January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ആരോഗ്യം മറക്കുന്ന പ്രവാസികൾ

ജോബി ബേബി

പെട്ടെന്ന് ഒരു ദിവസം പ്രിയ നാടിനേയും പ്രിയപ്പെട്ടവരെയും വിട്ട് ദൂരെ ദിക്കിൽ ജീവിച്ചു തുടങ്ങുന്ന നിമിഷം മുതൽ കരയ്ക്കു പിടിച്ചിട്ട മീനിനെപ്പോലെ പിടയുകയായിരിക്കും ഓരോ പ്രവാസിയുടെയും ജീവിതം .ജനിച്ചുവളർന്ന നാടിനേയും പ്രിയപ്പെട്ടവരേയും കണ്ണെത്താ ദൂരത്താക്കി അന്യ ദേശത്തു പറിച്ചു നടപ്പെടുന്ന മലയാളികളുടെ പ്രവാസജീവിതത്തിൽ അവർക്ക് നാട്ടിൽ നിൽക്കുന്നതിനേക്കാൾ കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് .അങ്ങനെയുള്ള ഓരോ വിദേശ വാസിയുടെയും ജീവിതത്തിൽ പൊതുവായി കാണാൻ കഴിയുന്നതും ശ്രദ്ധിച്ചാൽ ഒരു പരിധി വരെ പ്രതിരോധിക്കാൻ കഴിയുന്നതുമായ രോഗങ്ങളിലേക്കും രോഗസാധ്യതകളിലേക്കും ഒരെത്തിനോട്ടം .

ആർഷ ഭാരതത്തിലെ എക്കാലത്തെയും മികച്ച തന്ത്രജ്ഞനും ഭരണ നിപുണനുമായ ചാണക്യൻ പറഞ്ഞത് “നിരന്തരം യാത്ര ചെയ്‌യുന്നവന്റെ ആരോഗ്യം അനുദിനം ക്ഷയിക്കും എന്നാണ്”.കൃ ത്യസമയത് ആഹാരം കഴിക്കാതിരിക്കുക,വ്യക്തി ശുചിത്വം,പരിപാലിക്കുവാൻ കഴിയാതിരിക്കുക,ശരിയായതും സമാധാനപരവും ആയ ഉറക്കം ലഭിക്കാതിരിക്കുക സർവ്വോപരി ജന്മനാടും സുഹൃത്തുക്കളും ബന്ധുക്കളും നൽകുന്ന സുരക്ഷിതത്വം ലഭിക്കാതിരുന്നത് മൂലമുണ്ടാകുന്ന അരക്ഷിതാവസ്ഥയും അതു കാരണമുള്ള മാനസ്സിക സമ്മർദ്ദവും തുടങ്ങി ഒട്ടനവധി കാരണങ്ങൾ”നിരന്തരം യാത്ര ചെയ്‌യുന്നവന്റെ”പ്രവാസിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്.ആധുനിക യാത്രാ സൗകര്യങ്ങളും ജീവിത നിലവാരവും ലോകത്തിന്റെ ഏതു കോണിലും ലഭിക്കുന്ന ബിസിനസ്‌ ക്ലാസ് പരിചരണവും ഒരു പരിധിവരെ “നിരന്തരം യാത്രയിലൂടെ”ഉണ്ടാകുന്ന ഇത്തരം ദോഷവശങ്ങളെ ഒരു പരിധി വരെ കുറയ്ക്കുന്നുണ്ട് എങ്കിലും പൂർണ്ണമായി മാറ്റുവാൻ ഒരു സ്റ്റാർ സൗകര്യങ്ങൾക്കും കഴിയില്ല എന്നത്‌ തികച്ചും യാഥാർഥ്യമാണ്.യാത്രകളിലും പ്രവാസത്തിലും ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ സമ്മർദ്ദം(stress factor)കുറയ്ക്കുന്നത്തിനു വേണ്ടിയാണ് ബിസിനസ് ക്ലാസ് യാത്രയും ബിസിനസ് ക്ലാസ് ഹോട്ടലുകളും റിസോർട്ടുകളുമൊക്കെ.

പലപ്പോഴും ആരോഗ്യകാര്യങ്ങളിൽ കൃത്യമായ ശ്രദ്ധ നൽകാൻ വിട്ടുപോകുന്നവരാണ് പ്രവാസികൾ. അതിനാൽ തന്നെ ഒരു പ്രായത്തിനുശേഷം ആരോഗ്യപ്രശ്നങ്ങൾ അലട്ടും. എന്നാൽ, കൃത്യമായി ചികിൽസിക്കുകയും ആരോഗ്യം ശ്രദ്ധിക്കുകയും ചെയ്താൽ ഒരു പരിധിവരെ പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാം.പെട്ടന്ന് ഒരുദിവസം പ്രിയ നാടിനെയും പ്രിയപ്പെട്ടവരെയും വിട്ട് ദൂരദിക്കിൽ ജീവിച്ചു തുടങ്ങുന്ന നിമിഷം മുതൽ കരയ്ക്ക് പിടിച്ചിട്ട മീനിനെപ്പോലെ പിടയുകയായിരിക്കും ഓരോ പ്രവാസിയുടെയും ജീവിതം.അങ്ങനെയുള്ള ഓരോ വിദേശ വാസിയുടെയും ജീവിതത്തിൽ പൊതുവായി കാണാൻ കഴിയുന്നതും ശ്രദ്ധിച്ചാൽ ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിയുന്നതുമായ ചില ആരോഗ്യ പ്രശ്‍നങ്ങളെ നോക്കാം.

