ജോബി ബേബി
പുതുവർഷം!!!
ഭാവിയെപ്രതിയുള്ള മനപ്രാർത്ഥനകളോടും ശുഭപ്രതീക്ഷകളോടുമാണ് നാമതിൽ പ്രവേശിക്കുക.”Study the past if you want to define the future”എന്നു പണ്ടേ പറഞ്ഞുവച്ചത് കൺഫ്യൂഷസാണ്.ചരിത്രബോധമില്ലാത്ത സമൂഹത്തെ ഓർമ്മകളില്ലാത്ത മനുഷ്യരോടും വേരുകളറ്റ വൃക്ഷത്തോടുമാണ് സാദൃശ്യപ്പെടുത്തുക.ഓർമ്മകളറ്റാൽ സമചിത്തതയുണ്ടാവില്ല.അവിടെ അവശേഷിക്കുക ഭ്രാന്താണ്:ഉന്മാദങ്ങളും!വേരുകളറ്റാൽ പിന്നെ പച്ചപ്പുണ്ടാവില്ല.അവിടെ അവശേഷിക്കുക നിലതെറ്റലാണ്:പടുവീഴ്ചകളും! മറവിയുടെ ഉച്ചക്കിറുക്കുകളെയും വേരില്ലായ്മയുടെ കൊടും വേനലുകളെയും നാം ഇനി പ്രതിരോധിക്കേണ്ടത് ഓർമ്മകളുടെ പുതുവർഷം കൊണ്ടാകണം എന്ന് ആദ്യമേ ഓർമ്മിപ്പിക്കട്ടെ.
ദൈവത്തിന്റെ അളവറ്റ കരുണയാലും കൃപയാലും പുതിയൊരു വർഷത്തിലേക്ക് ശുഭപ്രതീക്ഷയോടെ പ്രവേശിക്കുവാൻ നാം ഒരുങ്ങുമ്പോൾ പിന്നിട്ട ജീവിത വഴികളിൽ നമ്മെ വീഴാതെ വഴിനടത്തിയ ദൈവസ്നേഹത്തെ ഓർത്ത് നമുക്ക് കർത്താവിനെ മഹത്വം കരേറ്റാൻ സാധിക്കണം.മഹാമാരികളുടെയും പ്രകൃതിദുരന്തങ്ങളുടെയും മാനസികവും വൈകാരികവുമായ നിരവധി പ്രതിസന്ധികൾക്ക് നടുവിലും ദൈവം നമ്മെ തന്റെ ഹൃദയത്തോട് ചേർത്ത് നിർത്തി ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും സ്വർഗ്ഗീയമായ പ്രത്യാശയിൽ നമ്മെ ഇന്നയോളം നിലനിർത്തുകയും ചെയ്തുവല്ലോ.നമ്മുടെ കഴിവിലും യോഗ്യതയിലുമല്ല അവന്റെ കൃപയിലാണ് നാം ജീവിക്കുന്നത് എന്ന ബോധ്യം അനുനിമിഷം സ്വർഗ്ഗത്തോട് നമ്മെ ചേർത്തുനിർത്തുവാൻ പര്യാപ്തമാണ്.പുതിയ വർഷത്തിലും പഴയ മനുഷ്യരായിത്തന്നെ നാം ജീവിക്കുവാനല്ല ദൈവം ആഗ്രഹിക്കുന്നത്;മറിച്ചു”ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടിയായി മാറുന്നു”.എന്ന പ.പൗലോസ് ശ്ലീഹായുടെ ദർശനത്തെ ജീവിതത്തിൽ സ്വംശീകരിച്ചുകൊണ്ട് ക്രിസ്തുയേശുവിൽ പുതിയ സൃഷ്ടിയുടെ അനുഭവത്തിൽ നമ്മെത്തന്നെ വിശുദ്ധീകരിച്ചു ദൈവസന്നിധിയിൽ പുതിയ ആത്മീയ വഴിത്താരയിലൂടെ പ്രയാണം ചെയ്യുവാൻ ഈ പുതിയ വർഷത്തിൽ നമ്മുക്ക് സാധിക്കണം.നമ്മുടെ ജീവിതത്തെ ക്രിസ്തുവിനോടും സഭയോടും ചേർത്തുനിർത്തുമ്പോൾ കൂടുതൽ നന്മയുള്ള മനുഷ്യരായി ജീവിക്കുവാൻ നമ്മുക്ക് സാധിക്കും.
