ജോബി ബേബി,(നഴ്‌സ്,കുവൈറ്റ്)
ഒരിക്കൽ ധ്യാനനിമഗ്നനായിരുന്ന ശ്രീബുദ്ധന്റെ അരികിൽ ഒരാൾ വന്ന്,ഏറെ ദുഷിച്ച വാക്കുകൾ പറയാൻ തുടങ്ങി.അയാൾ പറയുന്ന ചീത്തയൊന്നും ബുദ്ധൻ ശ്രദ്ധിക്കുന്നതേയില്ല.പുഞ്ചിരിക്കുന്ന മുഖഭാവത്തോടെ അദ്ദേഹം തന്റെ ധ്യാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.ബുദ്ധന്റെ ശിഷ്യന്മാർ ഈ രംഗം കാണുന്നുണ്ടായിരുന്നു.അവരിലൊരുവന് വല്ലതെ കോപം വന്നു.ഈ വൃത്തികെട്ടവനെ തൂക്കിയെറിഞ്ഞു കളഞ്ഞാലോ ഇന്നുവരെ അയാൾ ആലോചിച്ചു.എങ്കിലും ഗുരുവിന്റെ അക്ഷോഭ്യമായ അവസ്ഥ കണ്ട് അയാളും മറ്റു ശിഷ്യന്മാരും ഒന്നും സംഭവിക്കാത്ത മട്ടിലിരുന്നു.ഗുരുവാകട്ടെ ആ പുലഭ്യങ്ങൾ എല്ലാം കേട്ടിട്ടും അനങ്ങാപ്പാറ പോലെ ഇരുന്നു.
ഒടുവിൽ കുറേനേരം ഒച്ചവെച്ചിട്ട്,വന്ന മനുഷ്യൻ അതേപടി പോയി.അപ്പോൾ ശിഷ്യന്മാർ ബുദ്ധനോട് ചോദിച്ചു:’അങെന്താണ് ഒന്നും പ്രതികരിക്കാതിരുന്നത് ?ഒരു വാക്കു പറഞ്ഞിരുന്നെങ്കിൽ ഞങൾ അയാളെ ചവിട്ടി പുറത്താക്കിയേനെ’.
ശ്രീബുദ്ധൻ പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു:ഈ മനുഷ്യൻ സ്വർണ്ണ നാണയങ്ങൾ കൊണ്ട് വന്ന് എന്റെ കാൽക്കൽ വയ്ക്കുകയും ഞാനത് സ്വീകരിക്കാതിരിക്കുകയും ചെയ്യ്തിരുന്നുവെങ്കിൽ എന്തു സംഭവിച്ചേനേ.അയാൾ അത് തിരിച്ചെടുത്തുകൊണ്ട് പോയേനെ.ഇവിടെയും സംഭവിച്ചത് അതു തന്നെ.അയാളുടെ ശകാര വർഷം ഞാൻ സ്വീകരിച്ചില്ല.അതു കൊണ്ട് അയാൾക്ക് അതിന്റെ ഭാണ്ഡവും പേറി തിരിച്ചുപോകേണ്ടി വന്നു.
സംയമനത്തിന്റെ മഹത്തായ പാഠമാണ് ബുദ്ധൻ നമ്മെ പഠിപ്പിക്കുന്നത്.പലപ്പോഴും നമ്മുടെ അനാവശ്യമായ പ്രതികരണങ്ങളാണ് കാര്യങ്ങൾ വഷളാക്കുക.വിഷം ചൊരിയുന്ന വാക്കുകൾ പറയുന്നവനോട് പ്രതികരിക്കാതിരിക്കുന്നതാണ് നന്ന്.
(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