മാനസ്സിക സമ്മർദ്ദം:-

അന്യദേശത്തെ പരിചയക്കുറവ് ,പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയും പിരിഞ്ഞിരിക്കുന്നതിന്റെ വിഷമം ,നാട്ടിലും ജോലി ചെയ്‌യുന്ന സ്ഥലത്തും ഉണ്ടാകാവുന്ന സാമ്പത്തിക ബാധ്യതയുള്ള അല്ലെങ്കിൽ ജോലിസ്ഥിരതയില്ലായ്മയുടെയോ പിരിമുറുക്കം.ഗൾഫ് നാടുകളിൽ ചില മേഖലകളിൽ ഉണ്ടാകാവുന്ന വിവേചനം ,ജീവിത പങ്കാളിയുമായി പിരിഞ്ഞിരിക്കുന്നതിന്റെ മാനസികവും ശാരീരികവുമായ സമ്മർദ്ദം എന്നിവ പലപ്പോഴും ചെറിയ തോതിലുള്ള വിഷാദ രോഗത്തിലേക്കു നയിച്ചേക്കാം.അവിവാഹിതരായ പ്രായമായവർ ജീവിതപങ്കാളിയുമായി ദീർഘനാളായി ഒരുമിച്ചു കഴിയാതിരിക്കുന്നവർ തുടങ്ങിയ ഗ്രൂപ്പിൽ പെടുന്നവരുടെ ജീവിതദൈർഖ്യം കുറഞ്ഞിരിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.ഇക്കാരണങ്ങളാൽ തന്നെ ലോലമനസ്കരായവരെ മദ്യപാനത്തിലേക്കും പുകവലിയിലേക്കും നയിച്ചേക്കാം തുടർന്ന് അതുമൂലമുണ്ടാകുന്ന മുഴുവൻ ആരോഗ്യ പ്രശ്നങ്ങളിലേക്കും ഒരാളെ എത്തിക്കാം.അടുക്കും ചിട്ടയുമുള്ള ജീവിത മെഡിറ്റേഷൻ (പ്രാർത്ഥന ) മനസികോല്ലാസത്തിനു സമയം കണ്ടെത്തുക ,വിനോദയാത്രകൾ,യോഗ തുടങ്ങിയവയിലൂടെയും കൃത്യമായ ഇടവേളകളിൽ നാടും,വീടും സന്ദർശിക്കുക,ജീവിത പങ്കാളിയെ കൂടെ കൂട്ടുക തുടങ്ങിയവയിലൂടെ പൂർണമായല്ലെങ്കിലും ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ അതിജീവിക്കാവുന്നതാണ് .മാനസികാരോഗ്യം നിലനിർത്തിയാൽ ഒരറ്റം വരെ രോഗങ്ങൾ അമിതമായി ഉപദ്രവിക്കുന്നതിൽ നിന്നും അകന്ന് നിൽക്കാം .

വർദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണത:-

വളരെ കഠിനമായ പ്രവാസജീവിതം നയിക്കുമ്പോൾ മാനസികസംഘർഷം സ്വാഭാവികമാകുന്നു. ഇത്തരം ആത്മസംഘർഷങ്ങൾ ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്നു. പ്രവാസികളുടെ ആത്മഹത്യാനിരക്ക് മറ്റു രാജ്യങ്ങളിൽനിന്നും വിത്യസ്തമായി ഗൾഫ് രാജ്യങ്ങളിൽ വർധിച്ചുവരുന്ന സാഹചര്യംകൂടിയാണിത്. ഇത്തരം ആത്മഹത്യയ്ക്ക് കാരണമായേക്കാവുന്ന ചില വസ്തുതകൾ ഇവയാണ്:

1 ഉറ്റവരിൽനിന്നും ഏറെ അകലെയാണെന്ന തോന്നൽ
2 അന്യതാബോധവും തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങളും ജീവിതസുരക്ഷിതത്വം ഇല്ലെന്ന തോന്നലും.
3 ആർക്കും ശല്യമാവരുതെന്നതോന്നലും ക്ഷമയും മറ്റുള്ളവരിൽ വിശ്വാസമില്ലായ്മയും
4 തൊഴിൽസമ്മർദം, വിരൽത്തുമ്പിൽ അന്വേഷിക്കുന്നത് ലഭിക്കുന്ന സൈബർലോകം, ജീവിതത്തിൽ സാമ്പത്തിക അച്ചടക്കമില്ലായ്മ.

