ജോബി ബേബി
കൊറോണ മഹാമാരിക്കിടയിലും വളരെയധികം പ്രതീക്ഷയോടെയാണ് മലയാളികൾ പൊന്നിൻ ചിങ്ങത്തെ വരവേൽക്കുന്നത്.പ്രതിസന്ധികളെ അതിജീവിച്ചു ജീവിതത്തെ വീണ്ടും കരുപ്പിടിപ്പിക്കുവാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാം ഓരോരുത്തരും.ഈ കാലഘട്ടത്തിൽ വർധിച്ചുവരുന്ന ആത്മഹത്യകളും,സാമ്പത്തിക പ്രതിസന്ധികളും,വിദ്യാർത്ഥികൾക്ക് സഹപാഠികളുമായി ഒത്തുചേരാനുള്ള അധ്യായനവും എല്ലാം നഷ്ടങ്ങളായി തന്നെ ഇപ്പോഴും തുടരുന്നു എന്നത് നമ്മുക്ക് അറിവുള്ളതാണ്.ഇതെല്ലാം മറികടക്കേണ്ടതായിട്ടുണ്ട്.മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്,അതുകൊണ്ട് തന്നെ താങ്ങാവുന്ന കൂട്ടായ്മകളും അനിവാര്യമാണ്.
നമ്മുടെ ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതായിട്ടുണ്ട്,ചിലതൊക്കെ കൂട്ടിച്ചേർക്കണം,ചിലതൊക്കെ മായ്ച്ചുകളയണം.ജീവിതം മുന്നോട്ടു നയിക്കുവാൻ ആവശ്യമായ വിശ്വാസം,സ്നേഹം,ധൈര്യം ഇവ മറ്റുള്ളവർക്കും കൂടി പകർന്ന് നൽകുവാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.അർപ്പണബോധമുള്ള നേതാക്കളെയാണ് നമ്മുക്കാവ്യശ്യം.എല്ലാവരുടെയും വാക്കുകൾക്ക് ചെവികൊടുക്കുവാൻ നമുക്കോരോരുത്തർക്കും കഴിയണം.സ്വന്തം തിരക്കുകൾക്കിടയിൽ നമ്മുക്ക് പലപ്പോഴും അതിനു സാധിക്കുന്നില്ല എന്നത് വാസ്തവമാണ്.നല്ലൊരു കേൾവിക്കാരൻ ആകുക എന്നത് ഒരു വിശിഷ്ട ഗുണമാണ്.അക്ഷമയല്ല,ഏതു സാഹചര്യങ്ങളെയും നേരിടുവാനുള്ള ധൈര്യമാണ് വേണ്ടത്.
സ്നേഹം,വെറുപ്പ്,പ്രത്യാശ,ഭയം,അസൂയ,പ്രതികാരം ഇവയെല്ലാം വളരുവാൻ സാധിക്കുന്ന ഒരു നല്ല വിളഭൂമിയാണ് നമ്മുടെ ഹൃദയം.ഇതിൽ ഏതു കൊയ്തെടുക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മൾ മാത്രമാണ്.നമ്മുടെ പ്രവർത്തികൾ ആത്മസംതൃപ്തിക്കും,കഴിവിന്റെ പൂർത്തീകരണത്തിനും ആയിരിക്കണം,അല്ലാതെ മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുവാൻ വേണ്ടിയുള്ളതാകരുത്.നമ്മുടെ ജീവിതത്തെ അർത്ഥവത്താക്കുന്നത് നമ്മുടെ പ്രവൃത്തികളും നാം മറ്റുള്ളവരോട് ഇടപെടുന്ന രീതിയുമാണ്.സ്നേഹത്തിന്റെയും,എളിമയുടെയും,സഹിഷ്ണുതയുടെയും പാതകളിൽ കൂടി നടന്നെങ്കിൽ മാത്രമേ നമ്മുടെ ജീവിതത്തിൽ വിജയം ഉറപ്പാക്കുവാൻ കഴിയുകയുള്ളൂ.
എന്തൊക്കെ കഴിവുകൾ ഇല്ല എന്നതല്ല,നമുക്കുള്ള കഴിവുകൾ എന്തൊക്കെയാണെന്നും അവ എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം എന്നുമാണ് നാം ചിന്തിക്കേണ്ടത്.വിവേകത്തോടെ പ്രയത്നിച്ചാൽ ഏതു സാഹചര്യത്തെയും അതിജീവിക്കുവാൻ കഴിയും.നന്മകൾ മാത്രം ഉള്ള നല്ല ചിന്തകൾ ഉണ്ടാകട്ടെ,കൊണ്ടുപോകുവാൻ ഈ ലോകത്തു ഒന്നുമില്ല എന്ന് മനസ്സിലാക്കി സ്നേഹവും,സൗഹൃദവും കൊടുക്കുവാൻ തയ്യാറാവുക.ദുരിതവും ദുഃഖവും അനുഭവിക്കുന്നവർക്ക് കരുതലും സ്വാന്തനവും ആവുക.മുൻകാലങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി ഈ വർഷം ഓണത്തെ വരവേൽക്കുന്നത് മനസ്സ് കൊണ്ട് അകലങ്ങളില്ലാതെ ജീവിതത്തിൽ കുറേ മാറ്റങ്ങൾ വരുത്തികൊണ്ടാകാം.എല്ലാവർക്കും ഹൃദയംനിറഞ്ഞ ഓണശംസകൾ നേരുന്നു.
(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