാ താരങ്ങളോടും സ്പോർട്സ് താരങ്ങളോടുമൊക്കെ ആകർഷണം തോന്നാം.സഹപാഠികളോടോ അദ്ധ്യാപകരോടോ വഴിയിൽ വച്ചു കാണുന്ന വ്യക്തികളോടൊക്കെ ഇത്തരം ഇഷ്ടം ഇവർക്ക് തോന്നിയേക്കാം.പലപ്പോഴും ഈ ഇഷ്ടം താത്കാലികമായ പ്രതിഭാസമായിരിക്കാനാണ് സാധ്യത.

ആരോഗ്യകരമായ സൗഹൃദം കൗമാരക്കാരായ ആൺകുട്ടികളും പെൺ കുട്ടികളും തമ്മിൽ ഉണ്ടാകും.നമ്മുടെ സുഹൃത്തിനെ നമ്മുക്കിഷ്ടമാണ്,അയാൾക്ക് തിരിച്ചും നമ്മൾ അയാളെ സഹിക്കാറുണ്ട്.അയാൾ തിരിച്ചും.എന്നാൽ സുഹൃത്തിന്റെ അസാന്നിദ്ധ്യം നമ്മെ വല്ലാതെയങ്ങു ബാധിക്കാറില്ല.ഉദാഹരണത്തിന്,നമ്മുടെ സുഹൃത്ത്‌ ഒരു ദിവസം സ്കൂളിൽ വന്നില്ലെന്നിരിക്കട്ടെ.’അവൻ /അവൾ എന്തുകൊണ്ട് വന്നില്ല?എന്ന് നാം ചിന്തിക്കാം.പക്ഷേ ഏതാനും നിമിഷം കഴിഞ്ഞാൽ ആ ചിന്ത മനസ്സിൽ നിന്ന് മാറിപ്പോകും.നമ്മുക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും.എന്നാൽ സുഹൃത്ത്‌ സ്കൂളിൽ വരാത്ത ദിവസം നാം വല്ലതെ അസ്വസ്ഥനാവുകയോ,കഠിനമായ വിഷമം അനുഭവപ്പെടുകയോ ക്ലാസ്സിൽ ശ്രദ്ധിക്കാനാവാതെ വരുകയോ ചെയ്യ്താൽ ആ ബന്ധം കേവലം സൗഹൃദത്തിൽ നിന്നും രൂപാന്തരം പ്രാപിച്ചു കഴിഞ്ഞു എന്ന് മനസ്സിലാക്കാം.നമ്മുടെ സുഹൃത്തു എതിർലിംഗത്തിൽപ്പെട്ട ആരോടെങ്കിലും തുടർച്ചയായി കുറച്ചുനേരം സംസാരിക്കുന്നതും കണ്ടാലും നമുക്ക്‌ കഠിനമായ അസ്വസ്ഥത തോന്നിയിരിക്കും.ഇത്തരത്തിൽ നിരവധി സുഹൃത്തുക്കളിൽ നിന്നും ഒരാൾ ഒരു സവിശേഷ സുഹൃത്താവുകയും അയാളെ കാണാതിരിക്കുന്ന അവസ്ഥയിൽ കഠിനമായ മാനസ്സിക സമ്മർദ്ദം അനുഭവിക്കുകയും ചെയ്യുന്ന അവസ്ഥയെ കാല്പനിക പ്രേമം(Romance)എന്നു വിശേഷിപ്പിക്കാം.ഈ ബന്ധം എപ്പോൾ വേണമെങ്കിലും ഇല്ലാതെയായിപ്പോകാം എന്നോരു അരക്ഷിതബോധം ഈയൊരവസ്ഥയിലുടനീളം ഉണ്ടാകും.ഇത്തരത്തിൽ അസൂയയും,അധീന മനോഭാവവും,അരക്ഷിത ബോധവും കലർന്ന ഒരു ബന്ധമാണ് കാല്പനിക പ്രണയം.