ആത്മഹത്യാ എന്ന സമസ്യ പ്രത്യക്ഷത്തിൽ മറ്റേതോ കാരണങ്ങളാൽ ബന്ധപെട്ടു നിൽക്കുന്നതാണ്.നാട്ടിലുള്ള തങ്ങളുടെ കുടുംബങ്ങളെ പിരിഞ്ഞിരിക്കുന്നതിൽ മൂലം നിതാന്തമായ ഒരു നഷ്ടപ്പെടൽ മനോഭാവം മിക്ക പ്രവാസികളുടെയും ഒരു പ്രശ്നമായി തോന്നാറുണ്ട്. കടലിനക്കരെ ജീവിതം നയിക്കുന്ന പ്രവാസികളെ കുടുംബ പ്രാരാബ്ധങ്ങളും മറ്റു സാമ്പത്തിക ബുദ്ധിമുട്ടുകളും വളരെ ആഴത്തിൽ തന്നെ മുറിവേൽപ്പിക്കാറുണ്ട്. പ്രവാസികൾക്ക് അവരുടെ കുടുംബങ്ങളെയും സാമ്പത്തിക പ്രാരാബ്ധങ്ങളെയും ശരിയായ അളവിൽ മാനേജ് ചെയ്യാനുള്ള അറിവ് നൽകൽ പ്രധാനമാണ്.

പ്രവാസികൾക്ക് തങ്ങളുടെ നാട്ടിലുള്ള കുടുംബങ്ങൾ നൽകുന്ന വൈകാരിക പിന്തുണ മറ്റെല്ലാ കാര്യങ്ങളെക്കാളും വളരെയധികം പ്രാധാന്യമുള്ളതാണ്. മാനസിക ആരോഗ്യം ആർജിക്കാൻ ഉദ്ദേശിച്ചുള്ള തെറാപ്പികൾക്കൊപ്പം അത്തരത്തിലുള്ള വൈകാരിക പിന്തുണയും പ്രവാസികൾക്ക് പ്രധാനം ചെയ്യപ്പെടേണ്ടതുണ്ട്. ശക്തമായ മാനസിക ആരോഗ്യമുള്ളവർക്കു ആത്മഹത്യാ മനോഭവവം ഒരിക്കലും ഉണ്ടാവുകയില്ല. കുടുംബ ബന്ധങ്ങളിൽ കാണപ്പെടുന്ന അസ്വാരസ്യങ്ങളിലും മറ്റു സാമ്പത്തിക പ്രതിസന്ധിയിലും തളരാതെ പിടിച്ചു നിൽക്കാൻ ശരിയായ മാനസിക ആരോഗ്യ അറിവുകൾ എല്ലാവര്ക്കും നല്കപ്പെടേണ്ടതുണ്ട്.ഇത്തരം നിരവധി കാരണങ്ങൾ ഒരു പ്രവാസിയെ എന്നും അലട്ടിക്കൊണ്ടിരിക്കുന്നു.ഇത്തരം സാഹചര്യങ്ങളിൽ ജീവിതം ഒരു ഭാരമായി അനുഭവപ്പെടുകയും ആത്മഹത്യ ഒരു ‘പരിഹാര’മായി അനുഭവപ്പെടുകയും ചെയ്യുന്നു.

വിഷാദ രോഗത്തിന്റെ അടിമകളാകുന്ന പ്രവാസി ബാല്യങ്ങൾ:-

2020 ഓട് കൂടി ആഗോള തലത്തിൽ മനുഷ്യർക്കിടയിൽ ഹൃദ്രോഗം കഴിഞ്ഞാൽ ഏറ്റവും അധികം പ്രചാരം നേടുക വിഷാദ രോഗം അഥവാ ഡിപ്രഷൻ ആണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിഷാദ രോഗം വ്യക്തിത്വത്തിന്റെ പല മേഖലയിൽ പ്രകടമാവുന്ന ഒരു സമസ്യയാണ്. ഒരാളുടെ വ്യകതി ജീവിതത്തിലും, പ്രൊഫഷണൽ ജീവിതത്തിലും, സാമൂഹിക സാമ്പത്തിക ജീവിതത്തിലും വിഷാദ രോഗത്തിന്റെ വ്യാപനം ദർശിക്കാനാവും. വിഷാദ രോഗത്തിൽ നിന്ന് ബോധമണ്ഡലത്തെ അകറ്റി നിർത്താൻ വ്യക്തികൾ സ്വയം പരിശീലനം സിദ്ധിക്കണം. ചിട്ടയായ ജീവിതം, ഭക്ഷണം, വ്യായായം എന്നിവ ശീലമാക്കിയാൽ വിഷാദ രോഗത്തെ ജീവിതത്തിൽ നിന്ന് അകറ്റി നിർത്താനാവും. അതോടൊപ്പം സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട ഘടകങ്ങളും സ്വായത്തമാക്കിയാൽ ജീവിതശുദ്ധിയിലേക്ക് ഒരു വ്യക്തിക്കുള്ള വഴി തുറക്കും.