നാം അധിവസിക്കുന്ന ഭൂമിയെ സ്വർഗ്ഗമാക്കി മാറ്റുന്ന ആത്മീയദർശനങ്ങളുടെ ഒരു പുതിയ ആകാശവും സഹജീവികളിൽ ഈശ്വരനെ ദർശിക്കുവാൻ കഴിയുന്ന സ്‌നേഹത്തിന്റ അനന്തസാധ്യതകളുടെ പുതിയ ഭൂമിയും സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് പരിശുദ്ധസഭ ലോകത്തിൽ സ്ഥാപിതമായിരിക്കുന്നത് എന്ന ബോധ്യം നമ്മുക്ക് ഉണ്ടാകണം.എന്നാൽ ഈ ദൗത്യ നിർവഹണത്തിന്റെ ധാർമ്മീകവും ആത്മീകവുമായ മൂല്യങ്ങളെ മുഴുവൻ ബലികഴിച്ചുകൊണ്ട് ജഡീകസുഖങ്ങളിലും ആഡംബരങ്ങളിലും ആസക്തികളിലും മുഴുകി ദൈവത്തെ മറന്നുള്ള ജീവിതം വലിയ ദുരന്തങ്ങളിലേക്ക് നമ്മെ കൊണ്ടുചെന്ന് എത്തിക്കുമെന്നുള്ളതിന് യാതൊരു സംശയവുമില്ല.ആകയാൽ നമ്മുടെ ജീവിതത്തിൽ കർത്താവിന് ഒരു വഴിയൊരുക്കുവാനും മനസാന്തരത്തിന്റെയും അനുതാപത്തിന്റെയും ആരാധനയുടെയും ആത്മീയ വഴികളിൽ നമ്മെത്തന്നെ പ്രതിഷ്‌ഠിക്കുവാനും ഈ പുതുവർഷത്തിൽ നമ്മുക്ക് സാധിക്കണം.
നമ്മുടെ സത്പ്രവർത്തികളാലും നല്ല ജീവിതം മൂലവും ദൈവത്തെ പ്രസാദിപ്പിക്കുന്ന ഉത്തമസന്താനങ്ങളായി രൂപാന്തരപ്പെടുവാൻ നമ്മുക്ക് സാധിക്കണം.പുതിയ വർഷത്തിൽ ദൈവത്തിൽ നിന്ന് പുതിയ കൃപകളെ പ്രാപിച്ചുകൊണ്ട് നവചൈതന്യത്തോടെ നല്ലവരായി നമ്മുടെ ജീവിതംകൊണ്ട് അവനെ പ്രസാദിപ്പിക്കുവാൻ നമ്മുക്ക് എല്ലാവർക്കും ദൈവം എല്ലാ കൃപകളും ദാനങ്ങളും താലന്തുകളും നൽകി നമ്മെ വഴിനടത്തട്ടെ എന്ന് പ്രാർത്ഥിക്കാം.നിർഭയരായി പുതുവർഷത്തിലേക്ക് പ്രവേശിച്ചുകൊണ്ട് “യഹോവ എന്റെ ഇടയനാകുന്നു;എനിക്ക് യാതൊരു കുറവും ഉണ്ടാവുകയില്ല”എന്ന അനുഭവസാക്ഷ്യത്തോടും ഉറച്ച വിശ്വാസത്തോടും കൂടി ഇന്നയോളം നമ്മെ നടത്തിയ ദൈവത്തോട് കൂടെ ദൈവം ഒരുക്കുന്ന പ്രകാശപൂരിതമായ വഴികളിലൂടെ നമ്മുക്ക് മുന്നോട്ട് പോകാൻ സാധിക്കണം.