യഥാർത്ഥ പ്രണയം(love)കേവല കാല്പനിക പ്രണയത്തിൽ നിന്നും വ്യത്യസ്തമായ ഒന്നാണ്‌.രണ്ട് വ്യക്തികൾക്ക് പരസ്പരം തോന്നുന്ന ആത്മബന്ധത്തിലും പ്രതിബന്ധത്തിലുംമൂന്നിയ ഇഷ്ട്ടമാണ് പ്രണയം.വളരെ പാകമായ,പരസ്പര വിശ്വാസത്തിൽ അധിഷ്ഠിതമായ,പരസ്പരം ബഹുമാനിക്കാനും കരുതാനും താങ്ങായതുമുള്ള മാനസീകനിലയാണത്.പരസ്പരം പൂർണ്ണമായി മനസ്സിലാക്കി പങ്കാളിയെ അയാളുടെ എല്ലാ സ്വഭാവ സവിശേഷതകളോടും കൂടി സ്വീകരിച്ചു,സ്നേഹം പകർന്നു നൽകാനും സ്വീകരിക്കാനുമുള്ള കലയാണ് പ്രണയം.യഥാർത്ഥമായ പ്രണയത്തിൽ പങ്കാളിയുടെ താത്‌പര്യം സംരക്ഷിക്കാൻ നിങ്ങൾ തയ്യാറായിരിക്കും.
നിങ്ങളുടെ താത്‌പര്യം സംരക്ഷിക്കാൻ പങ്കാളിയും.

വൈകാരിക അടിമത്വം ഒഴിവാക്കാം

ഏതൊരു ബന്ധത്തിലും അത്‌ സൗഹൃദമാകട്ടെ,പ്രണയമാകട്ടെ,വിവാഹ ബന്ധമാകട്ടെ-ഒരു ജനാധിപത്യ സ്വഭാവമുണ്ടാകണം.നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തി നിങ്ങൾ പറയുന്ന കാര്യങ്ങൾ കേൾക്കാനും പരിഗണിക്കാനും തയ്യാറാകണം.എന്നാൽ ഇത്തരത്തിൽ നിങ്ങൾ പറയുന്നത് കേൾക്കാൻ മറ്റെയാൾ തയ്യാറാകുന്നില്ലെങ്കിൽ പോലും ആ ബന്ധം നഷ്ടപെടരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ വൈകാരിക അടിമത്വം(Emotional slavery)എന്ന അവസ്ഥയിലാണ്.സ്വന്തം അഭിപ്രായങ്ങളും സ്വാതന്ത്ര്യവും ബാലികഴിച്ചു ഇഷ്ടപ്പെടുന്നയാളിന്റെ താത്‌പര്യം മാത്രം സംരക്ഷിക്കുന്ന ഈയവസ്ഥ തീർത്തും അനാരോഗ്യകരമാണ്.ഈ അവസ്ഥയിലേക്ക് ലൈംകീഗ ചൂഷണങ്ങളും മറ്റ് അനാരോഗ്യ പ്രവണതകളും കടന്ന് വരുന്നത്.

തനിക്കിഷ്ടപ്പെടുന്ന വ്യക്തി തനിക്കിഷ്ടമില്ലാത്ത ഒരു കാര്യം ചെയ്യാനാവശ്യപ്പെട്ടാൽ സ്നേഹപൂർവ്വം വിയോജിക്കാനുള്ള സ്വഭാവ ദൃഢത കുട്ടികളെയും യുവാക്കളെയും പരിശീലിപ്പിക്കണം.മറ്റേയാളുടെ ലൈംകീഗ ചേഷ്ടകളോ ലൈംകീഗ ചുവയുള്ള സംസാരങ്ങളോ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അക്കാര്യം തുറന്ന് പറയാം.നിർബന്ധിതമായ ലൈംഗീക പ്രവർത്തികളിൽ നിന്നും ഒഴിഞ്ഞു മാറാനുള്ള ഉത്തരവാദിത്വവും സ്വാതന്ത്ര്യവും നിങ്ങൾക്കുണ്ടെന്ന കാര്യം കൗമാരക്കാരെ ബോധ്യപ്പെടുത്താം.ഇക്കാര്യത്തിൽ മറ്റെയാൾ നിർബന്ധം തുടർന്നാൽ,ആ ബന്ധത്തിൽ നിന്ന് പിന്മാറാനുള്ള അവകാശം നിങ്ങൾക്കുണ്ടെന്ന കാര്യവും കുട്ടികളെ ധരിപ്പിക്കാം.