സാമൂഹിക ബന്ധങ്ങളിലെ കൃത്യതയില്ലായ്മയാണ് ഗൾഫ് നാടുകളിലെ പ്രവാസി ബാല്യങ്ങളെ വിഷാദ രോഗങ്ങളിലേക്കു നയിക്കുന്നത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. പ്രവാസി കുടുംബങ്ങളിൽ മിക്കവാറും മാതാപിതാക്കൾ ഇരുവരും ജോലിയുള്ളവരാണെങ്കിൽ കുട്ടികൾക്ക് ലഭിക്കുന്ന സ്നേഹത്തിന്റെ അളവ് തുലോം കുറവായിരിക്കുമെന്നാണ് നിരീക്ഷിക്കപെടുന്നത്. വിനോദമെന്നത് വീടിനു പുറത്തെ കളികൾക്ക് അപ്പുറത്തേക്ക് വെറും ഇലക്ട്രോണിക് ഉപകരണങ്ങളിൽ തളച്ചിടപ്പെട്ടത് കുട്ടികൾക്കിടയിൽ വിഷാദ രോഗത്തിന്റെ വ്യാപ്തി വർധിപ്പിച്ചിട്ടുണ്ട്.

ഗൾഫ് നാടുകളിൽ പ്രകടമായിട്ടുള്ള ഫാസ്റ്റ് ഫുഡ് രീതികളോടുള്ള താല്പര്യത്തിന്റെ ഇരകൾ വിഷാദ രോഗത്തിന് അടിമകളായി തീർന്നു കൊണ്ടിരിക്കുന്ന കുട്ടികളാണ് എന്നതാണ് വസ്തുത. പച്ചക്കറികൾക്ക് പുറമെ പഴം, ഡ്രൈ ഫ്രൂട്ട്, പയർ വർഗ്ഗങ്ങൾ എന്നിവ തീരെ ഉൾപ്പെടാത്ത ഭക്ഷണ ക്രമം കുട്ടികൾക്കിടയിൽ വിഷാദ രോഗത്തിന്റെ ആക്കം വർധിപ്പിച്ചിട്ടുണ്ട് എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

നമ്മുടെ മാനസിക ആരോഗ്യം എന്നത് പ്രധാനമായും നമ്മുടെ ശരീരത്തിനുള്ളിലെ ന്യൂറോട്രാന്സ്മിറ്റർഴ്സ് (Neurotransmitters ) മായി വളരെ അധികം ബന്ധപെട്ടായത് കൊണ്ട് അവയുടെ ആരോഗ്യകരമായ നില നിൽപ് വളരെ മുൻഗണന പൂർവം മനസിലാക്കേണ്ടതുണ്ട്. എന്നാൽ പ്രവാസി ബാല്യങ്ങൾക്കു ഇവ പൂർണമായ അർത്ഥത്തിൽ പ്രാവർത്തികമാക്കാൻ തടസ്സങ്ങൾ ഉള്ളതായാണ് മനസിലാക്കാനാവുന്നത്. തലച്ചോറിൽ ന്യൂറോൺ ട്രാൻസ്മിറ്റഴ്‌സിന്റെ പ്രവർത്തനം ശരിയായ അളവിൽ നടപ്പിലാവായില്ലെങ്കിൽ വിഷാദ രോഗം പോലുള്ള വിപത്തുകളിലേക്കു വഴുതിവീഴാൻ സാധ്യത ഏറെയാണ്. തലച്ചോറിന്റെ രസതന്ത്രം നല്ലത് പോലെ പ്രവർത്തികമായില്ലെങ്കിൽ അത് വിപരീത ഫലങ്ങളിലേക്കു മനുഷ്യനെ ആനയിച്ചേക്കും.

ഇത് കൊണ്ട് എല്ലാമാണ് പ്രവാസി ബാല്യങ്ങളിൽ കോപം, വിഷാദം, പ്രയാസങ്ങളെ അഭിമുഖീകരിക്കാനുള്ള ശേഷിക്കുറവ് തുടങ്ങിയ നെഗറ്റീവ് ശീലങ്ങൾ ഉണ്ടായി വരുന്നത്. ഇത്തരം മാനസിക രോഗങ്ങൾക്ക് ശരിയായ അളവിൽ ഒരു വിദഗ്ധന്റെ വിവിധ തരം തെറാപ്പികൾ, കൗൺസലിംഗ് സെഷനുകൾ എന്നിവ നേരത്തെ തന്നെ ലഭിച്ചാൽ വലിയ അളവിൽ ഗുണം ചെയ്യും. മാനസിക വൈകൃതങ്ങള്‍ ശരിയായ അളവില്‍ ചികില്സിക്കപെട്ടില്ലെങ്കില്‍ ഭാവിയില്‍ വിവാഹം പോലുള്ള വിഷയങ്ങളില്‍ നിലവിലെ പ്രവാസി ബാല്യങ്ങള്‍ തീര്‍ത്തും പരാജയമയിതീരുമെന്നാണ് അടുത്തിടെ നടന്ന ചില നിരൂപണങ്ങള്‍ സൂചിപ്പിക്കുന്നത്.