കാലചക്രത്തിന്റെ ഭ്രമണത്തിൽ ഒരു വർഷം കൂടി കടന്നു വരുന്നു-2022.ഫിലിപ്പിയൻസ് കവി ബിയെൻ വെനീദോ ഇപ്രകാരം പറയുന്നു:
“ആഴക്കടലിലേക്ക് കപ്പലോടിക്കുവാൻ
എനിക്ക് ഭയമാകയാൽ
തീരത്തെച്ചുറ്റിപ്പറ്റി കഴിയുകയും,ഒടുവിൽ
ഞാൻ സുരക്ഷിതയായി തിരിച്ചെത്തിയെല്ലോയെന്ന്
അഭിമാനിക്കുകയും ചെയ്യുമ്പോൾ
ദൈവമേ,നീ എന്നെ അസ്വസ്ഥനാക്കേണമേ”….
പ്രശ്നരഹിതമായി കഴിയുന്നതല്ല,പ്രശ്നസങ്കീർണ്ണതകളെ ദൈവകൃപയിൽ അതിജീവിക്കുന്നതാണ് ജീവിതവിജയം.അവസരങ്ങൾ ആലിപ്പഴംപോലെയാണ്.വീണാലുടൻ പെറുക്കിയെടുക്കണം.കാത്തിരുന്നാൽ അവ മണ്ണിൽ അലിഞ്ഞുപോകും.ചെല്ലുന്നിടത്തെല്ലാം സമാധാനം ചൊല്ലണമെന്നാണ് ക്രിസ്തുവിന്റെ കല്പന.അശാന്തിയുടെ രാപകലുകളേറുമ്പോൾ അതോർത്തെടുക്കണം.നാം ഒത്തുചേരുന്ന എല്ലായിടങ്ങളിലും ഒരു പൊട്ടിത്തെറിയുടെ വക്കിലെന്നോണം പുകയുന്നു.ശാന്തിമന്ത്രങ്ങൾ അണമുറിയാതൊഴുകേണ്ട ദേവസ്ഥാനങ്ങളിൽ അശാന്തിയുടെ തന്ത്രങ്ങൾ മുഴങ്ങുന്നു.അസമാധാനം നിറഞ്ഞ വീടുകൾക്കുള്ളിൽ ഒറ്റപ്പെട്ട തുരുത്തുകൾ പോലെ കഴിയുന്ന മാതാപിതാക്കളെ ചൊല്ലി കുഞ്ഞുങ്ങൾ വിലപിക്കുന്നു.ഒപ്പം നിന്ന് കട്ടത് കാണാതെ രാഷ്ട്രീയതിമിരവും അന്നമൂട്ടുന്നവന്റെ ശബ്ദം കേൾക്കാനാവാത്ത രാഷ്ട്രീയ ബധിരതയും കണ്ട് ജനാധിപത്യം വിറങ്ങലിക്കുന്നു.അസഹിഷ്ണുതയുടെ തരംഗദൈർഘ്യങ്ങൾ പ്രസരിപ്പിക്കുന്ന പൗരോഹിത്യത്തെപ്രതി യൗവ്വനക്കാർ വിസ്മയിക്കുന്നു.
സത്യസന്ധമായി പറഞ്ഞാൽ ബലക്കുറവ് തൊന്നുന്നു.ദേവാലയങ്ങളിൽ വന്ന് ശാന്തി നേടണമെന്നും മാതൃകാപരമായ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കണമെന്നും ഉദാത്തമായ പൗരബോധം പുലർത്തണമെന്നും കുഞ്ഞു മക്കളോട് പറയാൻ എന്തുശേഷിയാണുള്ളത്?സ്വന്തമക്കൾക്ക് പോലും ഇഷ്ട്ടം തോന്നാത്ത വിധത്തിൽ നാമെന്താണ് ഇതിനുള്ളിലെല്ലാം നിറച്ചു വയ്ക്കുന്നത്?
ശരിക്കും,
സമാധാനത്തെക്കുറിച്ചാണ് ഈ പുതുവർഷം സംസാരിക്കേണ്ടത്.സത്യമെന്തെന്നാണ് ഈ പുതുവർഷം അന്വേഷിക്കേണ്ടത്‍.നീതിപൂർവമായ സഹവർത്തിത്വമാണ് ഈ പുതുവർഷം പഠിക്കേണ്ടത്.
ദൈവസ്നേഹത്തിൽ വസിപ്പനാണ് നാം ഈ പുതുവർഷം പ്രാർത്ഥിക്കേണ്ടതും!ഏവർക്കും ഹൃദയം നിറഞ്ഞ പുതുവർഷദിനാശംസകൾ നേരുന്നു.
(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