വീടുകളിൽ തുടങ്ങാം

വീടുകളിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില ഘടകങ്ങളാണ് രണ്ടാമത്തേത്.ലിംഗനീതിയും ലിംഗസമത്വവും ഉറപ്പുവരുത്തുന്ന രീതിയിയിൽ ആൺ,പെൺ,ട്രാൻസ് ജെൻഡർ ഭേദമെന്യേ കുട്ടികളെ വളർത്തുക എന്നത് ഏറെ പ്രധാനമാണ്.മാതൃകാപരമായ പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ഇടപെടലുകൾ വീട്ടിൽ മാതാപിതാക്കൾ കാഴ്ചവയ്ക്കുമ്പോൾ സാമൂഹിക പഠനം വഴി കുട്ടികൾ അത്‌ സ്വംശീകരിക്കുകയും അത്‌ അവരുടെ സ്വഭാവത്തിൽ പ്രകടിപ്പിക്കുകയും ചെയ്യുo.
കൗമാരപ്രായത്തിലുള്ള കുട്ടികളും സ്നേഹം ആഗ്രഹിക്കുന്നവരാണ് എന്ന് മാതാപിതാക്കൾ മനസ്സിലാക്കണം.ദിവസം അരമണിക്കൂർ നേരമെങ്കിലും കുട്ടികളോട് മനസ്സുതുറന്ന് സംസാരിക്കുവാൻ സമയം കണ്ടെത്തണം.ഇതു വഴി അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ചലനങ്ങൾ പോലും മനസ്സിലാക്കി ആരോഗ്യപരമായ രീതിയിൽ ജീവിക്കാൻ അവരെ സഹായിക്കും.ഇന്റർനെറ്റിന്റെയും മറ്റും അനാരോഗ്യപരമായ സ്വാധീനങ്ങൾ ഉണ്ടാകാതിരിക്കാനും ഇത് പ്രയോജനകരമാണ്.മാനസികാരോഗ്യ സാക്ഷരത വർദ്ധിപ്പിക്കുക എന്നുള്ളത് ഇതോടൊപ്പം പ്രധാനമാണ്.വ്യക്തിത്വ വൈകല്യമുള്ള ആളുകൾ പ്രണയബന്ധത്തിലും ദാമ്പത്തിക ബന്ധത്തിലും പ്രശ്നങ്ങൾ സൃഷ്ടിക്കുക സാധാരണമാണ്.കൃത്യമായി ചികിത്സിച്ചു അവരെ അതിൽ നിന്നും മോചിപ്പിക്കുവാൻ സമൂഹം മുൻകൈ എടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.അതുകൊണ്ട് തന്നെ പ്രണയപ്പക പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ തലച്ചോറിന്റെ പ്രവർത്തന വൈകല്യങ്ങൾ ആണെന്ന് മറക്കാതിരിയ്ക്കുക.അവയ്‌ക്കാവശ്യം ചികിത്സ തന്നെയാണ്.