പ്രവാസി ബാല്യങ്ങളുടെ സ്വഭാവ രൂപീകരണവും മാതാപിതാക്കളുടെ ജീവിത ശൈലിയും:-

നേരത്തെ വിഷാദ രോഗത്തിന്റെ കാര്യത്തിൽ സൂചിപ്പിച്ചത് പോലെ മാതാപിതാക്കളുടെ ജീവിത ശൈലികളും കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. പ്രവാസികൾ ഗൾഫ് നാടുകളിൽ എത്തിയിട്ടുള്ളത് പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇതിനായി അവർ സ്വന്തം ദേശം, മാതാപിതാക്കൾ, സുഹൃത്തുക്കൾ എന്നിവരെയെല്ലാം ഒരു തരത്തിൽ ത്യജിക്കുക തന്നെയാണ് ചെയ്യുന്നത്. ഇത് മനസുകളിൽ ഉണ്ടാക്കുന്ന ശൂന്യത ബോധം ചെറുതല്ല. അതെ സമയം ഇത് തന്നെയാണ് പ്രവാസികൾക്കിടയിൽ വളരെക്കാലമായി നടന്നു കൊണ്ടിരിക്കുന്ന പ്രതിഭാസവും എന്ന് നാം അംഗീകരിക്കണം.

തങ്ങൾ സമ്പാദിക്കുന്ന പണമാണ് കുട്ടികൾക്കായി ഏറ്റവും കൂടുതൽ ഉപകരിക്കുക എന്നതാണ് മാതാപിതാക്കൾ കണക്കു കൂട്ടുന്നത്. അത് കൊണ്ട് കുട്ടികളും കുടുംബങ്ങളുമായി ശരിയായ രീതിയിൽ സമയം ചിലവഴിക്കാൻ പോലും പല പ്രവാസികൾക്കും സാധ്യമല്ല എന്നതാണ് വസ്തുത. എന്നാൽ ഇത് കുടുംബങ്ങളിൽ ദൂരവ്യാപകമായ പ്രത്യാഘാതകങ്ങൾ ഉണ്ടാക്കുമെന്ന് നാം തീച്ചറിയണം. ബന്ധങ്ങൾ അഥവാ ബന്ധങ്ങളുടെ തീവ്രത നഷ്ടപെടുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കാൻ ഇവയെല്ലാം കാരണമായേക്കും.

കുടുംബങ്ങളിലെ സ്നേഹത്തിന്റെ അഭാവം പല കുഞ്ഞുങ്ങളെയും ഇലക്ട്രോണിക് ഉപകരണങ്ങളുമായി അടുപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് ഏറ്റവും പുതിയ നിരീക്ഷണം. ഒരു സമ്പൂർണ കുടുംബത്തിന്റെ മറ്റു അവസ്ഥാന്തരങ്ങളെ കുറിച്ച് മനസിലാക്കാനുള്ള ശരിയായ സമയം അവർക്കു ലഭിക്കുന്നില്ല എന്നതും ഇക്കാര്യത്തിൽ ശ്രദ്ധേയമാണ്. ഇത് അവരുടെ സമൂഹവുമായുള്ള പെരുമാറ്റത്തിലും നിർണായക സ്വാധീനം ഉണ്ടാക്കും.

ഇലക്ട്രോണിക് സ്‌ക്രീനുകളെക്കാള്‍ മാതാപിതാക്കളോടാണ് കുഞ്ഞുങ്ങൾക്ക് അടുപ്പം ആവശ്യമുള്ളത് എന്നാണ് ശരിയായ മാനസിക ആരോഗ്യം പകർന്നു നൽകുന്ന പാഠം. ഭാഷ, സംസ്കാരം എന്നിവയെല്ലാം പാതി വഴിയിൽ വളർച്ച നിന്ന് പോയ ഒരു സമൂഹത്തിന്റെ ഉത്പാദനമാണ് പുതിയ കാലത്ത് നാം കണ്ടു കൊണ്ടിരിക്കുന്നത്

മൊബൈൽ ഫോണുകളിൽ ആശ്രയിച്ചിരിക്കുന്ന പ്രവാസികളുടെ ജീവിതം:-

മനുഷ്യന്റെ വികാസത്തിനും അവരുടെ അത്യന്തമായ പുരോഗമനത്തിനുമാണ് സാങ്കേതിക വിദ്യകൾ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ നിലവിൽ മൊബൈൽ ഫോണുകൾ തന്നെ മറ്റൊരു ശാരീരിക അവയവമായി തീർന്നിരിക്കുന്ന ആധുനിക യുഗത്തിനാണ് നാം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ഒരു സെക്കൻഡ് പോലും മൊബൈൽ ഫോണുകളെ പിരിഞ്ഞരിക്കാൻ കഴിയില്ല എന്ന അവസ്ഥയിലാണ് നാമെല്ലാവരും ഉള്ളത് എന്നതാണ് വസ്തുത ഏതുകാര്യമായാലും അമിത ഉപയോഗം ഒരു പരിധി കഴിഞ്ഞാൽ പ്രശ്നങ്ങൾ സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല.

മൊബൈൽ ഫോണുകളുടെ അമിത ഉപയോഗം വിഷാദ രോഗത്തിനും, പെരുമാറ്റ വൈകൃതങ്ങൾക്കും കരണമായേക്കുന്നുവെന്നാണ് പ്രധാന പഠനങ്ങൾ സൂചിപ്പിക്കുന്നത്. സാമൂഹിക ബന്ധങ്ങൾ കുറയാനും ഡിജിറ്റൽ ലോകത്തുള്ള മറ്റാരുമായോ നിരന്തരം ഇടപഴകാനുമൊക്കെയാണ് മൊബൈൽ ഫോൺ പ്രേമം കൊണ്ട് ഉണ്ടായി തീരുന്ന മറ്റൊരു പ്രധാന മാനസിക വൈകൃതം. കുറച്ചു നേരത്തേക്ക് ആ ഇലക്ട്രോണിക് ഉപകരണം ഒന്ന് നിർത്തിവക്കുകയാണെങ്കിൽ മനുഷ്യന്മാർക്കിടയിൽ ഉണ്ടാവുന്ന ഉത്കണ്ഠ, സന്ദേഹം എന്നിവ വാക്കുകൾക്കപ്പുറത്താണ്. ക്ഷീണം, ഉറക്കക്കുറവ്, കാഴ്ച പ്രശ്നങ്ങൾ എന്നിവയെല്ലാം തന്നെ മൊബൈൽ ഫോണുകൾ നമുക്ക് പ്രധാനം ചെയ്തു കൊണ്ടിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങളിൽ പെട്ടതാണ്.

നെറ്റ്‌വർക് റേഡിയേഷനുമായി ബന്ധപെട്ടു സൃഷ്ടിക്കപ്പെടുന്ന മറ്റു ജനിതക പ്രശ്നങ്ങളുടെ ഗൗരവവും വരും തലമുറ മനസിലാക്കാൻ ഇരിക്കുന്നതെ ഉള്ളൂ. വ്യക്തികൾ മൊബൈൽ ഫോൺ ഉപയോഗം മൂലം നിർമിക്കുന്ന സാമൂഹിക അപരിചതത്വം വരും തലമുറകൾക്കിടയിലെ പ്രധാനപ്പെട്ട വൈകൃതങ്ങളിൽ ഒന്നായി മാറും. അത് കൊണ്ട് തന്നെ ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗത്തിന്റെ കാര്യത്തിൽ പ്രവാസികൾക്കിടയിൽ കാര്യമായ ബോധവത്കരണം നടക്കേണ്ടതുണ്ട് എന്ന് തന്നെയാണ് ഞാൻ അഭിപ്രായപ്പെടുന്നത്. പ്രവാസികൾ ഇക്കാര്യങ്ങളിൽ കൃത്യമായ ആത്മ നിയന്ത്രണം കൊണ്ടുവരുന്നതും അച്ചടക്കം ശീലിക്കുന്നതും കാര്യങ്ങളിൽ ഒരു പരിധി വരെ ഗുണം ചെയ്‌തേക്കും

സാമ്പത്തിക അച്ചടക്കമില്ലാത്ത പ്രവാസികൾ:-

പ്രവാസികളുമായി ബന്ധപെട്ടു സാമ്പത്തിക സുസ്ഥിരത വളരെ വലിയ വിഷയം തന്നെയാണ്. പ്രത്യേകിച്ച് എണ്ണ വില ദിനേനയെന്നോണം അസ്ഥിരമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ അവസ്ഥയിൽ ശക്തമായ ഒരു സാമ്പത്തിക അടിത്തറയുണ്ടാക്കുക എന്നത് ഏതൊരു പ്രവാസിയെയും സംബന്ധിച്ചിടത്തോളവും നിർണായകമാണ്. പ്രവാസികൾക്ക് മാത്രമല്ല വ്യക്തമായൊരു സാമ്പത്തിക പ്ലാൻ ഉണ്ടാവുക എന്നത് ഏതൊരു മുതിർന്ന പൗരനെ സംബന്ധിച്ചിടത്തോളവും അത്യന്താപേക്ഷിതമായ അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

” വരവ് എട്ടണ, ചെലവ് പത്ത് അണ” എന്ന രൂപത്തിലാവരുത് നമ്മുടെ കാര്യങ്ങൾ. ഇക്കാര്യത്തിൽ വരവിനൊപ്പിച്ചു ചെലവ് കഴിക്കുക എന്ന പ്രാഥമിക തത്വത്തിൽ തന്നെ ഉറച്ചു നിൽക്കാൻ നാം എല്ലാവരും തയ്യാറാവേണ്ടതാണ്. ഇതിലുള്ള ഏറ്റക്കുറച്ചിലുകൾ നമ്മുടെ സാമ്പത്തിക ഭദ്രതയുടെ താളം തെറ്റിക്കും എന്നത് ഒരു നഗ്ന സത്യമായി നാം മനസിലാക്കണം. ഇക്കാര്യത്തിൽ പ്രവാസികളുടെ സാമ്പത്തിക അച്ചടക്കമില്ലായ്‌മയെ കുറിച്ച് മനോഹരമായി ചിത്രീകരിച്ചിട്ടുള്ള ജയറാം – കമൽ ടീമിന്റെ “സ്വപ്ന സഞ്ചാരി” എന്ന സിനിമ മികച്ച ഒരു റഫറന്സായി പ്രവാസികൾക്ക് ഉപയോഗിക്കാം.