ആരോഗ്യകരമായ പ്രണയം എങ്ങനെ സാധ്യമാക്കാം മാർഗ്ഗങ്ങൾ

മറ്റൊരു വ്യക്തിയുമായി സ്നേഹബന്ധം പുലർത്തുന്നതിനേക്കാൾ മനോഹരവും തീവ്രവുമായ മറ്റൊന്നില്ല.ആരോഗ്യകരമായ ഒരു ബന്ധത്തിന്റെ കാര്യത്തിൽ,വ്യക്തിപരമായ ചില വികാസങ്ങൾ നേടുന്നതിന് ഇരുവരും പരസ്പരം പിന്തുണയ്ക്കാൻ പോകുന്നു.സ്നേഹം വിഷമയമാണെങ്കിൽ,മറ്റേയാൾ സ്വന്തമായി ചില ലക്ഷ്യങ്ങൾ കൈവരിക്കുമെന്ന ഭയം ഉള്ളതിനാൽ അത്തരം പിന്തുണ ഉണ്ടാകില്ല.ഈ സാഹചര്യത്തിൽ,ദമ്പതികളുടെ വിഷാംശത്തിന്റെ കൃത്രിമം നടക്കുന്നു.പരസ്പര ബഹുമാനം ബന്ധം ആരോഗ്യകരമാണെന്ന് സൂചിപ്പിക്കുന്നു.സുഹൃത്തുക്കളുമായി പുറത്തുപോകുകയോ ഷോപ്പിംഗ് നടത്തുകയോ പോലുള്ള ചില കാര്യങ്ങൾ ചെയ്യുമ്പോൾ ദമ്പതികളിലെ ഓരോ അംഗത്തിനും അവരുടെ വ്യക്തിഗത ഇടവും സ്വാതന്ത്ര്യവും ഉണ്ടായിരിക്കണം.ആരോഗ്യമുള്ള ദമ്പതികളിൽ ട്രസ്റ്റ് ഒരു പ്രധാന പങ്ക് വഹിക്കുന്നു.സ്നേഹം വിഷമാണെങ്കിൽ,അത്തരം വിശ്വാസം നിലനിൽക്കില്ല,ഒപ്പം ദമ്പതികൾക്കുള്ളിൽ വലിയ അരക്ഷിതാവസ്ഥയുമുണ്ട്.ആരോഗ്യകരമായ ഒരു പ്രണയത്തെ തികച്ചും വിഷലിപ്തമായ ഒന്നിൽ നിന്ന് വേർതിരിക്കുമ്പോൾ ആശയവിനിമയം പ്രധാനമാണ്.ആദ്യ സാഹചര്യത്തിൽ, കരാറുകളിൽ എത്തിച്ചേരാനും പരിഹാരങ്ങൾ കണ്ടെത്താനും ഡയലോഗ് സഹായിക്കുന്നു.വിഷലിപ്തമായ പ്രണയത്തിൽ ഒരു സംഭാഷണവും ഇല്ല,അത് ഉപയോഗിക്കുമ്പോൾ അത് കുറ്റവാളിയെ കണ്ടെത്താൻ മാത്രമേ സഹായിക്കൂ.ഒരു പ്രത്യേക പ്രശ്നത്തെക്കുറിച്ച് തർക്കങ്ങൾ സൃഷ്ടിക്കേണ്ട ആവശ്യമില്ല.കാര്യങ്ങൾ ശാന്തവും ശാന്തവുമായ രീതിയിൽ സംസാരിക്കുകയാണെങ്കിൽ,എല്ലാത്തിനും ഒരു പരിഹാരം കണ്ടെത്താൻ കഴിയും.

ലൈംഗിക ബന്ധത്തിൽ,ഒരു ധാരണയിലെത്തണം,അങ്ങനെ ആനന്ദം പരസ്പരവിരുദ്ധമാണ്.ദമ്പതികളുടെ ഒരു ഭാഗം ബലിയർപ്പിക്കരുത്,അങ്ങനെ മറ്റേ ഭാഗം സംതൃപ്തമാകും. ആരോഗ്യകരമായ ഒരു ബന്ധത്തിൽ, ലൈംഗിക സുഖം നിങ്ങൾ രണ്ടുപേർക്കും തുല്യമാകാൻ വിശ്വാസം മതി.വിഷലിപ്തമായ പ്രണയത്തിൽ രണ്ടുപേരിൽ ഒരാൾ കൃത്രിമം കാണിച്ചേക്കാം ലൈംഗിക ബന്ധത്തിൽ കുറച്ച് പൂർണ്ണതയും സംതൃപ്തിയും നേടുന്നതിന്.ഒരു ബന്ധം ആരോഗ്യകരമാണെങ്കിൽ,പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും സന്തോഷത്തിന്റെ നിരവധി നിമിഷങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്.വിഷലിപ്തമായ പ്രണയത്തിൽ സന്തോഷം അതിന്റെ അഭാവത്താൽ പ്രകടമാണ്,സങ്കടത്തിന്റെ നിമിഷങ്ങൾ കൂടുതൽ പതിവാണ്.

(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!