പണം ചെലവഴിക്കുമ്പോൾ മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയുള്ള കാട്ടികൂട്ടലുകൾ അവനവന്റെ തന്നെ സാമ്പത്തിക ഭദ്രതയുടെ താളം തെറ്റിക്കും എന്ന് നാം മനസിലാക്കണം.ഗൾഫ് മലയാളികളിൽ പൊതുവേ കൊണ്ടുവരുന്ന ഒരു പ്രവണത രാവിലെ പ്രാതൽ കഴിക്കാതിരിക്കുക എന്നതാണ്.വർക്കിംഗ് ക്ലാസ്സിൽ പെടുന്നവരുടെ ഇടയിൽ പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നതിനു പുറമേ പലപ്പോഴും ശരിയായ ഭക്ഷണം വൈകുന്നേരം തിരിച്ചു താമസസ്ഥലത്തുവന്ന് സ്വയം പാചകം ചെയ്തു കഴിക്കുന്നതിലൂടെയാണ് ലഭിക്കുന്നത്.ഫലത്തിൽ ദിവസത്തിൽ ഒരു നേരം മാത്രം ആഹാരം കഴിക്കുകയെന്ന അപകടകരമായ ശീലം,ഇതുമൂലം ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ്.കുടുംബത്തോടൊപ്പം ജീവിക്കാൻ കഴിയാത്തതിനാൽ പലപ്പോഴും അടുക്കും ചിട്ടയുമില്ലാത്ത ജീവിതശൈലി ശീലിക്കുകയും അതുമൂലം വളരെ പെട്ടന്ന് തന്നെ ജീവിത ശൈലീരോഗങ്ങളായ അമിത രക്തസമ്മർദ്ദം ,പ്രമേഹം തുടങ്ങിയ രോഗങ്ങളും ജംഗ് ഫുഡുകളുടെ ഉപയോഗം മൂലം അമിതവണ്ണവും ,ഹൃദയ സംബന്ധമായ രോഗങ്ങളും , അതി കഠിനമായ വേനലിൽ ജോലി ചെയ്‌യുന്നവരിൽ നിര്ജ്ജലീകരണവും അതുമൂലം മൂത്രാശയ രോഗങ്ങളും വൃക്ക രോഗങ്ങളും ,ടി.ബി ,ത്വക്ക് രോഗങ്ങൾ പോലുള്ള പകർച്ചവ്യാധികളും ,ഒരു ന്യൂന പക്ഷത്തിനെങ്കിലും സുരക്ഷിതമല്ലാത്ത ലൈംഗീക ബന്ധത്തിനും അതു വഴി പല ലൈംഗീക രോഗങ്ങൾക്കും കാരണമാകുന്നതായി കണ്ടു വരുന്നു.

കുട്ടികളിൽ ജംഗ് ഫുഡിനോടുള്ള പ്രതിപത്തിയും തന്മൂലമുണ്ടാകുന്ന അമിതവണ്ണവും,ഗൾഫ് മേഘലയിൽ കൂടുതലായി കണ്ട് വരുന്ന കൃത്യമായ ഇടവേളകളിൽ ആഹാരവും വെള്ളവും ശീലമില്ലാത്തതിനാലും അതികഠിനമായ വേനലിൽ പുറത്തു ജോലി ചെയ്യുന്നവരിലും ദീർഘ നാളായി നിലനിൽക്കുന്ന നിർജ്ജലീകരണവും അതുമൂലം മൂത്രാശയ രോഗങ്ങളും വൃക്കരോഗങ്ങളും ധാരാളമായി കണ്ട് വരുന്നു.സ്ഥലപരിമിതി മൂലം കൂടുതൽ ആളുകൾ ചെറിയ മുറികൾ ഡോർമിറ്ററി പോലെ ഷെയർ ചെയ്യുമ്പോൾ ടി.ബി പോലെയുള്ള പകർച്ച വ്യാധികൾ പെട്ടന്ന് പകരുന്നതിനു കാരണമാകും.അതികഠിനമായ ചൂടുള്ള കാലാവസ്ഥയിലും മണൽ കാറ്റിലും ത്വക്ക് രോഗങ്ങൾ ധാരാളമായിക്കണ്ടു വരുന്നതിനോടൊപ്പം സൂര്യപ്രകാശത്തിന്റെ അലർജിയും സൂര്യാഘാതത്തിന്റെ സാദ്ധ്യതകൾ ഉണ്ട്.ബാച്ചിലർ ശൈലിയിലുള്ള ജീവിതരീതി ഒരു ന്യൂനപക്ഷത്തിനെങ്കിലും സുരക്ഷിതമല്ലാത്തത് ലൈംകീക ബന്ധത്തിനും അതുവഴി പല ലൈംകീക രോഗങ്ങൾക്കും കാരണമാകുന്നതായി കണ്ട് വരുന്നു.എന്നാൽ, ഇതുമായി ബന്ധപെട്ടു നമുക്ക് പിൻപറ്റാൻ സാധിക്കുന്ന നിരവധി നിർദേശങ്ങൾ ഇവിടെ പ്രദാനം ചെയ്യാൻ കഴിയും.

ജീവിതത്തിൽ കൃത്യമായ ചില ലക്ഷ്യങ്ങൾ ഉണ്ടാവുക. സാമ്പത്തിക സാമ്പത്തികേതര വിഷയങ്ങളിൽ എല്ലാം തന്നെ ഇങ്ങനെ ലക്ഷ്യങ്ങൾ നിർണയിക്കുന്നത് ജീവിതത്തെ കൂടുതൽ എളുപ്പമാക്കി തീർത്തും. കുട്ടികളുടെ വിദ്യാഭ്യാസം, ജീവിതപങ്കാളിയുടെ കരിയറുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾ, വീട് മറ്റു സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥാപക ജംഗമ വസ്തുക്കൾ, വാഹനം, കുടുംബത്തിന്റെയും തന്റെയും ആരോഗ്യം, എന്നിവയിലെല്ലാം വ്യക്തമായ കാഴ്ചപ്പാടുകളും ലക്ഷ്യങ്ങളും ഉണ്ടായി തീരുന്നത് ജീവിത വിജയത്തിന് കൂടുതൽ ഉപകരിക്കും

നിലവിലെ സാമ്പത്തിക അവസ്ഥയെ കുറിച്ച് കൃത്യമായ കാഴ്ചപ്പാട് ഓരോരുത്തർക്കും ഉണ്ടായിരിക്കുന്നത് ഉപകാര പ്രദമായിരിക്കും. പ്രതിമാസ വീട്ടു ചിലവ്, വ്യക്തിഗത ചിലവുകൾ, ഭാവിയിലേക്ക് ആവശ്യമായ ഇൻഷൂറൻസ് അടക്കമുള്ള സാമ്പത്തിക സംവിധാനങ്ങൾ, തൊഴിൽ ആനുകൂല്യങ്ങൾ എന്നിവയെ കുറിച്ചെല്ലാം കൃത്യമായ അവബോധം ഏവർക്കും ഉണ്ടായിരിക്കണം.

സാമ്പത്തിക ബാധ്യത ഉള്ളവർ അത് വീട്ടി തീർക്കാനുള്ള കൃത്യമായ പ്ലാനിങ്ങ് നടത്തുക,

പ്രതിമാസ വീട്ടു ചിലവുമായി ബന്ധപെട്ടു കൃത്യമായ ഒരു ബജറ്റ് തയ്യാറാക്കുക. ജീവിത പങ്കാളിയുടെയും കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും സഹകരണത്തോടെ ഇത് ചിട്ടപ്പെടുത്താനാവും.

നികുതിയിനത്തിൽ നാം നൽകി കൊണ്ടിരിക്കുന്ന പണം എന്തെല്ലാമാണ് എന്നതിനെ ബന്ധപെട്ടു അവബോധം ഉണ്ടാക്കുക.

സാമ്പത്തിക പ്ലാനിങ്ങുമായി ബന്ധപെട്ടു ആ മേഖലയിൽ പ്രവർത്തിക്കുന്ന അനുഭവസ്ഥരുടെ സഹായം തേടുക. ഇത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി തീർക്കും

ലക്ഷ്യങ്ങൾ കൃത്യമായി തീർന്നാൽ അത് പ്രാവർത്തികമാക്കാനുള്ള നടപടികൾ സ്വീകരിക്കുക.

പദ്ധതികൾ നടപ്പിലാക്കുന്നതിൽ സമയ ബന്ധിതമായി സ്വയം അവലോകനം നടത്തുക. ഏതൊരു പ്ലാനിങ്ങും വിജയത്തിലെത്തുന്നത് കൃത്യമായ നിരൂപണ പ്രവർത്തനങ്ങളിൽ കൂടിയാണെന്ന് മനസിലാക്കുക. നേരത്തെ പറഞ്ഞത് പോലെ തന്നെ സാമ്പത്തിക വിഷയങ്ങളിൽ വരവറിഞ്ഞു ചിലവുകഴിക്കുന്നതിനാണ് നാം മുൻഗണന നൽകേണ്ടത്. നമ്മുടെ ചിലവുകൾ കൃത്യമായി നിയന്ത്രിച്ചാൽ തന്നെ ആരോഗ്യകരമായ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്താം എന്നതാണ് അടിസ്ഥാന പാഠം.

അങ്ങനെ ആരോഗ്യ പ്രശ്നങ്ങൾ നിരവധി ഉണ്ടെങ്കിലും കേരളത്തിന്റെ സമ്പദ്ഘടനയെ 1970-കൾക്ക് ശേഷം നിയന്ത്രിച്ചു പോരുന്ന പ്രവാസികളുടെ പങ്ക് വളരെ വലുതാണ് .അത്‌ കേരളത്തിനെ വികസിത രാജ്യങ്ങളുടെതിന് തുല്യമായ പല സൂചികകളിലേക്കും എത്തിക്കുന്നതിലും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.അതിനാൽ തന്നെ പ്രവാസി മലയാളികളുടെ ആരോഗ്യവും വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു മേഘാലയാണ്.വ്യകത്മായ തയ്യാറെടുപ്പുകളും ശരിയായ രീതിയിലുള്ള വിസാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള ജോലി തരപ്പെടുത്തുന്നതിലൂടെയും സമ്മർദ്ദ രഹിതമായ ഒരു പ്രവാസജീവിതവും ഒപ്പം ആരോഗ്യവും സംരക്ഷിക്കാവുന്നതാണ്.

(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!